വേറിട്ടൊരു മാതൃഹൃദയം

വേറിട്ടൊരു മാതൃഹൃദയം

കേരളത്തിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റും IVF സ്‌പെഷ്യലിസ്റ്റുമായ ഡോ. ശാന്തമ്മ മാത്യു മാതൃത്വം കൊതിച്ച അനേകായിരം സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കും വെളിച്ചം പകര്‍ന്നിട്ടുണ്ട്.
വന്ധ്യതാചികിത്സ പ്രചുരപ്രചാരത്തില്‍ വരുന്നതിന് മുന്‍പുള്ള കാലം. അണ്ഡാശയങ്ങളില്‍ മുഴയുമായി 18 വയസുള്ള മുസ്ലിം പെണ്‍കുട്ടിയാണ് ഓപ്പറേഷന്‍ ടേബിളില്‍. അണ്ഡാശയങ്ങള്‍ രണ്ടും പൂര്‍ണമായും നീക്കം ചെയ്യുകയാണ് ഏറ്റവും എളുപ്പമുള്ള പോംവഴി. എന്നാല്‍ പ്രശസ്ത സ്ത്രീരോഗവിദഗ്ദ്ധ ഡോ. ശാന്തമ്മ മാത്യു ചിന്തിച്ചത് ആ പെണ്‍കുട്ടിയുടെ ഭാവി ജീവിതത്തെക്കുറിച്ചാണ്. ഏറെ പ്രയാസപ്പെട്ടാണെങ്കിലും മുഴ നീക്കി രണ്ട് അണ്ഡാശയങ്ങളിലും ആരോഗ്യമുള്ള കോശങ്ങള്‍ ബാക്കി വെച്ചാണ് ഡോ. ശാന്തമ്മ അന്ന് ശസ്ത്രക്രിയ അവസാനിപ്പിച്ചത്. അവശേഷിച്ച അല്‍പ്പം കോശങ്ങളില്‍ നിന്ന് പ്രതിമാസം അണ്ഡോല്പാദനം ഉണ്ടായാല്‍ വിവാഹിതയാകുമ്പോഴേക്കും അണ്ഡാശയം ശൂന്യമാകുമെന്നതിനാല്‍ അത് തടയാനുള്ള മരുന്നും നല്‍കി. രണ്ടു വര്‍ഷത്തിനു ശേഷം, വിവാഹിതയായ പെണ്‍കുട്ടി നിറകണ്ണുകളോടെ ഡോക്ടറെ കാണാനെത്തി. താന്‍ ഗര്‍ഭിണിയായ സന്തോഷം നേരിട്ടറിയിക്കാനുള്ള വരവായിരുന്നു അത്. ഈ അനുഭവം ഡോ. ശാന്തമ്മ മാത്യുവിന്റെ ഔദ്യോഗിക ജീവിത്തിലെ മറക്കാനാവാത്ത ഒട്ടനവധി മുഹൂര്‍ത്തങ്ങളിലൊന്നാണ്. ആതുരശുശ്രൂഷയില്‍ വര്‍ഷങ്ങളുടെ സേവനമികവുള്ള ഡോ. ശാന്തമ്മ മാത്യുവിനെ വേറിട്ട് നിര്‍ത്തുന്നത് ഇത്തരം ചില മാനുഷിക ഇടപെടലുകളാണ്. വന്ധ്യതാചികിത്സാ വിദഗ്ധ എന്ന നിലയില്‍ പ്രശസ്തയാകും മുന്‍പ് തന്നെ അനേകായിരം സ്ത്രീകളുടെ ജീവിതത്തില്‍ പ്രകാശമാകാന്‍ ഡോ. ശാന്തമ്മക്ക് സാധിച്ചിരുന്നു.
2021 മെയ് 9, അന്താരാഷ്ട്ര മാതൃദിനത്തോടനുബന്ധിച്ച് ശ്രീ അവിട്ടം തിരുനാള്‍ (SAT) ആശുപത്രിയിലെയും തുടര്‍ന്ന് ക്രെഡന്‍സ് ഹോസ്പിറ്റല്‍ തിരുവനന്തപുരത്തിലെ മാനേജിങ് ഡയറക്ടറും ചീഫ് കണ്‍സള്‍ട്ടന്റുമായിട്ടുള്ള 52 വര്‍ഷത്തെ സേവനങ്ങളെക്കുറിച്ച് ഡോ. ശാന്തമ്മ മാത്യു യൂണിക് ടൈംസിനോട് സംസാരിക്കുന്നു. ഈ കാലയളവില്‍ പതിനായിരക്കണക്കിന് പ്രസവങ്ങള്‍ കൈകാര്യം ചെയ്യുകയും, പതിനായിരക്കണക്കിന് ഗര്‍ഭാശയ സംബന്ധമായ ശസ്ത്രക്രിയകള്‍ നടത്തുകയും, ഔട്‌പേഷ്യന്റ് വിഭാഗത്തില്‍ ലക്ഷക്കണക്കിന് സ്ത്രീകളെ ചികില്‍സിക്കുകയും െചയ്തിരുന്നു എന്ന വസ്തുത പ്രഗല്ഭമായ ഒരു നേട്ടമാണ്.
