ജനകീയനായ വിപ്ലവ നക്ഷത്രം ശ്രീ. മുഹമ്മദ് റിയാസ്

ജനകീയനായ വിപ്ലവ നക്ഷത്രം ശ്രീ. മുഹമ്മദ് റിയാസ്

സമരമുഖങ്ങളില്‍ തീപ്പൊരിയായി മുന്നില്‍ നിന്ന് അണികള്‍ക്ക് ആവേശം പകരുന്ന ജനകീയനായ യുവനേതാവ്, നല്ലൊരു പ്രാസംഗികന്‍, നേതൃഗുണമുള്ള നേതാവ് . ഡി വൈ എഫ് ഐ നേതാവ് ശ്രീ. മുഹമ്മദ് റിയാസുമായി യൂണിക് ടൈംസ് സബ് എഡിറ്റര്‍ ഷീജ നായര്‍ നടത്തിയ അഭിമുഖം…

P. A. Mohammed Riyas Unique Times
P. A. Mohammed Riyas

 

 

രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു വിശദമാക്കാമോ?

കോഴിക്കോട് സെന്റ് ജോസഫ് ബോയ്സ് ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എസ് എഫ് ഐ യിലേക്ക് ആകൃഷ്ടനാകുന്നത് . ഞങ്ങള്‍ താമസിച്ചിരുന്നത് പോലീസ് ഓഫീസര്‍സ് ക്വട്ടേഴ്‌സായ കോഴിക്കോട് നഗരഹൃദയത്തിലുള്ള പൂതേരി ക്വട്ടേഴ്‌സിലായിരുന്നു. എന്റെ വീട്ടിനടുത്തുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കൂട്ടുകാര്‍ എസ് എഫ് ഐ ആയിരുന്നു. അക്കാലത്ത് ആ സ്‌കൂള്‍ കെ എസ് യൂ വിന് സ്വാധീനമുള്ളതായിരുന്നു. എസ് എഫ് ഐ എന്ന സംഘടനയോടുള്ള താല്‍പ്പര്യവും മുദ്രാവാക്യങ്ങളോടുള്ള ഇഷ്ടവും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കി. എട്ടാം ക്ലാസില്‍ ഞാന്‍ ക്ലാസ് ലീഡര്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ചു. എന്റെ സുഹൃത്ത്, ഏഴാം ക്ലാസ്സില്‍ ക്ലാസ്സ് ലീഡര്‍ ആയിരുന്ന കെ എസ് യൂ സ്ഥാനാര്‍ഥിയായ ഷമീം എന്ന സുഹൃത്തുമായിട്ടായിരുന്നു മത്സരം. ഇപ്പോൾ കോഴിക്കോട് ഹോട്ടല്‍ ബിസിനസ്സ് നടത്തുകയാണിദ്ദേഹം. ആ മത്സരത്തില്‍ ഞാന്‍ വിജയിച്ചു. കെ എസ് യൂ വിന്റെ സിറ്റിംഗ് സീറ്റായിരുന്നതാണ് എസ് എഫ് ഐ കരസ്ഥമാക്കിയത്. ഒന്‍പതാം ക്ലാസ്സിലും ഈ വിജയം ആവര്‍ത്തിച്ചു. ഞാന്‍ ക്ലാസ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. ഷമീം എന്റെ കുടുംബസുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം ഇപ്പോഴും തുടരുന്നു. പ്രീ-ഡിഗ്രി നഗരവാസിയായിരുന്നിട്ടും അവിടുള്ള എസ് എഫ് ഐ യ്ക്ക് സ്വാധീനമുള്ള കോളേജുകളില്‍ ചേരുന്നതിനേക്കാളും നഗരത്തില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരത്തുള്ള ഫാറൂഖ് കോളേജിലായിരുന്നു എനിക്ക് പഠിക്കാന്‍ തോന്നിയത്. എസ് എഫ് ഐ യ്ക്ക് സ്വാധീനമില്ലാത്ത കോളേജ് എന്നതും സ്‌പോര്‍ട്‌സിനോടുള്ള എന്റെ താല്പര്യവും കോളേജ് കാമ്പസ്സില്‍ ഗ്രൗണ്ട്, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നീ സൗകര്യങ്ങളുമുണ്ടായിരുന്നതുമാണ് ഞാന്‍ ഫാറൂഖ് കോളേജ് തെരഞ്ഞെടുക്കാന്‍ കാരണം. ഫാറൂഖ് കോളേജിന്റെ ക്യാംപസ് എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നു എന്റെ അയല്‍വാസികളായ സുഹൃത്തുക്കളോടൊപ്പം ഞാന്‍ മുന്‍പും അവിടെ പോയിട്ടുണ്ടായിരുന്നു. സ്‌കൂളില്‍ ക്രിക്കറ്റ്, ഷട്ടില്‍, ഫുട്‌ബോള്‍ എന്നീ ടീമുകളില്‍ അംഗമായിരുന്നു. ചെസ്സ് കളിച്ചിരുന്നു. ഏഴാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംസ്ഥാന ബി ചെസ്സ് ചാമ്പ്യനായിരുന്നു. ഒരു പ്രാക്ടീസുമില്ലാതെയാണ് ഞാന്‍ അതില്‍ വിജയിയായത്. പിന്നീട് ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് നാല്‍പ്പതുപേരുമായി ഒരേ സമയം മത്സരിച്ചിരുന്നു. ആ മത്സരത്തില്‍ അദ്ദേഹവുമായി മത്സരിക്കാന്‍ നാല്‍പ്പതിലൊരാളായി എന്നെയും തെരഞ്ഞെടുത്തിരുന്നു. അദ്ദേഹവുമായി കളിക്കാനായത് എന്റെ ജീവിതത്തിലെ ഒരു വലിയ സംഭവമായി ഇന്നും കാണുന്നു. കോഴിക്കോട് ചെസ്സ് അസോസിയേഷന്റെ സജീവസാന്നീധ്യമായിരുന്ന ശ്രീ. ഉമ്മര്‍കോയയായിരുന്നു ആ മത്സരത്തിന്റെ സംഘാടകന്‍. ആ മത്സരത്തില്‍ ക്ലിന്റണ്‍ പി നെറ്റോ വിശ്വനാഥന്‍ ആനന്ദിനെ തോല്‍പ്പിക്കുകയുണ്ടായി. ക്ലിന്റണ്‍ പി നെറ്റോ എന്റെ സഹപാഠിയും സുഹൃത്തുമാണ്. പിന്നെ സംഘടനാപരമായി ഫാറൂഖ് കോളേജില്‍ എസ് എഫ് ഐ ദുര്‍ബലമായിരുന്നു. ജനറല്‍ സീറ്റില്‍ ഒൻപതിലും അസോസിയേഷനും റപ്പും ഒന്നും ജയിക്കാറില്ലായിരുന്നു. അവിടെ പഠിക്കാനായിരുന്നു എനിക്ക് താല്‍പ്പര്യം. അങ്ങനെ ഫാറൂഖ് കോളേജില്‍ ചേര്‍ന്നു. എസ് എഫ് ഐ വളരെ സജീവമായിട്ടുള്ളിടത്ത് ചേരുന്നതിനേക്കാള്‍ അവിടെ ചേരാനായിട്ട് തോന്നി. ഫാറൂഖില്‍ പ്രീ -ഡിഗ്രിയ്ക്ക് ചേര്‍ന്നു. ആദ്യവര്‍ഷം തന്നെ പ്രീ -ഡിഗ്രി റെപ്രസെന്റേറ്റീവ് ആയി മത്സരിച്ച് വിജയിച്ചു. ആ വര്‍ഷം എസ് എഫ് ഐ യ്ക്ക് ആ ഒരൊറ്റ സീറ്റ് മാത്രമാണ് വിജയിക്കാനായത്. ജനറല്‍ സീറ്റില്‍ ഒന്‍പതിലും മൂന്നാം സ്ഥാനക്കാരാകാറാണ് പതിവ് എം ആസ് എസ് എഫും കെ എസ് യൂ വും പരസ്പരം മത്സരിക്കുകയായിരുന്നു. ഡിഗ്രി അവസാനവര്‍ഷം യൂണിയന്‍ പ്രതിനിധിയായി മത്സരിച്ച് വിജയിച്ചു . ആ വര്‍ഷം ഞാന്‍ എസ് എഫ് ഐ യുടെ യൂണിറ്റ് പ്രസിഡന്റായിരുന്നു. ജനറല്‍ സീറ്റില്‍ എസ് എഫ് ഐ ഒന്‍പതില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചു. എസ് എഫ് ഐ യുടെ സിറ്റി സെക്രട്ടറി, പ്രസിഡന്റ്, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ എന്നീ നിലയിലൊക്കെ പ്രവര്‍ത്തിച്ചു. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ ആയി ഫാറൂഖ്  കോളേജില്‍ നിന്നും വിജയിച്ചപ്പോഴാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹിയായി മത്സരിക്കാന്‍ സംഘടന തീരുമാനിച്ചു. കോഴിക്കോട് യൂണിവേഴ്‌സിറ്റിയുടെ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പറായി ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടു. അതിന് ശേഷം ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി,മേഖലാ സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ ജോയിന്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, കോഴിക്കോട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ജോയിന്റ്‌സെക്രട്ടറി, അഖിലേന്ത്യ ജോയിന്‍ സെക്രട്ടറി, അഖിലേന്ത്യ പ്രസിഡന്റ് എന്നിങ്ങനെ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മുഴുവന്‍ സമയപ്രവര്‍ത്തകനാണ്. സി പി എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വലിയൊരനുഭവമായിരുന്നു അഞ്ച് വര്‍ഷം ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ചത്. കോഴിക്കോട് സിറ്റി മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്സ് പ്രസിഡന്റായതും ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ പ്രസിഡന്റായതും ജീവിതത്തിലെ വലിയ അനുഭവമാണ്.

