ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നു.
ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്ട്രേഷനും ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയാക്കുന്നു. ഓണ്‍ലൈന്‍ സേവനങ്ങള്‍ സുരക്ഷിതമാക്കുന്നതിൻ്റെ ഭാഗമായുള്ള കേന്ദ്രസര്‍ക്കാരിൻ്റെ ഭേദഗതിയാണിത്. ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക, വ്യാജരേഖകള്‍ ഉപയോഗിച്ച് ഡ്രൈവിങ് ലൈസന്‍സ് നേടുക എന്നിവ തടയുന്നതിനായി ആണിത്.
ഇപ്പോള്‍ ഫോട്ടോപതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുകളുടെ പകര്‍പ്പുകളാണ് അപേക്ഷകള്‍ക്കൊപ്പം സമര്‍പ്പിക്കേണ്ടത്. കൂടാതെ ഭേദഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെയും പൊതുജനങ്ങളുടെയും അഭിപ്രായവും തേടിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെയാകും വിഞ്ജാപനം പുറത്തിറക്കുക.
കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് സുരക്ഷാവീഴ്ചകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മോട്ടോര്‍വാഹനവകുപ്പിലും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നല്‍കിയത്.ആദ്യഘട്ടത്തില്‍ ലേണേഴ്സ് ലൈസന്‍സ്, ലൈസന്‍സ് പുതുക്കല്‍, ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസന്‍സ്, അഡ്രസ് മാറ്റം എന്നിവയ്ക്കും ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റിനുമാണ് ആധാര്‍ നിര്‍ബന്ധമാക്കുന്നത്. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷന്, ഉടമസ്ഥാവകാശ കൈമാറ്റം, അഡ്രസ് മാറ്റം, എതിര്‍പ്പില്ലാരേഖ എന്നിവയ്ക്കും ആധാര്‍ വേണ്ടിവന്നേക്കും.
Photo Courtesy : Google/ images are subject to copyright