അഭിനിവേശം തൊഴിലായി പരിണമിച്ചപ്പോൾ .. ടോണി മൈക്കിൾ

അഭിനിവേശം തൊഴിലായി പരിണമിച്ചപ്പോൾ .. ടോണി മൈക്കിൾ

ഒരുകാലത്ത് സ്ത്രീകൾ മാത്രം പ്രവർത്തിച്ചിരുന്ന മേക്കപ്പ് എന്ന മേഖലയിലേക്ക്, സ്വന്തം സ്വത്വം വെളിപ്പെടുത്തിക്കൊണ്ട്, നിശ്ചയദാർഢ്യവും, കഠിനാദ്ധ്വാനവും കൈമുതലാക്കി പരിഹാസശരങ്ങൾ ഉയർത്തുന്ന, തനിക്ക് ചുറ്റുമുള്ള സമൂഹത്തിലേക്ക് ധൈര്യത്തോടെ തലയുയർത്തിപ്പിടിച്ച് ജീവിതം കൈപ്പിടിയിലൊതുക്കിയ യുവാവ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ശ്രീ . ടോണി മൈക്കിളുമായി യൂണിക് ടൈംസ് നടത്തിയ അഭിമുഖം ..

1. സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന മേക്കപ്പ് രംഗത്തേക്ക് എത്തപ്പെട്ടതെങ്ങനെ

ജന്മനാൽ തന്നെ ഞാൻ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് ആണെന്നുപറഞ്ഞാൽ അതിൽ തെല്ലും അതിശയോക്തിയില്ല. കുട്ടിക്കാലത്ത് തന്നെ മേക്കപ്പ് എനിക്ക് വളരെ ഇഷ്ടമായിരുന്നു.  എന്റെ ചേച്ചിയ്ക്ക് കസിൻസ് സമ്മാനമായി നൽകുന്ന മേക്കപ്പ് സാധനങ്ങൾ അക്കാലത്ത് ഉപയോഗിച്ചിരുന്നത് ഞാനാരിയിരുന്നു. അക്കാലത്തുതന്നെ എനിക്ക് ഇതിനോട് ഒരു അഭിനിവേശം ഉണ്ടായിരുന്നു. ഒരു കരിയർ തുടങ്ങേണ്ടി വന്നപ്പോൾ എനിക്ക്  മേക്കപ്പ് ആർട്ടിസ്റ്റ് ആകാനായിരുന്നു താൽപ്പര്യം . പക്ഷെ വീട്ടിൽ എതിർപ്പായിരുന്നു. അങ്ങനെ വീട്ടുകാർ പറഞ്ഞവഴികൾ പരീക്ഷിച്ചെങ്കിലും എന്റെ മേഖല ഇതാണെന്ന് തിരിച്ചറിഞ്ഞ് ഞാൻ തിരികെയെത്തുകയായിരുന്നു. എനിക്ക് മേക്കപ്പിനോട് കൂടുതൽ താല്പര്യം തോന്നുന്നത് എന്റെ ഗുരു അവിനാശിന്റെയും ജാൻ മണിദാസിന്റെയുമൊക്കെ  മേക്കപ്പ് കണ്ടാണ്. ആയിടക്ക് വനിതയിൽ നടി  ഷംന കാസിമിന്റെ ഒരു കവർപേജ് വന്നിട്ടുണ്ടായിരുന്നു. അതുവരെ കണ്ടതിൽ വച്ചേറ്റവും വ്യത്യസ്തവും ആകർഷകവുമായ ഒരു മേക്ക്ഓവർ ആയിരുന്നുവത്. അത് കണ്ടതിന് ശേഷമാണ് ഇതേക്കുറിച്ച് കൂടുതൽ പഠിക്കണമെന്ന ആഗ്രഹമുണ്ടാകുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ  എന്റെ സുഹൃത്താണ്. അവരോട് ചോദിച്ചപ്പോൾ അവരാണ് എനിക്ക്  അവിനാശിനെ പരിചയപ്പെടുത്തുന്നത്. അങ്ങനെ അദ്ദേഹവുമായി ചേർന്ന് കുറച്ച് വർക്കുകൾ ചെയ്തു. പിന്നീടാണ് ബാംഗ്ലൂരിൽ എത്തുന്നത്. അവിടെ ഒരു സലൂണിൽ ജോലി നോക്കുമ്പോഴാണ് എനിക്ക് വർക്ക് ചെയ്യാനുള്ള അവസരം കിട്ടുന്നത്. അവിടെനിന്നാണ് എന്റെ മേക്കപ്പ് കരിയർ ആരംഭിക്കുന്നത്. ആദ്യത്തെ വെഡ്ഡിങ്  മേക്കപ്പും ആദ്യത്തെ ഫോട്ടോഷൂട്ടും ബാംഗ്ളൂരിലാണ് ചെയ്തത്. കേരളത്തെയപേക്ഷിച്ച് ബാംഗ്ലൂരിൽ ഇതിന് അവസരങ്ങൾ കുറവാണ്. കേരളമാണ് എൻറെ തട്ടകം എന്ന് തിരിച്ചറിഞ്ഞ് ഒരു അടിസ്ഥാനമുണ്ടാക്കിയതിന് ശേഷം ഇവിടെ എത്തി. കേരളത്തിലെ  പ്രശസ്തരായ എല്ലാ ഫോട്ടോഗ്രാഫർമാരുടെ  കൂടെയും ഞാൻ വർക്ക് ചെയ്തിട്ടുണ്ട്.  എന്റെ ആരാധനാപാത്രം  ടാബൂ രത്നാനിയുടെ  കൂടെ വർക്ക് ചെയ്തത് ജീവിതത്തിൽ മറക്കാൻ സാധിക്കാത്ത ഒരനുഭവമാണ്.

