ശ്രീലങ്ക: ഒരു അവിസ്മരണീയ ദ്വീപ് യാത്രയിലൂടെ…

ശ്രീലങ്ക: ഒരു അവിസ്മരണീയ ദ്വീപ് യാത്രയിലൂടെ…

sreeനിങ്ങള്‍ക്ക് സ്മാര്‍ട്ടായ ഒരു ഐഡിയ തരട്ടെ! നിങ്ങളുടെ കയ്യിലെ പണം ഇരട്ടിപ്പിക്കാനുള്ള വഴി തെളിയാന്‍ എപ്പോഴും ബിസിനസ്സ് ചെയ്യണമെന്നൊന്നുമില്ല. ശ്രീലങ്കയിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ക്ക് കയ്യിലെ പണം എളുപ്പം ഇരട്ടിപ്പിക്കാം. കാരണം ഓരോ ഇന്ത്യന്‍ രൂപയ്ക്കും നിങ്ങള്‍ക്ക് അതിന്റെ ഇരട്ടി, അതായത് 2.14 ലങ്കന്‍ രൂപ ലഭിക്കും.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ലോകത്തിലെ തന്നെ ഒന്നാമത്തെ രാജ്യം ശ്രീലങ്കയാണെന്ന് 2010ല്‍ ന്യൂയോര്‍ക്ക് ടൈംസ് എഴുതിയിരുന്നു. ഏറെക്കാലം മനസ്സുകൊണ്ട് തിരസ്‌കരിക്കാന്‍ പറ്റാത്ത ഒന്നാണ് രാജ്യത്തിന്റെ മനംമയക്കുന്ന അപൂര്‍വ്വ സൗന്ദര്യം. ഈയിടെ രണ്ടാഴ്ചക്കാലം ഞാന്‍ ശ്രീലങ്കയിലേക്ക് നടത്തിയ യാത്രയില്‍ ഒരു കാര്യം മനസ്സിലായി- ശ്രീലങ്ക വാഗ്ദാനം ചെയ്യുന്നതെല്ലാം കണ്ടുതീര്‍ക്കാന്‍ ഇത്രയും സമയം മതിയാവില്ലെന്ന്. എങ്കിലും ശ്രീലങ്കയുടെ രുചിയും മണവും സ്വഭാവസവിശേഷതകളും വൈവിധ്യങ്ങളും മനസ്സിലാക്കാന്‍ ഈ സമയം ധാരാളമായിരുന്നു. താഴെ വിവരിക്കുന്ന യാത്ര അല്പം അതിമോഹമാണെന്ന് തോന്നാമെങ്കിലും തീര്‍ച്ചയായും രസകരവും നടത്താവുന്നതുമാണ്. ഞാന്‍ എന്റെ യാത്ര ആരംഭിക്കുന്നത് കൊളംബോയില്‍ നിന്നാണ്.

കൊളംബോ

colombo

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ രണ്ട് രാത്രി തങ്ങാനുള്ള പരിപാടിയോടെയാണ് എന്റെ യാത്ര തുടങ്ങുന്നത്. ശ്രീലങ്കയിലെ വന്‍ നഗരത്തിലേക്കുള്ള യാത്രയില്‍ നിങ്ങള്‍ അനുഭവിക്കുക ഒരു നഗരത്തിന്റെ തിക്കും തിരക്കുമാണ്. ഒരിക്കലും വിട്ടുകളയാന്‍ പറ്റാത്ത ദേശീയ മ്യൂസിയത്തില്‍ കൊളോണിയല്‍ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങളും ഏഷ്യയിലെ കരകൗശലവിരുതിന്റെ വിശദമായ ശേഖരങ്ങളും കണ്ട് പകല്‍ ചുറ്റിത്തിരിയാം. വിഹാരമഹാദേവി പാര്‍ക്കിലൂടെ നിശ്ശബ്ദമായ ഒരു ചുറ്റിത്തിരിയലാകാം. പാ ര്‍ക്കിലെ മരത്തലപ്പുകളില്‍ ഒളിച്ചിരിക്കുന്ന വമ്പന്‍ കടവാതിലുകളെ ശല്യപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പേട്ട മാര്‍ക്കറ്റിലെ സങ്കീര്‍ണ്ണമായ വഴികളിലൂടെ അസ്തമയത്തിലൂടെ ഒരു തിരിച്ചുനടത്തമാകാം. പിന്നീട് ക്ഷീണം തീര്‍ക്കാന്‍ കൊളംബോയിലെ പ്രശസ്ത ഗാലേ ഫേസ് ഹോട്ടലിലെ മട്ടുപ്പാവിലിരുന്ന് തണുത്തതെന്തെങ്കിലും നുണയാം.

