തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച് സൗദി

തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച്  സൗദി

സൗദിയില്‍ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട്, ഇഖാമ തുടങ്ങിയവ തൊഴില്‍ ഉടമ കൈവശം വെച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പുതിയ തൊഴില്‍ നിയമം. തൊഴില്‍ സ്ഥലത്ത് വിവേചനം കാണിക്കുക, ശമ്പളം തടഞ്ഞുവെയ്ക്കുക തുടങ്ങിയവയും ഗുരുതരമായ നിയമലംഘനമാണ്. നിയമലംഘനങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച പിഴയുടെ വിശദാംശങ്ങളും അധികൃതര്‍ പുറത്തുവിട്ടു.
തൊഴില്‍ നിയമലംഘനങ്ങള്‍ക്കുള്ള പരിഷ്‌കരിച്ച പിഴകളുടെ കരട് രൂപം സൗദി മാനവവിഭവശേഷി സാമൂഹികവികസനമന്ത്രാലയം പുറത്തുവിട്ടു. ഇതുപ്രകാരം വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെയോ, അജീറില്‍ രേഖപ്പെടുത്താതെയോ ഒരു വിദേശ തൊഴിലാളിയെ ജോലിക്കു വെച്ചാല്‍ 5,000 റിയാല്‍ പിഴ ചുമത്തും. തൊഴിലാളികളുടെ സുരക്ഷ, ആരോഗ്യ സംരക്ഷണം എന്നിവയില്‍ വീഴ്ച വരുത്തിയാല്‍ 1500 മുതല്‍ 5000 വരെ റിയാല്‍ ആണ് പിഴ.

സ്ഥാപനത്തില്‍ വെച്ച്‌ സംഭവിക്കുന്ന അപകടങ്ങള്‍ക്ക് ഉത്തരവാദി സ്ഥാപനമുടമയാണ്. അന്‍പതോ അതില്‍ കൂടുതലോ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ജീവനക്കാരുടെ കുട്ടികളെ പരിപാലിപ്പിക്കാനുള്ള സൗകര്യം ഇല്ലെങ്കില്‍ 5000 റിയാല്‍ വരെ പിഴ ചുമത്തും. 6 വയസില്‍ താഴെ പ്രായമുള്ള ചുരുങ്ങിയത് 10 കുട്ടികളെങ്കിലും ഉള്ള സാഹചര്യത്തിലാണ് ഈ സൗകര്യം ഒരുക്കേണ്ടത്. പുതിയ നിയമപ്രകാരം 15 വയസിനു താഴെയുള്ള കുട്ടികളെ ജോലിക്കു വെയ്ക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇതിന് 1000 മുതല്‍ 2000 വരെ റിയാല്‍ പിഴ ചുമത്തും. പ്രസവിച്ച്‌ 6 ആഴ്ചക്കുള്ളില്‍ സ്ത്രീകള്‍ ജോലിക്കു ഹാജരായാല്‍ 1000 റിയാല്‍ പിഴ ചുമത്തും. ജോലിസ്ഥലത്ത് തൊഴിലാളികള്‍ക്കിടയില്‍ ഒരു തരത്തിലുള്ള വിവേചനവും പാടില്ല എന്ന കര്‍ശനമായ വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്. ജോലി നല്‍കുന്നതിലോ, ജോലിയുമായി ബന്ധപ്പെട്ട പരസ്യം നല്‍കുമ്ബോഴോ സ്ത്രീ-പുരുഷ വിവേചനമോ മറ്റോ കണ്ടെത്തിയാല്‍ 3000 റിയാല്‍ പിഴ ഈടാക്കും. തൊഴിലാളിയുടെയോ കുടുംബാംഗങ്ങളുടെയോ പാസ്‌പോര്‍ട്ടോ ഇഖാമയോ തൊഴിലുടമ വാങ്ങിവെച്ചാല്‍ 1000 റിയാലാണ് പിഴ. ജോലിസ്ഥലത്ത് മോശമായി പെരുമാറിയ പരാതി തൊഴിലാളി ഉന്നയിച്ചാല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ 5000 റിയാല്‍ പിഴ ഈടാക്കും. പിഴ അടയ്ക്കാനുള്ള നിര്‍ദേശം വന്ന് 60 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ സ്ഥാപനത്തിനുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുമെന്നും പുതിയ നിയമം പറയുന്നു.

Photo Courtesy : Google/ images are subject to copyright        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.