വിജയത്തിന്റെ പവിഴത്തിളക്കം

വിജയത്തിന്റെ പവിഴത്തിളക്കം

viswanathan coverസൃഷ്ടിയുടെ പരിശുദ്ധി നിറയുന്ന ഇടമാണ് നെയ്ത്തുഗ്രാമങ്ങള്‍. പുതുവസ്ത്രങ്ങളായി രൂപാന്തരപ്പെടുന്ന ഓരോ നൂലിഴയിലും അനേകായിരം ജീവിതങ്ങളുടെ അധ്വാനത്തിന്റെ കഥ രേഖപ്പെടുത്തിയിട്ടുണ്ടാവും. നെയ്ത്ത് കലയുടെ തെക്കന്‍ ഈറ്റില്ലമായ തിരുപ്പൂരിന്റെ നെയ്ത്തുഗ്രാമങ്ങള്‍ക്കും ഒരു കഥ പറയാനുണ്ട്. കഠിനാധ്വാനം മാത്രം കൈമുതലാക്കി വസ്ത്രനിര്‍മ്മാണരംഗത്ത് വിജയകിരീടം ചൂടിയ കോറല്‍ ഗ്രൂപ്പ് സാരഥി സി. വിശ്വനാഥന്റെ കഥ.
മാതാപിതാക്കളുടെ സ്‌നേഹവും കരുതലും പരിചരണവും ലഭിക്കാതെയായിരുന്നു വിശ്വനാഥന്റെ ബാല്യം കടന്നുപോയത്. ജാതകവശാല്‍ ചിത്രപക്ഷത്തില്‍ പിറന്ന അദ്ദേഹം കുടുംബത്തിന് ദോഷം വരുത്തുമെന്ന് രക്ഷിതാക്കള്‍ വിശ്വസിച്ചു. ഇതുമൂലം ഒന്നര വയസ്സുമുതല്‍ 15 വയസ്സ് വരെ മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമാണ് വിശ്വനാഥന്‍ വളര്‍ന്നത്. ബുദ്ധിമുട്ടുകള്‍ക്കിടയിലും കൊച്ചുമകന്റെ വിദ്യാഭ്യാസത്തിന് അവര്‍ ഭംഗം വരുത്തിയില്ല. പത്താം ക്ലാസിനുശേഷമുള്ള തുടര്‍പഠനത്തിന് പണമില്ലാതായതോടെ ജീവിക്കാനുള്ള പുതുമാര്‍ഗ്ഗങ്ങള്‍ തേടി അദ്ദേഹം തിരുപ്പൂരില്‍ എത്തി. ഇവിടെ നിന്നാണ് സി. വിശ്വനാഥന്‍ എന്ന വ്യവസായസംരംഭകന്‍ യാത്ര ആരംഭിക്കുന്നത്.

തിരുപ്പൂരിലെ ഒരു തുണിമില്ലില്‍ 4 വര്‍ഷം സഹോദരനൊപ്പം അദ്ദേഹം ജോലി ചെയ്തു. ബനിയന്‍ തുണിയുടെ എല്ലാ ഉത്പാദനരീതിയും മനസ്സിലാക്കിയ ഇരുവരും 1969ല്‍ സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചു. പ്രേംസണ്‍ ഹോഴ്‌സറി മില്‍സ് എന്ന ആ കമ്പനി വിജയകരമായി മുന്നേറിയെങ്കിലും സ്വന്തമായി ഒരു വ്യവസായസംരംഭം എന്ന ആഗ്രഹം വിശ്വനാഥനില്‍ ശക്തമായി. അങ്ങനെയാണ് 1981ല്‍ പവിഴം എന്നര്‍ത്ഥം വരുന്ന കോറല്‍ ഗ്രൂപ്പ് ആരംഭിച്ചത്. തുടക്കത്തില്‍ വളരെ പരിമിതമായ അളവില്‍ തൂവെള്ള അടിവസ്ത്രങ്ങളായിരുന്നു കമ്പനി ഉത്പാദിപ്പിച്ചത്. ഗുണമേന്മയേറിയ തുണിത്തരങ്ങളായിരുന്നു കോറലിന്റെ സവിശേഷത. കേരളത്തിലെ വിപണി ലക്ഷ്യമിട്ട് ആരംഭിച്ച വ്യവസായം വളരെ പെട്ടെന്നുതന്നെ തമിഴ്‌നാട്ടിലേക്കും ആന്ധ്രയിലേക്കും വ്യാപിച്ചു. ചുരുങ്ങിയ കാലംകൊണ്ട് ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്‌സ്റ്റൈല്‍ മാനുഫാക്ചറിംഗ് സ്ഥാപനമായി കോറല്‍ ശക്തി പ്രാപിച്ചു.

