മൂന്നാര്: വന്കിട കൈയ്യേറ്റങ്ങള് നിര്ദാക്ഷിണ്യം ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാറിലെ വന്കിട കൈയ്യേറ്റങ്ങള് നിര്ദാക്ഷിണ്യം ഒഴിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൂന്നാര് ഭൂപ്രശ്നത്തില് എല്ലാ കക്ഷികളുടെയും ആവശ്യപ്രകാരമാണ് യോഗം വിളിച്ചതെന്നും മൂന്നാറിലെ പ്രാദേശിക നേതൃത്വങ്ങളുടെ ആവശ്യം സര്ക്കാര് ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം മൂന്നാറില് സര്ക്കാര് കാര്യങ്ങള് നടക്കുന്നില്ലെന്ന പരാതി വ്യാപകമായി ഉയര്ന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ഇടുക്കി ജില്ലയില് ജൂലൈ 1 മുതല് പുതിയ പട്ടയ അപേക്ഷകള് സ്വീകരിച്ചു തുടങ്ങുമെന്നും മൂന്നാറിനെ കോണ്ക്രീറ്റ് വനമാക്കാന് അനുവദിക്കില്ലെന്നും പിണറായി കൂട്ടിച്ചേര്ത്തു. അതേസമയം മൂന്നാര് വിഷയത്തില് എന്തിനാണ് സര്വ്വകക്ഷിയോഗം വിളിച്ചതെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന് ചോദിച്ചു. യോഗ തീരുമാനം അനുസരിച്ചല്ല നിയമങ്ങള് അനുസരിച്ചാണ് കാര്യങ്ങള് മുന്നോട്ട് പോകേണ്ടതെന്നും മൂന്നാര് വിഷയത്തില് സി.പി.എം -സി.പി.ഐ ഭിന്നതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
Photo courtesy : Google /images may be subject to copyright