ആതുരസേവനത്തിലെ പ്രാഗല്‍ഭ്യത്തിനൊപ്പം കാരുണ്യപൂര്‍വ്വമായ ഇടപെടലും കൂടിയാണ് ഡോ. ശാന്തമ്മയെ കേരളത്തിലെ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ട ഡോക്ടറാക്കിയത്. ‘മുന്നില്‍ വരുന്ന ഓരോ രോഗികളിലും സ്വന്തം അമ്മയെയും സഹോദരികളേയും തന്നെയാണ് ഞാന്‍ കാണുന്നത്. ഒരു പക്ഷെ, അതുകൊണ്ടായിരിക്കും,ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ട പലരും മാര്‍ഗ്ഗനിര്‍ദേശത്തിനായ് എന്റെ അടുത്ത് ഇന്നും വരുന്നത്.’ ഈ ജനപ്രീതിയുടെ കാരണം ആരാഞ്ഞപ്പോള്‍ യൂണിക് ടൈംസിനോട് നിറപുഞ്ചിരിയോടെ ഡോ. ശാന്തമ്മ മാത്യു പറഞ്ഞു. 1999 ല്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വിരമിക്കുമ്പോഴേക്കും, ശസ്ത്രക്രിയയിലെ കൈയടക്കവും വേഗതയും കൊണ്ട് ഡോ. ശാന്തമ്മ കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ സര്‍ജന്മാരില്‍ ഒരാളായി മാറിയിരുന്നു. SAT സൂപ്രണ്ടായിരുന്ന ഡോ. സൂസന്‍ ജോര്‍ജിന്റെ ശിക്ഷണത്തില്‍ നടത്തിയ ആദ്യ ശസ്ത്രക്രിയയില്‍ തന്നെ തുന്നലുകളുടെ കൃത്യതകൊണ്ട് ഏവരെയും അദ്ഭുതപെടുത്തിയ ഡോ ശാന്തമ്മ അക്കാര്യത്തില്‍ എപ്പോഴും നിര്‍ബന്ധം പുലര്‍ത്തിയിരുന്നു. ‘പ്രസവശേഷമിടുന്ന തുന്നലുകളൊക്കെ ജൂനിയര്‍ ഡോക്ടര്‍മാര്‍ കൃത്യമായി തന്നെയാണോ ചെയ്യുന്നതെന്ന് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ശരിയാകാത്തവ മാറ്റി ചെയ്യിക്കും. അങ്ങനെ അവരൊക്കെ കൃത്യതയുള്ളവരായി മാറി,’ ഡോക്ടര്‍ അഭിമാനത്തോടെ പറയുന്നു. ഏതൊരു കാര്യവും പൂര്‍ണ്ണതയില്‍ ചെയ്യുക എന്നതാണ് ഡോ. ശാന്തമ്മയുടെ രീതി. വസ്ത്രധാരണം മുതല്‍ ഔദ്യോഗികജീവിതം വരെ ഇതിന് ഉത്തമദൃഷ്ടാന്തമാണ്. 1970 ല്‍ മെഡിക്കല്‍ കോളേജില്‍ അധ്യാപികയായി തന്റെ ഔദ്യോഗികവൃത്തി ആരംഭിച്ച ഡോ ശാന്തമ്മ 1999 ല്‍ പ്രൊഫസറായി സര്‍വ്വീസില്‍ നിന്നും വിരമിച്ചതിന് ശേഷവും തന്റെ കൃത്യനിഷ്ഠയും ആത്മാര്‍ഥതയും കൊണ്ട് പലര്‍ക്കും പ്രചോദനമായിരുന്നു.


സര്‍ക്കാര്‍ സര്‍വീസില്‍ നിന്നുള്ള വിരമിക്കല്‍ മറ്റൊരു സംഭവബഹുലമായ യാത്രയുടെ ആരംഭമായിരുന്നു.
