ആയൂർവേദ ചികിത്സാരംഗത്തെ അതികായൻ

ആയൂർവേദ ചികിത്സാരംഗത്തെ അതികായൻ

ഇന്ന് ലോകടൂറിസം മേഖലയിൽ അറിയപ്പെടുന്ന പേരാണ് ആയുർവേദ ടൂറിസം. ലോകമെമ്പാടുമുള്ള വിദേശ വിനോദസഞ്ചാരികൾക്കിടയിൽ ആയുർവേദം, പ്രകൃതിചികിത്സ, യോഗ എന്നിവ ജനകീയമാക്കുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ (കെടിഎം) പ്രസിഡന്റ്, ചലച്ചിത്ര നിർമ്മാതാവ്, ടൂറിസം സംരംഭകൻ, പരിസ്ഥിതി സംരക്ഷകൻ, ആയുർവേദത്തിന്റെ പ്രചാരകൻ, കേരള അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ വൈസ് പ്രസിഡന്റ്, കേരള ചിൽഡ്രൻസ് ഫിലിം സൊസൈറ്റി പ്രസിഡന്റ്, കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റ് എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ഈ വ്യക്തിക്ക്. ആയുർവേദ ചികിത്സയെ പരിസ്ഥിതിക്കിണങ്ങുന്ന തരത്തിലുള്ള ടൂറിസം എന്ന ആശയമായി വിപുലീകരിച്ച് സോമതീരം ആയുർവേദ ഗ്രൂപ്പ് എന്ന സംരംഭത്തിലൂടെ നിശ്ചയദാർഢ്യത്തോടും അശ്രാന്തപരിശ്രമത്തിലൂടെയും ലോകടൂറിസം ഭൂപടത്തിൽ ആയുർവേദടൂറിസം എന്ന വാക്കിനെ തങ്കലിപികളിൽ എഴുതിച്ചേർത്ത സോമതീരം ആയുർവേദഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബേബി മാത്യുവുമായി യുണീക്‌ടൈംസ് സബ് എഡിറ്റർ ഷീജ നായർ നടത്തിയ അഭിമുഖം.

ചലച്ചിത്ര നിർമ്മാതാവ് , ടൂറിസം സംരംഭകൻ, പരിസ്ഥിതി സംരക്ഷകൻ, ആയുർവേദത്തിന്റെ പ്രചാരകൻ, കേരള അത്ലെറ്റിക് അസോസിയേഷന്റെ മൂന്ന് ടേമിന്റെ തുടർച്ചയായ പ്രസിഡന്റും ഇപ്പോഴത്തെ പേട്രണും, ടെലിവിഷൻ തുടങ്ങി വൈവിധ്യമായമേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള താങ്കൾ എങ്ങനെയാണ് ഇവയൊക്കെ സമന്വയിപ്പിച്ചുകൊണ്ട് പോകുന്നത് ? ഇവയിൽ ഇഷ്ടമേഖല എതാണ്?

