ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് പരിഗണിക്കുമെന്ന് ബി.സി.സി.ഐ
ന്യൂഡല്‍ഹി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് നീക്കുന്നത് പരിഗണിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പ്രവര്‍ത്തക സമിതി ചേരുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ പാട്യാല ഹൗസ് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തിലാണ് അനുകൂല നിലപാടുമായി ബി.സി.സി.ഐ രംഗത്തെത്തിയിരിക്കുന്നത്. ശ്രീശാന്തിനുള്ള വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐയ്ക്ക് കത്തയച്ചിരുന്നു.
കോടതി വിധി ശ്രീശാന്തിന് അനുകൂലമാണെന്നും മുന്‍പ് പല താരങ്ങളുടെയും കാര്യത്തില്‍ അനുകൂല തീരുമാനം കൈക്കൊണ്ട ബി.സി.സി.ഐ ശ്രീശാന്തിനും നീതി നല്‍കണമെന്നാണ് കെ.സി.എ പ്രസിഡന്റും ബി.സി.സി.ഐ വൈസ് പ്രസിഡന്റുമായ ടി.സി. മാത്യു കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ കെ.സി.എ ഓഫിസിലെത്തിയ ശ്രീശാന്ത് ടി.സി. മാത്യുവുമായി ചര്‍ച്ച നടത്തിയിരുന്നു.
ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് താരങ്ങള്‍ അറസ്റ്റിലായതിന് പിന്നാലെ ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തിയാണ് ഇവര്‍ക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്. വാതുവെപ്പ് കേസില്‍ ശ്രീശാന്തടക്കമുള്ള താരങ്ങളെ വെറുതെ വിട്ടുകൊണ്ട് ജൂലൈ 25നാണ് പാട്യാല ഹൗസ് കോടതി ഉത്തരവിറക്കിയത്.
Photo courtesy : Google /images may be subject to copyright

