ഇന്ത്യൻ ബിസിനസ്സും ഉദാരതയും

ഇന്ത്യൻ ബിസിനസ്സും ഉദാരതയും

VP Nandakumar2014 മാർച്ച് 2 ന് മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ കമ്പനിയുടെ ‘കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി’ (C.S.R.) പ്രവർത്തനങ്ങളെ പ്രതിപാദിച്ചു കൊണ്ട് അരമണിക്കൂർ ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ അവതരിപ്പിച്ചു.  ഞങ്ങളുടെ സി.എസ്.ആർ. പ്രവർത്തനങ്ങളെ വളരെ സൂക്ഷ്മമായി മനസ്സിലാക്കി സമസ്ത മേഖലകളെയും അവരിപ്പിച്ച നല്ലൊരു ഡോക്യുമെന്ററി ആയിരുന്നു അത്.  ഈ ലേഖനത്തിൽ വ്യവസായ സംരംഭകരെക്കുറിച്ചും സമൂഹത്തോടുള്ള ഉദാര മനസ്‌കതയെയും കുറിച്ചാണ് ഞാൻ നിങ്ങളോട് പങ്ക് വയ്ക്കുവാൻ ആഗ്രഹിക്കുന്നത്.

മൈക്രോസോഫ്റ്റിന്റെ സ്ഥാപകൻ ബിൽഗേറ്റ്‌സ് ആണെന്നും അദ്ദേഹം ലോകത്തെ തന്നെ ഏറ്റവും വലി ധനികരിൽ ഒരാളാണെന്നും നമുക്കറിയാം.  1994 ൽ അദ്ദേഹം തന്റെ സ്ഥാപനത്തിന്റെ കുറച്ച് ഓഹരികൾ വിറ്റ് വില്ല്യം എച്ച്.ഗേറ്റ്‌സ് ഫൗണ്ടേഷൻ രൂപീകരിച്ചു.  പിന്നീട് രണ്ടായിരമാണ്ടിൽ ബിൽഗേറ്റ്‌സും അദ്ദേഹത്തിന്റെ പത്‌നിയും തങ്ങളുടെ മൂന്ന് ഫൗണ്ടേഷനുകൾ ചേർത്ത് ബിൽ ആന്റ് മെലിൻഡ ഗേറ്റ്‌സ് എന്ന പുതിയ ഒരു ഫൗണ്ടേഷൻ രൂപീകരിച്ചു.   ഇന്ന് ഈ സ്ഥാപനം ലോകത്തിലെ ഏറ്റവും സുതാര്യതയോടെ പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന ഖ്യാതി നേടിയിരിക്കുന്നു.  അതുപോലെ കോടികണക്കിന് ഡോളറുകൾ മനുഷ്യനന്മയ്ക്കായി നൽകി ബിൽഗേറ്റ്‌സും, പത്‌നിയും മനുഷ്യ സ്‌നേഹത്തിന്റെയും, ഉദാരതയുടെയും പര്യായമായി മാറിയിരിക്കുന്നു.

2010 ഡിസംബറിൽ ബിസിനസ്സ് ലോകത്തെ വലിയ നിക്ഷേപകരിൽ മുൻനിരയിലുള്ള വാരെൻ ബഫെറ്റുമായി ചേർന്ന് ലോകക്ഷേമത്തിനായി പുതിയൊരു പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.  ‘ഗേറ്റ്‌സ് – ബഫെറ്റ് ഗിവിംഗ് പ്ലെഡ്ജ്’ എന്നാണ് ഈ സഹായ ഹസ്തത്തെ ഇവർ വിളിച്ചത്.  മാത്രമല്ല തങ്ങളുടെ സമ്പാദ്യങ്ങളിൽ പകുതി ഇതിനായി സംഭാവന ചെയ്യുന്നതായും അവർ പ്രഖ്യാപിച്ചു.  ബിൽഗേറ്റ്‌സും, ബഫെറ്റും തങ്ങളുടെ ഈ സഹായ ഹസ്തം ഇന്ത്യയിലെ വ്യവസായികളുടെ ഇടയിലും വളർത്തുന്നതിനായി ഇന്ത്യ  സന്ദർശിക്കുകയുണ്ടായി.  തത്ഫലമായി വിപ്രോയുടെ ചെയർമാനായ ശ്രീ. അസിം പ്രേംജി ഇവരോട് കൈകോർത്ത ആദ്യ ഭാരതീയനായി.  പിന്നീട് ശോഭ ഗ്രൂപ്പിന്റെ സ്ഥാപകനായ ശ്രീ.പി.എൻ.സി.മേനോനും ഇദ്ദേഹത്തോടൊപ്പം ചേരുകയും തന്റെ സമ്പാദ്യത്തിന്റെ പകുതി മനുഷ്യ സേവനത്തിനായി വാഗ്ദാനം ചെയ്യുകയും ചെയ്തു.