ഏറ്റവും പ്രധാനപ്പെട്ടത് ആയുർവേദചികിത്സാ മേഖലയാണ്. ആയുർവേദം എന്നതുകൊണ്ട് അർഥമാക്കുന്നത് ബോഡി മൈൻഡ് ആൻഡ് നേച്ചർ (സോൾ) എന്നതാണ്. ഒരു ആയുർവേദ വില്ലേജ് യാഥാർഥ്യമാകാൻ ഒട്ടനവധി സൗകര്യങ്ങളൊരുക്കേണ്ടതുണ്ട്. അതിന് പ്രകൃതിയുമായി ഇണങ്ങിയ സ്ഥലം ലഭ്യമാകണം, നല്ല പരിസ്ഥിതിയുണ്ടായിരിക്കണം, മനസിനെ ആകർഷിക്കുന്നതരത്തിലുള്ള പ്രകൃതിസൗന്ദര്യമുണ്ടായിരിക്കണം എന്നുള്ള സാമാന്യസങ്കല്‍പം മുൻകൂട്ടിക്കണ്ടുകൊണ്ടാണ് ഞങ്ങളുടെ സ്ഥാപനങ്ങൾ സ്ഥാപിതമായതും ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും. വ്യക്തമായി പറയുകയാണെങ്കിൽ ആയുർവേദ വില്ലേജ് അതായിരുന്നു ഞങ്ങളുടെ കൺസെപ്റ്റ്. പ്രധാനമായും സോമതീരം ആയൂർവേദവില്ലേജ്, മണൽത്തീരം ആയുർവേദ ബീച്ച് വില്ലേജ് , ആയുർസോമ ആയുർവേദ റോയൽ റിട്രീറ്റ് എന്നിങ്ങനെ മൂന്ന് ആയുർവേദ ആശുപത്രികളാണ് നിലവിലുള്ളത്. മൂന്ന് ആശുപത്രികളും NABH (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ) അക്രഡിറ്റേഷൻ ലഭിച്ചിട്ടുള്ളതാണ്. ഇത് അപൂർവ്വമായൊരു നേട്ടമാണ്. ഇന്ന് നമ്മുടെ നാട്ടിൽ ആയുർവേദത്തിന് NABH ലഭിച്ചിട്ടുള്ള വളരെക്കുറച്ചു ആശുപത്രികളേ നിലവിലുള്ളു. അതുപോലെതന്നെ ആയുർവേദചികിത്സയും ടൂറിസവും തമ്മിൽ ബന്ധപ്പെടുത്തിയിട്ടുള്ള സ്ഥാപനമാണ് കോവളത്തെ സോമ പാം ഷോർ. ഞാനും എൻറെ സഹോദരൻ പോൾ മാത്യുവും കൂടി മുപ്പത് വർഷങ്ങൾക്കുമുൻപാണ് സോമതീരം തുടങ്ങുന്നത്. അന്ന് റിസോർട്ടിന്റെ ആംബിയൻസിൽ ആയുർവേദ ആശുപത്രി എന്ന ആശയം നിലവിലുണ്ടായിരുന്നില്ല. വിദേശികളെ ആയുർവേദചികിത്സാ രീതികൾ പരിചയപ്പെടുത്തുകയും അതിന്റെ മഹത്വം മനസ്സിലാക്കിക്കുകയും ചെയ്യുക എന്നതായിരുന്നു അന്ന് ഞങ്ങളുടെ ലക്‌ഷ്യം. ആയുർവേദആശുപത്രി എന്ന ആശയത്തിൽ ഒരിക്കലും വിദേശികൾ ചികിത്സയ്ക്കായി എത്തില്ലായെന്നതുകൊണ്ടുതന്നെ ആയുർവേദറിസോർട്ട് എന്ന് പേരുനൽകുകയും എന്നാൽ പക്കാ ആയുർവേദആശുപത്രിഎന്നുള്ള നിലയിലാണ് അന്നുമുതൽ ഇന്നുവരെയും പ്രവർത്തിച്ചുവരുന്നത്. പ്രവർത്തനമികവുണ്ടെങ്കിൽ മാത്രമേ NABH അക്രഡിറ്റേഷൻ ലഭിക്കുകയുള്ളു. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ന് എല്ലാ സെന്ററുകളിലുമായി നാല്പത്തിരണ്ടോളം ഡോക്ടർമാരും ഇരുന്നൂറോളം തെറപ്പിസ്റ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഒരുപക്ഷേ ആയുർവേദചികിത്സാലയം എന്നത് ആയുർവേദറിസോർട്ട് എന്ന കോൺസെപ്റ്റിൽ ആദ്യമായി ലോകത്തിനുതന്നെ പരിചയപ്പെടുത്തിയത് ഞങ്ങളാണ്. “ആയുർവേദടൂറിസം” എന്ന പുതിയൊരു കോൺസെപ്റ്റിന്റെ ഉപജ്ഞാതാക്കളും ഞാനും എന്റെ സഹോദരൻ പോൾ മാത്യുവുമാണ്. ആയുർവേദ ചികിത്സയിൽ രോഗം ഭേദമാക്കുന്ന(ക്യുറേറ്റീവ്) ചികിത്സകളുണ്ട്, നവചൈതന്യമാർജ്ജിക്കുന്ന (റിജുവിനേറ്റ്) ചികിത്സകളുണ്ട്, രോഗനിവാരകങ്ങളായ (പ്രിവെന്റീവ്) ചികിത്സകളുമുണ്ട്. ഒട്ടനവധി വിദേശരാജ്യങ്ങൾ സന്ദർശ്ശിച്ച് ആയുർവേദടൂറിസം എന്ന ആശയം പ്രചരിപ്പിച്ചാണ് ഞങ്ങൾ ഇന്നീനിലയിൽ എത്തിയിട്ടുള്ളത്. ഞങ്ങളുടെ ഉപഭോക്താക്കളിൽ 99 ശതമാനവും വിദേശികളാണ്. എന്റെ സഹോദരൻ ജർമ്മനിയിലായിരുന്നു. അവിടെ നിന്നും ആരംഭിച്ച് ഇന്ന് ലോകമെമ്പാടുമുള്ള അറുപതോളം രാജ്യങ്ങളിൽ നിന്നും ആളുകൾ ഞങ്ങളുടെ ആശുപത്രികളിൽ എത്തുന്നുണ്ട്.

