സൗന്ദര്യം തുളുമ്പുന്ന നഗരം – ബ്യൂണസ് എയ്ർസ്

സൗന്ദര്യം തുളുമ്പുന്ന നഗരം – ബ്യൂണസ് എയ്ർസ്

യാത്ര – ഡെനീഷ സഹദേവൻ
buenos-aires

ഫുട്‌ബോൾ ലോകകപ്പ് ആവേശത്തോടെ എത്തുമ്പോൾ എന്റെ മനസ്സിൽ ആദ്യം എത്തുന്നത് നമ്മുടെ മറഡോണയുടെ അർജന്റീനയാണ്. ഫുട്‌ബോളിനെ നെഞ്ചിലേറ്റിയിരിക്കുന്ന ഈ നാട്ടിൽ ഒട്ടനവധി കാഴ്ചകൾ വിനോദങ്ങൾ യാത്രികർക്കായി ഒരുക്കിയിട്ടുണ്ട്. സഞ്ചാരികൾ ഏറ്റവും കൂടുതലായി എത്തിച്ചേരുന്നത് തലസ്ഥാന നഗരമായ ബ്യൂണസ് എയ്ർസിലാണ്.

യൂറോപ്പിന്റെ പാരമ്പര്യം വിളിച്ചോതുന്ന മനോഹരമായ കെട്ടിടങ്ങളും, മിനുസമുള്ള കല്ല് പാകിയ നിരത്തുകളും, സ്തൂപങ്ങളും, സ്മാരകങ്ങളും, കടകളും അണി നിരക്കുന്നതാണ് ബ്യൂണസ് എയ്ർസ്. കലാസാംസ്‌കാരിക അരങ്ങുകളാൽ നിറഞ്ഞ ഈ നഗരത്തിൽ രാത്രി ജീവിതം അവസാനിക്കുന്നില്ല. ശരി, നിങ്ങളുടെ യാത്ര പിൻക് ഹൗസ് എന്നറിയപ്പെടുന്ന കാസ റൊസാഡയിൽ നിന്ന് തന്നെയാവട്ടെ. ഇത് ദൊമിൻകോ സർമിയെൻതോയുടെ പ്രസിഡൻഷ്യൽ കാലത്ത് നിർമ്മിച്ച പ്രസിഡൻഷ്യൽ പാലസ് ആണ്. ഇവിടെ പ്രസിഡന്റിന്റെ ഓഫീസ് കാര്യാലയമാണ് പ്രവർത്തിക്കുന്നത്. ഈ കൊട്ടാരത്തിന്റെ പിൻക് നിറത്തെക്കുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായമുണ്ട്. ഒന്ന്, 1868 74 തന്റെ ഭരണകാലത്ത് ദൊമിൻകോ രാജ്യത്ത് സമാധാനം പുലർത്തുന്നതിന്റെ സൂചകമായി ഇടതുപക്ഷ ഫെഡറലിസ്റ്റുകളെ ചുവപ്പിൻമേൽ സമാധാനത്തിന്റെ വെള്ള പൂശിയതാണെന്ന് ചിലർ പറയുന്നു. മറ്റൊന്ന് 19-)ഠ നൂറ്റാണ്ടിൽ കന്നുകാലികളുടെ ചോര ഉപയോഗിച്ച് കെട്ടിടങ്ങളിൽ ചായം പൂശുന്ന പതിവ് ഉണ്ടായിരുന്നു.. ചോരയുടെ ചുവപ്പ് കാലക്രമേണ മങ്ങി പിങ്ക് നിറമാകാറുണ്ട്. പ്രസിഡന്റിന്റെ വാസസ്ഥലം ഇവിടെ നിന്നും അല്പം ദൂരെ ഒലിവിയോ പ്രദേശത്താണ്. അർജന്റീനയിലെ വിശ്വപ്രസിദ്ധമായ ആർട്ട് മ്യൂസിയമാണ് ‘മ്യൂസിയോ നാസിയൊനാൽ ദ് ബെല്ലാസ് ആർതെസ്’. പ്രശസ്തരായ ബെനിറ്റോ ക്വിൻകേല മാർട്ടിൻ, സൾസോളാർ, എഡ് വേർഡോ സിവേരി എന്നിവരുടെയും 19 – 20 നൂറ്റാണ്ടുകളിലെ പ്രശസ്ത കലാകാര•ാരുടെയും സൃഷ്ടികൾ ഇവിടെ സൂക്ഷിച്ചിരിക്കുന്നു. അതുപോലെ യൂറോപിലെ പ്രശസ്തരായ പിക്കാസോ, തുലൊസ് – ലൗത്രെക്, വാൻഗോഫ് എന്നിവരുടെയും കലാസൃഷ്ടികൾ നിങ്ങൾക്കിവിടെ കാണാം. മുൻകൂട്ടി ആവശ്യപ്പെട്ടാൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡിനെയും നിങ്ങൾക്ക് ലഭിക്കുന്നതാണ്.

