നൗരു: ചരിത്രമുറങ്ങുന്ന അസാധാരണ ദ്വീപ്

നൗരു: ചരിത്രമുറങ്ങുന്ന അസാധാരണ ദ്വീപ്

nauru
ചരിത്രമുറങ്ങുന്ന അസാധാരണ പ്രദേശങ്ങള്‍ തേടിയുള്ള യാത്രകളാണ് സഞ്ചാരികളെ കൂടുതല്‍ ഉന്മത്തരാക്കുന്നത്. ചില യാത്രികര്‍ വൈകാരികമായ അനുഭവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും. ചരിത്രസംഭവങ്ങളുടെ അടയാളഭൂമികള്‍ നല്‍കുന്നതിന്റെ സംതൃപ്തിയേക്കാള്‍, കാഴ്ചകളുടെ മനോഹാരിത അനുസരിച്ച് യാത്രാസ്ഥലങ്ങളെ അടയാളപ്പെടുത്തുന്ന ചിലരുണ്ട്.

സാധാരണ പ്രദേശങ്ങള്‍ വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തുന്നതില്‍ പരാജയപ്പെടുന്നു. അസാധാരണ പ്രദേശങ്ങള്‍ മാത്രമാണ് അവരെ ആകര്‍ഷിക്കുക. അവര്‍ക്കുവേണ്ടിയാണ് ഇക്കുറി അസാധാരണ ചരിത്രസംഭവങ്ങളുടെ വിളനിലമായ നൗരു ദ്വീപിനെ പരിചയപ്പെടുത്തുന്നത്.

മധ്യ പസിഫിക് പ്രദേശത്തെ ദ്വീപായ നൗരു വെള്ളമണല്‍ വിരിച്ച ബീച്ചുകള്‍ക്കും ആകര്‍ഷകമായ കുന്നുകള്‍ക്കും, ഭംഗിയുള്ള ഗുഹകള്‍ക്കും അസാധാരണ പ്രകൃതിഭംഗികള്‍ക്കും പേര് കേട്ട രാഷ്ട്രമാണ്. ലോകത്തില്‍ വിസ്തീര്‍ണ്ണത്തിന്റെ കാര്യത്തില്‍ മൂന്നാമത്തെ ചെറിയ രാജ്യമാണിത്. ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാമത്തെ ചെറിയ രാജ്യമായ നൗരുവിന്റെ വിസ്തീര്‍ണ്ണം 21 കിലോമീറ്റര്‍ മാത്രമാണ്. 2011ലെ കണക്കെടുപ്പ് പ്രകാരം ഇവിടുത്തെ ആകെ ജനസംഖ്യ 10,000 ആണ്. ഫോസ്‌ഫേറ്റ് പാറക്കല്ലുകള്‍ നിറഞ്ഞ പ്രദേശമാണിത്. ഈ പാറക്കല്ലുകള്‍ രാജ്യത്തിന്റെ സാമ്പത്തികഘടനയുടെ നട്ടെല്ലാണ്.

പണ്ട് ജര്‍മ്മന്‍ സാമ്രാജ്യത്തിന്റെ കോളനിയായിരുന്ന നൗരു രക്തരൂക്ഷിതമായ ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ലീഗ് ഓഫ് നേഷന്‍സിന്റെ കീഴിലായി. ഇക്കാലയളവില്‍ ഓസ്‌ട്രേലിയ, യുകെ, ന്യൂസിലാന്റ് എന്നീ രാഷ്ട്രങ്ങളായിരുന്നു ഇവിടെ ഭരിച്ചത്. രണ്ടാം ലോകമഹായുദ്ധത്തോടെ രാജ്യത്തിന്റെ ഭാഗധേയം മാറി. ആക്രമണോത്സുകരായ ജപ്പാന്‍കാര്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ കയ്യടക്കിവെച്ച ഈ പസഫിക് പ്രദേശത്തില്‍ കണ്ണുവെച്ചു. ജപ്പാന്‍ അവരുടെ സേനാവ്യൂഹത്തെ വിന്യസിക്കാനുള്ള ഇടമാക്കി നൗരുവിനെ മാറ്റി. രണ്ടാം ലോകമഹായുദ്ധത്തില്‍ അച്ചുതണ്ട് മുന്നണിയുടെ ഭാഗമായ ജപ്പാന്‍ പരാജയപ്പെട്ടതോടെരാജ്യത്തിന്റെ വിധി മറ്റൊന്നായി.

പാശ്ചാത്യരാഷ്ട്രങ്ങളുടെ കീഴിലായ ദ്വീപിന്റെ പരോക്ഷഭരണം കയ്യാളിയിരുന്നത് ഐക്യരാഷ്ട്രസഭയായിരുന്നു. 1968ല്‍ സ്വാതന്ത്ര്യം ലഭിച്ചതോടെ അസൂയാവഹമായ സാമ്പത്തികനേട്ടത്തിലേക്ക് രാഷ്ട്രം മുന്നോട്ട് കുതിച്ചു. ഫോസ്‌ഫേറ്റായിരുന്നു ഇവിടുത്തെ വരുമാനത്തിന്റെ അടിത്തറ. പക്ഷെ പ്രകൃതിദത്ത വിഭവം ഒടുങ്ങാന്‍ തുടങ്ങിയതോടെ നൗരു ആശ്രിതരാജ്യമായി മാറി. ഇപ്പോള്‍ സാമ്പത്തികകാര്യങ്ങള്‍ക്ക് ഓസ്‌ട്രേലിയയെ ആശ്രയിക്കുന്ന രാജ്യം വിനോദസഞ്ചാരത്തിലൂടെ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിലാണ്.

