മെഡിമിക്‌സ് സമൂഹത്തിനോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നു : ഡോ.എ.വി. അനൂപ്

മെഡിമിക്‌സ് സമൂഹത്തിനോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നു : ഡോ.എ.വി. അനൂപ്

dravaanoopsfamily

മെഡിമിക്‌സ് സമൂഹത്തിനോടുള്ള
ഉത്തരവാദിത്വം നിറവേറ്റുന്നു : ഡോ.എ.വി. അനൂപ്

ഡോ.എ.വി. അനൂപ് ഒരു ബഹുമുഖപ്രതിഭയാണ്. വ്യവസായപ്രമുഖന്‍, പ്രോപ്പര്‍ട്ടി ഡവലപ്പര്‍, സിനിമാനിര്‍മ്മാതാവ്, സാമൂഹ്യപ്രവര്‍ത്തകന്‍, സംഘാടകന്‍, അമേച്വര്‍ നാടകകലാകാരന്‍ തുടങ്ങി അനൂപിന്റെ ലോകം വലുതാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന കുളിക്കാനുള്ള ആയുര്‍വേദ സോപ്പായ ‘മെഡിമിക്‌സി’ന്റെ ഉല്പാദകരായ എവിഎ ചോലയില്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ കൂടിയാണ് അദ്ദേഹം. ഏറ്റവുമൊടുവില്‍ ലോകമെമ്പാടുമുള്ള ശ്രീനാരണീയരുമായി ചേര്‍ന്ന് ആരംഭിച്ച ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂ’് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന പേരില്‍ ഒരു മെഡിക്കല്‍ കോളെജ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് സ്ഥാപിച്ചുകഴിഞ്ഞു. ഈ കോളെജിന്റെ പ്രസിഡന്റ് കൂടിയാണ് ഡോ.അനൂപ്.

സോപ്പ്, മരുന്ന്, സൗന്ദര്യവര്‍ധകവസ്തുക്കള്‍, ഭക്ഷ്യവസ്തൂക്കള്‍ എന്നിങ്ങനെ വിവിധ വ്യവസായങ്ങളിലായി ഏകദേശം 31വര്‍ഷത്തെ അനുഭവപരിചയമുണ്ട്. ഐഡബ്ല്യുസിസി (ഇന്ത്യന്‍ വേള്‍ഡ്‌വൈഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ്)യുടെ ചെയര്‍മാനാണ് ഇദ്ദേഹം. ജീവിതത്തില്‍ ഉയര്‍ച്ചകളും താഴ്ചകളും കണ്ടിട്ടുള്ള അദ്ദേഹത്തിന് കഷ്ടകാലങ്ങള്‍ മുറിച്ച് കടക്കാന്‍ അസാമാന്യകഴിവുകള്‍ ഉണ്ട്.

ഉള്‍ക്കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു അദ്ദേഹവുമായുളള ഈ സംഭാഷണം. വിജയം കൊയ്യാനുള്ള മനോഭാവം, മനസ്സില്‍ കുറിച്ചിട്ട ലക്ഷ്യങ്ങള്‍ കൈപ്പിടിയിലൊതുക്കാനുള്ള ആസൂത്രിതമായ ചുവടുവയ്പുകള്‍, അതിനായി ഫലപ്രദമായി റിസ്‌ക് എടുക്കാനുള്ള മനസ്സ്, തന്ത്രപരമായ ആസൂത്രണത്തിലൂടെ വളര്‍ച്ച നേടുക, പടിപടിയായി ലക്ഷ്യത്തിലേക്ക് എത്തുക. അദ്ദേഹം കാര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ അനായാസമായി ചെയ്യുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നും. ആഴത്തിലുള്ള അനുഭവങ്ങള്‍, വിനയം, ആരെയും സ്വീകരിക്കാനുള്ള ഹൃദയം…അതെ, അനൂപ് ഇക്കാര്യങ്ങളിലെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്നു. ആരെയും ആകര്‍ഷിക്കുന്ന ഈ വിസ്മയിപ്പിക്കുന്ന വ്യക്തിത്വത്തിലേക്ക് ഒരു എത്തിനോട്ടം:

താങ്കളുടെ ജീവിതയാത്രയുടെ തുടക്കത്തെക്കുറിച്ച്…

തൃശൂരിലാണ് എന്റെ ജനനം. കേരള ഫിഷറീസില്‍ ഡയറക്ടറായിരുന്നു എന്റെ അച്ഛന്‍. തിരുവനന്തപുരത്ത് രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ എനിക്കെന്റെ അച്ഛനെ നഷ്ടമായി. അച്ഛന്‍ മരിച്ച സാഹചര്യത്തില്‍, വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ എനിക്ക് ടാക്‌സി വരെ ഓടിക്കേണ്ടി വന്നിട്ടുണ്ട്. കുട്ടിക്കാലം മുതലേ എനിക്ക് വാഹനങ്ങളോട് പ്രത്യേക കമ്പം കൂടിയുണ്ടായിരുന്നു..അങ്ങിനെയാണ് ഞാന്‍ ട്രാവല്‍ ബിസിനസ്സിലേക്ക് തിരിഞ്ഞത്. ദിവസവും കുറഞ്ഞത് 10 ഓളം ബുക്കിംഗുകളെങ്കിലും ലഭിച്ച് അതിവേഗത്തിലുള്ള എന്റെ ബിസിനസ്സ് വളര്‍ച്ച നേടി.

dravaanoopsfamily

ava-photo3b
എന്റെ അമ്മാവനായ ഡോ.സിദ്ധനായിരുന്നു മെഡിമിക്‌സ് ആരംഭിച്ചത്. റെയില്‍വേയില്‍ ഡോക്ടറായിരുന്നു അദ്ദേഹം. പിന്നീട് 1982ല്‍, ഒരു സമരം പൊട്ടിപ്പുറപ്പെടുകയും ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാതെ ചെന്നൈയിലെ മെഡിമിക്‌സ് ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. സമരത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവനുതന്നെ ഭീഷണിയുണ്ടായിരുന്നു. അതുകൊണ്ട് താല്‍ക്കാലികമായി എന്റെ സ്ഥലത്തേക്ക് അദ്ദേഹം താമസം മാറ്റി. തിരുവനന്തപുരത്ത് ട്രാവല്‍ ബിസിനസ്സ് ഞാന്‍ വിജയകരമായി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായ ഡോ.സിദ്ധന്‍ പ്രതിസന്ധിയിലായിരുന്ന മെഡിമിക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നോട് ഏറ്റെടുത്ത് നടത്താന്‍ ആവശ്യപ്പെട്ടു. എന്റെ അച്ഛന്‍ സര്‍വ്വീസിലിരിക്കെ മരിച്ചതിനാല്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗം എന്നെ കാത്തിരിക്കുന്ന സമയമായിരുന്നു. അത് ജീവിതത്തിലെ വലിയൊരു വെല്ലുവിളിയായി. ഒരു വശത്ത് ഉറപ്പായ സര്‍ക്കാര്‍ ജോലി. മറുവശത്ത് മെഡിമിക്‌സ് കമ്പനിയുടെ ഭരണസാരഥ്യം ഏറ്റെടുക്കുകയെന്ന റിസ്‌ക്.