baby Mathew Somatheeram Unique Times
baby Mathew Somatheeram

ആയുർവേദചികിത്സയോടൊപ്പം ടൂറിസം വികസനത്തിനായി മറ്റെന്തൊക്കെ പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത് ?

ഹൗസ് ബോട്ടുകൾ ഒരു പ്രധാനാകർഷണമാണ്. കേരളത്തിലെ ബയോടെക് ടോയ്‌ലെറ്റുകൾ ഉപയോഗിച്ചിട്ടുള്ള ആദ്യത്തെ ഹൗസ്ബോട്ടുകൾ ഞങ്ങളുടേതാണ്. അന്നത്തെ ടൂറിസം ഡയറക്റ്റർ ഡോ. വേണുവാണ് അതിന്റെ ഉത്‌ഘാടനം നിർവ്വഹിച്ചത്. വെൽനസ് റിട്രീറ്റുകൾ, യോഗ ടൂറുകൾ എന്നിവയും ഞങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പക്ഷിനിരീക്ഷണം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ഞങ്ങളുടെ കുമരകം റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്. വാസ്തുവിദ്യയ്ക്ക് സുസ്ഥിരമായ പ്രോത്സാഹനം നൽകുന്നുണ്ട്. ഞങ്ങളുടെ ഹെർബൽ ഗാർഡനിൽ 600 ഓളം ഔഷധസസ്യങ്ങളും റിസോർട്ടുകൾക്ക് ചുറ്റും നിരവധി സസ്യേനങ്ങളും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ജൈവകൃഷിയെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും പഠിപ്പിക്കുന്നുണ്ട്. മഴവെള്ള സംഭരണം, മലിനജലപരിപാലനം, വെർമിൻ കമ്പോസ്റ്റിംഗ് എന്നിവയാണ് സോമതീരം റിസോർട്ടുകളിൽ നടപ്പിലാക്കിയിരിക്കുന്ന ചില സംരക്ഷണരീതികൾ. സൗരോർജ്ജമാണ് എല്ലാ പ്രോപ്പർട്ടികളിലും ഉപയോഗിക്കുന്നത്. ഇത് പരിസ്ഥിതിസൗഹൃദാന്തരീക്ഷം ഒരുക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. സോമതീരം ഗ്രൂപ്പ് വർഷങ്ങളായി പ്രോത്സാഹിപ്പിക്കുന്ന ഒരു സ്ഥിരം പരിപാടിയാണ് ബീച്ച് ക്ലീനിംഗ്. ഇത്തരം പ്രവർത്തനങ്ങൾ സോമതീരം ഗ്രൂപ്പിനെ ഇന്ന് വേറിട്ട് നിർത്തുകയും സുസ്ഥിര വിനോദസഞ്ചാര മേഖലയിലെ ഒരു മുൻനിരഗ്രൂപ്പാക്കി മാറുകയും ചെയ്യുന്നു.

ഏറ്റവും ഇഷ്ടപ്പെട്ട് ആസ്വദിച്ച് ചെയ്ത പ്രവർത്തനങ്ങൾ ഏതാണ് ?