പൗരത്വനിയമഭേദഗതിക്കെതിരായി സമരം നയിച്ചിരുന്നല്ലോ. പൗരത്വനിയമഭേദഗതിയെക്കുറിച്ച് എന്താണഭിപ്രായം ?

പൗരത്വനിയമഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടത്തിയിട്ടുണ്ട്. ഇതൊരു ഭരണഘടനാവിരുദ്ധപരമായിട്ടുള്ള നിലപാടാണ്. ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തെ ഒഴിവാക്കുന്ന വിഷയമെന്നല്ല ഞങ്ങള്‍ കാണുന്നത്. ഭരണഘടന തത്വങ്ങളെ ലംഘിക്കുന്നൊരുനിലപാടാണ്. പാര്‍ലമെന്റിലെ കേവലഭൂരിപക്ഷമനുസരിച്ച് ഭരണഘടനയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കാനുള്ള ശ്രമമാണ് നടന്നിട്ടുള്ളത്. ഭരണഘടനയെ സ്‌നേഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതികരിക്കേണ്ടതാണ്. പൗരത്വനിയമഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടുണ്ട്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലും പ്രക്ഷോഭത്തിന്റെ ഭാഗമായി പോലീസ് ഡി വൈ എഫ് ഐ ക്കാരെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഞാനും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലും മുംബൈയിലും അറസ്റ്റ് ചെയ്യപ്പെട്ട സമരസഖാക്കളെ മര്‍ദിച്ച് വാനിലിട്ട് കൊണ്ടുപോകുമ്പോള്‍ ധീരസഖാക്കള്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ചതും ഇന്ത്യയുടെ പ്രധാന നഗരത്തില്‍ ഇത്തരമൊരു സമരാവേശമുണ്ടായതും ആവേശകരമായ അനുഭവമാണ്.