ആദ്യനാളുകളില്‍ ഞാന്‍ വല്ലാതെ ആശയക്കുഴപ്പത്തിലായി. ബിസിനസ്സ് രംഗത്തെ പരിചയക്കുറവും എനിക്ക് പ്രശ്‌നമായി. പക്ഷെ ഈ വലിയ വെല്ലുവിളി ഏറ്റെടുക്കുക എന്നത് എന്റെ വിധിയായിരുന്നു. അസാധ്യമെന്ന് തോന്നുന്ന കാര്യം സാധ്യമാക്കാമെന്ന് ലോകത്തെ തെളിയിക്കുക എന്ന വിധി. എന്റെ അമ്മാവന്‍ ആ വര്‍ഷം തന്നെ ചെന്നൈയുടെ പുറത്തേക്ക് സ്ഥലം മാറ്റപ്പെട്ടു. ഒരു വര്‍ഷത്തിന് ശേഷം എന്റെ അമ്മാവന്റെ മകനും എന്റെ കമ്പനിയില്‍ ചേര്‍ന്നു. ഞങ്ങള്‍ രണ്ടുപേരും കഠിനപ്രയത്‌നത്തിലൂടെ ഇന്ന് കാണുന്ന സ്ഥിതിയിലേക്ക് മെഡിമിക്‌സ് എന്ന സാമ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു. നിങ്ങള്‍ ചെയ്യുന്ന കാര്യം നിങ്ങള്‍ക്ക് സന്തോഷം നല്കുന്നില്ലെങ്കില്‍ അത് നിങ്ങളുടെ ബിസിനസ്സിന്റെ വിജയത്തില്‍ പ്രതിഫലിക്കും. ഞാന്‍ ചെയ്യുന്ന കാര്യത്തില്‍ വളരെയധികം ആനന്ദം കണ്ടെത്തിയിരുന്നു- എവിഎ ചോലയില്‍ ഗ്രൂപ്പിലായാലും നാടകത്തിലായാലും.

കമ്പനിയുടെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയിലേക്കുള്ള യാത്രയെക്കുറിച്ച്…

മെഡിമിക്‌സ് കൈകൊണ്ട് ഉണ്ടാക്കുന്ന സോപ്പായിരുന്നു. ഒരു വര്‍ഷം 10 കോടി സോപ്പ് ബാറുകള്‍ നിര്‍മ്മിക്കുന്നതിന് ഇലക്ട്രിക് യന്ത്രങ്ങള്‍ ഒന്ന്ും ഉപയോഗിച്ചിരുന്നില്ല. മികച്ച ഗുണനിലവാരത്തോടെ കൈകൊണ്ട് ഇത്രയ്ക്കധികം സോപ്പുകള്‍ ഉണ്ടാക്കുകയെന്നത് തികച്ചും സവിശേഷമായ ഒരു മാതൃകയായിരുന്നു. ലളിതമായ ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ഈ സോപ്പുനിര്‍മ്മാണം മനുഷ്യരുടെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു. ഞാന്‍ കമ്പനിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതിന്റെ ആദ്യവര്‍ഷം ഒരു തൊഴിലാളി 4000 സോപ്പുകള്‍ അയാളുടെ എട്ടു മണിക്കൂര്‍ നീണ്ട ഷിഫ്റ്റിനുള്ളില്‍ നിര്‍മ്മിച്ചിരുന്നു. ഏറ്റവും മികച്ച തൊഴിലാളിയെന്ന നിലയ്ക്ക് ഞങ്ങള്‍ അദ്ദേഹത്തിന് സമ്മാനങ്ങള്‍ നല്കിയിരുന്നു. എന്നാല്‍ ഇന്ന് ഒരാള്‍ 15,000 സോപ്പുകള്‍ ഉണ്ടാക്കിയാലും ഞങ്ങള്‍ക്ക് അത്ഭുതമില്ല. കാരണം ഇത്രയും സമയത്തിനുള്ളില്‍, തുടക്കത്തിലുണ്ടായിരുന്ന ലളിതമായ നിര്‍മ്മാണസംവിധാനങ്ങള്‍ക്ക് പകരം ഞങ്ങള്‍ ഉല്പാദനസംവിധാനത്തിലും നിര്‍മ്മാണപ്രക്രിയകളിലും സാങ്കേതികമായി ഒട്ടേറെ മുന്നേറിയിരുന്നു. സോപ്പുനിര്‍മ്മാണ വ്യവസായത്തില്‍ ഉല്പാദനം എങ്ങിനെ വര്‍ധിപ്പിക്കാമെന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ വെല്ലുവിളി. മാറുന്ന ലോകത്തിനനുസരിച്ച് ഞങ്ങളും മാറി. ഏറ്റവും ഒടുവില്‍ ഞങ്ങള്‍ പുറത്തിറക്കിയത് ഫേസ് വാഷ് ആണ്. നിങ്ങള്‍ ബിസിനസ്സില്‍ ചെയ്യുന്നതെന്തും ഉപഭോക്താവിനെ ലക്ഷ്യം വച്ചുള്ളതായിരിക്കണം. എവിഎ ചോലയില്‍ ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍, ഞങ്ങള്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്നത് ഞങ്ങളുടെ ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ യഥാര്‍ത്ഥ ആവശ്യമാണ്.