ഏറ്റവും ആസ്വദിച്ചു ചെയ്ത പ്രവർത്തനം ഏതാണെന്ന് ചോദിച്ചാൽ ആയുർവേദറിസോർട്ട് എന്ന ആശയം പ്രവർത്തികമാക്കിയതാണ്. മനസ്സിലുള്ള ചെറിയൊരു ആശയത്തെ വിപുലീകരിക്കുന്നതിൽ തുടങ്ങി, പ്രകൃതിയോടിണങ്ങി നിൽക്കുന്ന സ്ഥലം കണ്ടുപിടിച്ച് ആശയപൂർത്തീകരണം നടക്കുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. എന്നിരുന്നാലും ഏറെ ആസ്വദിച്ചു ചെയ്തതായിരുന്നു മുഴുവൻ പ്രവർത്തനങ്ങളും. തിരുവനന്തപുരത്തെ കോവളത്തിനടുത്തുള്ള ചൊവ്വര എന്ന സ്ഥലത്താണ് സോമതീരം റിസോർട്ട്സ് സ്ഥിതി ചെയ്യുന്നത്. ഈ ഒരു ആശയം ചിന്തിക്കുമ്പോൾ തന്നെ അതിനനുയോജ്യമായ പത്തേക്കറോളം പ്രകൃതിരമണീയമായ സ്ഥലം വേണം എന്നതായിരുന്നു പ്ലാൻ. അന്ന് കോവളമാണ് പേരുകേട്ട ഒരു ടൂറിസ്റ്റ് കേന്ദ്രം. അവിടൊക്കെ അന്വേഷിച്ചപ്പോൾ ഇത്രയും സ്ഥലം കിട്ടാനില്ലായിരുന്നു. വിഴിഞ്ഞത്ത് പോയി ഒരു മൽസ്യത്തൊഴിലാളിയുടെ ബോട്ടിൽ 500 രൂപ വാടകയ്ക്ക് കടലിലൂടെ സഞ്ചരിച്ചു. ആ യാത്രയിലാണ് വിജനവും മനോഹരവുമായ ഈ സ്ഥലം ആദ്യമായിട്ട് കാണുന്നത്. ഈ സ്ഥലത്ത് ഒരു അമ്പലവും ഒരു പള്ളിയും ഉണ്ടായിരുന്നു. ഇതാണ് അടയാളമായി ഞാൻ മനസ്സിലാക്കിവച്ചിരുന്നത്. പിന്നീട് കരമാർഗ്ഗം അവിടെത്തെപ്പെടുകയും ഇരുനൂറ് പേരുടെ ഉടമസ്ഥതയിലായിരുന്ന ആ സ്ഥലങ്ങൾ വാങ്ങി രജിസ്റ്റർ ചെയ്യുകയായിരുന്നു. അന്ന് അവിടേക്ക് യാത്രാസൗകര്യങ്ങളോ, കുടിവെള്ളമോ, കറണ്ടൊ ലഭ്യമല്ലായിരുന്നു. ആദ്യമായി ഒരു സംരംഭം കേരളത്തിൽ കൊണ്ടുവരുമ്പോൾ നേരിടേണ്ടിവരുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും ഞാൻ അനുഭവിച്ചിട്ടുണ്ട്. സോമതീരത്തിനും മണൽത്തീരത്തിനും ആർക്കിടെക്ട് ഇല്ല. ഇവയുടെ ആർക്കിടെക്ട് ഡിസൈൻ ചെയ്തത് ഞാനാണ്. സ്ഥലത്തിന്റെ ഭൂപ്രകൃതിക്ക് യാതൊരു മാറ്റവും വരാതെ തനതായ ശൈലിയിൽ റിസോർട്ടുകൾ പണിയുകയായിരുന്നു. അതൊരു ത്രിൽ ആയിരുന്നു. വിജനമായ, അടിസ്ഥാനസൗകര്യങ്ങൾപോലുമില്ലാതിരുന്ന ഒരിടത്ത് ഇത്തരം സംരംഭം തുടങ്ങി വിജയിപ്പിച്ചു എന്നുള്ളതാണ് വലിയ സന്തോഷം. പിന്നീടത് മാർക്കറ്റ് ചെയ്യുന്നതായിരുന്നു വെല്ലുവിളി. ഒട്ടനവധി രാജ്യങ്ങളിലെ വെൽനെസ്സ് എക്സിബിഷനുകൾ, ടൂറിസം എക്സിബിഷനുകൾ എന്നിവയിൽ പങ്കെടുക്കുകയായിരുന്നു. മുപ്പത് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ പോകുന്ന വിദേശരാജ്യങ്ങളിലെ പത്രക്കാരെയും, മാസികക്കാരെയും ടെലിവിഷൻ ചാനലുകളേയും ഈ വിവരങ്ങൾ ധരിപ്പിക്കുകയും മിക്കവാറും എല്ലാ ചാനലുകാരും അതായത് ബിബിസി, സിഎൻ എൻ തുടങ്ങിയ ചാനലുകളെല്ലാം തന്നെ ഒരു വാർത്തയായി സംപ്രേക്ഷണം ചെയ്യുകയുമായിരുന്നു. അന്നതിന് അവിടങ്ങളിൽ വലിയ പ്രചാരം കിട്ടിയിരുന്നു. ആയുർവേദചികിത്സയുടെ മഹത്വം വിദേശികളിൽ എത്തിക്കാൻ സാധിച്ചുവെന്നതാണ് ഞങ്ങളുടെ വിജയം. ഈ പ്രവർത്തനങ്ങളിൽ ആയുർവേദത്തിനും ടൂറിസത്തിനും പ്രയോജനമുണ്ടായി എന്നത് സംതൃപ്‌തി നൽകുന്ന ഒന്നാണെന്നതിൽ സംശയമില്ല.