എല്ലാമേഖലയിലും വിവേചനവും തരംതിരിവും  നിലനിൽക്കുന്നുണ്ട്. ഞാൻ ഒരു ഗേയാണ് . അത് തുറന്നുപറയാൻ എനിക്കൊരു മടിയുമില്ല നാണക്കേടുമില്ല . എന്നെ, എന്റെ വ്യക്തിത്വത്തെ ഞാൻ അംഗീകരിക്കുന്നു. മറ്റുള്ളവർ എന്നെക്കുറിച്ച് എന്തുകരുതുമെന്നോ പറയുന്നുവെന്നോ എന്നത്  എന്നെ ബാധിക്കുന്ന വിഷയമല്ല. ഞാൻ എന്താണോ അത് അങ്ങനെതന്നെ സമൂഹത്തിൽ നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. മുൻപ് ഞാൻ ജോലി നോക്കിയിരുന്ന സലൂണിലെ ഒരു സ്റ്റാഫ് ഒരു ഫാഷൻ ഷോ നടക്കുന്നിടത്ത് ആൾക്കാരുടെ മുന്നിൽ വച്ച് എന്നെ അപമാനിച്ചു. ഉടനെതന്നെ ഞാൻ ശക്തമായി പ്രതികരിക്കുകയും ചെയ്തു. എടുത്തുപറയേണ്ട കാര്യം  സലൂൺ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന്  എനിക്ക് വളരെയധികം സപ്പോർട്ട് ലഭിക്കുകയും, സ്റ്റാഫിനെ ജോലിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. സംഭവം കേരളത്തിലായിരുന്നുവെങ്കിൽ ജോലി പോകുന്നത് എന്റേതായിരുന്നേനെ . കാരണം ഞാനുൾപ്പെടുന്ന വിഭാഗത്തിലുള്ളവർ എല്ലാം സഹിച്ച് പ്രതികരണശേഷിയില്ലാതെ ജീവിക്കണമെന്ന് മിഥ്യാധാരണ നമ്മുടെ സമൂഹത്തിലുണ്ട്. അന്നും ഇന്നും തെറ്റുകണ്ടാൽ അല്ലെങ്കിൽ  പ്രതികരിക്കേണ്ടതായ വിഷയം കണ്ടാൽ ഞാൻ പ്രതികരിക്കുകതന്നെ ചെയ്യും. മേഖലയിലേക്ക് ഞാൻ വരുന്നതിനെ ഏറ്റവും കൂടുതൽ എതിർത്തത് എന്റെ വീട്ടുകാർ തന്നെയായിരുന്നു.മേക്കപ്പ് എന്നത് സ്ത്രീകൾ ചെയ്യുന്ന ജോലിയാണ് എന്നതായിരുന്നു അവർ പറഞ്ഞിരുന്നത്.  എന്റെ ആഗ്രഹങ്ങളെ അടിച്ചമർത്തുന്നതിൽ ഒരു പരിധിവരെ അവർ വിജയിച്ചു. മേഖലയിൽ നിൽക്കുകയെന്നത് എന്റെ അഭിനിവേശമാണ്. അതുതന്നെ തൊഴിലായി സ്വീകരിക്കുമ്പോൾ വിജയിക്കാൻ സാധിക്കുമെന്നത് സന്തോഷം തരുന്നതായിരുന്നു. എന്റെ ഗുരു ഉൾപ്പെടെ പ്രമുഖരുടെ ഇടയിലേക്ക് ഞാനെത്തുമ്പോൾ എങ്ങനെ സ്വീകരിക്കപ്പെടുമെന്നുള്ളതിൽ എനിക്കൊരു ഭയമുണ്ടായിരുന്നു . വളരെ നല്ല  സപ്പോർട്ടായിരുന്നു എനിക്ക് എല്ലാവരിൽ നിന്നും ലഭിച്ചത്. എന്റെ കഠിനാദ്ധ്വാനവും എല്ലാവരുടെയും സപ്പോർട്ടുകൊണ്ടും എനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇപ്പോൾ ഏറ്റവും കൂടുതൽ പിന്തുണ എന്റെ വീട്ടുകാരിൽ നിന്ന് തന്നെയാണ് കിട്ടുന്നത്. അന്നൊരു പക്ഷെ അവർക്ക് ഇതേക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാകാം എതിർത്തിരുന്നത്. 

