റിപ്പര്‍ സുരേന്ദ്രന്റെ വീണ്ടും അറസ്റ്റിൽ.

റിപ്പര്‍ സുരേന്ദ്രന്റെ വീണ്ടും അറസ്റ്റിൽ.

സ്ത്രീകളെ ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സ്വര്‍ണ്ണാഭരണം കവരുന്ന പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. റിപ്പര്‍ സുരേന്ദ്രന്‍ എന്ന വെള്ളാങ്കല്ലൂര്‍ നടവരമ്പ് സ്വദേശി അത്തക്കുടത്ത് പറമ്പില്‍ സുരേന്ദ്രനെയാണ് (43) കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ കയ്പമംഗലം എസ്.ഐ കെ.ജെ. ജിനേഷും സംഘവും മതിലകത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മാര്‍ച്ച്‌ 23ന് ചെന്ത്രാപ്പിന്നി കണ്ണംപുള്ളിപ്പുറം സ്വദേശി മാരാത്ത് ശശിധരന്റെ ഭാര്യ രാധയെ ആക്രമിച്ച്‌ സ്വര്‍ണാഭരണം കവര്‍ന്ന കേസിലാണ് അറസ്റ്റ്. രാവിലെ ആറോടെ ശശിധരന്‍ നടക്കാന്‍ പോയ സമയത്ത് പ്രതി വീടിനകത്ത് കയറി ശശിധരന്റെ ഭാര്യ രാധയെ വടിവാള്‍ കൊണ്ട് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച്‌ അഞ്ച് പവന്‍ സ്വര്‍ണ്ണമാല കവരുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് കിട്ടിയ വടിവാളും, രണ്ട് സ്‌ക്രൂകളുമാണ് വഴിത്തിരിവായത്.

സംഭവ ദിവസം പുലര്‍ച്ചെ 2.30 ന് നടവരമ്പിൽ നിന്ന് സുരേന്ദ്രന്‍ സൈക്കിളില്‍ ചെന്ത്രാപ്പിന്നിയിലെത്തിയത്. പതിനേഴാം കല്ലില്‍ സൈക്കിള്‍ വച്ച്‌ നടന്നാണ് വീടിന് സമീപമെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ മോട്ടോര്‍ ഷെഡില്‍ മറഞ്ഞിരുന്ന പ്രതി, ശശിധരന്‍ നടക്കാന്‍ പോയ സമയത്ത് വീടിന്റെ ഗ്രില്‍ വാതില്‍ തുറന്ന് അകത്ത് കടന്ന് രാധയെ മാരകമായി ആക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്. പ്രതിയുടെ കൈയില്‍ നിന്ന് വടിവാള്‍ പിടിച്ചുവാങ്ങി രാധ ശബ്ദം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. മരപ്പണിക്കാരനായ പ്രതി ഈ പ്രദേശങ്ങളില്‍ ജോലിക്ക് വന്നിട്ടുണ്ട്. കൊലപാതകം, കവര്‍ച്ച, ജയില്‍ ചാട്ടം ഉള്‍പ്പെടെ പത്തോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. പ്രായമായ സ്ത്രീകളെ ആക്രമിച്ചും തലയ്ക്കടിച്ചും മോഷണം നടത്തുന്നതിനാലാണ് റിപ്പര്‍ എന്ന് അറിയപ്പെടുന്നത്. 2009 മുതല്‍ 2016 വരെ ജയിലിലായിരുന്ന സുരേന്ദ്രന്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷവും മോഷണം തുടര്‍ന്നു. മരപ്പണിക്ക് പോകുന്ന സ്ഥലത്ത് വീടുകള്‍ നോക്കി പുലര്‍ച്ചെയെത്തി വീട്ടുകാരെ ആക്രമിച്ച്‌ മോഷണം നടത്തും. മോഷണം നടത്തുന്ന ദിവസം ഭാര്യയുമായി വഴക്കുണ്ടാക്കി വീടിന്റെ ടെറസില്‍ കിടന്നുറങ്ങും. സ്വര്‍ണ്ണവും, പ്രതി ഉപയോഗിച്ച സൈക്കിളും പൊലീസ് കണ്ടെടുത്തു. തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അറസ്റ്റ്. എസ്.ഐമാരായ പി. സുജിത്ത്, പാട്രിക്ക്, അബ്ദുള്‍ സത്താര്‍, പി.സി. സുനില്‍, എ.എസ്.ഐമാരായ സജിപാല്‍, സി.കെ. ഷാജു, മുഹമ്മദ് അഷ്റഫ്, സി.ആര്‍. പ്രദീപ്, സി.പി.ഒ മാരായ വിപിന്‍ദാസ്, ദിലീപ്, തൗഫീഖ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.