സുരഭിയുടെ സൗന്ദര്യം – തായ്‌ലന്റ്

സുരഭിയുടെ സൗന്ദര്യം – തായ്‌ലന്റ്

thailand_splashഓരോ ദേശത്തിനും അതിന്റേതായ സംസ്‌ക്കാരവും പൈതൃകവും പറയുവാനുണ്ടാകും. അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല തായ്‌ലന്റും. ആധുനിക തായ്‌ലന്റിന്റെ തുടക്കമെന്ന് പറയാവുന്ന സുഖേതായ് സാമ്രാജ്യം ചരിത്രത്തിൽ നാമ്പിടുന്നതിനും സഹസ്രാബ്ദങ്ങൾക്ക് മുൻപേ നിലനിന്നിരുന്ന പാരമ്പര്യത്തിന്റെ കഥകളുണ്ട് തായ്‌ലന്റിന് അവിടെ എത്തുന്നവരോട് പറയുവാൻ. നിങ്ങൾ അവധിക്കാലം ചെലവഴിക്കുവാനോ, ഹണിമൂൺ ആഘോഷിക്കുവാനോ, യോജിക്കുന്ന ഒരു ഇടം അന്വേഷിക്കുകയാണെങ്കിൽ കണ്ണാടിച്ചില്ല് പോലെയുള്ള നീലിമയാർന്ന സമുദ്രത്താൽ വലയം ചെയ്ത സൂരഭിയുടെ സൗന്ദര്യമായ ഈ ഉപദ്വീപ് നിങ്ങളെ സന്തോഷിപ്പിക്കും. ഇവിടുത്തെ ശീതോഷ്ണാവസ്ഥയും കാലവർഷവും ഒരുപോലെ ആകർഷിക്കുന്നതാണ്. തായ്‌ലന്റിലേക്കുള്ള യാത്ര തീർച്ചയായും നിങ്ങളെ ഒരു കാല്പനിക ലോകത്തിന്റെ പ്രതീതിയിലേക്ക് നയിക്കും.

പുഞ്ചിരികളുടെ നാട്!
പുഞ്ചിരികളുടെ നാട് എന്നറിയപ്പെടുന്ന റാറ്റ്ഛ അനഛാക് തായ് (തായ് ഭാഷയിൽ – തായ്‌ലന്റ് സാമ്രാജ്യം) എന്ന ഈ ചെറിയ രാജ്യം തെക്ക് കിഴക്കേ ഏഷ്യയിൽ ഇന്തോ-ചൈന ഉപദ്വീപുകളുടെ നടുവിലായി സ്ഥിതി ചെയ്യുന്നു. രാജ്യത്തിന്റെ തലസ്ഥാനം ബാങ്കോക്ക്. പൗരാണിക കാലത്ത് സിയാം എന്നറിയപ്പെട്ടിരുന്ന, ഇന്നും രാജവാഴ്ച തുടരുന്ന രാജ്യത്തിന് വിശാലമായ ചരിത്രമുണ്ട്. മാത്രമല്ല, തായ്‌ലന്റിന്റെ സംസ്‌ക്കാരത്തിൽ അയ്യൽ രാജ്യങ്ങളായ ബർമ്മ, ലാവോസ്, കംബോഡിയ, മലേഷ്യ, വിയറ്റ്‌നാം, ഇൻഡോനേഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങൾ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. തായ്ഭാഷയിൽ ‘വത്’ എന്ന് പറയുന്ന നിരവധിയായ ക്ഷേത്രങ്ങളാണ് രാജ്യത്തെ ഭൂരിഭാഗം ഉത്സവങ്ങളുടെയും കേന്ദ്രം. ക്ഷേത്രങ്ങൾക്കും മതത്തിനും തായ്ജനതയുടെ നിത്യജീവിതത്തിൽ പ്രമുഖമായ സ്ഥാനമാണുള്ളത്. ഏകദേശം 95%ത്തോളം ആളുകളും