കമ്പനി കഴിഞ്ഞ ദശകത്തിനുള്ളില്‍ അഭൂതപൂര്‍വ്വമായി വളര്‍ച്ച നേടുമ്പോഴും ഞങ്ങള്‍ വിജയലക്ഷ്യത്തിനായി പ്രാദേശികമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അങ്ങിനെയാണ് ദക്ഷിണേന്ത്യയിലെ വിപണി ഞാന്‍ കൈകാര്യം ചെയ്യാന്‍ തുടങ്ങിയത്. ഞങ്ങള്‍ക്കിവിടെ 600ല്‍പ്പരം തൊഴിലാളികളുണ്ട്. ചെന്നൈ, പോണ്ടിച്ചേരി, വില്ലുപുരം, ബാംഗ്ലൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ഞങ്ങള്‍ക്ക് ഫാക്ടറിയുണ്ട്. അതുവഴി മെഡിമിക്‌സ് സമൂഹത്തിനോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നു. അതുകൊണ്ട് ജീവിതമാര്‍ഗ്ഗത്തിന് അത്യാവശ്യമുള്ള ഗ്രാമങ്ങളെ കണ്ടെത്തിയാണ് ഞങ്ങള്‍ മുന്നേറുന്നത്. ഞങ്ങളുടെ തൊഴിലാളികള്‍ അവരുടെ ഔദ്യോഗികജീവിത കാലം മുഴുവനായി ഞങ്ങളോടൊപ്പം നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ ഫാക്ടറിയില്‍ നിന്ന് ഒരു ശതമാനം പോലും തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കില്ല. ദക്ഷിണേന്ത്യയിലെ ഞങ്ങളുടെ മാര്‍ക്കറ്റിംഗ് ജീവനക്കാര്‍ സന്തോഷത്തോടെ ഏറെക്കാലമായി ഞങ്ങളോട് സഹകരിച്ചു നീങ്ങുന്നു. വിവാഹശേഷവും ഫാക്ടറിയി്ല്‍ ജോലിക്ക് വരുന്ന സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്ക•ാര്‍ക്കൊപ്പം ഫാക്ടറിക്കടുത്ത് സ്ഥിരതാമസമാക്കുന്ന പ്രവണത കാണുമ്പോള്‍ അതിശയം തോന്നാറുണ്ട്. ഞങ്ങളുടെ തൊഴിലാളികളില്‍ 85% പേരും സ്ത്രീതൊഴിലാളികളാണ്.

ജീവനക്കാരെ അങ്ങേയറ്റം മെച്ചപ്പെട്ട പ്രകടനം നടത്താന്‍ പ്രചോദനം നല്കുന്നതിനുള്ള പരിശീലനം ഞ്ങ്ങള്‍ നല്‍കുന്നു. അവര്‍ ശരാശരി മാസത്തില്‍ 18,000 രൂപ ശമ്പളം പറ്റുന്നവരാണ്. അവരുടെ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുക എന്നത് എന്റെ മുന്‍ഗണനയാണ്. ഇവരില്‍ ഭൂരിഭാഗവും സിഎക്കാരാകാനും ഡോക്ടര്‍മാരാകാനും എഞ്ചിനീയര്‍മാരാകാനും വേണ്ടിയുള്ള പ്രൊഫഷണല്‍ വിദ്യാഭ്യാസം പിന്തുടരുകയാണ്. പക്ഷെ വിദഗ്ധത്തൊഴിലാളികളെ ആവശ്യമായ തോതില്‍ ലഭിക്കാതെ വന്നാല്‍ ഭാവിയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും യന്ത്രവല്ക്കരിക്കാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല.