P. A. Mohammed Riyas
P. A. Mohammed Riyas

ഒരു യുവജനപ്രസ്ഥാനത്തിന്റെ നേതാവ് എന്നുള്ള നിലയില്‍ താങ്കള്‍ക്ക് നേരിടേണ്ടിവന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ് ?

നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടം അവനവനിസം വല്ലാതെ നിലവിലുള്ള കാലഘട്ടമാണ്. ഞാന്‍, എനിക്കെന്ത് നേട്ടം എന്നത്. യുവജനസമൂഹത്തെ ഒരു കൂട്ടായ്മയിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വമാണ് നമ്മള്‍ ഏറ്റെടുക്കേണ്ടത്. അത് നിര്‍വഹിക്കണമെങ്കില്‍ നന്നായി ഇടപെടല്‍ ആവശ്യമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനോട് അല്ലെങ്കില്‍ സംഘടനാപ്രവര്‍ത്തനത്തിനോട് വലിയ താല്‍പ്പര്യമില്ലാത്ത വിഭാഗത്തിന് ഇതിന്റെ മഹത്വവും പ്രാധാന്യവും ബോധ്യപ്പെടുത്തി, ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കൂട്ടായ്മകളും അവ വഹിച്ച പങ്കും ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കണം പുതുതലമുറയിലെ എല്ലാ വിഭാഗം തൊഴില്‍മേഖലകളിലും ഇതെത്തേണ്ടതുണ്ട്. എല്ലാവരിലും എത്തപ്പെടാവുന്ന ഒന്നായി ഡി വൈ എഫ് ഐ എത്തേണ്ടതുണ്ട്. ഇപ്പോള്‍ മതവര്‍ഗ്ഗീയ സാമുദായിക ചിന്താഗതികള്‍ വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഏതൊരു വ്യക്തിക്കും സ്വന്തം വിശ്വാസം മുന്നോട്ട് കൊണ്ടുപോകാനും അവ പ്രചരിപ്പിക്കാനും അവകാശമുണ്ട്.  അതേസമയം മറ്റൊരു മതത്തോടുള്ള വിരോധം വര്‍ധിച്ചുവരുന്നുണ്ട്. യുവാക്കളില്‍ മതസൗഹാര്‍ദ്ദവും മതനിരപേക്ഷതയും അത്യാവശ്യമാണ്. നിരവധി യുവജങ്ങളെ ബാധിക്കുന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. നിയമനനിരോധനം പോലുള്ളവ യുവജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന പൊതുമേഖലാ സ്ഥാപനമായ റെയില്‍വേ സ്വകാര്യവല്‍ക്കരണം, യൂ പി എസ് ഇ നിയമനങ്ങള്‍ കുറയുന്നു പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നു. ഇതിനൊക്കെ കാരണം ഒരു കേന്ദ്രസര്‍ക്കാര്‍ നയമാണ്. ഇത് ബോധ്യപ്പെടുത്തേണ്ടത് വലിയ വെല്ലുവിളിയാണ്.

പോലീസ് ഉദ്യോഗസ്ഥന്റെ മകനായ താങ്കള്‍ സംഘടനയുടെ നേതാവ് എന്നുള്ള നിലയ്ക്ക് സമരമുഖങ്ങളില്‍ പോലീസിനെ അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ നേരിടേണ്ടിവന്ന അനുഭവങ്ങള്‍ എന്തൊക്കെയാണ്?

എന്റെ പിതാവ് പോലീസ് കമ്മീഷണര്‍ ആയിരുന്നു. ഞാന്‍ ഒരിക്കലും ഉയര്‍ന്ന റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് എന്നത് ചിന്തിച്ചിട്ടുപോലുമില്ല. എന്റെ പിതാവ് ഇതിലൊന്നും ഇടപെടാറില്ലായിരുന്നു. നമ്മുടെ വ്യക്തി സ്വാതന്ത്ര്യം അദ്ദേഹം അംഗീകരിച്ചിരുന്നു. സാധാരണരീതിയിലാണ് സമരത്തില്‍ പങ്കെടുക്കാറുള്ളത്. പോലീസിന്റെ ഭാഗത്തുനിന്നും അത്തരമൊരു പരിഗണയും എനിക്ക് ലഭിച്ചിട്ടില്ല. പല സമരങ്ങളിലും പോലീസ് മര്‍ദ്ദനമേല്‍ക്കേണ്ടിവന്നിട്ടുമുണ്ട്. നിരവധി തവണ ജയിലില്‍ കിടക്കേണ്ടിയും വന്നിട്ടുണ്ട്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനാണ് എന്നത് എന്റെ സംഘടനാപ്രവര്‍ത്തന രീതിയെ ഒരുതരത്തിലും സ്വാധീനിച്ചിട്ടില്ല. എന്റെ സംഘടനാപ്രവര്‍ത്തനങ്ങളുമായി ഞാന്‍ മുന്നോട്ട് പോയിട്ടുള്ളത്.

പുതിയ തലമുറയിലെ ഒരു നേതാവ് എന്നുള്ള നിലയില്‍ ഒരു ജനകീയനായ നേതാവിന് വേണ്ടുന്ന ഗുണങ്ങളെന്തൊക്കെയാണ് ? പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെയാണ് ?