ഇനി കാന്റിയിലേക്ക്

kandy

രണ്ട് പകലും മൂന്ന് രാത്രികളുമാണ് കാന്റിയില്‍. കൊളംബോയില്‍ നിന്നുള്ള ഇന്റര്‍സിററി തീവണ്ടിയില്‍ കാന്റിയിലേക്കുള്ള യാത്ര അവിസ്മരണീയമാണ്. ഈ യാത്രയുടെ മുഖ്യാകര്‍ഷണമാണ് ഈ തീവണ്ടിയാത്ര. മധ്യശ്രീലങ്കയിലെ ഉയര്‍ന്ന പ്രദേശങ്ങളിലൂടെയാണ് യാത്ര. ആദ്യദിവസം കാന്റി തന്നെ അരിച്ചുപെറുക്കാം. സേക്രഡ് ടൂത്ത് റെലിക് (വിശുദ്ധമായ പല്ലിന്റെ സ്മാരകാവശിഷ്ടം) എന്ന ബുദ്ധവിഹാരം സന്ദര്‍ശിക്കാം. ബുദ്ധവിഹാരത്തിന് ഈ പേര് വന്നത് അവിടെ ബുദ്ധന്റെ പല്ലുകളിലൊന്ന് പ്രദര്‍ശിപ്പിച്ചതിനാലാകാം. സ്വച്ഛമായ കാന്റി തടാകക്കരയിലൂടെ ഒരു അലസഗമനമാകാം. ബ്രിട്ടീഷ് ഗാരിസണ്‍ സെമിത്തേരി ചുറ്റി നടന്നുകാണുന്നത് ഒരു അനുഭവമാണ്. സെമിത്തേരിയുടെ മേല്‍നോട്ടക്കാരന്‍ ചാള്‍സ് കാര്‍മിഖേലുമായി അനുഭവങ്ങള്‍ പങ്കുവയ്ക്കാം. ഡാംബുള്ളയിലെ റോയല്‍ റോക് ടെമ്പിള്‍, യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സിഗിരിയ, എന്നിവിടങ്ങളില്‍ അടുത്ത ദിവസം ചുറ്റിക്കാണാം. കാന്റി നഗരത്തിന് പുറത്തുള്ള കുന്നിന്‍നിരകളില്‍ സ്ഥിതിചെയ്യുന്ന കാന്റി കോട്ടേജിലെ പണച്ചെലവ് അധികമില്ലാത്ത രാത്രിതാമസം ഒരു നല്ല നേരമ്പോക്കായിരിക്കും.

നുവാര എലിയ: ശ്രീലങ്കയിലെ മികച്ച ഹില്‍ സ്റ്റേഷന്‍

nuara

കാന്റിയില്‍ നിന്ന് നുവാര എലിയയിലേക്കാണ് എന്റെ അടുത്ത യാത്ര. ശ്രീലങ്കയുടെ തേയിലത്തോട്ടങ്ങളുടെ ഹൃദയഭാഗമാണ് നുവാര എലിയ. ഈ നഗരം ഒട്ടേറെ പ്രത്യേകതകള്‍ കൊണ്ട് വേറിട്ടു നില്ക്കുന്ന ഒന്നാണ്. നുവാര എലിയ നഗരത്തിലേക്കുള്ള യാത്രയിലുടനീളം ഭംഗിയായി വെട്ടിനിര്‍ത്തിയ തേയിലത്തോട്ടങ്ങളാണ്. ഈ തേയിലത്തോട്ടത്തിനു നടുവില്‍ ശാന്തമായി താമസിക്കാന്‍ ഒരുക്കിയിട്ടുള്ള ഹെറിറ്റന്‍സ് ടീ ഫാക്ടറിയിലെ നന്നായി ഒരുക്കിയിട്ടുള്ള മുറികള്‍ വ്യത്യസ്താനുഭവമാണ്.മോശപ്പെട്ട റോഡുകളും പാതകള്‍ കയ്യേറിക്കൊïണ്ടുള്ള കെട്ടിടനിര്‍മ്മിതികളും കാരണം നുവാര എലിയയില്‍ നിന്നും തിസ്സമഹരാമയിലേക്കുള്ള യാത്ര ഇഴഞ്ഞുനീങ്ങുന്ന ഒന്നാണ്. പക്ഷെ ഈ യാത്ര നിങ്ങളെ കൊണ്ടു ചെന്നെത്തിക്കുക യാല നാഷണല്‍ പാര്‍ക്കില്‍ ഒരു യാത്രയിലായിരിക്കും. ഭാഗ്യമുïെണ്ടങ്കില്‍ തുറന്ന കാടില്‍ വന്യമൃഗങ്ങളെ ഒരു നോക്കുകാണാന്‍ സാധിച്ചേക്കും. രണ്ടു രാത്രി ടിസ്സയില്‍ തങ്ങാം. അവിടെ മിക്ക ഗസ്റ്റ് ഹൗസുകളും മൃഗനായാട്ടിനുള്ള അവസരം ഒരുക്കുന്നവരാണ്. നിങ്ങള്‍ ചെന്നെത്തിയതിന്റെ പിറ്റേന്ന് പകല്‍ ഒരു മൃഗവേട്ടയ്ക്ക് നിങ്ങള്‍ക്കും ഒരുങ്ങാം.