2. പൊതുവെ  സ്ത്രീകളുടെ മേഖലയാണ് മേക്കപ്പ്  എന്നാണ് പറയപ്പെടുന്നത്. മേഖലയിലേക്ക് താങ്കൾ കടന്നുവന്നപ്പോൾ നേരിടേണ്ടിവന്ന വെല്ലുവിളികൾ എന്തൊക്കെയാണ് ?

മേക്കപ്പ് മേഖല സ്ത്രീകളുടേതാണെന്നത്  വളരെ തെറ്റായ ധാരണയാണ്. കാരണം ഫാഷൻ ടീവീ ചാനൽ കാണുമ്പോൾ മനസ്സിലാകും അവിടെ  വർക്ക് ചെയ്യുന്നതിൽ കൂടുതൽപ്പേരും പുരുഷന്മാരാണ്. എനിക്ക് ആണുങ്ങൾ മേക്കപ്പ് ചെയ്യുന്നതാണ് കൂടുതലിഷ്ടം കാരണം അവർ വളരെ ക്രിയേറ്റീവ് ആയിട്ട് ചെയ്യും. ഇപ്പൊ ജനങ്ങൾക്കിടയിലുള്ള ഇത്തരം കാഴ്ചപ്പാടുകൾ മാറിയിട്ടുണ്ട്. ഇപ്പൊ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന് അംഗീകരിക്കുന്നുണ്ട്. ഞാൻ ഫീൽഡിൽ വരുമ്പോൾ മേക്കപ്പ് ആർട്ടിസ്റ്റ് എന്നതില്ല മേക്കപ്പ്മാൻ എന്നായിരുന്നു . ഇപ്പൊ സെലിബ്രിറ്റികൾ ഓരോരുത്തരും പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റിനെ നിയമിക്കുന്നു. വരുമാനം വളരെ കൂടി . ഇതൊക്കെകൊണ്ട് മേക്കപ്പ് ഇൻഡസ്ട്രിയിൽ വന്നത് ഒരു ഭാഗ്യമായി കരുതുന്നു.

3 . സ്വന്തം സ്വത്വം വെളിപ്പെടുത്തേണ്ടിവന്നപ്പോളുള്ള അനുഭവം എങ്ങനെയായിരുന്നു ?