baby Mathew Somatheeram Unique Times
baby Mathew Somatheeram

വെൽനെസ് ടൂറിസത്തിന്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താൻ എന്തൊക്കെ മാർഗ്ഗങ്ങളാണ് പ്രാബല്യത്തിൽ വരുത്തേണ്ടതെന്നാണ് താങ്കൾ കരുതുന്നത് ?

വെൽനെസ്സ് എന്ന വാക്കിൽത്തന്നെ വിവിധ ശാഖകൾ അടങ്ങിയിട്ടുണ്ട്. എനിക്ക് പറയാനുള്ളത് ആയുർവേദവെൽനെസ്സിനെക്കുറിച്ചാണ്. ആയുർവേദത്തിന്റെയും യോഗയുടെയും ഹബ്ബാണ് ഇന്ത്യ. ആയുർവേദവും യോഗയും പരസ്പരം ബന്ധപ്പെട്ടകാര്യങ്ങളാണ്. നമ്മൾ യോഗയുടെ അനന്തസാധ്യതകൾ ശരിയാംവണ്ണം ഉപയോഗപ്പെടുത്തുന്നില്ലയെന്നുള്ളത് വാസ്തവമാണ്. വിദേശത്ത് ആയിരക്കണക്കിന് യോഗാ സെന്ററുകൾ പ്രവൃത്തിക്കുന്നുണ്ട്. നമ്മുടെ സോമതീരം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ എന്ന സെന്ററിൽ യോഗയുടെ ഗുണങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇപ്പോൾ നിലനിന്നുവരുന്ന ട്രെൻഡ് എന്തെന്നാൽ വിദേശത്ത് നിന്നുള്ള യോഗാ സെന്ററുകളിലെ അധ്യാപകരും വിദ്യാർഥികളും ഇവിടേക്ക് വരുകയും കുറച്ചുനാൾ ഇവിടത്തെ യോഗ സെന്റററുകളിൽ നിന്നും യോഗ പഠിക്കുകയും ചെയ്യുന്നുവെന്നതാണ്. തിരികെ നാട്ടിലെത്തി പുതിയ ആളുകളിലേക്ക് ഇവ പകർന്നുകൊടുക്കുന്നു. ശാരീരികാരോഗ്യം പോലെ മാനസീകാരോഗ്യത്തിനും പ്രാധാന്യം കൊടുക്കുന്ന കാലഘട്ടമാണിത്. അതുപോലെതന്നെ ആയുർവേദമരുന്നുകളുടെ കലവറയാണ് കേരളം. ഇത്രയും വിഭവങ്ങളുള്ളപ്പോൾ വെൽനെസ്സ് ട്രീറ്റ്മെന്റുകളുടെ അനന്തസാധ്യതകൾ നമ്മൾ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. സർക്കാരിന്റെ ഭാഗത്തുനിന്നും ടൂറിസം പ്രമോട്ട് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. പല രാജ്യങ്ങളിലും ആയുർവേദത്തിനെ ചികിത്സാരീതിയായി അംഗീകരിച്ചിട്ടില്ല. ചില നിയമപ്രശ്നങ്ങൾ ഉള്ളതുകാരണം പല വിദേശരാജ്യങ്ങളിലും ആയുർവേദഡോക്ടർമാർ തെറാപ്പിസ്റ്റുകളായാണ് ജോലി ചെയ്യുന്നത്. നമ്മൾ മതിയായ തെളിവുകൾ അടങ്ങിയ രേഖകൾ ഉൾപ്പെടെ ഡോക്ക്യൂമെന്റഷൻ ചെയ്യേണ്ടതുണ്ടായിരുന്നു . ഉദാഹരണത്തിന് ചൈനീസ് മെഡിസിൻ പലരാജ്യങ്ങളിലും ഇപ്പോൾ അംഗീകൃതമാണ്. കാരണം അവർ മതിയായ രേഖകൾ സമർപ്പിച്ച് ഡോക്ക്യൂമെന്റഷൻ നടത്തിയിട്ടുണ്ടെന്നുള്ളതാണ്. ആയുർവേദത്തിന് 5000 വർഷം പഴക്കമുണ്ടെന്ന് നമ്മൾ അവകാശപ്പെടുമ്പോഴും പലരാജ്യങ്ങളിലും ഇത് പ്രാകൃതചികിത്സാരീതിയെന്ന് തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. ഇവിടയാണ് മതിയായ തെളിവുകൾ സഹിതമുള്ള രേഖകൾ സമർപ്പിച്ച് അംഗീകാരം നേടേണ്ടതിന്റെ ആവശ്യകതയുള്ളത്. ഇത് നടപ്പാക്കണമെങ്കിൽ കേന്ദ്ര – സംസ്ഥാനസർക്കാരുകൾ മുൻകൈയെടുക്കേണ്ടതുണ്ട്.