തെക്കന്‍ തീരങ്ങളിലേക്ക്

Sri-Lanka-Beach-750x234

ദുര്‍ഘടം പിടിച്ച് റോഡ് യാത്രയ്ക്കും പൊടിപടലങ്ങള്‍ക്കിടയിലൂടെയുള്ള നായാട്ടിനും ശേഷം ഇനിയൊരു നാല് നാള്‍ വിശ്രമമെടുക്കാനായി തെക്കന്‍ തീരദേശങ്ങളിലേക്ക് പോകാം. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഏത് ബീച്ചുകളെയും വെല്ലുവിളിക്കാവുന്ന ഏകാന്തമനോഹര കടലോരപ്രദേശങ്ങള്‍ നിറഞ്ഞതാണ് തെക്കന്‍ തീരങ്ങള്‍. ടംഗല്ലയിലെ മനോഹരമായ ഗൊയാംബോക്ക ബീച്ചിലേക്ക് പോകൂ. അതല്ലെങ്കില്‍ പിന്നെയും ഒരല്പം പടിഞ്ഞാറോട്ടുനീങ്ങിയാല്‍ മിരിസ്സയെന്ന ലങ്കയിലെ ഏറ്റവുമധികം വികസിച്ച ബീച്ച് റിസോര്‍ട്ടില്‍ പോകാം. ചെറുപ്പക്കാരായ ‘ബാക്ക്പാക്ക്’ യാത്രക്കാരുടെ പറുദീസയാണ് മിരിസ്സ. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാന്‍ വയ്യാത്തവിധം ബീച്ച് നിങ്ങളെ ഒരു കാന്തം പോലെ ആകര്‍ഷിച്ചുകൊണ്ടേയിരിക്കും. വൈകാരികമായി നിങ്ങളെ പിടിച്ചുവലിക്കുന്ന ഗാലയില്‍ രണ്ട് രാത്രി എന്നത് ധാരാളമാണ്. നിങ്ങളുടെ പകലുകള്‍ ഓള്‍ഡ് ഫോര്‍ട്ടിലൂടെ അലഞ്ഞുനടക്കാന്‍ നീക്കിവച്ചോളൂ. അവിടെ ആടിയുലഞ്ഞുപോകുന്ന പഴയകാല സൈക്കിളുകളില്‍ ഗ്രാമീണരെ സന്ധിക്കാം. കന്നുകാലികള്‍ ആധുനികമായ ആര്‍ട്ട് ഗ്യാലറികള്‍ക്ക് മുന്നിലൂടെ അലഞ്ഞുതിരിയുന്നത് കാണാം. പ്രതാപം നിറഞ്ഞ പഴയ കോട്ടയുടെ തെക്കന്‍ ചുമരുകളില്‍ തട്ടി, രാവിലത്തെ പ്രാര്‍ത്ഥന മുഴങ്ങുന്നത് കേള്‍ക്കാം. ഇനി നല്ല ഭക്ഷണമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍, നഗരത്തിലെ ഏറ്റവും മികച്ച ഭക്ഷണം വാഗ്ദാനം ചെയ്യുന്ന മാമാസ് ഗസ്റ്റ് ഹൗസില്‍ പോകാം. ഇവിടെ ബജറ്റിലൊതുങ്ങുന്ന താമസ സൗകര്യങ്ങളും ലഭ്യമാണ്. ഗാലെയില്‍ നിന്നും കൊളംബോയിലേക്ക് ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരദേശത്തുകൂടി ഓടുന്ന എക്‌സ്പ്രസ് ട്രെയിനിലെ ആവേശം തിരതല്ലുന്ന യാത്ര ഈ ജീവിതത്തില്‍ മറക്കാവുന്നതല്ല. രണ്ടാഴ്ച യാത്ര ആസ്വദിച്ച ശേഷം തിരിച്ചുപോകുമ്പോള്‍ നിങ്ങളുടെ മനസ്സ് അടുത്ത മടക്കയാത്രയ്ക്കായി വെമ്പല്‍കൊള്ളും.

ഇനി ഒരു സ്വകാര്യം

Traditional stilt fisherman, Sri Lanka

കാന്റിയില്‍ നിന്ന് നുവാര എലിയയിലേക്കുള്ള ടാക്‌സി യാത്രയില്‍ എന്റെ സഹയാത്രികനായ ആള്‍ ശ്രീലങ്കയെക്കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ലോകത്തിലെ ഏറ്റവും സുന്ദരികളായ സ്ത്രീകള്‍ ശ്രീലങ്കക്കാരികളാണെന്നും പക്ഷെ അത്രമേല്‍ സൗന്ദര്യമുള്ള ഒരു പെണ്‍കൊടിയെയും തനിക്ക് ഈ യാത്രയില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പരാതി പറഞ്ഞുകൊണ്ടേയിരുന്നു. പക്ഷെ ഇതിന് മറുപടിയായി ഞാന്‍ പറഞ്ഞതിത്ര മാത്രം: ‘സുന്ദരികളായ പെണ്‍കുട്ടികള്‍ ലോകത്തെവിടെയും ഉണ്ട്. പക്ഷ അവരെ സുന്ദരികളാക്കുന്നത് അവരെ നോക്കിക്കാണുന്ന നമ്മുടെ കാഴ്ചപ്പാടാണ്’.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.