ഒരു ഷര്‍ട്ടിന്റെ വില 1.30 കോടി രൂപ

ഒരു ഷര്‍ട്ടിന്റെ വില 1.30 കോടി രൂപ

മുംബൈ: ഒരു ഷര്‍ട്ടിന്റെ വില 1.30 കോടി രൂപ.നാലു കിലോ തൂക്കം വരുന്ന പൂര്‍ണ്ണമായും പത്തരമാറ്റ്‌ തങ്കത്തില്‍ തീര്‍ത്ത ഷര്‍ട്ട്. ബോളിവുഡ് താരങ്ങളോ ഹോളിവുഡ് താരങ്ങളോ ഒന്നുമല്ല ഈ ഷര്‍ട്ടണിയാന്‍ പോകുന്ന ഭാഗ്യവാന്‍. മുംബൈയിലെ തുണിവ്യവസായിയായ പങ്കജ് പരഖാണ് തന്റെ ജന്‍മദിനത്തില്‍ അണിയാന്‍ സ്വര്‍ണത്തില്‍ തീര്‍ത്ത ഷര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഷര്‍ട്ടില്‍ ഉപയോഗിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ തൂക്കമനുസരിച്ച് 1.30 കോടി രൂപയാണ് ഷര്‍ട്ടിന്റെ വില കണക്കാക്കിയിരിക്കുന്നത്.

ഷര്‍ട്ടിന്റെ ഏഴ്‌ ബട്ടനുകളും സ്വര്‍ണം കൊണ്ട് തീര്‍ത്തവയാണ്‌. സ്‌കൂളില്‍ വെച്ച്‌ തന്നെ പഠനം അവസാനിപ്പിച്ച്‌ ബിസിനസിലേക്ക്‌ തിരിഞ്ഞ പങ്കജിനായി വസ്‌ത്രം ഡിസൈന്‍ ചെയ്‌ത് നല്‍കിയത്‌ നാസികിലെ ബാഫ്‌നാ ജ്വല്ലേഴ്‌സാണ്‌. മുംബൈയിലെ പാരെലില്‍ ഉള്ള ശാന്തി ജ്വല്ലേഴ്‌സിലെ 20 തെരഞ്ഞെടുക്കപ്പെട്ട പണിക്കാര്‍ രണ്ടു മാസം കൊണ്ടായിരുന്നു സ്വര്‍ണ ഷര്‍ട്ട്‌ തുന്നിയെടുത്തത്‌. സാധാരണ ഷര്‍ട്ടുപോലെ മടക്കാനും കഴുകാനും ഉണക്കാനുമെല്ലാം കഴിയുന്നതാണ് സ്വര്‍ണ ഷര്‍ട്ട്. വെള്ളിയാഴ്‌ച നടക്കുന്ന തന്റെ 45 ാം ജന്മദിനത്തില്‍ അണിയാനായിട്ടാണ്‌ പങ്കജ്‌ ഈ വസ്‌ത്രം പണിയിച്ചത്‌. മഹാരാഷ്‌ട്ര ടൂറിസം മന്ത്രി ചഗന്‍ ഭുജ്‌ബാല്‍ ഉള്‍പ്പെടെ രാഷ്‌ട്രീയത്തിലെയും വിനോദമേഖലയിലെയും ഉന്നതര്‍ പങ്കജിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കും.

ഷര്‍ട്ടുമിട്ട്‌ വെറുതേ ആഘോഷത്തില്‍ പങ്കെടുക്കല്‍ മാത്രമല്ല പങ്കജിന്റെ ഉദ്ദേശം. അതിലൂടെ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോഡ്‌സിലും ഗിന്നസ്‌ റെക്കോഡിലും പ്രവേശിക്കുക എന്നതുകൂടിയാണ്‌. 18-22 കാരറ്റ്‌ തങ്കം ഉപയോഗിച്ചാണ്‌ ഷര്‍ട്ട്‌ നിര്‍മ്മിച്ചതെന്നും മറ്റൊരു ലോഹവും ഇതിലില്ലെന്നും പങ്കജ്‌ പറഞ്ഞു. കഴിഞ്ഞ വര്‍ഷം 1.27 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണ ഷര്‍ട്ട്‌ ധരിച്ച്‌ ലോകറെക്കോഡ്‌ ഇട്ട പിമ്പ്രി ചിഞ്ചുവാഡിലെ ദത്താ ഫുഗേയെ മറികടക്കുകയാണ്‌ പങ്കജിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം സിദ്ധി വിനായക ക്ഷേത്രത്തില്‍ പങ്കജ്‌ ഷര്‍ട്ടുമിട്ട്‌ ഫോട്ടോയ്‌ക്കായി പോസ്‌ ചെയ്‌തിരുന്നു. പങ്കജിന്റെ സ്വര്‍ണ ഭ്രമം കല്യാണ നാള്‍ മുതല്‍ തന്നെ പ്രശസ്തമാണെന്ന് തദ്ദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു. പങ്കജിന്റെ കല്യാണത്തിന് വധുവണിഞ്ഞിരുന്നത് അഞ്ചോ ആറോ പവന്‍ ആഭരണം മാത്രമായിരുന്നുവെങ്കില്‍ പങ്കജ് അണിഞ്ഞത് മൂന്ന് കിലോയോളം സ്വര്‍ണമാണ്. – shirt1-fwvCe

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.