മനുഷ്യസേവനങ്ങൾക്കായി ഭാരതത്തിൽ സ്വകാര്യമേഖലയിൽ സമാഹരിക്കുന്ന തുക രാജ്യത്തിന്റെ ജി.ഡി.പി.യുടെ 0.4% ശതമാനമാണെന്നും ഇത് ഇംഗ്ലണ്ടിനെയും (1.3%) അമേരിക്കയെയും (2.2%) അപേക്ഷിച്ച് കുറവാണെന്നും ഒരു മാനേജ്‌മെന്റ് കൺസൾട്ടൻസിയായ ബെയ്ൻ ഒരു വിവരണം നൽകിയിട്ടുണ്ട്.  എന്നാൽ ഇതോടൊപ്പം തന്നെ ഭാരതം സഹായ മനസ്‌കതയുള്ളവരുടെ നാടാണെന്നും നല്ലൊരു ശതമാനവും സഹായങ്ങൾ നൽകുന്നതിന് രഹസ്യ സ്വഭാവം ആഗ്രഹിക്കുന്നവരാണെന്നും ഏജൻസി കൂട്ടിച്ചേർത്തു.

ബിൽഗേറ്റ്‌സ് ഭാരതത്തിലേക്ക് വന്ന സമയം മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു.  അദ്ദേഹത്തിന്റെ സഹായ മനോഭാവത്തെ വാനോളം പുകഴ് ത്തുകയും ഭാരതീയരായ വ്യവസായികളെ ഒരു വിദേശപൗരൻ ഭാരതത്തിൽ ചെയ്യുന്ന സേവനങ്ങളെ ചൂണ്ടിക്കാട്ടി ഇകഴ്ത്തുകയും ചെയ്യുന്നത് പതിവായിരുന്നു.  എന്നാൽ ഇതിന് ഒരു മറുവശമുണ്ടെന്നത് ഞാൻ ഇവിടെ സൂചിപ്പിക്കട്ടെ.

അമേരിക്കയിലെയും, ഭാരതത്തിലെയും വ്യവസായികളുടെ സേവന തത്പരതയിലുള്ള വൈരുദ്ധ്യത്തിന് പിന്നിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്.  നമ്മുടെ രാജ്യത്ത് ധനികനായാലും, പാവപ്പെട്ടവനായാലും അയാൾക്ക് തന്റെ മുഴുവൻ സമ്പാദ്യവും തന്റെ കുടുംബത്തിന് അവകാശമായി നൽകുഇന്ത്യൻ ബിസിനസ്സും ഉദാരതയുംവാൻ സാധിക്കും.  ഭാരതത്തിൽ 1985 ൽ എസ്റ്റേറ്റ് ഡ്യൂട്ടിയും, പൈതൃക സമ്പത്തിന്മേലുള്ള നികുതിയും ഗവൺമെന്റ് എടുത്തുമാറ്റിയിരുന്നു.  എന്നാൽ അമേരിക്കയിൽ നിങ്ങൾ ഒരു അതിസമ്പന്നനാണെങ്കിൽ നിങ്ങൾക്ക് എസ്റ്റേറ്റ് ടാക്‌സ് 40% വരെ നൽകേണ്ടതായി വന്നേക്കാം.  ഈയൊരു വീക്ഷണത്തിൽ ചിന്തിച്ചാൽ ഒരു ഭാരതീയ വ്യവസായി ഒരു കോടി രൂപ സംഭാവന ചെയ്താൽ അത് ‘ഒരു കോടി രൂപയുടെ സംഭാവന’ തന്നെയാണ്.  കാരണം ഈ ഒരു കോടി അയാളുടെ കുടുംബത്തിന് അവകാശപ്പെട്ടതാണല്ലോ.  എന്നാൽ അമേരിക്കയിൽ 60 ശതമാനം മാത്രമേ കുടുംബത്തിന് അവകാശപ്പെടുന്നുള്ളൂ.  അവശേഷിക്കുന്നത് ഗവൺമെന്റിലേക്കുള്ള നികുതിയാണ്.