ബുദ്ധധർമ്മമാണ് പിൻതുടരുന്നതെങ്കിലും എല്ലാ വിശ്യാസങ്ങളേയും അംഗീകരിക്കുകയും അവയോട് സഹിഷ്ണുത പുലർത്തുകയും ചെയ്യുന്ന സ്വാഭാവമാണ് തായ് ജനതയുടേത്. അതുപോലെ തന്നെ ബുദ്ധമതത്തെക്കുറിച്ച് ആരെങ്കിലും കൂടുതലായ് അറിയുവാനും പഠിക്കുവാനും ആഗ്രഹിക്കുന്നുവെങ്കിൽ എല്ലാവിധ സഹായങ്ങൽ ചെയ്തു കൊടുക്കുവാനും ഇവർ ഉത്സുകരാണ്. മതവിശ്വാസം ആഴത്തിൽ വേരൂന്നിയിരിക്കുന്ന ഈ രാജ്യത്തിന്റെ മണ്ണിലൂടെ സഞ്ചരിക്കുമ്പോൾ വീടുകളുടെയും കടകളുടെയും മറ്റും ചുമരുകളിൽ മുതിർന്ന ബുദ്ധസന്യാസിമാരുടെ ചിത്രങ്ങൾ കാണുകയാണെങ്കിൽ, അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.

ചരിത്രവും രസകരമായ ചില വസ്തുതകളും.
തായ്‌ലന്റിന്റെ ചരിത്രം അറിയുമ്പോൾ ചില വസ്തുതകൾ നിങ്ങളിൽ കൗതുകവും താത്പര്യവും ജനിപ്പിച്ചേക്കാം. പൗരാണിക തായ്‌ലന്റിൽ ആദ്യം, മോൺ എന്നും ഖെമെർ എന്നും ഉള്ള രണ്ട് ജനവിഭാഗങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. പിന്നീട് ദക്ഷിണ ചൈനയിൽ നിന്നും തായ് എന്ന ഗോത്രവംശജർ ഇവിടേക്ക് കുടിയേറി പാർത്തു. തായ്‌ലന്റിനെക്കുറിച്ച് എടുത്തു പറയേണ്ട ഒരു കാര്യമാണ്, യൂറോപ്യൻ സാമ്രാജ്യത്വ ശക്തികളുടെ കോളനി വത്കരണത്തിന്റെ കീഴിൽ ഒരിക്കലും വരാതിരുന്ന ഒരേയൊരു തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമാണ് തായ്‌ലന്റ് എന്നത്. 14-ാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ സിയാം എന്നപേരിൽ ഒരൊറ്റ രാജ്യമായിരുന്ന രാജ്യം 1939ലാണ് ഔദ്യോഗികമായി റാറ്റ്ഛ അനഛാക് തായ് (തായ് സാമ്രാജ്യം) എന്ന പേര് സ്വീകരിച്ചത്. നിങ്ങൾ എപ്പോഴെങ്കിലും തായ്‌ലന്റിന്റെ ഭൂപടം വീക്ഷിച്ചിട്ടുണ്ടോ? ഒന്നു ശ്രദ്ധിച്ചാൽ, രാജ്യത്തിന്റെ അതിർത്തി ഏകദേശം ഒരു ആനയുടെ തലയുടെ ആകൃതിയിലാണെന്ന് കാണാം. വലുപ്പത്തിൽ ലോകത്തിൽ 50-മനായ തായ്‌ലന്റിൽ 65 മില്ല്യൺ ജനങ്ങളാണുള്ളത്. ഇതിൽ 10 മില്ല്യൺ ജനങ്ങൾ താമസിക്കുന്നത് തലസ്ഥാന നഗരമായ ബാങ്കോക്കിൽ ആണ്.

ഒരു ഷോപ്പിംഗ് വേണ്ടേ?…..
നിങ്ങളുടെ കീശ കാലിയാവാതെ ഷോപ്പിംഗ് നടത്തുവാൻ കഴിയുന്ന ഒരു സ്ഥലമാണ് തായ്‌ലന്റ്. ഇവിടത്തെ പ്രധാന ആകർഷണമാണ് തെരുവോര കച്ചവടങ്ങൾ. ഇവിടെ നിരവധി ഉൽപ്പന്നങ്ങൾ വൈവിധ്യമാർന്ന രീതിയിലും നിങ്ങൾപോലും പ്രതീക്ഷിക്കാത്ത കുറഞ്ഞ വിലയിൽ നിങ്ങൾക്ക് ലഭിക്കും. പക്ഷേ, ഇവയൊക്കെ ബ്രാൻഡഡ് കമ്പനി ഉൽപ്പന്നങ്ങളാണെന്ന് കരുതരുതെന്ന് മാത്രം. റോളക്‌സ് വാച്ചുകളുടെയും, ചാനൽ, ഗുക്കി ബാഗുകൾ എന്നിങ്ങനെ അന്താരാഷ്ട്ര ഉൽപ്പന്നങ്ങളുടെ അപരൻമാരെ നിങ്ങൾക്കിവിടെ കാണാം. അത് കൊണ്ട് ലോകത്തെവിടെയും ലഭിക്കാത്ത വിലയ്ക്ക് ലഭിക്കുന്നത് കണ്ട് കണ്ണ് മഞ്ഞളിക്കരുത്. ഇതെല്ലാം ‘ഡ്യൂപ്ലിക്കേയ്റ്റുകൾ’ ആണ്. എന്നാലും ഷോപ്പിംഗിന് ഹരമായവർ ഉണ്ടെങ്കിൽ ‘ചാറ്റുഛാക് വാരാന്ത്യ മാർക്കറ്റ്’ തീർച്ചയായും സന്ദർശിക്കണം. ബാങ്കോക്കിൽ എണ്ണായിരത്തിലധികം കച്ചവടക്കാർ തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുവാൻ ഒന്നിച്ചെത്തുന്ന സ്ഥലമാണിത്. നേരത്തെ സൂചിപ്പിച്ച ഷോപ്പിംഗ് ഹരമായവർക്ക് ഇതൊരു പറുദീസയാണ്.

നഗരകാഴ്ചകൾ കാണാൻ
നഗരം ചുറ്റിക്കാണുവാനും പെട്ടെന്ന് നിങ്ങൾക്ക് എത്തേണ്ട ഇടങ്ങളിൽ ചെല്ലുവാനും ബസ്സിനേക്കാൾ നല്ലത് മെട്രോ ആയിരിക്കും. അത്‌കൊണ്ട് തായ്‌ലന്റിൽ നിങ്ങൾ വന്നെത്തിയാൽ ‘ടൂർമാപ്പ്’ തയ്യാറാക്കുമ്പോൾ ഏറ്റവും അടുത്ത മെട്രോ സ്റ്റേഷനും അതിനു മുൻപേ മനസ്സിലാക്കി വയ്ക്കുക. അഥവാ നിങ്ങൾക്ക് മെട്രോയും ബസ്സും താത്പര്യമില്ലെങ്കിൽ ഒരു ടാക്‌സി കാർ വിളിക്കാവുന്നതാണ്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കുക; ടാക്‌സി വിളിക്കുമ്പോൾ റോഡരുകിൽ പാർക്ക് ചെയ്തിരിക്കുന്ന കാർ വിളിക്കരുത്. അവർ നിങ്ങളോട് അധിക തുക ആവശ്യപ്പെട്ടേക്കും. അതേ സമയം നിരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന കാറാണെങ്കിൽ (വാഹനം കാലിയാണെങ്കിൽ കാറിനുമുകളിൽ ഒരു ചുവന്ന ലൈറ്റ് കത്തും) അവർ മീറ്റർ ചാർജ്ജ് മാത്രമേ ഈടാക്കുകയുള്ളു. അതു പോലെ നിങ്ങൾക്ക് ഫോൺ ചെയ്യണമെങ്കിൽ (ഇന്ന് മൊബൈൽ ഫോണുകളില്ലാത്ത ആരും തന്നെ ഉണ്ടാവില്ലെങ്കിലും) പബ്ലിക് ഫോണുകൾ നിങ്ങൾക്ക് രാജ്യത്തെവിടെയും കാണുവാൻ കഴിയും. ഒരു മിനിറ്റിന് 1 ബാത്ത് നിരക്കിൽ ലോക്കൽ കോളുകൾ ചെയ്യാം. നിങ്ങളുടെ കയ്യിൽ മൊബൈൽ ഫോണുണ്ടെങ്കിൽ, അത് ജി.എസ്.എം. ഫ്രണ്ട്‌ലിയാണ് നല്ലത്. സിം കാർഡ് നിങ്ങൾക്ക് എയർപോർട്ടിൽ നിന്നും വാങ്ങാം. അഥവാ സിം വാങ്ങുവാൻ മറന്നാലും സാരമില്ല, നിങ്ങൾക്ക് ഐ.റ്റി. മാർക്കറ്റുകളിൽ നിന്നും സിം വാങ്ങാം. ജി.എസ്.എം ഫോൺ നിങ്ങൾക്ക് ഇല്ലെങ്കിൽ വളരെ കുറഞ്ഞ നിരക്കിൽ എയർപോർട്ടിൽ ലഭിക്കും. അല്ലെങ്കിൽ സെക്കൻഡ് ഹാൻഡ് ഫോണുകളും നിങ്ങൾക്ക് ബാങ്കോക്കിൽ പലസ്ഥലങ്ങളിലും ലഭിക്കും.
ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ
ബാങ്കോക്ക്: തലസ്ഥാന നഗരമായ ബാങ്കോക്കിനെ അവിടത്തെ ജനങ്ങൾ വിളിക്കുന്നത് ‘മാലാഖമാരുടെ നഗരം’ എന്നാണ്. പ്രകൃത്യാ സുന്ദരമായ ഈ പ്രദേശത്തിന് അവിടത്തെ മനോഹരമായ നിരത്തുകളും  കമ്പോളങ്ങളും സൗവർണ്ണ കൊട്ടാരങ്ങളും ക്ഷേത്രങ്ങളും ഒന്നുകൂടി മാറ്റുകൂട്ടുന്നു. ബാങ്കോക്കിന് ക്രുംഗ് തെപ് എന്നും പേര് ഉണ്ട്. ചക്രിരാജ വംശത്തിന്റെ സ്ഥാപകനായ രാമ ഒന്നാമൻ രാജാവാണ് 1782ൽ ബാങ്കോക്ക് നഗരം നിർമ്മിച്ചത്. ഈ നഗരത്തിൽ വരുന്ന സഞ്ചാരികളെ മനോഹരമായ ഷോപ്പിംഗ് മാളുകളും ആകർഷിക്കുന്നവയാണ്. അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ് തായ്‌ലന്റിന്റെ ഗ്രാന്റ് പാലസ്. എല്ലാ വിധ ആധുനിക ആഢംബരങ്ങളും നൽകുന്ന ഈ നഗരം തായ്‌ലന്റിന്റെ സാംസ്‌ക്കാരിക പാരമ്പര്യവും അതിന്റെ തനിമ നഷ്ടപ്പെടുത്താതെ ഇവിടെ എത്തുന്നവർക്കായി നൽകുന്നുണ്ട്. ബാങ്കോക്കിൽ നിന്നും മറ്റൊരു നഗരത്തിലേക്ക് പോകുന്നതിന് മുൻപായി നഗരത്തിലെ സ്തൂപക്ഷേത്രമന്ദിരം കാണുവാൻ മറക്കരുത്; അതുപോലെ നിങ്ങളുടെ ആഗ്രഹങ്ങളും പ്രാർത്ഥനകളും സമർപ്പിക്കുവാനും.