 

 ഞാൻ എന്താണെന്നുള്ളത് പല സ്ഥലത്തും പലരോടും പലപ്പോഴും ഞാൻ വെളിപ്പെടുത്തിയിട്ടുള്ളതാണ് . അപ്പോഴൊക്കെ കളിയാക്കലുകളാണ് നേരിടേണ്ടിവന്നിട്ടുള്ളത്. ജീവിതത്തിൽ വരുന്ന എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പോകുക എന്നതാണ് എന്റെ നയം . നമുക്കിടയിൽ എന്നെപ്പോലുള്ളവരെ ഒത്തിരിപ്പേറെ എനിക്കറിയാം . ധാരാളം കഴിവുകളുള്ള വ്യക്തികളാണവർ . അവരെ പ്രോത്സാഹിപ്പി ക്കാനോ വളർത്തിക്കൊണ്ടുവരാനോ ആരുമില്ല . ഇപ്പോഴും നമ്മളെ കാണുമ്പോൾ ആൾക്കാരുടെ മനോഭാവം പരിഹാസംകലർന്നതാണ് . കാഴ്ചപ്പാട് മാറേണ്ടതുണ്ട്. നമ്മുടെ മാതാപിതാക്കൾ വ്യത്യസ്തരാണ് . അതുപോലെ നാം ഓരോരുത്തരും വ്യത്യസ്തരാണ്. എന്നെ ഞാനായി അക്സെപ്റ്റ് ചെയ്യുകയെന്നതാണ് . മറ്റുള്ളവരെ അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുക എന്നുള്ളതാണ്. നമ്മുടെ കേരളം ഒഴികെ മറ്റെല്ലായിടത്തും ആൾക്കാർ നമ്മളെപ്പോലെയുള്ളവരെ അംഗീകരിച്ചിട്ടുണ്ട് . ഇവിടെ കളിയാക്കലുകളും അവഗണയും  മാത്രമാണ് ഭൂരിപക്ഷം ജനങ്ങളും    കാണിക്കുന്നത്.  മനോഭാവം മാറേണ്ട സമയമായി .

4. നമ്മുടെ സമൂഹത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണെന്നാണ് താങ്കൾ കരുതുന്നത് ?

ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ് . ഓരോരോ വ്യക്തികൾക്കും അവരുടേതായ വ്യക്തിത്വമുണ്ട്. അതിനെ അംഗീകരിച്ച്, ബഹുമാനിക്കുക .   നമ്മുടെ നാട്ടിൽ ചില പകൽ മാന്യമാരുണ്ട് . അവർ കൂട്ടുകാരുടെ കൂടെയാണെങ്കിൽ നമ്മളെ കളിയാക്കിച്ചിരിക്കും .  ഒറ്റയ്ക്കായിരിക്കുന്ന സമയത്ത് നമ്മളോട് സൗമ്യമായി പെരുമാറും  .  അവരുടെ  കാര്യം  കാണാനുള്ള ത്വര നമുക്ക് മനസിലാക്കാം. നല്ല വിദ്യാഭ്യാസമുള്ളവരാണെങ്കിൽ കൂടി, എന്താണ് ഗേ ? എന്താണ് ലെസ്ബിയൻ ? തുടങ്ങി പലവിധചോദ്യങ്ങൾ  ചോദിക്കും.  മനോഭാവം മാറേണ്ടതുണ്ട്. എനിക്ക് പറയാനുള്ള ഒരു കാര്യം, നമ്മുടെ നാട്ടിൽ  ട്രാൻസ്ജെന്ററുകൾ അനുഭവിക്കുന്ന അവസ്ഥകൾ കേട്ടാൽ സങ്കടമാണ്. നാട്ടിൽനിന്നും വീട്ടിൽ നിന്നും സപ്പോർട്ട് ഇല്ലാതെ വീടും നാടും വിട്ട് ഓടിപ്പോകേണ്ടുന്ന അവസ്ഥയുണ്ടാകാറുണ്ട്. നമ്മുടെ വീട്ടിൽ ഇങ്ങനെയുള്ള കുട്ടികൾ ഉണ്ടാകുകയാണെങ്കിൽ അവർക്ക് വേണ്ടുന്ന സപ്പോർട്ടും വിദ്യാഭ്യാസവും നൽകി   അവരെയും മുഖ്യധാരയിൽ കൊണ്ടുവരേണ്ടതുണ്ട്. അല്ലാതെ മനസികരോഗാശുപത്രിയിൽ കൊണ്ടാക്കുക , മുറിയിൽ പൂട്ടിയിടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കുക. എനിക്ക് ഒത്തിരി കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ വളരെ ശക്തമായി പ്രതികരിച്ചുതന്നെയാണ്  ഞാൻ ഇതുവരെ എത്തിയത്.

 

5. ഭാവി പരിപാടികൾ എന്തൊക്കെയാണ് ?

കേരള ഫാഷൻ ഇൻഡസ്ട്രിയിൽ വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യാനുള്ള അവസരങ്ങളില്ല. കുറച്ച് ക്രിയേറ്റിവായി കാര്യങ്ങൾ ചെയ്യണം. ഓരോ സെക്കന്റിലും മാറുന്ന ഒന്നാണ് ഫാഷൻ. നമ്മളും അല്പംകൂടി അപ്ഡേറ്റഡ് ആകണം. ഭാവിയിൽ  ഒരു ലക്ഷോറിയസ് മേക്കപ്പ് സ്റ്റുഡിയോ തുടങ്ങണമെന്നതാണ് എന്റെ ആഗ്രഹം. ദൈവം അനുഗ്രഹിച്ചാൽ  അഞ്ച് വർഷത്തിനുള്ളിൽ അത് നടപ്പിലാകും.  വ്യത്യസ്തമായ ഫോട്ടോ ഷൂട്ടകൾ കൊണ്ടുവരും. മേഖലയിൽ ഒരു മാറ്റം ആവശ്യമാണ്. അതിന് ഞാൻ ആരംഭമാകുകയാണെങ്കിൽ സന്തോഷം.

6. പാരമ്പരാഗതവിവാഹസങ്കല്പത്തെക്കുറിച്ച്  എന്താണഭിപ്രായം ? അതിനോട് യോജിക്കുന്നുണ്ടോ ?

ഞാൻ ഒരിക്കലും യോജിക്കുന്നില്ല. വീട്ടുകാർ ചൂണ്ടിക്കാണിക്കുന്നയാളെ മാത്രമേ വിവാഹം കഴിക്കാവുള്ളു എന്ന് പറയുന്നത് ശുദ്ധഅസംബന്ധമാണ് . നമ്മൊലരാളെ കണ്ട് , ഇഷ്ടപ്പെട്ട് അവരെ മനസ്സിലാക്കിയിട്ട് കൂടെ ജീവിക്കയുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. പരമ്പരാഗതമായി വിവാഹങ്ങൾക്ക് എല്ലാ മതസ്ഥരും സ്ത്രീധനം കൊടുക്കുന്നൊരു ഏർപ്പാട് നമ്മുടെ നാട്ടിൽ നിലവിലുണ്ട് . സ്ത്രീധനങ്ങളുടെ പേരിൽ എത്ര പെൺകുട്ടികളാണ് ജീവനൊടുക്കുന്നതും കൊലചെയ്യപ്പെടുന്നതും.  സമ്പ്രദായത്തോടുതന്നെ എനിക്ക് വെറുപ്പാണ്.   എനിക്ക് ലിവിങ് ടുഗതർ  ആണ് കൂടുതലിഷ്ടം. അതാണ് നല്ലത് . എല്ലാ കാര്യങ്ങളും പരസ്‌പരം പങ്കുവെയ്ക്കാം, ആ ബന്ധത്തിൽ  ഇരുവർക്കും തുല്യപ്രാധാന്യം ഉണ്ടാകും . എന്നാൽ വിവാഹത്തിൽ എല്ലാം ഉത്തരവാദിത്വങ്ങൾ ഓരോരുത്തരുടെതായിരിക്കും. 

7. കുടുംബം ?

എന്റെ കുടുംബത്തിൽ,  അച്ഛൻ, അമ്മ, , അനിയൻ പിന്നെ ഞാനും . സഹോദരി വിവാഹിതയാണ് .അവർക്ക് മൂന്ന് കുട്ടികളുമുണ്ട്. 

ഷീജ നായർ

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.