ബ്രിട്ടനില്‍ ഡേവിഡ് കാമറണ്‍ വീണ്ടും അധികാരത്തില്‍

ബ്രിട്ടനില്‍ ഡേവിഡ് കാമറണ്‍ വീണ്ടും അധികാരത്തില്‍

david_cameron_0ലണ്ടന്‍: ബ്രിട്ടനില്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ നേതൃത്വത്തിലുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വീണ്ടും അധികാരത്തില്‍. വ്യാഴാഴ്ച നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 650 സീറ്റുകളില്‍ 331 സീറ്റുകള്‍ നേടി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാന എതിരാളികളായ ലേബര്‍ പാര്‍ട്ടി 232 സീറ്റുകളില്‍ വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് രാജിവെച്ചു. സ്‌കോട്ട്‌ലന്‍ഡിലെ 59 സീറ്റില്‍ 56ഉം നേടി സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടി വിജയം നേടിയപ്പോള്‍ മറ്റൊരു പ്രധാന പാര്‍ട്ടിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് എട്ട് സീറ്റുകളുമായി കനത്ത പരാജയം നേരിടേണ്ടി വന്നു.

ബ്രിട്ടനില്‍ തൂക്കു പാര്‍ലമെന്റ് പ്രവചിച്ചിരുന്ന അഭിപ്രായ സര്‍വേകളേയും എക്‌സിറ്റ് പോള്‍ ഫലത്തേയും കാറ്റില്‍ പറത്തിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയം നേടിയത്. 1992ന് ശേഷം ആദ്യമായാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുന്നത്. 2010ലെ തെരഞ്ഞെടുപ്പ് മുതല്‍ ലിബറല്‍ ഡമോക്രാറ്റുകളുമായി സഖ്യമുണ്ടാക്കിയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഭരിച്ചിരുന്നത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണപരിഷ്‌കാരങ്ങള്‍ക്കുള്ള അംഗീകാരമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വിജയമെന്നും ഐക്യ ബ്രിട്ടനെ മുന്നോട്ടുകൊണ്ടുപോകാനായി ശക്തമായ പരിഷ്‌കാരങ്ങള്‍ തുടരുമെന്നും വിറ്റ്‌നി മണ്ഡലത്തില്‍നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി കാമറണ്‍ പ്രഖ്യാപിച്ചു.

അതേസമയം ലിബറല്‍ ഡമോക്രാറ്റ് നേതാവും ഉപപ്രധാനമന്ത്രിയുമായ നിക്ക് ക്ലെഗ് തിരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും പാര്‍ട്ടി നേതൃസ്ഥാനം രാജിവെച്ചു.

 

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗൂഗിള്‍

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.