ദിലീപിന് ജാമ്യമില്ല: ജൂലൈ 25 വരെ റിമാന്‍ഡില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി. അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യഹര്‍ജി തള്ളിയത്. ജൂലൈ 25 വരെ ദിലീപ് ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ തുടരും. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നുമുള്ള വാദത്തെ തുടര്‍ന്നാണ് കോടതി നടന് ജാമ്യം നിഷേധിച്ചത്. ദിലീപിന് വേണ്ടി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് നടക്കുന്നതെന്നും ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശം നടന്റെ മനോനില വ്യക്തമാക്കുന്നുവെന്നും പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. സുരേശന്‍ വാദിച്ചു. പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ച ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് അയക്കാനും കോടതി ഉത്തരവിട്ടു. അതേസമയം ദിലീപിന്റെ ജാമ്യത്തിനുവേണ്ടി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് അഡ്വ. രാംകുമാര്‍ അറിയിച്ചു.
