നർഗീസ് മൊഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം

നർഗീസ് മൊഹമ്മദിക്ക് സമാധാനത്തിനുള്ള നൊബേൽ പുരസ്ക്കാരം

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇറാനിയന്‍ മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മൊഹമ്മദിക്ക്. ഇറാനില്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടിയും എല്ലാവര്‍ക്കും മനുഷ്യാവകാശങ്ങളും സ്വതന്ത്ര്യവും ലഭ്യമാക്കുന്നതിനു വേണ്ടിയും നടത്തിയ പോരാട്ടമാണ് നര്‍ഗീസിനെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇറാനിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളായ നര്‍ഗീസ്, സ്ത്രീകളുടെ അവകാശങ്ങള്‍ക്കും വധശിക്ഷ ഇല്ലാതാക്കുന്നതിനും വേണ്ടി ശ്കതമായ പോരാട്ടമാണ് നടത്തിവരുന്നത്. 1972ല്‍ ഇറാന്റെ വടക്കുപടിഞ്ഞാറന്‍ നഗരമായ സാന്‍ജാനില്‍ ജനനം. ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടിയ നര്‍ഗീസ് എന്‍ജിനീയറും മാധ്യമപ്രവര്‍ത്തകയുമായും പ്രവര്‍ത്തിച്ചു. നവീകരണ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് അവര്‍ മാധ്യമപ്രവർത്തനം തിരഞ്ഞെടുത്തത്. നിരവധി തവണ ജയില്‍വാസം അനുഭവിച്ചിട്ടുള്ള നര്‍ഗീസ് ടെഹ്‌റാനിലെ ഇവിന്‍ ജയിലില്‍ 13 തവണ തടവ് ശിക്ഷ അനുഭവിച്ചു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് നിരവധി തവണ അറസ്റ്റു വരിച്ചു. സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍ഡേഴ്‌സ് എന്ന രാജ്യാന്തര സംഘടനയുടെ വൈസ് പ്രസിഡന്റാണ്. 22 വര്‍ഷം മുന്‍പ് അറസ്റ്റിലായ 51കാരി നര്‍ഗീസ് നിലവില്‍ ഇറാനിയന്‍ ഭരണകൂടം വിധിച്ച 33 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ചുവരികയാണ്. ഇറാനിയന്‍ അഭിഭാഷകയായ ഷിറിന്‍ എബാദി സ്ഥാപിച്ച സംഘടനയില്‍ 2000ലാണ് നര്‍ഗീസ് ചേരുന്നത്. സംഘടനയുടെ പ്രവര്‍ത്തനത്തിന് ഷിറിന്‍ എബാദി 2003ല്‍ സമാധാനത്തിനുള്ള നൊബേല്‍ നേടിയിരുന്നു. 122 വര്‍ഷത്തിന്റെ പാരമ്പര്യമുള്ള സമാധാന നൊബേല്‍ നേടുന്ന പത്തൊമ്പതാമത് വനിതയാണ് നര്‍ഗീസ്. ഇരുപത്തിനാലാം വയസ്സില്‍ വിവാഹിതയായ നര്‍ഗീസിന്റെ ഭര്‍ത്താവ് റെഹ്മാനിയാണ്. കിയാന, അലി എന്നീ ഇരട്ടകുട്ടികളും ഇവര്‍ക്കുണ്ട്. ആറ് വര്‍ഷം മാത്രമാണ് നര്‍ഗീസിന് കുടുംബത്തിനൊപ്പം കഴിയാന്‍ സാധിച്ചത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.