മാണി സി. കാപ്പനെ എല്‍.ഡി.എഫില്‍ എടുക്കുന്ന പ്രശ്നമേയില്ല – എ.കെ. ശശീന്ദ്രന്
മാണി സി. കാപ്പനെ എല്‍.ഡി.എഫില്‍ എടുക്കുന്ന പ്രശ്നമേയില്ലെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന് രംഗത്ത്. കാപ്പന്റെ പ്രസ്താവന രാഷ്ട്രീയ മാറ്റത്തിനുള്ള സൂചനയല്ല. യു.ഡി.എഫിനുള്ളില്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് അദ്ദേഹം തുറന്നുപറഞ്ഞതെന്നും എ.കെ. ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു. ഐക്യ ജനാധിപത്യ മുന്നണി പ്രധാന പരിപാടികളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാലാ എംഎല്‍എയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍ സി കെ) നേതാവുമായ മാണി സി കാപ്പന് രംഗത്തെത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് പോയ കാപ്പന്, മുന്നണിയിലെ നിലവിലെ സ്ഥിതിയില്‍ തങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. തിരികെ എന്‍സിപിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കാപ്പന് തന്നെ രംഗത്തെത്തിയതിന് പിന്നാലെയാണ് മുന്നണിയെക്കുറിച്ചുള്ള പുതിയ വിമര്‍ശനങ്ങള്‍. ഇതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രി എ.കെ. ശശീന്ദ്രന് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. വിഷയം പല തവണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അറിയിച്ചിട്ടും ഒരു നടപടിയും കൊക്കൊള്ളാന്‍ തയ്യാറായില്ലെന്നും എന്നാല്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കാര്യങ്ങള്‍ നല്ല നിലയിലാണ് കൈകാര്യം ചെയ്യുന്നതെന്നും മാണി സി കാപ്പന് പറഞ്ഞിരുന്നു. യുഡിഎഫില്‍ അസ്വസ്ഥതകളുണ്ടെന്ന് പറയുമ്പോഴും ഇടതുമുന്നണിയിലേക്ക് ഇല്ലെന്ന വാദം മാണി സി കാപ്പന് ആവര്‍ത്തിക്കുന്നുണ്ട്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona