അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം പിറന്നു; ചരിത്രം സൃഷ്ടിച്ച്‌ ഗവേഷകര്‍

അണ്ഡവും ബീജവുമില്ലാതെ ഭ്രൂണം പിറന്നു; ചരിത്രം സൃഷ്ടിച്ച്‌ ഗവേഷകര്‍

അണ്ഡവും ബീജവും കൂടിച്ചേരുന്ന ബീജസങ്കലനം വഴിയാണ് ഭ്രൂണമുണ്ടാകുന്നത്. എന്നാല്‍, ബീജസങ്കലനമില്ലാതെതന്നെ ഭ്രൂണം സൃഷ്ടിച്ചിരിക്കുന്നു ഒരുസംഘം ഗവേഷകര്‍.
മൂലകോശങ്ങളുപയോഗിച്ച്‌ 14 ദിവസം വളര്‍ച്ചയെത്തിയ ഭ്രൂണം വികസിപ്പിച്ച്‌ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇസ്രയേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍. ഭ്രൂണഗവേഷണരംഗത്ത് ഇതാദ്യമായാണ് വളര്‍ച്ചയെത്തിയ മനുഷ്യഭ്രൂണമാതൃക നിര്‍മ്മിക്കുന്നത് . ബീജസങ്കലനം നടന്നുകഴിഞ്ഞുള്ള ആദ്യ ആഴ്ചകളിലെ ഭ്രൂണവളര്‍ച്ചയുടെ ഘട്ടങ്ങള്‍ മനസ്സിലാക്കുകയായിരുന്നു ഗവേഷകരുടെ ലക്ഷ്യം. “മനുഷ്യവികാസത്തെ സംബന്ധിച്ച നിഗൂഢതകളടങ്ങിയ ഒരു ബ്ലാക്ക് ബോക്സാണ് ലഭിച്ചിരിക്കുന്നത്. ഇനിയും ഏറെ ചുരുളഴിയാനുണ്ട്.”-ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ജാക്കോബ് ഹന്ന പറഞ്ഞു.

നിയമപരമായ തടസ്സം

ഗവേഷണങ്ങള്‍ക്കായി കൃത്രിമഭ്രൂണം നിര്‍മ്മിക്കുന്നതിന് നിയമപരമായ തടസ്സമില്ല. എന്നാല്‍, മിക്കരാജ്യങ്ങളിലും പരീക്ഷണശാലകളില്‍ 14 ദിവസം മാത്രമേ ഭ്രൂണം വളര്‍ത്താൻ പാടുള്ളൂ. തുടര്‍ഗവേഷണങ്ങള്‍ക്ക് നിയമനിര്‍മ്മാണം വേണ്ടിവരും. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കൃത്രിമഭ്രൂണം നിക്ഷേപിക്കുന്നതും അതുവഴിയുള്ള ഗര്‍ഭധാരണവും നിയമവിരുദ്ധമാണ്. മനുഷ്യമൂലകോശത്തില്‍നിന്നുള്ള ഭ്രൂണമാതൃകകളുടെ നിര്‍മ്മാണത്തിലും ഉപയോഗത്തിലും വ്യക്തമായ നിയന്ത്രണവും മാര്‍ഗ്ഗനിര്‍ദ്ദേശവും ആവശ്യമാണെന്നാണ് ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകൻ പ്രൊഫ ജയിംസ് ബ്രിസ്കോയുടെ അഭിപ്രായം.

നേട്ടം

ഗര്‍ഭച്ഛിദ്രത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനും തടയാനും കഴിയും
ഗര്‍ഭകാലത്തുപയോഗിക്കുന്ന മരുന്നുകള്‍ സുരക്ഷിതമാണോയെന്ന് പരിശോധിക്കാം
ഇൻവിട്രോ ഫേര്‍ട്ടിലൈസേഷന്റെ(ഐ.വി.എഫ്.) വിജയനിരക്ക് മെച്ചപ്പെടുത്താം
കോശവളര്‍ച്ച, അവയവവളര്‍ച്ച എന്നിവയെക്കുറിച്ച്‌ പഠിക്കാം
പാരമ്പര്യ ജനിതകവൈകല്യങ്ങളെക്കുറിച്ച്‌ പഠിക്കാനും അതുതടയാനുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാനുമാകും

മുൻകാലപഠനങ്ങള്‍

ചുണ്ടെലിയുടെ മൂലകോശമുപയോഗിച്ച്‌ വികസിച്ച മസ്തിഷ്കം, മിടിക്കുന്ന ഹൃദയം, കുടല്‍ എന്നിവയുള്ള ഭ്രൂണങ്ങള്‍ വികസിപ്പിച്ചു
ചൈനീസ് ശാസ്ത്രജ്ഞര്‍ പെണ്‍കുരങ്ങുകളില്‍ സിന്തറ്റിക് ഭ്രൂണം വിജയകരമായി ഘടിപ്പിച്ചു. പക്ഷേ, വളര്‍ച്ച ഉണ്ടായില്ല.
മൂലകോശങ്ങളുപയോഗിച്ച്‌ ലോകത്തെ ആദ്യ കൃത്രിമ മനുഷ്യഭ്രൂണം വികസിപ്പിച്ചെടുത്തത് യു.എസിലെയും ബ്രിട്ടനിലെയും ശാസ്ത്രജ്ഞര്‍. പക്ഷേ, അവയിലെ കോശങ്ങള്‍ക്ക് പൂര്‍ണ്ണവളര്‍ച്ചയില്ലായിരുന്നു.
മൂലകോശങ്ങള്‍

ഏതുകോശമായും മാറാൻശേഷിയുള്ള അടിസ്ഥാനകോശങ്ങളാണിവ. എംബ്രിയോണിക് സ്റ്റെംസെല്‍, അഡല്‍റ്റ് സ്റ്റെംസെല്‍ എന്നിങ്ങനെ രണ്ടു മൂലകോശങ്ങളാണുള്ളത്.

കുറച്ച്‌ മൂലകോശങ്ങള്‍ അഥവാ സ്റ്റെംസെല്ലുകള്‍ ഗവേഷകര്‍ തിരഞ്ഞെടുത്തു. അതിലേക്ക് ചില രാസഘടകങ്ങള്‍ ചേര്‍ത്തു.

ഈ മൂലകോശങ്ങളില്‍നിന്ന് ഭ്രൂണവളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലുണ്ടാകുന്ന നാലുതരം കോശങ്ങള്‍ രൂപപ്പെട്ടു.

a. എപ്പിബ്ലാസ്റ്റ് -ശിശുവായി രൂപാന്തരം പ്രാപിക്കുന്നവ

b. ട്രോഫോബ്ലാസ്റ്റ് (ലാക്കുന കാവിറ്റിയടക്കം) -പ്ലാസന്റയായി മാറുന്ന കോശങ്ങളാണിവ (അമ്മയില്‍നിന്ന് രക്തത്തിലൂടെ കുഞ്ഞിന് പോഷകങ്ങളെത്തുന്നത് പ്ലാസന്റവഴിയാണ്

c. ഹൈപ്പോബ്ലാസ്റ്റ് -അവയവരൂപവത്കരണത്തിന് സഹായിക്കുന്നു

d. എക്സ്ട്രാ എംബ്രിയോണിക് മീസോഡേം-ഭ്രൂണത്തെ പൊതിഞ്ഞുസംരക്ഷിക്കുന്ന സ്തരത്തിന്റെ സാന്നിധ്യം

3. ഇവയില്‍നിന്ന് 120-ലധികം കോശങ്ങളെ പ്രത്യേകാനുപാതത്തില്‍ സംയോജിപ്പിച്ച്‌ ഗവേഷകര്‍ കാത്തിരുന്നു.

4. ഇതില്‍ ഒരുശതമാനം വളരെ പെട്ടെന്നുതന്നെ മനുഷ്യഭ്രൂണത്തിനു സമാനമായ ഘടനയായി രൂപപ്പെട്ടു. 14 ദിവസങ്ങള്‍ക്കുശേഷം നടത്തിയ പരിശോധനയില്‍ ഹ്യൂമണ്‍ കോറിയോണിക് ഗോണാഡോട്രോഫിൻ(എച്ച്‌.സി.ജി.) എന്ന ഹോര്‍മോണിന്റെ സാന്നിധ്യം ഭ്രൂണത്തില്‍ തെളിഞ്ഞു. ഗര്‍ഭം സ്ഥിരീകരിക്കാനുള്ള പരിശോധനകള്‍ക്കാധാരമായ ഹോര്‍മോണാണിത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.