വ്യവസായികൾ പലരും സേവന പ്രവർത്തനങ്ങൾക്കായി സംഭവാനകൾ വ്യക്തിപരമായി നൽകാറുണ്ട്.  ഇതിലുപരി ഇന്ത്യയിലെ  വൻകിട വ്യവസായ സംരംഭങ്ങൾ തങ്ങളുടെ സി.എസ്.ആറിന്റെ ഭാഗമായി ബൃഹത്തായ പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.  മാത്രമല്ല ഗManaവൺമെന്റ്, വൻകിട സ്ഥാപനങ്ങൾ നികുതിയടവിന് ശേഷമുള്ള ലാഭത്തിൽ നിന്നും 2 ശതമാനം സാമൂഹിക ഉദ്ധാരണത്തിനായി വിനിയോഗിക്കണമെന്ന നിലയിലേക്ക് കമ്പനി ആക്ട് ഭേദഗതി ചെയ്തതിനുശേഷം സി.എസ്.ആറിന് പ്രാധാന്യം ഏറിയിട്ടുണ്ട്.  നിയമഭേദഗതിയനുസരിച്ച് ഏറ്റവും കുറഞ്ഞത് 5 കോടി നെറ്റ് പ്രോഫിറ്റോ, 1,000 കോടിയുടെ ടേൺ ഓവറോ, 500 കോടി രൂപയുടെ മൂല്യമോ ഉള്ള കമ്പനികൾ തങ്ങളുടെ മൂന്ന് വർഷത്തെ വാർഷിക വരുമാനത്തിന്റെ ശരാശരി പ്രകാരം ഓരോ സാമ്പത്തിക വർഷവും രണ്ട് ശതമാനം തുക സി.എസ്.ആർ. പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം.  പുതിയ സാമ്പത്തികവർഷം അതായത് 2014 ഏപ്രിൽ 1 മുതൽ പുതിയ നയം പ്രാബല്യത്തിൽ വരും.  കൂടാതെ ഈ പ്രവർത്തനങ്ങൾ രാജ്യത്തിനകത്ത് തന്നെ ചെയ്യണമെന്നും നിബന്ധനയുണ്ട്.  ഭാരതത്തിൽ പ്രവർത്തിക്കുന്ന വിദേശ സ്ഥാപനങ്ങൾക്കും പുതിയ നയം ബാധകമാണ്.

സി.എസ്.ആർ. നിർബന്ധിതമാ കുന്നതിന് വളരെ മുമ്പ് തന്നെ മണപ്പുറം സാമൂഹിക പ്രതിബന്ധത തിരിച്ചറിഞ്ഞ് മനുഷ്യ സേവനങ്ങൾ ചെയ്തു തുടങ്ങിയിരുന്നുവെന്ന് അഭിമാനത്തോടെ പറയുവാൻ കഴിയും.  ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീകളുടെ ഉന്നമനം, സാമൂഹ്യസേവനം എന്നീ ലക്ഷ്യങ്ങൾ മുഖമുദ്രയാക്കി ഞങ്ങൾ 2009ൽ മണപ്പുറം ഫൗണ്ടേഷൻ രൂപീകരിച്ചു.  തുടക്കത്തിലേ ഏറ്റവും ശ്രദ്ധേയമായ ഒരു ചുവടുവയ്പ്പ് ആയിരുന്നു 2009 – 10 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച ജനരക്ഷാ മണപ്പുറം ഫ്രീ ഹെൽത്ത് ഇൻഷ്വറൻസ് സ്‌കീം.  ഈ പദ്ധതി പ്രകാരം തൃശ്ശൂരിലെ ഞങ്ങളും വലപ്പാടുള്ള ഓഫീസിന് ചുറ്റുമുള്ള ഏഴ് പഞ്ചായത്തിൽപ്പെട്ട 20000 ബി.പി.എൽ. കുടുംബങ്ങൾക്ക് അതായത് ഏകദേശം ഒരു ലക്ഷത്തോളം ജനങ്ങൾക്ക് വർഷം പരമാവധി 60,000/ രൂപ നിരക്കിൽ ചികിത്സാ ചിലവുകൾക്കായി ഹെൽത്ത് ഇൻഷ്വറൻസ് സംരക്ഷണം നൽകുവാൻ മണപ്പുറം ഫൗണ്ടേഷന് സാധിച്ചു.

ഇന്ന് മണപ്പുറം ഫൗണ്ടേഷന്റെ പ്രവർത്തന മണ്ഡലം തൃശ്ശൂർ മേഖല മാത്രമാണ്.  എന്നാൽ സി.എസ്.ആർ. പ്രവർത്തനങ്ങൾ തൃശ്ശൂരിൽ നിന്നും ദേശിയ തലത്തിലേക്ക് വളർത്തുവാനുള്ള പരിശ്രമത്തിലാണ് ഞങ്ങൾ.  ഞങ്ങളുടെ സാന്നിദ്ധ്യം എത്തിയിരിക്കുന്ന പ്രദേശങ്ങളിൽ സാമൂഹിക ഉന്നതിക്കായുള്ള പദ്ധതികൾ ആവിഷ്‌കരിക്കുവാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.  സമൂഹത്തിന്റെ താഴെ തട്ടിലുള്ള, അടിസ്ഥാന സൗകര്യങ്ങൾ ലഭിക്കാത്ത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള അനുയോജ്യമായ പദ്ധതികൾ  നിർദ്ദേശിക്കുവാൻ രാജ്യത്തെമ്പാടുമുള്ള സീനിയർ എക്‌സിക്യൂട്ടീവുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.  താമസിയാതെ തന്നെ മണപ്പുറം ഫൗണ്ടേഷൻ ഞങ്ങളുടെ മാതൃസ്ഥാപനമായ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് തെളിയിച്ച പാതയിലൂടെ രാജ്യവ്യാപകമായി പടർന്നു പന്തലിക്കുമെന്നത് തീർച്ചയാണ്.  അതു തന്നെയാണ് ഞങ്ങളുടെ സ്വപ്നവും.

വി.പി. നന്ദകുമാർ
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.