വന്ധ്യതാ നിവാരണത്തിനായി ഒരു സ്ഥാപനം എന്നത് ഡോ. ശാന്തമ്മയുടെ ഭര്‍ത്താവ് ശ്രീ. കെ .ജെ ജോണിന്റെ മനസിലുദിച്ച ആശയമായിരുന്നു. ‘വിശ്വാസം’ എന്നര്‍ത്ഥം വരുന്ന ‘ക്രെഡന്‍സ്’ എന്ന പേരാണ് അദ്ദേഹം സ്ഥാപനത്തിന് നല്‍കിയത്. 2001 ല്‍ ആരംഭിച്ച വന്ധ്യതാചികിത്സാ കേന്ദ്രം അഞ്ച് വര്‍ഷത്തിന് ശേഷം സ്ത്രീരോഗ നിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രിയായി വളര്‍ന്നു. ISRO യില്‍ എഞ്ചിനീയറായിരുന്ന കെ. ജെ ജോണിന്റെ കര്‍മ്മശേഷിയും ഡോ. ശാന്തമ്മ മാത്യുവിന്റെ പ്രാഗല്‍ഭ്യവും ഒത്തുചേര്‍ന്നപ്പോള്‍ ക്രെഡന്‍സ് ഹോസ്പിറ്റല്‍ കേരളത്തിലെ മുന്‍നിര ആശുപത്രികളുടെ ഗണത്തിലേക്ക് ഉയരാന്‍ അധികകാലം വേണ്ടി വന്നില്ല. തന്റെ കര്‍മ്മമേഖലയിലെ വിജയത്തില്‍ നിസ്തുലമായൊരു പങ്ക് ഭര്‍ത്താവ് ജോണിന് അവകാശപെട്ടതാണെന്നതാണ് ഡോ. ശാന്തമ്മയുടെ പക്ഷം. സ്വന്തം ജോലിയില്‍ മാത്രം വ്യാപരിക്കാനിഷ്ടപ്പെട്ടിരുന്ന തന്നെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പ്രചോദിപ്പിച്ചതും ജോണ്‍ ആണെന്ന് ഡോ. ശാന്തമ്മ പറയുന്നു. ഇംഗ്ലണ്ടില്‍ പോയി ഉപരിപഠനം നടത്തണെമെന്നായിരുന്നു അദ്ദേഹത്തിന് താല്പര്യമെങ്കിലും വീട്ടില്‍ നിന്നകന്ന് നില്‍ക്കാന്‍ താല്പര്യമില്ലാത്ത ഡോ. ശാന്തമ്മ അത് വേണ്ടന്ന് വെയ്ക്കുകയായിരുന്നു. ഏത് ഉപരിപഠനത്തോടും കിടപിടിക്കുന്ന അറിവാണ് ദിവസേന നൂറുകണക്കിന് ആളുകളെ പരിചരിക്കുന്ന മെഡിക്കല്‍ കോളേജില്‍ നിന്ന് നേടിയതെന്നാണ് ഡോക്ടര്‍ പറയുന്നത്. ഇംഗ്ലണ്ടിലെ ഉപരിപഠനം വേണ്ടെന്ന് വെച്ചെങ്കിലും, കേരളത്തില്‍ പ്രചാരം വരുന്നതിനു മുന്‍പ് തന്നെ താക്കോല്‍ദ്വാര ശസ്ത്രക്രിയ, വന്ധ്യതാചികിത്സ എന്നിവയെക്കുറിച്ച് വിദേശത്തു പോയി പഠിക്കാനും പിന്നീടുള്ള കാലയളവില്‍ ഈ മേഖലയില്‍ ഏറെ സംഭാവനകള്‍ നല്കാനും ഡോ. ശാന്തമ്മയ്ക്ക് സാധിച്ചു.
