രണ്ട് വര്‍ഷം അഴിച്ചുപണി, മൂന്ന് വര്‍ഷം കൊണ്ട് വളര്‍ച്ച

സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 5 വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി. ആദ്യ രണ്ടു വര്‍ഷങ്ങള്‍ സാമ്പത്തിക അഴിച്ചുപണികള്‍ക്കായും പിന്നീടുള്ള മൂന്ന് വര്‍ഷങ്ങള്‍ സമ്പൂര്‍ണ സാമ്പത്തിക വളര്‍ച്ചക്കായും ഉപയോഗിക്കാനാണ് ധനമന്ത്രാലയവുമായി ചേര്‍ന്ന് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.
വിദേശ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട രാജ്യത്തിന്റെ മേലുള്ള വിശ്വാസം നേടിയെടുക്കാനാണ് പ്രധാനമന്ത്രിയുടെ ആദ്യ ശ്രമം.വിദേശ നിക്ഷേപ സൗഹൃദമാക്കി ഇന്ത്യയെ മാറ്റുമെന്നായിരുന്ന നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് സമയത്തെ വാഗ്ദാനം. രാജ്യത്തെ നിക്ഷേപക സൗഹൃദമാക്കി വിദേശ നിക്ഷേപത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക , അതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, വിദേശ നിക്ഷേപക നിയമങ്ങളില്‍ ഇളവ് വരുത്തുക തുടങ്ങിയ പദ്ധതികള്‍ ആദ്യ രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കും.
മൂന്നാം വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള പദ്ധതികള്‍ തുടങ്ങും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷമുള്ള സുപ്രധാന തീരുമാനങ്ങളില്‍ നിന്നും വ്യക്തമാകുന്നതും വളര്‍ച്ചക്കുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികളാണ്. വിലപ്പെരുപ്പം കുറച്ചുകൊണ്ടുവരാനുള്ള നടപടികള്‍ക്ക് പ്രാധമിക പരിഗണന നല്‍കിയതും , പ്രതിരോധം, റെയില്‍വേ, മാധ്യമം, ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങിയ മേഖലകളില്‍ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതും വിദേശ നിക്ഷേപക നിയമങ്ങളില്‍ ഇളവ് വരുത്തിയതും ആദ്യ രണ്ടു വര്‍ഷം കൊണ്ട് സാമ്പത്തിക വളര്‍ച്ചക്കുള്ള എല്ലാ പാതകളും തുടര്‍ന്നിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു.
രണ്ട് വര്‍ഷമായി രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് രണ്ടക്കത്തില്‍ എത്തിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യം.ജൂലൈ ആദ്യ വാരം അവതരിപ്പിക്കുന്ന ജെയ്റ്റിലിയുടെ കന്നി ബജറ്റില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടും.