ഏതൊരു പ്രസ്ഥാനത്തിലായാലും പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഞാനെന്ന വ്യക്തിയേക്കാള്‍ വലുതെന്ന ചിന്താഗതിയാണ് ഒന്നാമത് വേണ്ടത്. ഒരു നേതാവിനെ പൊതുജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരാളാക്കുന്നത് പ്രസ്ഥാനമാണ്. വ്യക്തിപരമായ പ്രസ്താവനകളിലൂടെ സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ശ്രമിക്കാതിരിക്കുക തത്സമയം പ്രസ്ഥാനത്തിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കാവുന്ന പ്രസ്താവനകളും ഒഴിവാക്കുക.  ഒരു വ്യക്തിയെ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കുന്നതില്‍ കഴിവ് മാത്രമായിരിക്കണം മാനദണ്ഡം. ഒരു നേതാവിന്, വളരെ ശാന്തമായി നന്നായി പ്രവര്‍ത്തിക്കുന്ന കേഡര്‍മാരുടെ അധ്വാനത്തെയും ആത്മാര്‍ഥതയും കണ്ടെത്താനുള്ള കഴിവുണ്ടായിരിക്കണം. അനാവശ്യസംസാരങ്ങള്‍ പരമാവധി ഒഴിവാക്കുക. നല്ല ഭാഷ ഉപയോഗിക്കണം. വിവിധ രീതികളിലുള്ള സ്വഭാവമുള്ളവരെ മനസിലാക്കുക. പറയുന്ന കാര്യങ്ങള്‍ ദൃഢമായി അവതരിപ്പിക്കുന്നവര്‍ മോശമാണെന്നുള്ള വിലയിരുത്തല്‍ നല്ലതല്ല. പറയേണ്ടകാര്യങ്ങള്‍ ദൃഢമായി പറഞ്ഞതുകൊണ്ടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം സംഘടനയെന്നുള്ള നിലയില്‍ മുന്നോട്ട്‌പോയിട്ടുള്ളത്. സൗഹൃദങ്ങളോ ബന്ധങ്ങളോ സ്വാധീനിക്കപ്പെടാന്‍ സാധിക്കാത്തതായിരിക്കണം നമ്മുടെ ജീവിതം. ഒരു നേതാവിന്റെ വിശ്വാസ്യത നിലനിത്തുക. സമരമുഖങ്ങളില്‍ നേതാവ് പിന്മാറാന്‍ പാടില്ല. ഭീകരമര്‍ദ്ദനമേല്‍ക്കേണ്ടിവന്നാലും മുന്‍ നിരയിലുണ്ടാകണം.

P. A. Mohammed Riyas Unique Times
P. A. Mohammed Riyas

സാമൂഹികരംഗത്ത് സോഷ്യല്‍മീഡിയയുടെ ഇടപെടലുകള്‍ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?

സോഷ്യല്‍മീഡിയ സ്വാധീനം ചെലുത്തുന്നുവെന്നത് യാഥാര്‍ഥ്യമാണ്. നല്ല രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നതാണ് എന്റെ അഭിപ്രായം. നമ്മുടെ രാഷ്ട്രീയ ആശയപ്രചാരണത്തിനോ, വിജ്ഞാനപ്രദമായ കാര്യങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുവാനോ, പൊതുജനത്തിന് ഉപകാരപ്രദമാകുന്നതരത്തില്‍ പ്രയോജനപ്പെടുത്തണം. ഞാന്‍ പണ്ടുമുതലേ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നുണ്ട്. 2009 ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥിയായി കോഴിക്കോട് ലോക്സഭയില്‍ തീരുമാനിച്ചപ്പോള്‍ വളരെ സജീവമായി സോഷ്യല്‍മീഡിയ ഉപയോഗിച്ചു. എനിക്ക് ഫേസ് ബുക്കില്‍ ഒരു പേജുണ്ട്. മൂന്ന് ലക്ഷത്തിനടുത്ത് ലൈക് ഉള്ള പേജാണ്. അതില്‍ രാഷ്ട്രീയ, കലാ കായിക സംബന്ധിയായ വിഷയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവയും ഉപയോഗിക്കുന്നുണ്ട്. ഫേസ് ബുക്കില്‍ പ്രൊഫൈലും ഉണ്ട്. അതൊക്കെ ഞാന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ വ്യക്തിഹത്യ, തെറ്റായ ഭാഷാപ്രയോഗങ്ങള്‍, നെഗറ്റിവ് വിഷയങ്ങള്‍ എന്നിവയാണ് വന്നുകൊണ്ടിരിക്കുന്നത്. അത് ഗുണകരമല്ല. വ്യക്തിഹത്യ എന്നതില്‍ പ്രധാനം രാഷ്ട്രീയ നിലപാടെടുക്കുന്നവരെ തകര്‍ക്കാന്‍ അവരുടെ കുടുംബത്തെ അവഹേളിക്കുന്ന തരത്തിലുള്ള കഥാപ്രചാരണങ്ങള്‍ എന്നിവ ഒരു ജനാധിപധ്യസംവിധാനത്തില്‍ ശരിയായ കാര്യമല്ല. ഓരോരുത്തരും സ്വയം തിരുത്തണം. അത് ആ കുടുംബത്തിനുണ്ടാക്കുന്ന മാനസിക പ്രയാസം പലരും മനസിലാക്കാറില്ല.

മലയാളികളുടെ സായാഹ്നങ്ങളെ സജീവമാകുന്ന ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയാവണം എന്നാണ് താങ്കള്‍ കരുതുന്നത് ?

ടെലിവിഷന്‍ ചാനലുകളിലെ സായാഹ്നചര്‍ച്ചകള്‍ കേരളീയസമൂഹത്തെ സ്വാധീനിക്കുന്നത് തന്നെയാണ്. പക്ഷെ ഈ കോവിഡ്ക്കാലത്ത് ജനങ്ങളില്‍ അന്തിചര്‍ച്ചകള്‍ കാണുന്നതിനുള്ള താല്പര്യം കുറഞ്ഞുവരുന്നതായി മനസ്സിലാക്കുന്നു. ഇതിനുള്ള കാരണം ഇത്തരം ചര്‍ച്ചകള്‍ ബഹളമയമാകുന്നുവെന്നതാണ് പലരും ഈ കാര്യം പങ്കുവയ്ക്കാറുണ്ട്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് തോന്നുന്നത്. ഏതൊരു പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരായിക്കൊള്ളട്ടെ പറയാനുള്ള അഭിപ്രായം സൗമ്യമായി നല്ല ഭാഷയില്‍ മറ്റുള്ളവരെ ബഹുമാനിച്ച് പറയാന്‍ ശ്രമിക്കണം. 2009 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ചാനല്‍ ചര്‍ച്ചകളില്‍ ഞാന്‍ സജീവമായി പങ്കെടുക്കുന്നത് . നമ്മള്‍ പറയുന്ന വിഷയത്തില്‍ പ്രേക്ഷകര്‍ക്ക് പുതിയ അറിവുകള്‍ നല്‍കുവാന്‍ ശ്രമിക്കണമെന്നതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ ഉത്തരവാദിത്വമാണ്. ചില അവതാരകര്‍ അവരുടെ കടമകള്‍ മറന്നുപോകുന്നതും പ്രേക്ഷകര്‍ അറിയുന്നുണ്ട്. ചര്‍ച്ചകള്‍ സഭ്യമായ ഭാഷയിലും ബഹളമില്ലാതെയും മുന്നോട്ടുപോകുന്നതാണ് ജനത്തിന് താല്‍പര്യം.

