കൊച്ചിയില്‍ ഷോപ്പിംഗ് മാളില്‍ നടിക്ക് നേരെ അതിക്രമം, സ്വമേധയാ കേസെടുത്ത് വനിതാകമ്മീഷൻ
കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളില്‍ രണ്ട് ചെറുപ്പക്കാര്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് മലയാളത്തിലെ യുവനടി. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബവുമൊത്ത് ഷോപ്പിംഗിനെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ശരീരത്തില്‍ സ്പര്‍ശിച്ച ശേഷം ചെറുപ്പക്കാര്‍ തന്നെ പിന്തുടര്‍ന്നെന്നാണ് നടി പറയുന്നത്. ഇതു സംബന്ധിച്ച് പരാതി നല്‍കാനില്ലെന്നും നടിയും കുടുംബവും വ്യക്തമാക്കി. അതേസമയം, ഷോപ്പിംഗ് മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും കളമശേരി പൊലീസ് അറിയിച്ചു. കുറ്റവാളികള്‍ക്കെതിരെ സ്വമേധയാ കേസെടുക്കും. യുവനടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷന് അധ്യക്ഷ പൊലീസിന് നിര്‍ദേശം നല്കി. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും എംസി ജോസഫൈന് മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലൂടെയടക്കം നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്.
Photo Courtesy : Google/ images are subject to copyright