നിങ്ങള്‍ ഏര്‍പ്പെടുന്ന സാമൂഹ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച്…

നാടകം എന്റെ വലിയ ആവേശമാണ്. കോളെജ് ദിനങ്ങളില്‍ ഞാന്‍ നാടകങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. ചെന്നൈയിലേക്ക് മാറിയപ്പോഴും ഞാന്‍ നാടകത്തില്‍ പങ്കെടുത്തിരുന്നു. അതിന്റെ പേരില്‍ അവിടെ അറിയപ്പെടുകയും ചെയ്തു. അതുവഴിയാണ് ഞാന്‍ മലയാളി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. മലയാളി ക്ലബ്ബ്
ഒരു മലയാളി കൂട്ടായ്മയാണ്. ലോകത്ത് ആദ്യമായാണ് ഒരു മലയാളി കൂട്ടായ്മ അതിന്റെ നൂറുവര്‍ഷം ആഘോഷിച്ചത്. മലയാളി ക്ലബ്ബ് വഴി ഒട്ടേറെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്തു. മൂവാറ്റുപുഴയിലെ മണ്ണത്തൂരില്‍ ‘ജ്യോതിര്‍ഗമയ’ എന്ന പരിപാടി നടപ്പാക്കി. ഇതുവഴി മൂന്നു ലക്ഷം പേര്‍ക്ക് ചികിത്സ നല്കി. നിരവധി പേര്‍ക്ക് നഷ്ടപ്പെട്ട കാഴ്ച തിരിച്ചു കിട്ടി. 29 പഞ്ചായത്തുകള്‍ രാഷ്ട്രീയപരമായ, മതപരമായ വ്യത്യാസങ്ങള്‍ മറന്ന് ഇതിനായി കൈകോര്‍ത്തു. ഈ മുന്‍കൈ ഇപ്പോഴും ഒരു ലോകറെക്കോഡാണ്. ഞാന്‍ ലോക മലയാളി കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോഴാണ് ശിശുക്കള്‍ക്കായുള്ള ഹൃദയശസ്ത്രക്രിയയുടെ സങ്കീര്‍ണ്ണതകള്‍ മനസ്സിലാക്കിയത്. മദ്രാസ് മെഡിക്കല്‍ മിഷനുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിന്നുള്ള കുട്ടുകള്‍ക്ക് ഹൃദയശസ്ത്രക്രിയ നല്കാന്‍ ഞങ്ങള്‍ ഒരു പരിപാടി ആസൂത്രണം ചെയ്തു. തുടക്കത്തില്‍ 50 കുട്ടികളെ സഹായിക്കാനായിരുന്നു തീരുമാനം. ഇപ്പോള്‍ ഞങ്ങള്‍ വിജയകരമായി ഏകദേശം 164 കുട്ടികള്‍ക്ക് സൗജന്യഹൃദയശസ്ത്രക്രിയ നല്കിക്കഴിഞ്ഞു.