P. A. Mohammed Riyas
P. A. Mohammed Riyas

രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നചെറുപ്പക്കാര്‍ക്ക് അനുഭവസമ്പന്നനായ യുവജനനേതാവ് എന്നനിലയില്‍ താങ്കള്‍ക്ക് നൽകാനുള്ള ഉപദേശം എന്താണ് ?

ഉപദേശം നല്കുകയല്ല, എന്റെ അനുഭവങ്ങളില്‍ നിന്നും ചിലത് പങ്കുവയ്ക്കുകയാണ്. നല്ല രാഷ്ട്രീയമുണ്ടാകണം. നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തെ ഉയര്‍ത്തിപ്പിടിക്കുന്ന കാഴ്ചപ്പാടുകള്‍ രാഷ്ട്രീയ നിലപാടുകള്‍ എന്നിവയെക്കുറിച്ച് ശരിയായ ധാരണയുണ്ടാകണം. നമ്മുടെ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും ഇവ സ്വാധീനം ചെലുത്തണം അതിനനുസരിച്ചുള്ള ഇടപെടലുകളുണ്ടാകണം. പാര്‍ട്ടിയാണ് വലുത് വ്യക്തിയല്ല. നമ്മളില്‍ സംഘടനാ ചുമതല നിശ്ചയിക്കുന്നത് പ്രസ്ഥാനമാണ്. അതുകൊണ്ടുതന്നെ സി പി എം പോലുള്ള രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ വരുന്നവര്‍ ഈയൊരു കാഴ്ചപ്പാട് ഉള്ളവരായിരിക്കണം. ചുവരുണ്ടങ്കിലേ ചിത്രമെഴുതാന്‍ സാധിക്കുകയുള്ളു എന്നത് ഇവിടെ പ്രസക്തമാണ്.  ഉത്തരവാദിത്വങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും. ജനങ്ങളോട് നന്നായി പെരുമാറണം. സൗമ്യത, ലാളിത്യം, മാന്യത എന്നിവ പാലിക്കണം. അഹങ്കാരം ധിക്കാരം പാടില്ല. മുതിര്‍ന്നവരെ ബഹുമാനിച്ചുകൊണ്ടായിരിക്കണം അഭിപ്രായങ്ങള്‍ അവതരിപ്പിക്കേണ്ടത്. വ്യക്തിപരമായ താല്പര്യങ്ങളല്ല പാര്‍ട്ടിയുടെ മൂല്യങ്ങളാണ് ഉയര്‍ത്തിപ്പിടിക്കേണ്ടത്. രാഷ്ട്രീയപ്രവര്‍ത്തനം ത്യാഗപൂര്‍ണ്ണമാകണം, വ്യക്തിപരമായ നേട്ടങ്ങള്‍ എന്നതിലുപരി സേവനമാകണം ഒരു യഥാര്‍ഥ രാഷ്ട്രീയക്കാരനുണ്ടാകേണ്ടത്. വ്യക്തിപരമായ നേട്ടത്തിനായി കൃത്രിമത്വം സ്വീകരിക്കരുത്. ഒരു ജനപ്രവര്‍ത്തകന്‍ നിസ്വാര്‍ഥനാകണം. മുഴുവന്‍ സമയവും കുടുംബത്തെ ശ്രദ്ധിക്കാനായില്ലെങ്കിലും കുടുംബത്തിന് അതിന്റെതായ പ്രാധാന്യം കൊടുക്കണം. തൊഴിലിടങ്ങളില്‍ ജോലിചെയ്യുന്നവര്‍ സാധ്യമാകുന്ന രീതിയില്‍ നിലപാടും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കണം. നമുക്ക് നേരെവരുന്ന അസത്യപ്രചാരണങ്ങള്‍ക്കും അസംബന്ധാരോപണങ്ങള്‍ക്കും വ്യക്തിപരമായി മറുപടി നല്‍കി സമയം പാഴാക്കേണ്ടതില്ല. നാം ശരിയാണെങ്കില്‍ സമൂഹവും കാലവും അവര്‍ക്കുള്ള മറുപടി നല്‍കിക്കൊള്ളും. തൊഴിടങ്ങളിലും തന്റെ രാഷ്ട്രീയാശയങ്ങള്‍ പ്രകടിപ്പിക്കുകയും അനീതിക്കെതിരെ പ്രതികരിക്കുകയും വേണം. നമ്മള്‍ മാതൃകയായിക്കൊണ്ട് പ്രസ്ഥാനത്തിലേക്ക് ജനങ്ങളെ കൊണ്ടുവരികയെന്നതാണ്.

വിവാദങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?

