മെസിയും സംഘവും നവംബറിൽ കേരളത്തിലേക്കില്ല; കാരണം ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം
കേരളത്തിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കളിക്കുന്നത് കാണാൻ കാത്തിരുന്നവർക്ക് വൻനിരാശ. അർജന്റീനിയൻ ടീം നവംബറിൽ കേരളത്തിൽ കളിക്കില്ല. മെസിയും സംഘവും വരില്ലെന്ന് സ്പോൺസർ ആന്റോ അഗസ്റ്റിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
നവംബറിൽ നിശ്ചയിച്ചിരുന്ന മത്സരം മാറ്റിവച്ചു. പകരം കളിക്കുക എപ്പോഴെന്ന കാര്യത്തിൽ പ്രഖ്യാപനം ഉടൻ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. “ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസമാണ് നവംബർ വിൻഡോയിലെ കളി മാറ്റി വയ്ക്കാൻ AFAയുമായുള്ള ചർച്ചയിൽ ധാരണയായത്. കേരളത്തിൽ കളിക്കുന്നത് അടുത്ത വിൻഡോയിലായിരിക്കുമെന്നും സ്പോൺസർ പോസ്റ്ററിൽ കുറിച്ചിട്ടുണ്ട്.
നവംബറിൽ അങ്കോളയിൽ മാത്രമാണ് മത്സരമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇന്ത്യയിൽ ഇങ്ങനെയൊരു മത്സരത്തിനിറങ്ങുന്നതായി അർജന്റീനയുടെയോ ഓസ്ട്രേലിയയുടെയോ ഫുട്ബോൾ അസോസിയേഷനുകൾ സ്ഥിരീകരിച്ചിരുന്നില്ല.
Photo Courtesy: Google/ images are subject to copyright

