അഭയ കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ നാളെ വിധിക്കും
സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തി.അഭയ കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്നാണ് സിബിഐ കോടതി വിധിച്ചത്. ശിക്ഷ നാളെ വിധിക്കും . സിബിഐ കോടതി ജഡ്ജി കെ.സനല്‍കുമാറാണ് കേസില്‍ വിധി പറഞ്ഞത്. 1992 മാര്‍ച്ച് 27-നാണ് കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് കേസില്‍ സിബിഐ വരുന്നത്. കേസുമായി ബന്ധപ്പെട്ട് 49 പ്രോസിക്യൂഷന് സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ എട്ട് പേര് കൂറുമാറി. അഭയ മരിച്ച ദിവസം പുലര്‍ച്ചെ കോണ്‍വെന്റില്‍ മോഷണത്തിനായി കയറിയപ്പോള്‍ പ്രതികളെ കണ്ടിരുന്നുവെന്ന് മൂന്നാം സാക്ഷി രാജു മൊഴി നല്‍കിയിരുന്നു. 28 വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിസ്റ്റര്‍ അഭയ കൊലക്കേസിനാസ്പദമായ കൊലക്കുറ്റം ഏറ്റെടുത്താല്‍ രണ്ടു ലക്ഷം രൂപയും വീടും കുട്ടികളുടെ വിദ്യാഭ്യാസവും ക്രൈം ബ്രാഞ്ച് എസ് പി സാമുവല്‍ വാഗ്ദാനം ചെയ്തതായി പ്രോസിക്യൂഷന് ഭാഗം സാക്ഷിയായി വിസ്തരിച്ച അടക്കാ രാജു തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയതാണ് നിര്‍ണ്ണായകമായത്.
Photo Courtesy : Google/ images are subject to copyright