വളരെ ചെറുപ്പത്തില്‍ തന്നെ ഒരു കാര്യവുമില്ലാതെ മാധ്യമവിവാദങ്ങൾക്കിരയാകേണ്ടിവന്നൊരാളാണ്. ഞാനത് വ്യക്തിപരമായെടുത്തിട്ടില്ല, പ്രസ്ഥാനത്തിന് നേരെവരുന്ന അക്രമമായിട്ടേ എടുത്തിട്ടുള്ളു. വ്യക്തിപരമായ അസത്യങ്ങളും അസംബദ്ധങ്ങളും വന്നിട്ടുണ്ട്. നമ്മുടെ പക്ഷത്ത് തെറ്റും പാളിച്ചകളൊന്നുമില്ലെങ്കില്‍ അസത്യവിവാദങ്ങളെ ഭയപ്പെടേണ്ടതില്ല. പ്രതികരിച്ച് വഷളാക്കേണ്ടതില്ല. പ്രതികരണങ്ങള്‍ വിവാദങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നതിനാല്‍ ശാന്തമായി കൈകാര്യം ചെയ്യുക എന്നതാണ് എന്റെ രീതി. മനസിലേക്ക് എടുക്കാറുപോലുമില്ല . നേതൃനിരയിലുള്ള ആളുകള്‍ ശ്രദ്ധിക്കേണ്ടകാര്യം ആരോപണങ്ങളുണ്ടാകുമ്പോള്‍ പതറിപ്പോകരുത് .അത് നമ്മുടെ ആത്മവീര്യം തകര്‍ക്കും. ആരോപണങ്ങള്‍ ഉന്നയിക്കുന്നവരുടെ ലക്ഷ്യവും അതാണ്. സമൂഹവും കാലവും അതിന് മറുപടി കൊടുക്കും. പിന്നെ മാങ്ങയുള്ള മാവിലെ ഏറ് വരികയുള്ളു.

ഇതുവരെയുള്ള ജീവിതത്തില്‍ ആരുടെയെങ്കിലും സ്വാധീനമുണ്ടായിട്ടുണ്ടോ ?

കുട്ടിക്കാലത്ത് എന്നെ ഏറെ സ്വാധീനിച്ചത് എന്റെ വാപ്പയാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്നുള്ളനിലയ്ക്ക് എല്ലാവര്‍ക്കും നല്ല അഭിപ്രായമാണുള്ളത് . അദ്ദേഹം ജീവിതത്തില്‍ വച്ചുപുലര്‍ത്തിയിരുന്ന ചില കാര്യങ്ങളുണ്ട്, അതൊക്കെ ഉമ്മ ചൂണ്ടിക്കാണിച്ചുതരുമായിരുന്നു . കൂടാതെ ഞാന്‍ കണ്ടുവളര്‍ന്നതും എന്റെ ജീവിതത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ഒരു തെറ്റ് കണ്ടാല്‍ ആരോടും നേരിട്ട് ചോദിക്കാനുള്ള ആര്‍ജ്ജവമുണ്ട് . ആരോടെങ്കിലും ഒരു വിഷമം തോന്നിയാല്‍ അത് മനസ്സില്‍ സൂക്ഷിക്കാറില്ല അത് നേരിട്ട് ചോദിക്കും അത് സന്തോഷമാണെങ്കില്‍ക്കൂടി അങ്ങനെയാണ്. ഇഷ്ടപ്പെടാത്തകാര്യങ്ങള്‍ തുറന്ന് പറയുന്ന ഉമ്മയില്‍ നിന്നാണ് ഈ സ്വഭാവം എനിക്ക് കിട്ടിയത്. ജോലി സംബദ്ധമായി ബുദ്ധിമുട്ടേണ്ടിവന്ന സഹാചര്യങ്ങളില്‍പോലും എന്റെ വാപ്പ ആരുടേയും സഹായം സ്വീകരിക്കില്ലായിരുന്നു. ആ കഥകള്‍ കേട്ട് വളര്‍ന്നതുകൊണ്ട്, ഇത് ഒരാള്‍ക്കും നമ്മളെ വിലയ്ക്ക് വാങ്ങുവാന്‍ സാധിക്കാത്ത ഒരു നിലപാട് സ്വീകരിക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. ഒരാള്‍ക്കും നമ്മുടെ സൗഹൃദത്തെ ഉപയോഗിക്കാന്‍ പറ്റാത്തതരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതും എന്റെ പിതാവിന്റെ ഗുണങ്ങള്‍ എന്നെ സ്വാധീനിച്ചതിനാലാണ്. ഇതൊക്കെ ജീവിതത്തില്‍ ഒരു നിലപാടെടുക്കാന്‍ എന്നെ സഹായിച്ചിട്ടുണ്ട്. പൂതേരി ക്വട്ടേഴ്സ് ആണ് എന്റെ ജീവിതത്തെ പാകപ്പെടുത്തിയത്. പ്രസ്ഥാനം എന്നില്‍ വലിയ സ്വാധീനവും മാറ്റവും ചെലുത്തിയിട്ടുണ്ട്. സജീവ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷം ഈ പ്രസ്ഥാനം എന്നില്‍ ഗുണപരമായ പല മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.