ഫുക്കെറ്റ്: സൂര്യന്റെ ഇളം ചൂടും കാറ്റും ഏറ്റ് പഞ്ചസാര പോലെയുള്ള മണൽത്തരികളിൽ ഇരുന്ന് കടൽ തിരമാലങ്ങകൾ തീർക്കുന്ന ഇരമ്പലുകളും ആസ്വദിച്ച് വിശ്രമിക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം. തായ്‌ലന്റിന്റെ തന്നെ ഭാഗമായ ഒരു ചെറിയ ദ്വീപാണ് ഫുക്കെറ്റ്. ഇവിടെ വർഷത്തിൽ രണ്ട് കാലാവസ്ഥയാണുള്ളത്. മെയ്-ഒക്‌ടോബറിലെ മൺസൂണും നവംബർ-ഏപ്രിലിലെ വേനലും. ഫുക്കെറ്റിലെ കോറൽ ഐലന്റ് എന്നറിയപ്പെടുന്ന കോഹ്ഹീയിൽ ചെന്നാൽ സ്റ്റോർക്കലിംഗ്, സ്‌കൂബ ഡൈവിംഗ്, ഫിഷിംഗ് തുടങ്ങി ഒട്ടനവധി ജലവിനോദങ്ങൾ നിങ്ങളെ ഉൻമേഷഭരിതരാക്കും. കടലിൽ നീന്തൂവാൻ ഇഷ്ടപ്പെടുന്നവർക്കും പ്രകൃതി സ്‌നേഹികൾക്കും ഇവിടത്തെ പ്രകൃതി അവിസ്മരണീയമായ അനുഭവം നൽകുമെന്ന കാര്യം ഉറപ്പാണ്.

പത്തേയ: വാരാന്ത്യങ്ങളും രാത്രികളും ഉല്ലാസഭരിതമായി വിശ്രമരഹിതമായി ആഘോഷിക്കുവാൻ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ബാങ്കോക്കിൽ നിന്നും വീണ്ടും തെക്ക്-കിഴക്കോട്ട് രണ്ട് മണിക്കൂർ സഞ്ചരിച്ച് പത്തേയ ബീച്ചിൽ എത്താം. ഇവിടെ അടുത്തടുത്തായി ചെറു ദ്വീപ സമൂഹങ്ങൾ ഉണ്ട്. സെയ്‌ലിംഗ്, സർഫിംഗ്, സ്‌കൈ ഡൈവിംഗ്, വാട്ടർ സ്‌കൈയിംഗ് തുടങ്ങിയ വിനോദങ്ങളും ബീച്ചിനടുത്തുള്ള ഗോൾഫ് കോള്‌സുകളിൽ ഗോൾഫും കളിക്കാം. ഇവിടത്തെ ബീച്ച് റിസോർട്ടുകൾ പ്രധാനമായും രാത്രികാല വിനോദങ്ങൾക്കാണ് പ്രാമുഖ്യം നൽകുന്നത്. നിങ്ങളുടെ ബഡ്ജറ്റ് ചെറുതോ വലുതോ ആയാലും ഇവിടെ ചെലവഴിക്കുന്ന സമയം ഒരുപോലെ ആസ്വദിക്കുവാൻ സാധിക്കും. ഇനി നിങ്ങൾക്ക് വളരെ ശാന്തമായ ഒരന്തരീക്ഷമാണ് വേണ്ടതെങ്കിൽ വളരെ അടുത്തു തന്നെയുള്ള ജ്യോംതീയെൻ ബീച്ച് സന്ദർശിക്കാവുന്നതാണ്.