ഈ രാജ്യത്തിന്റെ ടൂറിസ്റ്റ്‌മേഖല ഒരു പ്രാകൃത അവസ്ഥയിലാണ്. സമ്പദ്ഘടനയുടെ പ്രധാന ഘടകമാവാന്‍ ടൂറിസത്തിന് പ്രാപ്തിയുണ്ട്. അടിസ്ഥാനസൗകര്യമേഖലയില്‍ ഗൗരവപ്പെട്ട നിക്ഷേപമിറക്കിയാല്‍ ടൂറിസം രക്ഷപ്പെടും. യാരെന്‍, ബോഡ ലഗൂണ്‍, മൊക്വ വെല്‍, മോക്വ കേവ്‌സ്, അനിബാരെ ബേ, കമാന്റ് റിഡ്ജ്, സെന്‍ട്രല്‍ പ്ലാറ്റോ എന്നിവയാണ് ജനപ്രിയ ടൂറിസ്റ്റ് ലൊക്കേഷനുകള്‍.

നൗരുവിന്റെ ഔദ്യോഗിക തലസ്ഥാനമായ യാറെനിലാണ് അധികം സര്‍ക്കാര്‍ കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നത്്. രാജ്യത്തെ ഏറ്റവും വികസിതമായ പ്രദേശമാണിത്. ഫോട്ടോഗ്രാഫര്‍മാരെ ആകര്‍ഷിക്കുന്ന ഇടമാണ്
ബോഡ ലഗൂണ്‍. മനോഹരമായ കാഴ്ചകളും ഭംഗിയുള്ള പശ്ചാത്തലവും ഈ പ്രദേശത്തിന്റെ സവിശേഷതയാണ്. നിര്‍ഭാഗ്യത്തിന് ഇവിടുത്തെ വെള്ളം നീന്താന്‍ യോഗ്യമല്ല.

മോക്വ വെല്‍ എന്നത് പേര് സൂചിപ്പിക്കുന്നതുപോലെ കിണറല്ല. ഭൂഗര്‍ഭ തടാകമാണ്. ജനങ്ങള്‍ ഈ തടാകത്തോട് കടപ്പെട്ടിരിക്കുന്നു. യുദ്ധകാലഘട്ടങ്ങളില്‍ അവര്‍ക്ക് ജീവരേഖയായത് ഈ തടാകമാണ്. രാജ്യത്തെ ഒരേയൊരു വിമാനത്താവളത്തിന് അടുത്താണ് ഈ ജനപ്രിയ ഇടം സ്ഥിതിചെയ്യുന്നത്.

മനോഹരഗുഹകളാണ് മറ്റൊരു ആകര്‍ഷണം. രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകകളില്‍ ഭൂരിഭാഗം പേരും സമയം ചെലവഴിക്കുന്നത് ഈ ഗുഹകളിലാണ്. ആനിബെയര്‍ ബേ ആണ് മറ്റൊരു മനോഹര ബീച്ച്. നീന്താനും സര്‍ഫ് ചെയ്യാനും പറ്റിയ ഇടം. പ്രാദേശിക ഉദ്യോഗസ്ഥര്‍ നല്‍കുന്ന സുരക്ഷാനിര്‍ദേശങ്ങള്‍ അനുസരിച്ച് വേണം ബീച്ചിലിറങ്ങാന്‍.

രണ്ടാം ലോകമഹായുദ്ധകാലത്ത് ജപ്പാന്‍കാര്‍ സൈനികകേന്ദ്രം സ്ഥാപിച്ച കമാന്റ് റിഡ്ജാണ് ഏറ്റവും ഉയര്‍ന്ന ഇടം. ഈ പോയിന്റില്‍ നിന്നാല്‍ ദ്വീപ് മുഴുവനായി കാണാന്‍ സാധിക്കും. ഒത്തനടുക്കായുള്ള ഉയര്‍ന്ന സമതലം അധികം ആള്‍പാര്‍പ്പില്ലാത്ത ഇടമാണ്. ഒരിക്കല്‍ ദ്വീപിന്റെ സമ്പന്നതയുടെ കേന്ദ്രമായിരുന്നു ഇവിടം. ഇവിടെയായിരുന്നു ഫോസ്‌ഫേറ്റ് നിക്ഷേപങ്ങള്‍ ഉണ്ടായിരുന്നത്. കണ്ണഞ്ചിപ്പിക്കുന്ന പ്രകൃതി സൗന്ദര്യത്താല്‍ സമ്പന്നമായ ഇവിടേക്ക് നിരവധി ടൂറിസ്റ്റ് ഏജന്‍സികളാണ് സാഹസികയാത്രകള്‍ ഒരുക്കുന്നത്.

പുതിയ ആളുകളെ കാണാനും അവരുമായി സമയം പങ്കുവെക്കാനും ഇഷ്ടപ്പെടുന്ന ജനതയാണ് നൗരുവിന്റെ ഏറ്റവും വലിയ സവിശേഷത. രാജ്യത്തെ ആഗോര്യസംവിധാനം തീര്‍ത്തും മോശം അവസ്ഥയിലാണ്. അത്യാവശ്യ മരുന്നുകള്‍ കൂടെക്കരുതുന്നത് ഗുണം ചെയ്യും. കാരണം പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാല്‍ ചികിത്സ തേടുക പ്രയാസമാണ്. യാത്ര സുഗമമാക്കാന്‍ ലോക്കല്‍ ഗൈഡുകളുടെ സഹായം തേടാം.

അവിസ്മരണീയമായ ഈ ചെറുദ്വീപിലേക്ക് യാത്ര പോയാലോ?

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.