P. A. Mohammed Riyas Unique Times
P. A. Mohammed Riyas

കുട്ടിക്കാലവും മറക്കാനാവാത്ത ഓര്‍മ്മകളും

എന്റെ പിതാവ് പോലീസ് ഉദ്യോഗസ്ഥനായിരുന്നു. അതുകൊണ്ടുതന്നെ പല സ്ഥലങ്ങളിലേക്ക് സ്ഥലമാറ്റം ഉണ്ടാകാറുണ്ട്. പിതാവിന്റെ തറവാട് പാലക്കാട് കൂടല്ലൂരാണ്. പ്രശസ്തസാഹിത്യകാരന്‍ എം ടി യുടെ വീടിനടുത്താണ്. ഞാന്‍ ജനിച്ചത് തൃശ്ശൂര്‍ ആണ്. മുത്തച്ഛന്‍ കസ്റ്റംസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം തൃശ്ശൂര്‍ ജില്ലയില്‍ കടവല്ലൂര്‍ പഞ്ചായത്തിലെ പെരുമ്പിലാവിലേക്ക് താമസം മാറി. ഇപ്പോള്‍ അവിടെ പിതാവിന്റെ ജേഷ്ഠനും കുടുംബവുമാണ് താമസിക്കുന്നത്. എന്റെ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം തിരൂര്‍ ഫാത്തിമ മാതാ സ്‌കൂളിലായിരുന്നു. ഒന്നാം ക്ലാസ്സിലായപ്പോള്‍ പിതാവിന് കോഴിക്കോട്ടേക്ക് ട്രാന്‍സ്ഫര്‍ കിട്ടി. തുടര്‍വിദ്യാഭ്യാസം കോഴിക്കോട്ടായിരുന്നു. ഒന്നും രണ്ടും ക്ലാസുകള്‍ കോഴിക്കോട് അയ്യത്താന്‍ ഗോപാലന്‍ (മുന്‍ എം എല്‍ എ സുജനപാലിന്റെ പിതാവ്) സ്‌കൂളിലും മൂന്നുമുതല്‍ തുടര്‍ന്നങ്ങോട്ട് ആറാംക്ലാസുവരെ സെന്റ് ജോസഫ് സ്‌കൂളിലും ആറ് മുതല്‍ പത്തുവരെ സെന്റ് ജോസഫ് ഹൈസ്‌കൂളിലുമായിരുന്നു. പ്രീ-ഡിഗ്രി, ഡിഗ്രി കോഴിക്കോട് ഫാറൂഖ് കോളേജിലും ലോ കോഴിക്കോട് ലോ കോളേജിലുമായിരുന്നു. അവധിക്കാലത്ത് എന്റെ വാപ്പയുടെയും ഉമ്മയുടെയും വീടുകളില്‍ പോകാറുണ്ട്. പെരുമ്പിലാവില്‍ പോകുമ്പോള്‍ അവിടെ നിറയെ കുട്ടികള്‍ ഉണ്ട്. വാപ്പയുടെ സഹോദരന്മാരുടെയും സഹോദരിമാരുടെയും മക്കള്‍. ഉമ്മയുടെ വീട് എറണാകുളം ജില്ലയിലെ എടവനക്കാട് എന്ന സ്ഥലത്താണ്. അവിടെയും ധാരാളം കുട്ടികള്‍ ഉണ്ട്. മറക്കാനാവാത്ത ഓര്‍മ്മ എന്നത് നീന്തല്‍ പഠിച്ചതാണ്. ഞാന്‍ നീന്തല്‍ പഠിച്ചത് അമ്പലക്കുളത്തിലാണ്. എന്റെ അയല്‍വാസികളായ സുഹൃത്തുക്കളെല്ലാവരും കൂടി നീന്തുന്ന അമ്പലകുളമായിരുന്നു പഠനകേന്ദ്രം. ഇന്നത്തെക്കാലത്ത് മതവര്‍ഗ്ഗീയ സ്പര്‍ദ്ധ ജനമനസുകളില്‍ കൂടിയിട്ടുണ്ട്. എന്റെ ചെറുപ്പകാലത്ത് ഓണവും വിഷുവും പെരുന്നാളുമൊക്കെ എല്ലാവരും ആഘോഷിക്കുകയും പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്യുമായിരുന്നു. എല്ലാവർക്കും അവരാവരുടേതായ മതവിശ്വാസങ്ങള്‍ ഉണ്ട് എന്നിരുന്നാലും മതവര്‍ഗ്ഗീയസ്പര്‍ദ്ധ എന്നൊരു ചിന്തപോലും ഞങ്ങള്‍ക്കിടയിലുണ്ടായിട്ടില്ല. പൂതേരി ക്വട്ടേഴ്സ് നഗരഹൃദയത്തില്‍ സ്റ്റേഡിയത്തിന്റെ തൊട്ടടുത്തായിരുന്നു. അവിടെയായിരുന്നു സ്‌പോര്‍ട്‌സ് സംബന്ധിക്കുന്ന കായികപരമായ താല്‍പര്യങ്ങള്‍ വളര്‍ന്നത്. ക്വട്ടേഴ്സിലെ കുട്ടികളെക്കൂടാതെ പുറത്തുനിന്നുള്ള കുട്ടികളും കളികളില്‍ പങ്കെടുത്തിരുന്നു. ഒരു ക്ലബ് ഉണ്ടായിരുന്നു. അതിന്റെ പേരില്‍ ക്രിക്കറ്റ് കളിയുണ്ടായിരുന്നു. പിതാവ് വലിയ സ്‌പോര്‍ട്‌സ് പ്രേമിയായിരുന്നു. അദ്ദേഹം എനിക്ക് ബൂട്ട് വാങ്ങിത്തന്നിരുന്നു. അങ്ങനെ ഞാന്‍ ക്രിക്കറ്റും ഫുട്‌ബോളും കളിച്ചിരുന്നു. ചെസ്സ് കളിയും അവിടെ നിന്നാണ് പഠിച്ചതും . അവധി ദിവസങ്ങളില്‍ വെയിലോ മഴയോ വകവയ്ക്കാതെ രാവിലെ മുതല്‍ വൈകിട്ട് വരെ കളിച്ചിരുന്നു. പെരുമ്പിലാവില്‍ ഷട്ടില്‍ കോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ അവിടെപോകുമ്പോള്‍ ഷട്ടില്‍കളി ഒരു പ്രധാന വിനോദമായിരുന്നു. എടവനക്കാടും പെരുമ്പിലാവിലും കുളങ്ങളുണ്ടായിരുന്നതിനാല്‍ നീന്തലും ഉണ്ടായിരുന്നു. ക്വട്ടേഴ്സിലെ കുട്ടികളൊക്കെ ഇന്ന് വ്യത്യസ്ത മേഖലകളിലാണ് . പലരുമായും ഇന്നും ബന്ധമുണ്ട്. ഞാന്‍ പഠിച്ചിരുന്നിടങ്ങളിലെ ഒട്ടനവധി കൂട്ടുകാരുമായി ഇപ്പോഴും നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. അതൊരു ഭാഗ്യമായി കരുതുന്നു. കോട്ടൂളി എന്ന സ്ഥലത്ത് വാപ്പ സ്വന്തമായി ഒരു വീടുവച്ചു മാറി. ആ മാറ്റം നഗരത്തില്‍ നിന്നൊരു പറിച്ചുനടലായിരുന്നു, കോട്ടൂളി വളരെ മനോഹരമായ നല്ല സ്ഥലമാണ്. നല്ല ജനങ്ങളാണ് അവിടുള്ളത്. ഇന്നുവരെ രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ ഒരു തര്‍ക്കമോ പ്രശ്‌നങ്ങളോ അവിടെയുണ്ടായിട്ടില്ല. അവിടത്തെ കോണ്‍ഗ്രസ്സ്, ബി ജെ പി പ്രവര്‍ത്തകരൊക്കെ നല്ല സുഹൃത്തുക്കളാണ്. കോട്ടൂളി എനിക്കൊത്തിരി ഇഷ്ടപ്പെട്ട സ്ഥലമാണ്. നഗരഹൃദയത്തിലെ ഗ്രാമീണതയാണ് കോട്ടൂളിയുടെ പ്രത്യേകത.