1991 ല്‍ സിംഗപ്പൂരില്‍ നിന്ന് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷനില്‍ (IVF) പരിശീലനം നേടിയെങ്കിലും, ധാരാളം മുതല്‍ മുടക്കുള്ള ഒരു സ്ഥാപനം നാട്ടില്‍ തുടങ്ങുന്നതിനെ ഓര്‍ത്ത് ഡോ. ശാന്തമ്മയ്ക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. ‘അക്കാലത്താണ് ഞാന്‍ റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ഒരു കവിത വീണ്ടും വായിക്കുന്നത്. അതിന്റെ സാരം ഇങ്ങനെയായിരുന്നു. ‘രണ്ടു വഴികള്‍ ഉണ്ടായിരുന്നു. അതില്‍ അധികമാരും സഞ്ചരിക്കാത്ത വഴി തിരഞ്ഞെടുത്തു. അത് എല്ലാം മാറ്റി മറിച്ചു.’ ആ കവിതയാണ് വേറിട്ട വഴി തിരഞ്ഞെടുക്കാന്‍ ഡോ. ശാന്തമ്മയ്ക്ക് പ്രേരകമായത്. 2001 ല്‍ പരസ്യങ്ങളുടെ അകമ്പടിയൊന്നുമില്ലാതെ തുടങ്ങിയ വന്ധ്യതാ ചികിത്സാ കേന്ദ്രം, പ്രവര്‍ത്തനമികവുകൊണ്ട് പതുക്കെ ജനങ്ങള്‍ ഏറ്റെടുക്കുന്നതാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ കണ്ടത്. ആദ്യ ബാച്ചിലെ 42 വയസ്സുകാരി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് അനേകം ദമ്പതികളാണ് തങ്ങളുടെ കാത്തിരിപ്പിനൊരു അറുതി വരുത്താന്‍ ഡോ. ശാന്തമ്മയെ തേടിയെത്തിയത്. തെക്കന്‍ കേരളത്തില്‍ ആദ്യമായ് നൂതന ചികിത്സാ രീതികളായ ടെസ്റ്റികുലാര്‍ സ്‌പേം ആസ്പിരേഷന്‍, ഇന്‍ട്രാ-സൈറ്റോപ്ലാസ്മിക് സ്‌പേം ഇന്‍ജെക്ഷന്‍ എന്നിവ വിജയകരമായി നടപ്പിലാക്കിയതും ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് ശിശു ഉണ്ടായതുമെല്ലാം ഡോ. ശാന്തമ്മയുടെ വൈദഗ്ധ്യത്തിലാണ്. പിന്നീടുള്ള വര്‍ഷങ്ങളില്‍ കുട്ടികളില്ലാത്ത പതിനായിരക്കണക്കിന് ദമ്പതികളുടെ സ്വപ്നസാഫല്യത്തിന് കാരണമാകാന്‍ ഡോ. ശാന്തമ്മയ്ക്ക് കഴിഞ്ഞു. ഡോ ശാന്തമ്മ നേതൃത്വം നല്‍കിയ ചികിത്സാ രീതികളിലൂടെ അനേകായിരം കുഞ്ഞുങ്ങളാണ് ജനിച്ചത്. ‘വന്ധ്യതാചികിത്സയിലെ അനേകം വഴികളില്‍ ഒന്ന് മാത്രമാണ് IVF. കുഞ്ഞുങ്ങളില്ലാത്ത എല്ലാ ദമ്പതികള്‍ക്കും IVF വേണ്ടി വരില്ല. വന്ധ്യതയുടെ കാരണം കണ്ടെത്തി പരിഹാരം നിര്‍ദേശിക്കുകയാണ് രീതി. ചിലര്‍ക്ക് കൗണ്‍സിലിംഗ് കൊണ്ട് കാര്യങ്ങള്‍ ശരിയാകുമ്പോള്‍, മറ്റു ചിലര്‍ക്ക് മരുന്നോ താക്കോല്‍ദ്വാര ശസ്ത്രക്രിയയോ ഫലപ്രദമാകാറുണ്ട്. ചിലര്‍ക്ക് ഇന്‍ട്രായൂറ്ററിന്‍ ഇന്‍സമെനേഷന്‍, മറ്റുചില മാര്‍ഗ്ഗങ്ങളാകും അഭികാമ്യം. ഈ ചികിത്സകളൊന്നും ഫലപ്രദമാകാത്തവര്‍ക്കാണ് IVF ചികിത്സ നിര്‍ദ്ദേശിക്കുന്നതെന്നു ഡോ. ശാന്തമ്മ അഭിപ്രായപ്പെട്ടു.
പ്രിയങ്കരിയായ അമ്മ
കുട്ടികള്‍ക്കൊപ്പം ഗുണപരമായ സമയം ചിലവിടുക എന്ന സങ്കല്‍പം ഉരുത്തിരിയുന്നതിനു മുന്‍പ് തന്നെ അതിന്റെ പ്രയോക്താവായിരുന്നു ഡോ. ശാന്തമ്മ. സമയത്തില്‍ കുറവെങ്കിലും മക്കളോടൊത്തുള്ള സമയം പ്രയോജനപ്രദമായ രീതിയില്‍ ചിലവിടാന്‍ ഡോ. ശാന്തമ്മ കണ്ടെത്തിയ മാര്‍ഗ്ഗം അമ്മമാര്‍ ചെയ്യുന്ന കാര്യങ്ങളെ രണ്ടായി തരം തിരിക്കുക എന്നതായിരുന്നു. അമ്മ തന്നെ ചെയ്യേണ്ടവ, പകരം മറ്റൊരാള്‍ ചെയ്താലും മതിയാവുന്നവ എന്നിങ്ങനെ. മക്കള്‍ കൂടെയുള്ള സമയം അവരുടെ ഭാവനയെ ഉണര്‍ത്താന്‍ പര്യാപ്തമായ പുസ്തകങ്ങളും കളിപ്പാട്ടങ്ങളും തിരഞ്ഞെടുക്കുന്നത് മുതല്‍ അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കാളിയാകുന്നതുവരെയുള്ള കാര്യങ്ങളില്‍ ഡോ. ശാന്തമ്മ ഏറെ ശ്രദ്ധാലുവായിരുന്നു. ശാന്തമ്മ – ജോണ്‍ ദമ്പതികള്‍ക്ക് അഭിമാനകരമാം വിധം രണ്ടാണ്മക്കളും ആതുരശുശ്രൂഷ മേഖലയില്‍ തന്നെ വ്യക്തിമുദ്ര പതിപ്പിക്കുന്നവരായി വളര്‍ന്നു. മൂത്ത പുത്രന്‍ ഡോ ബിനോയ് ജോണ്‍ ചെന്നൈയില്‍ ഇന്റര്‍വെന്‍ഷന്‍ കാര്‍ഡിയോളജിസ്റ്റ് ആയി ജോലി ചെയ്യുമ്പോള്‍ ഇളയ മകന്‍ ഡോ ബിമല്‍ ജോണ്‍ ക്രെഡന്‍സ് ഹോസ്പിറ്റലില്‍ ചീഫ് ലാപ്രോസ്‌കോപ്പിക് സര്‍ജനും IVF സ്‌പെഷ്യലിസ്റ്റുമാണ്.
