കോടീശ്വര പുത്രന്‍ ഹോട്ടലിലെ തൂപ്പുകാരനായ കഥ

കോടീശ്വര പുത്രന്‍ ഹോട്ടലിലെ തൂപ്പുകാരനായ കഥ

 

dravyaകൊച്ചി: ജീവിതം തേടി കേരളത്തിലേക്കെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികള്‍ നിരവധിയാണ്. എന്നാല്‍ അവരില്‍ നിന്ന് വ്യത്യസ്തമായി ജീവിതം പഠിക്കാനായി കൊച്ചിയിലെ ഒരു ഹോട്ടലില്‍ ജോലി ചെയ്യാനെത്തിയ യുവാവിന്റെ കഥ ഇന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ആ യുവാവ് കോടികളുടെ വരുമാനമുള്ള രത്‌നവ്യാപാരിയുടെ ഇളയമകനാണെന്നതാണ് കഥയിലെ സസ്‌പെന്‍സ്.
മാധ്യമപ്രവര്‍ത്തകായ ഷാജഹാന്‍ കാളിയത്താണ് ദ്രവ്യ ധോലാക്കിയ എന്ന ഈ യുവാവിന്റെ കഥ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഗുജറാത്തിലെ രത്‌നവ്യാപാരിയായ സാവ്ജി ധോലാക്കിയയുടെ മുന്ന് മക്കളില്‍ ഇളയവനാണ് ദ്രവ്യ. 6000 കോടി വിറ്റു വരവുള്ള ഹരികൃ്ഷ്ണ എക്‌സ്‌പോര്‍ട്‌സ് എന്ന കമ്പനിയുടെ അവകാശികളില്‍ ഒരാള്‍… ദ്രവ്യയെ ജീവിതം പഠിക്കാനായി ആരും തിരിച്ചറിയാത്ത നഗരത്തിലേക്ക് അച്ഛന്‍ അയച്ചതാണ്. സാധാരണക്കാരനായി കുറച്ചു ദിവസം ജീവിക്കാന്‍ ആഗ്രഹിച്ച് കൊച്ചിയിലെത്തിയ ദ്രവ്യയുടെ കഥ വായിക്കാം…

 

ഒരു കഥ പറയാം.
വളരെ പണ്ട്. എന്ന് വെച്ചാല്‍ 5 ദിവസം മുന്പ് നടന്നതാണ്. സ്ഥലം ബിലാലിന്റെ കൊച്ചി. ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന സ്വകാര്യസ്ഥാപനത്തിന്റെ ചുമതലക്കാരനായ ചെറുപ്പക്കാരന്റെ കണ്ണ് അവിടെ ജോലി ചെയ്യുന്ന വെയ്റ്ററിലുടക്കി. യൗവ്വനത്തിന്റെ പ്രസരിപ്പ്.. അവന്റെ മുഖത്ത് ഒട്ടും വിരസതയില്ല.. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചെറുപ്പക്കാരന്‍ അവനോടെ പറഞ്‍ഞു. പഠിക്കാന്‍ പോകുന്നില്ലേ. . ഇല്ലെന്നായി. അവന്‍. നല്ല ഭാഷ. ഇതര സംസ്ഥാനത്തൊഴിലാളിയുടെ തട്ടും തടവുമില്ലാത്ത ഇംഗ്ലിഷ് കേട്ട് ഞെട്ടിയത് പുറത്ത് കാണിക്കാതെ അയാളവന് തന്റെ വിസിറ്റിംഗ് കാര്ർഡ് നല്‍കി പുറത്തിറങ്ങി. മറ്റെന്തെങ്കിലും ജോലി നോക്കുന്നെങ്കില്‍ വിളിക്കണം.

അടുത്ത ദിവസം അവന്‍ വിളിച്ചപ്പോള്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ വിലക്കി. ഇതരസംസ്ഥാനക്കാരെ പ്രത്യേകിച്ച് അപരിചിതരെ അങ്ങിനെ കുടെ കൂട്ടരുത്. ഫോ്ണില്‍ പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞു . അടുത്ത ദിവസം അവന്‍ വീണ്ടും വിളിച്ചു. ജോലി വേണ്ട. പക്ഷെ ഒന്നു കാണണം. പിന്നെ ആലോചിച്ചില്ല. ഇതൊരു തട്ടിപ്പുകേസാകും..നമ്പര്‍ ബ്ലോക്കാക്കി. അടുത്ത ദിവസം വാട്സാപ്പില്‍ സന്ദേശമെത്തി.
ഒന്നേ കണ്ടേ മതിയാകൂ.
അവന്റെ നമ്പറല്ല. ഒരു അമേരിക്കന്‍ നമ്പര്‍. പക്ഷെ അടുത്ത ചാറ്റില്‍ നിന്ന് അവന്‍ തന്നെ എന്നൂഹിച്ചു.

ഇവനൊരു ഹൈടെക് തട്ടിപ്പുകാരന്‍ തന്നെ അവന്‍ ജോലി ചെയ്ത ഹോട്ടലിന്റെ മാനേജറുടെ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചു. മാനേജര്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചതോടെ പയ്യന്‍ മുങ്ങി.

