റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കില്‍ അര ശതമാനം കുറവ്
മുംബൈ: റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കില്‍ അര ശതമാനം കുറവ് വരുത്തി റിസര്‍വ് ബാങ്ക് ദ്വൈമാസവായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് 6.75% ആയും റിവേഴ്സ് റിപ്പോ 6.25 ശതമാനത്തില്‍ നിന്ന് 5.75 ശതമാനമായുമാണ് കുറച്ചത്.
നാണയപ്പെരുപ്പം താഴ്ന്നത് മൂലമാണ് പലിശ നിരക്കുകള്‍ കുറച്ചതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. അതേസമയം നാല് ശതമാനമായിരുന്ന കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല.
റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറച്ചതോടെ ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കുറയുവാന്‍ സാദ്ധ്യതയേറി. കഴിഞ്ഞ ജൂണ്‍ രണ്ടിനായിരുന്നു മുഖ്യവായ്പാ നിരക്കുകള്‍ കാല് ശതമാനം കുറച്ച് റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചത്.
റിസര്‍വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്കുന്ന വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന വായ്പയുടെ പലിശയാണ് റിവേഴ്സ് റിപ്പോ നിരക്ക്.
Photo Courtesy : google/images may subject to copyright