വിദ്യാഭ്യാസ വിദഗ്ദ്ധ, മാനേജിങ് ഡയറക്ടര്‍, സ്ത്രീ ശക്തീകരണത്തിന്റെ വക്താവ്, മനുഷ്യസ്നേഹിയായ പരോപകാരി.

dr santhamma mathew uniquetimes
കര്‍മ്മശേഷിയും ആത്മാര്‍ഥതയും മുഖമുദ്രയാക്കിയ ഡോ. ശാന്തമ്മ മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുന്ന കാലം മുതല്‍ക്കേ പ്രശസ്തയായിരുന്നു. അതിനാല്‍ തന്നെ അന്ന് ജനങ്ങള്‍ക്കിടയില്‍ ഏറെ പ്രചാരമുണ്ടായിരുന്ന റേഡിയോയിലും (ആകാശവാണി, ആള്‍ ഇന്ത്യ റേഡിയോ തിരുവനന്തപുരം) ഡോ. ശാന്തമ്മ മാത്യു ആരോഗ്യസംബന്ധമായ വിഷയങ്ങളെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ അവതരിപ്പിച്ചിരുന്നു. 1980 കാലഘട്ടത്തില്‍ ദൂരദര്‍ശന്റെ വരവോടെ അവിടെയും, പിന്നീട് സ്വകാര്യ ചാനലുകള്‍ പ്രചാരത്തില്‍ വന്നപ്പോള്‍ അവരുടെയും ക്ഷണപ്രകാരം പ്രഭാഷണങ്ങളും ആരോഗ്യസംബന്ധമായ പരിപാടികളും അവതരിപ്പിച്ചിരുന്നു. എന്നാല്‍ സ്വന്തം നേട്ടത്തിനോ പ്രശസ്തിക്കോ അല്ല മറിച്ച് സമൂഹത്തില്‍ നിലനിന്നിരുന്ന ചില വികലചിന്തകളെ, പ്രത്യേകിച്ച്, സ്ത്രീരോഗ സംബന്ധിയായ കാര്യങ്ങളെ കുറിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം നടത്താനാണ് ഡോ ശാന്തമ്മ അത്തരം വേദികള്‍ ഉപയോഗിച്ചത്. പ്രസവിക്കുന്നത് പെണ്‍കുട്ടിയെയാണെകില്‍ അമ്മയ്ക്ക് പഴി കേള്‍ക്കുന്ന കാലത്താണ് കുട്ടിയുടെ ലിംഗം നിര്‍ണയിക്കുന്നതില്‍ അമ്മയല്ല, മറിച്ച്, അച്ഛന്റെ ക്രോമോസോമാണ് പ്രധാന പങ്കു വഹിക്കുന്നത് എന്നതുള്‍പ്പടെയുള്ള വിവരങ്ങള്‍ ഡോ ശാന്തമ്മ സാധാരണ ജനങ്ങള്‍ക്കിടയില്‍ പങ്കുവെച്ചത്. ഗര്‍ഭധാരണം, കന്യകാത്വം എന്നിങ്ങനെ സമൂഹം ചര്‍ച്ച ചെയ്യാന്‍ മടിച്ച പല വിഷയങ്ങളെക്കുറിച്ചും ടെലിവിഷനിലൂടെയും പത്ര-മാദ്ധ്യമങ്ങളിലൂടെയും ഡോ. ശാന്തമ്മ സംസാരിച്ചു. കൂടാതെ കലാലയങ്ങളില്‍ കൗമാരപ്രായക്കാര്‍ക്ക് ആര്‍ത്തവസംബന്ധമായ വിഷയങ്ങളെക്കുറിച്ചും വന്ധ്യതാ പ്രശ്‌നങ്ങളെക്കുറിച്ചും ഗര്‍ഭധാരണവും പ്രസവവും എന്ന വിഷയത്തെക്കുറിച്ചും സമഗ്രവും പ്രയോജനപ്രദമായ ബോധവത്കരണക്ലാസുകളും എടുത്തിരുന്നു. ഡോ. ശാന്തമ്മ എഴുതിയ ‘വന്ധ്യതയുടെ വഴിയിലെ കൈവിളക്കുകള്‍’, ‘ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ’, ‘സ്ത്രീരോഗങ്ങള്‍’ എന്നീ കൃതികളില്‍ സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ കൃതികള്‍ വനിതാവായനക്കാരില്‍ വളരെയധികം പ്രചാരം നേടി.