ഇതൊരു സൈബര്‍ കേസാക്കാനുള്ള സ്കോപ്പുണ്ടല്ലോ എന്നാലോചിക്കുന്നതിനിടെ ഒരു വിളിയെത്തി. ഗുജറാത്തില്‍ നിന്നാണ്
ഹരി കൃഷ്ണ ഗ്രൂപ്പ് എന്ന രത്നവ്യാപാര കമ്പനിയുടെ സി ഇ ഒ ആണ്.
സാബിനൊന്ന് താങ്കളെ കാണണം. പത്ത് മിനുറ്റ്.
അടുത്ത നമ്പറുമായി ആള്‍ വീണ്ടും വന്നല്ലോ

അടുത്ത ദിവസം ഹോട്ടലില്‍ കാണാം എന്ന് പറഞ്ഞ് ഒഴിഞ്ഞു. കാലത്ത് ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെയൊരു വലിയ ആള്‍ക്കൂട്ടം. ജീവനക്കാരുടെ കൈയില്‍ നിറയെ സമ്മാനപ്പൊതികള്‍.. മൊബൈല്‍ ഫോണ്‍ മുതല്‍ കുപ്പായങ്ങള്‍ വരെ. നടുവില് അവന്‍ ‘ഇതര സംസ്ഥാനത്തൊഴിലാളി’ കൈയില്‍ സമ്മാനപ്പൊതികള്‍ അപ്പോഴും ബാക്കി. അവനോടൊപ്പം സെല്‍ഫി എടുക്കാന്‍ ജീവനക്കാരുടെ മല്‍സരം. കുറഞ്ഞ വരുമാനമുള്ള ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വില പിടിപ്പുള്ള സമ്മാനം. . തൊട്ടു മുന്പ് കുറച്ച് ദിവസം ജോലി ചെയ്ത സ്പോട്സ് വെയര്‍ കടയിലെ ജീവനക്കാര്‍ക്കും കിട്ടി സമ്മാനങ്ങള്‍. താന്‍ പതിവായി ചായ കുടിച്ച തട്ടുകടക്കാരനും കൊടുത്തു സമ്മാനം.

കുറെ ദിവസമായി പിന്നാലെ നടന്നിട്ടും കാണാന്‍ വിസമ്മതിച്ചതിലുള്ള പിണക്കമൊന്നും കാണിക്കാതെ അവനിറങ്ങി വന്നു.

സാര്‍ ഞാന്‍ ദ്രവ്യ. അമേരിക്കയില്‍‍ എം ബി എക്ക്പഠിക്കുന്നു. എന്റെ അച്ഛന്‍ ഗുജറാത്തിലെ ഒരു വ്യാപാരി ആണ്. പേര് സാവ്ജി ധോലാക്കിയ. സാധാരണക്കാരനായി കുറച്ച് ദിവസം ജീവിക്കാനാണ് കൊച്ചിയിലെത്തിയത്. അതിനിടെ എന്നോട് അനുകമ്പ കാണിച്ചവരില്‍ ഒരാളാണ് താങ്കള്‍. ആ സന്തോഷം പ്രകടിപ്പിക്കാനാണ് ഒന്നു കാണണമെന്ന് നിര്‍ബന്ധം പിടിച്ചത്

സെല്‍ഫിക്ക് പോസ് ചെയ്ത് അയാള്‍ പോയപ്പോള്‍ നല്‍‍കിയ വിസിറ്റിംഗ് കാര്‍ഡ് വെച്ച് നെറ്റില്‍ പരതിയപ്പോള്‍ ഗജിനി സിനിമയിലെ നായകന്റെ അപരജിവിതം ഓര്‍മ്മിപ്പിച്ച് ആ കഥ തെളിഞ്ഞ് വന്നു.

6000 കോടി വിറ്റു വരവുള്ള ഹരികൃ്ഷ്ണ എക്സ്പോര്‍ട്സ് കമ്പനിയുടെ ഉടമ സാവ്ജി ധോലാക്കിയയുടെ മുന്ന് മക്കളില്‍ ഇളയവനാണ് ദ്രവ്യ. ജീവിതം പഠി്ക്കാന്‍ ആരും തിരിച്ചറിയില്ലെന്ന് ഉറപ്പുള്ളയിടിത്തേക്ക് അച്ഛനയച്ചതാണ്. മേശ തു്ടച്ചും കടയില്‍ ജോലി ചെയ്തും ഒരു മാസത്തോളം നമ്മുടെ കൊച്ചിയില്‍. ജീവിതത്തിന്റെ വിയര്‍പ്പ് തുവര്‍ത്തി. വെള്ളിത്താലത്തില്‍ വെച്ച് നീട്ടിയ ജീവതത്തിന് പുറത്ത് കടന്ന് ചില പാഠങ്ങള്‍.. ദ്രവ്യന്റെ വക. . ഈ കഥയിലെ ദ്രവ്യനോട് അനുകമ്പ കാണിച്ച ചെറുപ്പക്കാരന്‍ എന്റെ സുഹൃത്ത് Sreejith Kആണ്. ദ്രവ്യ യോടൊപ്പമുള്ള ഫോട്ടോയും അവന്‍ നല്‍കിയ വിസിറ്റിംഗ് കാര്‍ഡുകളും ചുമ്മാ തെളിവിനായി കിടക്കട്ട…ഒരു സന്തോഷമുള്ള കഥ…നന്മയുള്ളത് കെട്ടുകഥകളില്‍ മാത്രമല്ലല്ലോ..

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.