സംസ്ഥാനസ്കൂൾ കായികമേളയിൽ ആദ്യ സ്വർണ്ണം ഗോപികയ്ക്ക്
സംസ്ഥാനസ്കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണ്ണം കണ്ണൂരിന്. കുന്നംകുളം ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ തുടങ്ങിയ 65-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയിലെ ജൂനിയര്‍ ഗേള്‍സ് 3000 മീറ്റര്‍ ഓട്ടത്തില്‍ കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥിനി ഗോപികാ ഗോപിയാണ് മേളയിലെ ആദ്യ സ്വര്‍ണ്ണം നേടിയത്. 11.01.81 സമയത്താണ് ഗോപിക ഓടിയെത്തിയത്. കോഴിക്കോട് ഉഷാ സ്കൂള്‍ ഓഫ് അത്ലറ്റിക്സിലെ വിദ്യാര്‍ത്ഥിനി അശ്വിനി ആര് നായര്‍ വെള്ളി നേടി. ആദ്യ ദിനമായ ഇന്ന് 21 ഫൈനല്‍ മത്സരങ്ങളാണ് നടക്കുന്നത്. ഇന്നലെ മന്ത്രി ആര് ബിന്ദു മുൻ ഫുട്ബോള്‍ താരം ഐഎം വിജയന് തേക്കിൻകാട് മൈതാനിയില്‍ വെച്ച് ദീപശിഖ കൈമാറി ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികമേള ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. വിളംബരജാഥയില്‍ ആയിരത്തോളം സ്പോര്‍ട്സ് താരങ്ങള്‍ പങ്കെടുത്തു. ആറ് കാറ്റഗറികളിലായി 3000ത്തില്‍ കൂടുതല്‍ മത്സരാര്‍ത്ഥികള്‍ കായികമേളയുടെ ഭാഗമാകും. സമാപന സമ്മേളനം 20 ന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിക്കും.
Photo Courtesy : Google/ images are subject to copyright