എന്താണ് കേരള ട്രാവൽ മാർട്ട്? ഇതിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കാമോ?

കേരള ട്രാവൽ മാർട്ട് എന്നത് ഒരു സൊസൈറ്റിയാണ്. ഇത് പി പി പി (പബ്ലിക് പ്രൈവറ്റ് പാർട്ട്നെർഷിപ്പ്) മോഡലാണ് . ഡോ. വേണു ടൂറിസം ഡയറക്ടറും അമിതാകാന്ത് ടൂറിസം സെക്രട്ടറിയുമായിരുന്ന സമയത്ത് ഇവർ മുൻകൈയെടുത്ത് സംരംഭകർ, ടൂർ ഓപ്പറേറ്റർസ്, റിസോർട്ടുകൾ എന്നിവരെയൊക്കെ ഉൾപ്പെടുത്തി രൂപം നൽകിയ ഒരു സൊസൈറ്റിയാണിത്. ഈ സൊസൈറ്റി കേരളത്തിന്റെ ടൂറിസം മേഖലയിലെ വികസനത്തിന് വലിയൊരു സംഭാവന നൽകിയിട്ടുണ്ട്. ടൂറിസം ഡയറക്ടർ, ടൂറിസം സെക്രട്ടറി, ടൂറിസം മന്ത്രി, കെ ടി ഡി സി ഡയറക്ടർ എന്നിവർ ഇതിന്റെ മെംബേർസ് ആണ്. കേരള ട്രാവൽ മാർട്ട് രണ്ട് വർഷത്തിലൊരിക്കലാണ് നടക്കുന്നത്. വിദേശത്തുനിന്നും ഉള്ള പ്രതിനിധികൾക്ക് ഇവിടത്തെ ടൂറിസം റിലേറ്റഡ് സ്റ്റാളുകൾ സന്ദർശ്ശിക്കാനും പോസ്റ്റ് മാർട്ട് ടൂറുകളും പ്രീമാർട്ട് ടൂറുകളും നടത്താനുമുള്ള സൗകര്യങ്ങൾ ഒരുക്കുന്നു. വിദേശപ്രതിനിധികളെയും ഉൾപ്പെടുത്തിക്കൊണ്ടാണ് ഇവ സംഘടിപ്പിക്കുന്നത്. ലളിതമായ രീതിയിൽ ആരംഭിച്ച കേരള ട്രാവൽ മാർട്ട് പതിനൊന്നാമത്തെ എഡിഷനിൽ എത്തി നിൽക്കുമ്പോൾ ഇന്ത്യയിലെ തന്നെ വലിയ ട്രാവൽ മാർട്ടായി മാറിയിട്ടുണ്ട്. കേരള ടൂറിസത്തിന്റെ വേഗത്തിലുള്ള വികസനത്തിന്റെ പ്രധാനകാരണങ്ങളിലൊന്ന് ട്രാവൽ മാർട്ടാണ്. കേരള ട്രാവൽ മാർട്ടിന്റെ മൂന്ന് ടേമിൽ (രണ്ട് വർഷമാണ് ഒരു ടേമിൻറെ കാലാവധി) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായിരുന്നു. ഇപ്പോൾ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറാണ്. കേരളത്തിന്റെ ടൂറിസം സാദ്ധ്യതകൾ മറ്റുരാജ്യങ്ങളിൽ എത്തിക്കുന്നതിനോടൊപ്പം ടൂറിസം വികസനമാണ് കേരള ട്രാവൽ മാർട്ട് എന്നതുകൊണ്ടുദ്ദേശിക്കുന്നത്