മുഹമ്മദ് റിയാസ് എന്ന വ്യക്തിയെ സ്വയം വിലയിരുത്തുകയാണെങ്കില്‍?

സ്വയം വിലയിരുത്തുകയാണെങ്കില്‍ ഞാന്‍ ബന്ധങ്ങള്‍ക്കും സൗഹൃദങ്ങള്‍ക്കും വലിയ വില കൊടുക്കുന്ന വ്യക്തിയാണ്. എന്നാലും ആരുടെയെങ്കിലും ഭാഗത്തുനിന്ന് നമുക്കിഷ്ടപ്പെടാത്ത ഒരു കാര്യം കണ്ടാല്‍ അത് എന്റെ മുഖത്ത് പ്രതിഫലിക്കും. കൂടാതെ തുറന്ന് ചോദിക്കും. അത് ചിലര്‍ക്ക് ഇഷ്ടപെടണമെന്നില്ല. ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന പ്രശ്‌നങ്ങള്‍ എന്നില്‍ മാറ്റം ഉണ്ടാക്കികൊണ്ടിരിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. പാര്‍ട്ടി താല്‍പ്പര്യത്തിനപ്പുറത്ത് വ്യക്തിപരമായ താല്പര്യം പോകുന്നത് ഞാനെപ്പൊഴും മനസുകൊണ്ട് തന്നെ ചെറുക്കാറുണ്ട്. പാര്‍ട്ടിയെന്നത് ലക്ഷക്കണക്കിന് നിസ്വാര്‍ത്ഥരായ സഖാക്കളുടെ അദ്ധ്വാനംകൂടിയാണ്. ഇവരില്‍ ഭൂരിഭാഗവും യാതൊരു സ്ഥാനമാനങ്ങളും പ്രതീക്ഷിക്കാതെ ഒരാശയത്തിന്റെ ഭാഗമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങളെയും പാര്‍ട്ടിയേയും ഞാന്‍ എക്കാലവും ബഹുമാനിക്കാറുണ്ട്. അവര്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കാത്ത എന്തെങ്കിലും ഞാന്‍ ചെയ്തുപോയോ എന്ന ചിന്തയും ഭയവും എപ്പോഴും എന്റെ ജീവിതത്തെ നയിക്കാറുണ്ട്. അവര്‍ എന്നില്‍ നിന്നും ആഗ്രഹിക്കുന്നത് പരമാവധി ചെയ്യുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. കാലഘട്ടത്തിനനുസരിച്ച് ഓരോ ഘട്ടത്തിലും എനിക്ക് മാറ്റങ്ങള്‍ ഉണ്ടായികൊണ്ടിരിക്കുന്നുവെന്ന് ഞാന്‍ മനസിലാക്കുന്നു

കുടുംബത്തെക്കുറിച്ച്

വാപ്പയ്ക്കും ഉമ്മയ്ക്കും ഞങ്ങള്‍ മൂന്ന് മക്കളാണ്. രണ്ട് ജേഷ്ഠസഹോദരിമാരും ഞാനും. ചേച്ചിമാരില്‍ ഒരാള്‍ യൂഎയിലാണ്. ചേച്ചിയുടെ ഭര്‍ത്താവ് ഇത്തിസാലാത് കമ്പനിയില്‍ ജോലി ചെയ്യുന്നു. രണ്ട് കുട്ടികളുണ്ട്. രണ്ടാമത്തെ സഹോദരിയും കുടുംബവും കാനഡയിലാണ്. അവരുടെ ഭര്‍ത്താവ് വെറ്റനറി സര്‍ജനാണ്  അവര്‍ക്ക് രണ്ട് കുട്ടികള്‍ . എനിക്ക് രണ്ട് ആൺമക്കളുമുണ്ട്. അമില്‍ മുഹമ്മദും അയാന്‍ മുഹമ്മദും. മക്കളും ഞാനുമായും സുഹൃത്തുക്കളെപ്പോലെയാണ്. അവരോടൊപ്പം കൂടുമ്പോള്‍ ഞാന്‍ അവരുടെ പ്രായത്തിലേക്ക് ഇറങ്ങി ചെല്ലാറുണ്ട്, അതിനാല്‍ അവരുടെ താല്പര്യങ്ങള്‍ മനസിലാക്കി ആശയവിനിമയം നടത്താന്‍ സാധിച്ചിട്ടുണ്ട്. പിന്നെ എന്റെ ഭാര്യ വീണ . ഒരു സോഫ്റ്റ്‌വെയർ കമ്പനി നടത്തുന്നു. ഭാര്യ എന്നതിലുപരി എന്റെ വളരെ നല്ല സുഹൃത്താണ്. എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കാന്‍ സാധിക്കുന്ന സുഹൃത്ത്. മകന്‍ ഇഷാന്‍ . അയാന്റെ അതേ പ്രായമാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് എന്റെ മാതാപിതാക്കള്‍ സഹോദരിമാരും കുടുംബവും ഭാര്യയും എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ട്

 

 

 

 

P. A. Mohammed Riyas
P. A. Mohammed Riyas

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.