അതുപോലെ ഞങ്ങള്‍ ലോക മലയാളി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സുനാമിയില്‍ തകര്‍ന്ന മനുഷ്യര്‍ക്ക് സഹായം ചെയ്തു. വ്യക്തിപരമായി നൂറുകണക്കിന് കുട്ട ികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്കിക്കൊണ്ടേയിരിക്കുന്നു.. സാമൂഹ്യ ഉത്തരവാദിത്വം എന്ന നിലയ്ക്കല്ല ഇതൊന്നും ചെയ്തത്. അവരെ സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരിക എന്ന സത്യസന്ധമായ ഉദ്ദേശമായിരുന്നു ഇതിന് പിന്നില്‍. രണ്ട് മെഡിക്കല്‍ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ അസോസിയേഷനിലെ ഗ്രൂപ്പ് വൈസ് പ്രസിഡന്റാണ് ഞാന്‍. ഇതിന്റെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളെജിന്റെ ചെയര്‍മാനും ദന്തല്‍ കോളെജിന്റെ വൈസ് ചെയര്‍മാനും ആണ് ഞാന്‍. ഏകദേശം 10 സ്ഥാപനങ്ങള്‍ ഇതിന് കീഴിലുണ്ട്. ഏറ്റവുമൊടുവില്‍ ലോകമെമ്പാടുമുള്ള ശ്രീനാരണീയരുമായി ചേര്‍ന്ന് ശ്രീനാരായണ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന പേരില്‍ കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തിനടുത്ത് ഒരു മെഡിക്കല്‍ കോളെജ് സ്ഥാപിച്ചു. ഞാന്‍ അതിന്റെ പ്രസിഡന്റാണ്. ഇപ്പോള്‍ ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റാണ് ഈ മെഡിക്കല്‍ കോളെജ് നടത്തുന്നത്. ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം ഗുരുദേവന്റെ പേരില്‍ ഒരു മെഡിക്കല്‍ കോളെജ് തുടങ്ങുക എന്നതായിരുന്നു. ഞങ്ങള്‍ എല്ലാവരും ഗുരുദേവനെ ആരാധിക്കുന്നവരാണ്. ഇവിടെ നിന്നും പാസായി പുറത്തിറങ്ങിയ ആദ്യബാച്ച് മികച്ച റിസള്‍ട്ടാണ് നേടിയത്. യൂണിവേഴ്‌സിറ്റി തലത്തില്‍ തന്നെ ഫസ്റ്റ് റാങ്ക് ഞങ്ങളുടെ കോളെജിലെ വിദ്യാര്‍ത്ഥിനിക്കായിരുന്നു. ഏതൊരു ബിസിനസ്സുകാരനും മോഹിക്കുന്ന ഏറ്റവും വിലമതിക്കുന്ന സ്വത്താണ് സല്‍കീര്‍ത്തിയെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എങ്ങിനെയാണ് താങ്കള്‍ക്ക് കലയോടും നാടകങ്ങളോടും ഇത്രയ്ക്ക് ആവേശം ഉണ്ടായത്…

കല എപ്പോഴും ജീവിതത്തിനും ബിസിനസ്സിനും വിജയസാഹചര്യമൊരുക്കുന്നു. ആവേശപൂര്‍ണ്ണമായ ഭാവിജീവിത്തില്‍ പ്രതീക്ഷയും സ്വാസ്ഥ്യവും നല്കാന്‍ കല സഹായിക്കുന്നു. ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ, കുട്ടിക്കാലം മുതലേ ഞാന്‍ നാടകത്തോട് ആവേശം സൂക്ഷിച്ചിരുന്നു. ഒരു സംഭവം ഞാന്‍ ഇപ്പോഴും വ്യക്തമായി ഓര്‍മ്മിക്കുന്നു. ഒരിക്കല്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഡയറക്ടറായ കോന്നിയൂര്‍ നരേന്ദ്രനാഥ് എന്റെ അഭിനയം കണ്ട് സ്‌റ്റേജിലേക്ക് കയറിവന്ന് എന്നെ മാലയണിയിച്ചുകൊണ്ട് പറഞ്ഞു: ‘ നീ ഒരു നല്ല നടനാണ്’. ്’ അത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അതിന് ശേഷം എല്ലാവര്‍ഷവും ഞാന്‍ നാടകത്തില്‍ ഉഷാറായി അഭിനയിച്ചു. ഈവര്‍ഷത്തെ സംഗീതനാടക അക്കാദമിയുടെ പ്രവാസി നാടക മത്സരം അടുത്ത മാസം തുടങ്ങുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഞാന്‍ അതിലും പങ്കെടുക്കുന്നുണ്ട്. മത്സരങ്ങള്‍ ഒഴിവാക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പകരം നാടകകലയില്‍ മെച്ചപ്പെട്ട രീതിയില്‍ സംഭാവനനല്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നാടകകലയില്‍ സംഭാവനനല്കണമെന്ന് ആഗ്രഹിക്കുന്ന കലാകാര•ാരെ സഹായിക്കാന്‍ ഞാന്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണ് ടീം ആര്‍ട്‌സ്. നാടകമേഖലയില്‍ എനിക്ക് ഒട്ടേറെ അംഗീകാരങ്ങള്‍ കിട്ടിയിട്ടുണ്ട്. നാടകകലയോടുള്ള സ്‌നേഹത്തിലൂടെയാണ് ഞാന്‍ സിനിമാരംഗത്തേക്ക് കൂടി പ്രവേശിച്ചത്. സിനിമാവ്യവസായത്തില്‍ നാടകരംഗത്തുള്ള നിരവധി പേരെ കണ്ടുമുട്ടുകയുണ്ടായി.

