സെവാഗിന്റെ കരുത്തില്‍ പഞ്ചാബ്‌ കിങ്ങ്സ് ഫൈനലില്‍

സെവാഗിന്റെ കരുത്തില്‍ പഞ്ചാബ്‌ കിങ്ങ്സ് ഫൈനലില്‍

Virender-Sehwag-Kings-XI-Punjab-Sunrisers-Hyderabad-1-15
വാംഖഡെ: വീരു വീണ്ടും പഴയ വീരുവായി. അടിയുടെ പൊടിപൂരംകൊണ്ട് തീര്‍ത്ത ഇന്നിംഗ്‌സിലൂടെ കേവലം 50 പന്തില്‍ സെഞ്ചുറി തികച്ച് സെവാഗ് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സിക്‌സറുകളും ഫോറുകളും പെരുമഴയായി സെവാഗിന്റെ ബാറ്റില്‍ നിന്ന് പെയ്തിറങ്ങിയപ്പോള്‍ ഇന്ത്യന്‍ റുപ്പിയില്‍ തിലകന്റെ കഥാപാത്രത്തോട് പൃഥ്വിരാജ് ചോദിക്കുന്ന ഡയലോഗ് ആരാധകര്‍ ഓര്‍ത്തു കാണണം. എവിടെയായിരുന്നു ഇത്ര നാളുമെന്ന്.

സെവാഗിന്റെ ഇന്നിംഗ്സ് തൊട്ടടുത്തു നിന്ന് കണ്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിപോലും ഒരുപക്ഷെ അതുതന്നെയായിരിക്കും ചോദിച്ചിട്ടുണ്ടാവുക. കാരണം ബൗളര്‍മാര്‍ക്കോ ഫീല്‍ഡര്‍മാര്‍ക്കോ അര്‍ധാവസരംപോലും നല്‍കാതെയായിരുന്നു സെവാഗ് സെഞ്ചുറിയിലേക്കെത്തിയത്. 50 പന്തില്‍ പത്തു ബൗണ്ടറികളും ആറു സിക്സറുകളും ചന്തം ചാര്‍ത്തിയ ഇന്നിംഗ്സ്. സെഞ്ചുറിയിലേക്കുള്ള വഴിയില്‍ പിറന്ന ഓരോ ഷോട്ടും സെവാഗിന്റെ കൈമുദ്രയുള്ളവയായിരുന്നു. തന്നെ മെരുക്കാന്‍ ചെന്നൈ ക്യാപ്റ്റന്‍ ധോണി ഓഫ് സൈഡ് കെണിയൊരുക്കിയപ്പോള്‍ തേര്‍ഡ്മാനിനും എക്‌സ്ട്രാ കവറിനും മുകളിലൂടെ ബൗണ്ടറി പറത്തിയാണ് വീരു അതിന് മറുപടി നല്‍കിയത്. തന്റെ തുരുപ്പുചീട്ടുകളായ അശ്വിനെയും ജഡേജയെയും വീരു പറപ്പിക്കുന്നത് കണ്ട് ധോണി പോലും ഒരുവേള മൂക്കത്തു വിരല്‍വച്ചുപോയി.

കേവലം 21 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ വീരു പന്തില്‍ ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയാണ് ചെന്നൈയ്ക്കെതിരെ നേടിയത്. മുരളി വിജയിനുശേഷം ഐപിഎല്ലില്‍ രണ്ടു സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന പദവിയും സെവാഗിന്റെ പേരിലായി. മാക്സ്വെവെല്ലിന്റെയും മില്ലറുടയെും വരവോടെ പഴയപടക്കുതിരയായി മാറിയ സെവാഗ് തനിക്ക് ആ പേര് ചേരില്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തുറപ്പിച്ചിക്കുകയായിരുന്നു. സെവാഗും വോറയും തുടക്കംമുതലെ അടിച്ചുതകര്‍ത്തപ്പോള്‍ മാക്‌സ് വെല്‍ – മില്ലര്‍ വെടിക്കെട്ട് കാണാനെത്തിയ കാണികള്‍ പോലും വിചാരിച്ചത് ഇത് വെറും സാംപിള്‍ വെടിക്കെട്ടാണെന്നായിരുന്നു.

എന്നാല്‍ ഇത് സാംപിളല്ല യഥാര്‍ഥ വെടിക്കെട്ടാണെന്ന് കാണികള്‍ തിരിച്ചറിഞ്ഞപ്പോഴേക്കും വീരും സെഞ്ചുറി തികച്ചിരുന്നു. എങ്കിലും ഈ ഇന്നിംഗ്‌സ് രണ്ടു ദിവസം മുമ്പായിരുന്നെങ്കില്‍ ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിലേക്കുള്ള ടീമിലേക്ക് വീരു എത്തുമായിരുന്നുവെന്ന് കരുതുന്നവരുണ്ട്. കാരണം ഇന്ത്യന്‍ നായകന്‍ ധോണിയുടെ കണ്‍മുന്നിലായിരുന്നല്ലോ വീരു പഴയ വീരുവായത്. ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയില്ലെങ്കിലും ആ പഴയ സെവാഗിനെ കാണാനായി എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് ആശ്വസിക്കാം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.