തായ്‌ലന്റ് വിഭവങ്ങൾ
തായ്‌ലന്റിന്റെ മനോഹാരിത കണ്ടും അനുഭവിച്ചും കഴിഞ്ഞു. ഇപ്പോൾ നിങ്ങൾ അല്പം ക്ഷീണിച്ചിട്ടുണ്ടാകും. എന്നാൽ പിന്നെ ഭക്ഷണമാവാം. തായ്‌ലന്റിലെ രുചിയേറുന്ന വിഭവങ്ങൾ ലോകപ്രശസ്തമാണ്. മസാലയും എരിവും പുളിയും മധുരവും ഉപ്പും എന്നാൽ കയ്പ്പും ചേർന്ന ഒരു സമ്മിശ്ര രുചിയാണ് ഇവിടത്തെ വിഭവങ്ങൾക്ക്. ഇത് നിങ്ങളുടെ നാവിന് രുചിയുടെ പുതിയ ഒരു അനുഭവമായിരിക്കും. പച്ചക്കറികളും ഇലകളും ലെമൺ ഗ്രാസ്സും തേങ്ങാപ്പാലും ഒക്കെ ഇവരുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. അതുപോലെ പുളിപ്പിച്ച മീൻചാറ് ഒട്ടു മിക്ക കറികളിലും ചേർക്കാറുണ്ട്. സസ്യാഹാരികൾ ഇത് പ്രത്യേകം ഓർക്കേണ്ടതാണ്. ഭക്ഷണം പറയുമ്പോൾ താനൊരു സസ്യാഹാരിയാണെന്ന് സൂചിപ്പിക്കുവാൻ തായ് ഭാഷയിൽ ‘ജേയ്’ എന്നു പറഞ്ഞാൽ മതി. ഇവിടത്തെ പ്രധാന ആഹാരം അരിഭക്ഷണമാണ്. മൂന്ന് നേരങ്ങളിലും ചോറ് വിളമ്പാറുണ്ട്. കറികളെ ഇവർ സൂപ്പെന്നും പറയാറുണ്ട്. നിങ്ങൾക്ക് മാംസാഹാരം ഇഷ്ടമാണെങ്കിൽ മസാല പുരട്ടി എണ്ണയിൽ വറുത്തതോ കനലിൽ ചുട്ട് വേവിച്ചതോ ആയ മത്സ്യവും കോഴിയും ചോറിനൊപ്പം വിളമ്പും. രുചിയേറുന്ന തായ് വിഭവങ്ങൾ നൽകുന്ന ചില പ്രധാനപ്പെട്ട റെസ്റ്റോറന്റുകളെ നിങ്ങൾക്ക് പരിചയപ്പെടുത്താം. ബാൻ കഹാനിത & ഗാല്ലറി, ബാൻ റിം പാ റെസ്റ്റോറന്റ്, ദ ഗ്രേറ്റ് ഹോൺ ബിൽ ബിസ്‌ത്രോ ഇവിടെയെല്ലാം നിങ്ങൾക്ക് ധൈര്യമായി കയറിച്ചെല്ലാവുന്നതാണ്.
നിങ്ങൾ ഹണിമൂൺ ആഘോഷിക്കുന്ന നവദമ്പതികളോ, ഒന്ന് അടിച്ചുപൊളിക്കുവാൻ ആഗ്രഹിക്കുന്ന ന്യൂജനറേഷൻ സുഹൃത്തുക്കളോ, അവധിക്കാലം ചെലവഴിക്കുന്ന ഒരു കുടുംബമോ അല്ലെങ്കിൽ ബിസിനസ്സ് മീറ്റിംഗിനായ് വന്നവരോ ആയിക്കൊള്ളട്ടെ. തായ്‌ലന്റിലെ  ക്ഷേത്രങ്ങളും ഷോപ്പിംഗ് മാളുകളും വഴിയോര കച്ചവട കേന്ദ്രങ്ങളും ബീച്ചുകളും റെസ്റ്റോറന്റുകളും കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന അക്വേറിയങ്ങളും മൃഗശാലകളും എല്ലാം ചേർന്ന് എന്നും നിങ്ങളുടെ ഓർമ്മകളിൽ സൂക്ഷിക്കുവാൻ കഴിയുന്ന ഒരു യാത്രാനുഭവം ആയിരിക്കും നിങ്ങൾക്ക് നൽകുക.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.