ഗുരുദേവന് വേണ്ടി ഞാനെന്റെ ആദ്യസിനിമ സമര്‍പ്പിക്കുകയാണ്. ‘ യുഗപുരുഷന്‍ ‘ എന്നതാണ് ഈ സിനിമ. ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് ഗുരുദേവനെക്കുറിച്ച് അറിവുള്ളത്. ശരിയായ രീതിയില്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഭാവി തലമുറയ്ക്ക് പാഠമൊരുക്കുകയാണ് ഈ ചിത്രം. ഈ സിനിമയ്ക്ക് വേണ്ടിയാണ് ഞാന്‍ എവിഎ പ്രൊഡക്ഷന്‍ ഉണ്ടാക്കിയത്. ഗുരുദേവന്റെ അനുഗ്രഹത്തോടെ അത് വിജയകരമായി വളര്‍ന്നു. മലയാളസിനിമയിലെ ചില നല്ല സിനിമകള്‍ക്ക് അതിന് പിന്തുണ നല്കാന്‍ കഴിഞ്ഞു. മികച്ച ഏതാനും ഡോക്യുമെന്ററികളും ഹ്രസ്വസിനിമകളും നിര്‍മ്മിച്ചു. രാജാരവിവര്‍മ്മയെക്കുറിച്ച് നിര്‍മ്മിച്ച ‘ബിഫോര്‍ ദി ബ്രഷ് ഡ്രോപ്ഡ്’ എന്ന ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചു. വിനോദ് മങ്കരയാണ് ഇംഗ്ലീഷില്‍ നിര്‍മ്മിച്ച ഈ ഡോക്യുമെന്ററിയുടെ സംവിധായകന്‍. അടുത്തിടെ ആഗ്നേയ എന്ന പേരില്‍ ഒരു ഹ്രസ്വചിത്രവും നിര്‍മ്മിച്ചു.
എന്റെ ആദ്യം റിലീസ് ചെയ്ത ചിത്രം ‘പ്രണയകാലം ‘ ആയിരുന്നു. മലയാളത്തില്‍ ഇതുവരെ 8 ചിത്രങ്ങളും തമിഴില്‍ മൂ്ന്ന് സിനിമകളും നിര്‍മ്മിച്ചു. ‘പാലേരി മാണിക്യം- ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തിന് സംസ്ഥാന അവാര്‍ഡ് കിട്ടി. അടുത്തിടെ പുറത്തിറങ്ങിയ ഒരു ചിത്രമായിരുന്നു ‘മി. ഫ്രോഡ്’. പൃഥ്വിരാജിനെ നായകനാക്കി ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രമാണ് അടുത്തത്. ‘അപ്പുവിന്‍ നായകന്‍-സ്‌പോട്ടി (മൈ ഹീറോ)’ എന്ന തമിഴ് ഹ്രസ്വചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് കിട്ടി. സന്തോഷ് മാധവന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ചാരുഹാസനാണ് നായകന്‍.