2013 ല്‍ പുറത്തിറങ്ങിയ ‘നക്ഷത്രങ്ങള്‍ അകലെയല്ല’ എന്ന ആത്മകഥയില്‍ വായിക്കാനാകുന്നത്, ദൈവഭക്തിയില്‍ അടിയുറച്ച വിശ്വാസവും, എളിമയും, ആത്മവിശ്വാസത്താല്‍ നേട്ടങ്ങള്‍ കൊയ്ത ഒരു വ്യക്തിയെയും ഭിഷഗ്വരയെയുമാണ്. അന്തരിച്ച പ്രശസ്ത കവി പദ്മവിഭൂഷണ്‍ ശ്രീ. ഒ എന്‍ വി കുറുപ്പ് അവതാരിക എഴുതിയ ആത്മകഥ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രി ശ്രീ. ശശി തരൂര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം ചെയ്തത്. പിന്നീട് ഏറെപേര്‍ക്ക് പ്രചോദനമായിത്തീര്‍ന്ന ആത്മകഥയെ തന്റെ ജീവിതത്തിന് നേര്‍ക്ക് പിടിച്ച കണ്ണാടി എന്നാണ് ഡോ ശാന്തമ്മ വിശേഷിപ്പിക്കുന്നത്.
റിട്ടയര്‍മെന്റ് കഴിഞ്ഞ് ക്രെഡന്‍സ് ഹോസ്പിറ്റലിലിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ആയപ്പോള്‍ 250 ല്‍പ്പരം പേര്‍ക്ക് ആരോഗ്യമേഖയില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചതും നിരവധി നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായം നല്‍കാന്‍ കഴിഞ്ഞതും തന്റെ കൃതാര്‍ഥമായ ഔദ്യോ ഗികജീവിതം നല്‍കിയ തിരുവനന്തപുരത്തിന് ഒരു സ്നേഹസമ്മാനം തിരികെ നല്‍കാനായ സന്തോഷവും ഡോ. ശാന്തമ്മ മറച്ചുവയ്ക്കുന്നില്ല
സമയത്തോടൊപ്പം സഞ്ചരിച്ച വ്യക്തി
സമയമില്ല എന്ന വാക്ക് തന്റെ നിഘണ്ടുവിലില്ലയെന്നാണ് ഡോ. ശാന്തമ്മ പറയുന്നത്. സമയക്രമം ആസൂത്രണം ചെയ്യുന്നതിലെ പിഴവാണ് സമയമില്ല എന്ന തോന്നലുളവാക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെടുന്നു. സമയക്രമമില്ലാത്ത, തിരക്ക് പിടിച്ച ജോലിക്കൊപ്പം കുടുംബകാര്യങ്ങളും സാമൂഹിക പ്രവര്‍ത്തനങ്ങളും സന്തോഷകരമായി ഒന്നിച്ചുകൊണ്ടുപോയ ഡോ. ശാന്തമ്മയെ ഇക്കാര്യത്തില്‍ തിരുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അല്പം ക്ലേശിക്കേണ്ടി വരും.
”കല്‍ കരേ സൊ ആജ് കര്‍ ആജ് കരേ സൊ അബ്’ (നാളെ ചെയ്യാനുള്ളത് ഇന്ന് ചെയ്യുക ഇന്ന് ചെയ്യാനുള്ളത് ഇപ്പോള്‍ ചെയ്യുക)
ഏറെ പ്രിയപ്പെട്ട, പതിനഞ്ചാം നൂറ്റാണ്ടിലെ കവി കബീര്‍ ദാസ് കവിതയുടെ ആശയം ജീവിതത്തില്‍ സ്വാംശീകരിച്ച വ്യക്തിയാണ് ഡോ. ശാന്തമ്മ. ‘അടുത്ത ദിവസം ചെയ്യാനുള്ള കാര്യങ്ങളില്‍ ഞാന്‍ തലേന്ന് തന്നെ തീരുമാനിക്കും. കൂടുതല്‍ ചെയ്യാനുള്ളപ്പോള്‍ അത്രയും നേരത്തെ ഉണരും, ‘ഡോ ശാന്തമ്മ പറയുന്നു.