ഞായറാഴ്ചകളിൽ ഫെറിയദ് സാൻതെൽമോയുടെ വീഥിയിലൂടെ നടക്കുമ്പോൾ നിങ്ങൾക്ക് കരകൗശല വസ്തുക്കൾ, പൗരാണിക ആഭരണ ശാലകൾ ഇവ കാണാം. തെരുവുകളിൽ മനോഹരമായ സംഗീതം ഒരുക്കുന്ന കലാകാര•ാരെയും കാണാം. സ്ത്രീകളെ ആകർഷിക്കുന്ന ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങൾ ലുഗാർ എൻ എൽ മുന്തോ നിരത്തിൽ ലഭ്യമാണ്. വളരെ വ്യത്യസ്തമായ ഡിസൈനുകളിലെ വസ്ത്രങ്ങളും, ആഭരണങ്ങളും വിനൈൽ റെട്രോ ബാഗുകളും ഇവിടെ ലഭിക്കും. അതുപോലെ ഫ്‌ളോറൽ പെയ്ന്റിംഗുകളും സിൽക്കി എഡ്ജിംഗും ഉള്ള ‘റൊമാന്റിക്’ വസ്ത്രങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.

നഗരത്തിൽ നിന്നും വിവിധ ഏജൻസികൾ ടൂർ സംഘടിപ്പിക്കുന്നുണ്ട്. നഗരകാഴ്ചകൾ കാണുന്നതിന് ഏറ്റവും ചുരുങ്ങിയത് 3 മണിക്കൂർ സമയം മതിയാകും. ഏജൻസികൾ നിങ്ങളെ പ്ലാസദമയോ, കാൻ റൊസാദ, തിയെത്രോ കോളൽ, പ്ലാസദല റിപ്പബ്ലിക്, സാൻ തെൽമോ, ലബൊക പാലെർമേ വുഡ്‌സ്, റെകോലെത്ത എന്നീ സ്ഥലങ്ങളിലൂടെയായിരിക്കും കൊണ്ടു പോകുന്നത്.

രാത്രികളിൽ നല്ല ഭക്ഷണവും നൃത്തവും വിനോദങ്ങളും ഇഷ്ടപ്പെടുന്നവർക്ക് സാൻ തെൽമോ പ്രവിശ്യയിലെ എൽക്ക്വറാൻതിയിൽ രാത്രി ഭക്ഷണം ആസ്വദിക്കാം. ഇവിടെ അർജന്റീനയുടെ തനത് രുചിയുള്ള ഭക്ഷണവും വീഞ്ഞും ലഭിക്കും. ഭക്ഷണത്തിന് ശേഷം മനോഹരമായ കലാവിരുന്നും. രാത്രി 10.45 ന് കൃത്യം പരിപാടി തുടങ്ങും. നിങ്ങളെ 1860 ലെ ടാൻഗോ, ബ്യൂണസ് എയ്ർസിന്റെ നഗര കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന അനുഭവം ഈ പരിപാടിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്പാനിഷ് വിഭവങ്ങൾ കൂടി ലഭ്യമാകുന്ന ഒരു പ്രധാന സ്ഥലമാണ് ഹെർനാൻ ഗിപ്പോണി റെസ്റ്റോറന്റ്.

കുട്ടികൾക്ക് വളരെയേറെ ഇഷ്ടപ്പെടുന്നതാണ് ഷാർദിൻ സൂളോജിക്കോ എന്ന മൃഗശാല. ഇവിടെ 350 ൽ അധികം വ്യത്യസ്ത ജീവി വിഭാഗങ്ങൾ ഉണ്ട്. വരാന്ത്യങ്ങളിലാണ് ഇവിടെ ഏറ്റവും അധികം ജനത്തിരക്ക് ഉണ്ടാകുക. വലിയ ഒരു അക്വാറിയവും ഇതിനകത്ത് തന്നെയുണ്ട്. അതുപോലെ കുട്ടികൾക്കായുള്ള മറ്റൊരു മ്യൂസിയമാണ് മെർക്കാദോ ദ അബാസ്റ്റോ. ഇവിടെ ചെറിയ അമ്യസ്‌മെന്റ് പാർക്കും വീഡിയോ ഗെയിമുകളും കുട്ടികൾക്ക് ആസ്വദിക്കാം.

നഗരത്തിലെ ഏറ്റവും പ്രധാന ഷോപ്പിംഗ് സെന്ററാണ് അബാസ്റ്റോ. ഇരുന്നൂറിൽ അധികം കടകളും സിനിമാ തീയറ്ററും വലിയ ഭക്ഷണശാലയും ഇവിടെയുണ്ട്. അബാസ്റ്റോ പ്രദേശം ഒരിക്കൽ റ്റാൻഗോ ലെജൻഡ് എന്നറിയപ്പെടുന്ന കാർലോസ് ഗാർഡെലിന്റെ താവളമായിരുന്നു.

വിനോദ സഞ്ചാരികളെ വളരെ സ്‌നേഹപൂർവ്വം സ്വീകരിക്കുന്നവരാണ് ഈ നാട്ടുകാർ. നഗരത്തിന്റെ ചരിത്രവും, വർത്തമാനവും നിങ്ങൾക്ക് അറിയുവാൻ കഴിയും. ഈ നഗരത്തിൽ ആയിരിക്കുമ്പോൾ നിങ്ങൾ, അറിയാതെ തന്നെ സ്പാനിഷ് ഭാഷയെ പ്രണയിച്ചുപോകും എന്നുറപ്പാണ്. ഒരു പക്ഷേ തീരുമാനിച്ചിരുന്നതിനേക്കാൾ ഒരുപക്ഷേ കൂടുതൽ ദിവസം നിങ്ങളിവിടെ കഴിയുവാനും സാധ്യതയുണ്ട്. കാരണം അത്രയും വശ്യസുന്ദരമാണ് ഈ നഗരവും നാഗരികതയും.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.