ജീവിതത്തില്‍ താല്പര്യമുള്ള കാര്യങ്ങള്‍ എന്തൊക്കെ…

തിയറ്ററില്‍ സിനിമ കാണാന്‍ വരുന്ന കുട്ടികള്‍ ഒട്ടേറെ ശബ്ദമുണ്ടാക്കുന്നവരും കൂകിവിളിക്കുന്നവരും ആണ്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണ്. നമുക്ക് ആവശ്യം വൈകാരികമായ ബുദ്ധിയുള്ള ജനങ്ങളാണ്. അവര്‍ക്കാണ് സമൂഹത്തില്‍ തൊട്ടുകാണിക്കാവുന്ന മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. ചെറുപ്പക്കാരെ സാമൂഹ്യഉത്തരവാദിത്വമുള്ളവരായും ആഗോളതലത്തില്‍ പ്രതിബദ്ധതയുള്ളവരായും മാറ്റിയെടുക്കാന്‍ ഞാന്‍ തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ട്. വ്യവസായസംരംഭകരാകാന്‍ മോഹിക്കുന്ന ചെറുപ്പക്കാരോട് എനിക്ക് പറയാനുള്ളത്, സ്വന്തമായി ബിസിനസ്സ് തുടങ്ങുന്നതിന് മുമ്പ് അവര്‍ എവിടെയെങ്കിലും ജോലി ചെയ്ത് വെല്ലുവിളികളും അവസരങ്ങളും മനസ്സിലാക്കണം എന്നാണ്.

‘സഞ്ജീവനം’ എന്ന ചികിത്സാകേന്ദ്രം ആയുര്‍വേദം പോലെയുള്ള പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്ത ചികിത്സാരീതികളോടുള്ള താല്പര്യങ്ങളില്‍ നിന്ന് ഉണ്ടായതാണ്. ആയുര്‍വേദ, നാച്വറോപതി, യോഗ എന്നിവയിലെ തത്വങ്ങള്‍ സംയോജിപ്പിച്ച് ചികിത്സനടത്തുന്ന ഒരേയൊരു സ്ഥാപനമാണ് സഞ്ജീവനം. കേരളത്തില്‍ എല്ലാ തരം സൗകര്യങ്ങളോടും കൂടി ഒരു ആയുര്‍വേദകേന്ദ്രം ആരംഭിക്കണമെന്ന് ആഗ്രഹിക്കുന്നു. ആവശ്യക്കാര്‍ക്ക് താരതമ്യം ചെയ്യാന്‍ പറ്റാത്തത്രയും മികച്ച ചികിത്സ നല്‍കുകയാണ് ലക്ഷ്യം. മാക്പവര്‍ എന്ന എന്റെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണാന്‍ ദുബായ്, അബുദാബി എന്നിവിടങ്ങള്‍ ഞാന്‍ സന്ദര്‍ശിക്കാറുണ്ട്. എവിഎ പ്രോപര്‍ട്ടീസ് ലിമിറ്റഡിന്റെ നിക്ഷേപപദ്ധതികള്‍ കേരളത്തിലും തമിഴ്‌നാട്ടിലും പുരോഗതിയുടെ പാതയിലാണ്. അന്താരാഷ്ട്ര നിലവാരത്തിനനുസരിച്ചാണ് ഇത് ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്. വ്യക്തിപരവും കുടുംബപരവുമായ പരിപാടികള്‍ നിങ്ങളുടെ കലണ്ടറില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് അത്യാവശ്യവും ഒഴിവാക്കാനാവാത്തതുമാണ്. ഞാന്‍ ഒരു ഫാമിലിയുടെ പുരുഷന്‍ ആണ്. ഞാന്‍ ഇപ്പോള്‍ വീട്ടിലും തൊഴില്‍ചെയ്യാന്‍ ഒരിടം ഒരുക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും കുടുംബത്തോടൊപ്പം വിദേശയാത്ര പോകുന്നത് പതിവാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.