തിരക്കേറിയ ഈ ജീവിതത്തിനിടയിലേക്ക് എപ്പോഴാണ് സിനിമ കടന്നുവന്നത് ?

ജീവൻ ടി വി ടെലിവിഷനുമായിട്ടുള്ള ബന്ധമാണ് സിനിമയെക്കുറിച്ച് ചിന്തിക്കുവാനുള്ള മുഖ്യകാരണം. ജീവൻ ടി വിയ്ക്ക് വേണ്ടി ചില ഡോക്ക്യൂമെന്ററികൾ നിർമ്മിച്ചു. ആയിടയ്ക്കാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഒരു വിഷയം ഒരു ഡയറക്ടർ എന്നോട് സംസാരിക്കുന്നത്. പരിസ്ഥിതിസ്നേഹിയായ എനിക്ക് ഏറെ താല്പര്യമുള്ള വിഷയമായതിനാൽ അത് യാഥാർഥ്യമായി. ബ്ലാക്ക് ഫോറസ്റ്റ് എന്ന ആദ്യ സിനിമയുടെ പിറവി അങ്ങനെയായിരുന്നു. ഈ സിനിമയ്ക്ക് എനിക്ക് നല്ല പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ലഭിച്ചു. സോഷ്യൽ വാല്യൂവുള്ള ചിത്രങ്ങളാണ് ഞാൻ നിർമ്മിച്ചിട്ടുള്ളത് . അല്ലാതെ കൊമേർഷ്യൽ ചിത്രങ്ങളല്ല. രണ്ടാമത് ഞാൻ ഒരു സംസ്‌കൃതചിത്രമാണ് നിർമ്മിച്ചത്. സംസ്കൃതഭാഷ ആയൂർവേദവുമായി ബന്ധപ്പെട്ടതാണ്. ഒട്ടുമിക്ക ആയുർവേദഗ്രന്ഥങ്ങളും രചിച്ചിരിക്കുന്നത് സംസ്കൃതഭാഷയിലാണ്. ഇപ്പോൾ അധികമാർക്കും പരിചിതമല്ലാത്തതാണ് സംസ്‌കൃതം. വിനോദ് മങ്കരയാണ് പ്രിയമാനസം എന്ന ആ ചിത്രത്തിന്റെ സംവിധായകൻ. ഗോവ ഫിലിം ഫെസ്റ്റിവലിൽ ഓപ്പൺ ഫിലിം വിഭാഗത്തിൽ പ്രിയമാനസം പ്രദർശ്ശിപ്പിച്ചു. ഈ സിനിമയ്ക്കും ദേശീയ അവാർഡ് ലഭിച്ചു. അങ്ങ് ദൂരെയൊരു ദേശം എന്ന ഫീച്ചർ ഫിലിമിനും സ്റ്റേറ്റ് അവാർഡ് ലഭിച്ചു. ഷെങ്ഗായ് ഫിലിം ഫെസ്റ്റിൽ ഒരു ഇന്ത്യൻ സിനിമയ്ക്ക് അവാർഡ് ലഭിക്കുന്നത് ഞാൻ നിർമ്മിച്ച വെയിൽ മരങ്ങൾ എന്ന സിനിമയ്ക്കാണ്. നടൻ ഇന്ദ്രൻസിനും ആ സിനിമയ്ക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്. ഡോ. ബിജുവാണ് വെയിൽ മരങ്ങളുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. മറ്റൊരു സിനിമ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് ദിലീപ് നായകനായ പിന്നെയും എന്ന സിനിമയാണ്. സിനിമകളും ഡോക്ക്യൂമെന്ററികളുമായി ഇതുവരെ പതിമൂന്നോളം നിർമ്മാണങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ ഇൻഡോ – റഷ്യൻ, ഇൻഡോ – ഓസ്‌ട്രേലിയൻ ഫിലിമുകളും ഉൾപ്പെടുന്നു.

baby Mathew Somatheeram Unique Times
baby Mathew Somatheeram

ടെലിവിഷൻ മേഖലയിലെ പ്രവർത്തനങ്ങളെക്കുറിച്ച് ?