അതുകൊണ്ട് തന്നെ, ഏറെ തിരക്കിട്ട് ഗൗരവഭാവത്തില്‍ ആളുകളോട് മിണ്ടാതെ നടക്കുന്ന ഒരാളായി ഡോ. ശാന്തമ്മയെ ആരും കണ്ടിട്ടില്ല. മെഡിക്കല്‍ കോളേജിലെ തിരക്ക് പിടിച്ച കാലഘട്ടത്തില്‍ പോലും സഹപ്രവര്‍ത്തകരോടും രോഗികളോടും വിശേഷങ്ങള്‍ അന്വേഷിക്കുന്ന പുഞ്ചിരിക്കുന്ന മുഖമുള്ള ഡോക്ടറെയാണ് ഏവര്‍ക്കും പരിചയം. സമയനിഷ്ഠ പോലെ തന്നെ പെട്ടെന്ന് തീരുമാനങ്ങളെടുക്കാനുള്ള കഴിവും ഡോ.ശാന്തമ്മയുടെ പ്രത്യേകതയാണ്.
കോവിഡ് കാലത്ത് തന്റെ തിരക്ക് പിടിച്ച ജീവിതചര്യക്ക് തെല്ലൊരു വിശ്രമം നല്‍കിയിരിക്കുകയാണ് ഡോ. ശാന്തമ്മ. എങ്കിലും ദിവസേന ടെലിമെഡിസിന്‍ സംവിധാനത്തിലൂടെ രാവിലെ മുതല്‍ വൈകുന്നേരം വരെ തന്റെ കര്‍മ്മമണ്ഡലത്തില്‍ വ്യാപൃതയാണീ ഡോക്ടര്‍. ക്രെഡന്‍സ് ഹോസ്പിറ്റലിലെ പ്രഗത്ഭരായ ടീമും, മകനും ഡോ. ശാന്തമ്മയ്ക്ക് പിന്തുണയേകുന്നു. പ്രാര്‍ത്ഥനയിലാണ് ഡോ. ശാന്തമ്മയുടെ ഓരോ ദിനവും ആരംഭിക്കുന്നത്. പിന്നീട് യോഗ പോലുള്ള വ്യായാമങ്ങളിലേക്ക് കടക്കും. വ്യായാമത്തിലും ആരോഗ്യകരമായ ഭക്ഷണത്തിലുമൂന്നിയുള്ള ജീവിതശൈലിയാണ് ഡോ. ശാന്തമ്മ പാലിച്ചു പോകുന്നത്.
ഗ്രാമത്തിന്റെ നൈര്‍മല്യത്തിലൊരു കുട്ടികാലം
ആലപ്പുഴ ജില്ലയിലെ ഹരിപ്പാടുള്ള പുരാതനമായ ആഞ്ഞിലുമൂട്ടില്‍ തറവാട്ടില്‍ ടി എം മാത്യുവിന്റെയും ദീനാമ്മ മാത്യുവിന്റെയും നാലു പെണ്‍മക്കളില്‍ ഇളയവളായായിട്ടായിരുന്നു ഡോ. ശാന്തമ്മയുടെ ജനനം. ഈശ്വരവിശ്വാസത്തിലും മാനുഷിക മൂല്യങ്ങളിലും അടിയുറച്ച കുടുംബത്തിന്റെ എല്ലാ ഗുണങ്ങളും സ്വാശീകരിച്ച് കഠിനാധ്വാനികളായാണ് നാല് മക്കളും വളര്‍ന്നത്. പെണ്മക്കള്‍ എന്നത് ഒരു ബാധ്യതയോ പോരായ്മയോ ആയി തന്റെ മാതാപിതാക്കള്‍ കണ്ടിരുന്നില്ലെന്ന് ഡോ. ശാന്തമ്മ അഭിമാനത്തോടെ പറയുന്നു. നല്ല വസ്ത്രം ധരിച്ച് മോടിയായി നടക്കുന്ന, ആത്മവിശ്വാസമുള്ള വ്യക്തികളായിരിക്കാനാണ് മാതാപിതാക്കള്‍ തങ്ങളെ പഠിപ്പിച്ചത്. അറിയാവുന്ന തൊഴില്‍ ആത്മ സംതൃപ്തിയോടെ മറ്റുള്ളവരുടെ നന്മയ്ക്കായി ചെയ്യാനും, പണവും പ്രശസ്തിയും നമ്മളറിയാതെ തേടി വരുമെന്നുമുള്ള അവരുടെ ഉപദേശം തങ്ങള്‍ക്ക് വഴികാട്ടിയായെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.
