കൊവാക്സിന് അതിതീവ്ര വൈറസിനെയും നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐ സി എം ആര്.
കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് അതിതീവ്ര വൈറസിനെയും നിര്‍വീര്യമാക്കാന്‍ സാധിക്കുമെന്ന പഠന റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐ സി എം ആര്. ബ്രിട്ടനില്‍ പടരുന്ന ജനിതക മാറ്റം വന്ന കോവിഡ് ബാധിച്ചവരില്‍ കോവാക്സിന് നല്കിയ ശേഷം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്സിന്റെ നിര്‍മ്മാതാക്കള്‍ ഭാരത് ബയോടെക്ക് ആണ്. പരീക്ഷണഘട്ടത്തിലുളള കൊവാക്സിന് പ്രതിരോധത്തിനുപയോഗിക്കരുത് എന്ന തരത്തിലുളള വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു.
മറ്റു വാക്സിനുകളെ അപേക്ഷിച്ച് മ്യൂട്ടേഷന് സംഭവിച്ച വൈറസിനെ നേരിടാന്‍ കോവാക്സിന് ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പുതിയ വൈറസ് വകഭേദത്തെയും കോവാക്സിന് നിര്‍വീര്യമാക്കുന്നുവെന്ന് തെളിഞ്ഞതായാണ് ഐസിഎംആര്‍ വ്യക്തമാക്കുന്നത്.
മൂന്നാംഘട്ട പരീക്ഷണത്തിലുളള കൊവാക്സിന് ഉപയോഗിക്കരുതെന്നും പരീക്ഷണം നടത്താന്‍ ജനങ്ങള്‍ ഗിനിപ്പന്നികളല്ല എന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആക്ഷേപം. എന്നാല്‍, കൊവാക്സിന് നിര്‍മ്മാതാക്കളും ഡ്രഗ് റെഗുലേറ്റര്‍ അതോറിട്ടിയും കൊവാക്സിന് സുരക്ഷിതമാണെന്ന് തന്നെയാണ് വ്യക്തമാക്കിയത്. കേരളമടക്കം പല സംസ്ഥാനങ്ങളും കൊവാക്സിന് ഉപയോഗിക്കേണ്ടതില്ല എന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്.
ഇന്ത്യയില്‍ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആസ്ട്ര സെനക്ക, പൂനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ സംയുക്തമായി നിര്‍മ്മിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിന് എന്നിവയ്ക്കാണ് ഇന്ത്യയില്‍ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്.
Photo Courtesy : Google/ images are subject to copyright