ജീവൻ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഞാൻ. ടെലിവിഷൻ മേഖലയിൽ ഒട്ടനവധി പുതുമകൾ അവതരിപ്പിക്കാൻ ജീവൻ ടി വി യിലൂടെ സാധ്യമായിട്ടുണ്ട്. ആദ്യമായി ഇംഗ്ലീഷ് വാർത്ത അവതരിപ്പിച്ച ചാനൽ ജീവൻ ആണ്. കൂടാതെ മലയാളം ചാനലുകളിൽ ആദ്യമായി കോട്ടിട്ട് ന്യൂസ് വായിച്ചതും ജീവൻ വാർത്തകളിലൂടെയാണ്. ട്രാൻസ്ജെൻഡർ വ്യക്തികളെ അവതാരകനായികൊണ്ടുവന്നതും ജീവൻ ടി വി യാണ്. വ്യത്യസ്തമായി ഒട്ടേറെ പുതുമകൾ അവതരിപ്പിക്കാൻ ജീവൻ എപ്പോഴും മുന്നിൽത്തന്നെയാണ്.

ഭാവി പരിപാടികൾ എന്തൊക്കെയാണ് ?

ഒരു ആയുർവേദമെഡിക്കൽ കോളേജ് തുടങ്ങണമെന്നതാണ്. മുൻപ് എൻ ഒ സി കിട്ടിയിരുന്നെങ്കിലും അത് നടക്കാതെപോയി. രണ്ടാമത്തേത് ആയുർവേദമെഡിസിൻ, ആയുർവേദ കോസ്മെറ്റിക്സ്‌, ആയുർവേദ ഫുഡ് സപ്ലിമെൻറ്സ് എന്നിവ കയറ്റുമതി ചെയ്യണമെന്നുള്ളതാണ്. ഇവ നിർമ്മിക്കുന്ന യൂണിറ്റുകൾ ഇപ്പോൾ നിലവിലുണ്ട്. അത് വ്യാവസായികാടിസ്ഥാനത്തിൽ കയറ്റുമതി ചെയ്യണമെന്നുള്ളതാണ്. കേരളത്തിലും ഭാരതത്തിലെ മറ്റു ചില സംസ്ഥാനങ്ങളിലും കൂടുതൽ ആയുർവേദറിസോർട്ടുകൾ സ്ഥാപിക്കണമെന്നുള്ളതാണ് മറ്റൊന്ന്. കൂടാതെ പല വിദേശരാജ്യങ്ങളിലും സംയുക്തസംരംഭത്തിൽ (ജോയിന്റ് വെൻചെർ) ആയുർവേദസെന്ററുകൾ സ്ഥാപിക്കാനുള്ള ക്ഷണങ്ങൾ വരുന്നുണ്ട്. പല രാജ്യങ്ങളിലും നിയമപ്രശ്‍നം ഉള്ളതിനാൽ തടസ്സങ്ങൾ നേരിടുന്നുന്നുണ്ട്. ആയുഷിന്റെ വരവോടെ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമായിട്ടുണ്ട്. ചില രാജ്യങ്ങളുമായും ചർച്ചകൾ നടക്കുന്നു.

താങ്കളുടെ കുടുംബത്തെക്കുറിച്ച്

ഭാര്യ സാറാ മാത്യു. ഞങ്ങൾക്ക് ഒരു മകളാണുള്ളത് . പത്തുവയസ്സുകാരി സന മയ ബേബി മാത്യു . എഞ്ചിനീയറിംഗ് ബിരുദധാരിയാണ് സാറ. ഇപ്പോൾ സോമതീരത്തിന്റെ ബിസിനസ്സുകളിൽ എന്നെ സഹായിക്കുന്നു. അതുകൂടാതെ സാറായ്ക്ക് ഫാബ് ഇന്ത്യയുടെ ഫ്രാഞ്ചൈസിയുമുണ്ട്.

baby Mathew Somatheeram
baby Mathew Somatheeram
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.