ആത്മീയ സാന്നിധ്യം
‘ഡോക്ടര്‍ ഞങ്ങളുടെ ദൈവമാണ്’. ഒട്ടനവധി ആളുകളില്‍ നിന്ന് ഡോ. ശാന്തമ്മ ഈ വാക്കുകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ എല്ലാവരെയും നിയന്ത്രിക്കുന്ന ആ ‘മഹാവൈദ്യനെ’ കുറിച്ച് അവരെ എളിയ രീതിയില്‍ പറഞ്ഞു മനസിലാക്കുകയാണ് ഡോ ശാന്തമ്മ ചെയ്യാറുള്ളത്. ജനനവും മരണവും നേരിട്ട് കൈകാര്യം ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നയാള്‍ എന്ന നിലയില്‍ ഡോ ശാന്തമ്മ ദൈവവിശ്വാസത്തിലാണ് തന്റെ പ്രചോദനവും ധൈര്യവും കണ്ടെത്തുന്നത്. ‘വൈദ്യവൃത്തിയില്‍ അഭിരമിക്കുന്ന എനിക്ക് പലപ്പോഴും ധൈര്യം നല്‍കിയത് ദാവീദിന്റെ ചിത്രമാണ്. നിസ്സാരക്കാരനായ ദാവീദിന്റെ കവണയില്‍ നിന്ന് വന്ന കല്ല് കൃത്യം ഗോലിയാത്തിന്റെ തിരുനെറ്റിയില്‍ പതിച്ച് അവന്റെ വീഴ്ചക്ക് കാരണമായതെന്തു കൊണ്ടാണ്? റോമര്‍ 8: 31 ല്‍ പറയുന്നത് പോലെ ‘ദൈവം നമുക്ക് അനുകൂലമെങ്കില്‍ പ്രതികൂലം ആര് ?’ ആ ചിന്തയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്,’ ഡോ. ശാന്തമ്മ പറയുന്നു. അതുപോലെത്തന്നെ കൗരവരും പാണ്ഡവരും മഹാഭാരതയുദ്ധത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണനേയും അദ്ദേഹത്തിന്റെ സൈന്യത്തിനേയും പങ്കുവയ്ക്കുമ്പോള്‍, നൂറുകണക്കിന് പടയാളികളെ തിരസ്‌കരിച്ച്, ഭഗവാന്‍ ശ്രീകൃഷ്ണനെ സ്വീകരിച്ച പാണ്ഡവരുടെ അടിയുറച്ച ദൈവവിശ്വാസമാണ് അവരുടെ വിജയത്തിന്റെ കാരണമെന്ന വസ്തുതയും മറ്റൊരു മാര്‍ഗ്ഗദീപമാണെന്ന് ഡോ. ശാന്തമ്മ എടുത്തുപറയുന്നു.
അടിയുറച്ച ദൈവവിശ്വാസവും, അര്‍പ്പണമനോഭാവവും, നന്മയും, ദൃഢനിശ്ചയവും, മാനുഷികതയുമാണ് ഡോ. ശാന്തമ്മയെ വേറിട്ടൊരു വ്യക്തിത്വമാക്കുന്നത്. അധികമാരും സഞ്ചരിക്കാത്ത വഴി തിരഞ്ഞെടുത്ത് അനേകായിരങ്ങളുടെ ദുഃഖങ്ങള്‍ക്ക് ആശ്വാസമാകുന്ന മാറ്റങ്ങള്‍ക്ക് വഴിതെളിച്ച ഡോ. ശാന്തമ്മയിലൂടെ ദൈവഹിതം നിറവേറി എന്നുള്ളതാണ് വാസ്തവം. അനേകായിരങ്ങളുടെ ജീവിതത്തില്‍ സാന്ത്വനത്തിന്റേയും സന്തോഷത്തിന്റെയും വെളിച്ചമേകിയ ഡോ. ശാന്തമ്മയുടെ ജീവിതപാഠങ്ങള്‍ ഈ തലമുറയ്ക്കും ഇനി വരും തലമുറകള്‍ക്കും പ്രചോദനപ്രദവും മാര്‍ഗ്ഗദീപവുമാകട്ടെയെന്ന് യുണീക് ടൈംസ് പ്രത്യാശിക്കുന്നതിനോടൊപ്പം ഡോ. ശാന്തമ്മ മാത്യുവിന് തന്റെ സേവനങ്ങള്‍ തുടരുവാന്‍ സര്‍വ്വവിധ ആശംസകളും നേരുന്നു.

 
 
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.