എല്ലാ പ്രതിസന്ധികളിലും തളരാതെ കൂടെ നിന്ന് എനിക്ക് എല്ലാ പിന്തുണയും നല്‍കിയത് ഭാര്യ ബേബി ഗിരിജയാണ്. ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലും മാര്‍ക്കറ്റിങ്ങിലും എല്ലാം ഭാര്യയുടെ സഹായമുണ്ടായിരുന്നു. കോറല്‍ ഗ്രൂപ്പിനെ ഉയരങ്ങളില്‍ എത്തിച്ചതില്‍ അവരുടെ പങ്ക് വളരെ വലുതാണ്. – വിശ്വനാഥന്‍ പറയുന്നു.

1989ല്‍ കയറ്റുമതി വ്യാപാരം ആരംഭിച്ചുവെങ്കിലും ആദ്യകാലങ്ങളില്‍ ഉപഭോക്താക്കളെ ലഭിക്കാതെ കോറല്‍ ഗ്രൂപ്പ് വിപണിയില്‍ നഷ്ടം നേരിട്ടു. എന്നാല്‍ ഉത്പന്നങ്ങളുടെ ഗുണമേന്മ കൊണ്ട് യു.എസ്- യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് വിപണിയില്‍ കമ്പനി ശ്രദ്ധേയമായി മാറി. ഇന്ന് മുഴുവന്‍ ഓട്ടോമേറ്റഡ് മെഷീനുകളാണ് കോറല്‍ കയറ്റുമതി വിഭാഗം ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ പ്രമുഖ ബ്രാന്റുകള്‍ക്ക് വേണ്ടിയും കോറല്‍ ഗ്രൂപ്പ് വസ്ത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കുന്നുണ്ട്.

വസ്ത്രവൈവിധ്യങ്ങളുടെ വന്‍ശേഖരം തന്നെ കോറലില്‍ ലഭ്യമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കാഷ്വല്‍ വെയര്‍, നൈറ്റ് വെയര്‍, ഇന്നര്‍ വെയര്‍, പാര്‍ട്ടി വെയര്‍ എന്നിങ്ങനെ വിവിധ ശ്രേണികളിലായി കോറല്‍ വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നു. കിഡ്‌സ് ഇന്‍ഫന്റ് വെയര്‍, കിഡ്‌സ് റോംപേഴ്‌സ്, കിഡ്‌സ് നൈറ്റ് സ്യൂട്‌സ്, കിഡ്‌സ് ടി-ഷര്‍ട്, ജംപ് സ്യൂട്, നിറ്റഡ് ടീഷര്‍ട്, നിറ്റഡ് ടാങ്ക് ടോപ്, നിറ്റഡ് സ്ലീപ് വെയര്‍, നിറ്റഡ് ടാങ്ക്‌ടോപ്, നിറ്റഡ് ബോക്‌സര്‍ ഷോര്‍ട്‌സ്, ലേഡീസ് സ്ലീപ് വെയര്‍, ലേഡീസ് പോളോ ഷര്‍ട്, ലേഡീസ് ടി-ഷര്‍ട്, ലെഗ്ഗിംഗ്‌സ്, കോട്ടണ്‍ ലെഗ്ഗിംഗ്‌സ്, വൂവന്‍ ഗാര്‍മന്റ്‌സ്, സ്വെറ്റര്‍ എന്നിങ്ങനെ കോറല്‍ ഉത്പന്നങ്ങളുടെ നിര നീളുന്നു.

Anoop Viswanathan 4 copyകോറല്‍ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ അര്‍പ്പണ മനോഭാവവും കഠിനാധ്വാനവുമാണ് തന്റെ കരുത്തെന്ന് വിശ്വനാഥന്‍ വ്യക്തമാക്കി. ഏത് പുതിയ ആശയവും ഫലപ്രാപ്തിയില്‍ എത്തിക്കാന്‍ മികച്ച ടീമിന്റെ സഹായം ആവശ്യമാണ്. അതിനായി ടീം അംഗങ്ങളെ പ്രചോദിപ്പിച്ച്, അവരുടെ ജോലിസംബന്ധവും വ്യക്തിപരവുമായ ഏത് ആവശ്യത്തിനും ഒപ്പം നില്‍ക്കുന്നു എന്നതാണ് കോറലിന്റെ വിജയരഹസ്യം.
ബിസിനസിനൊപ്പം തന്നെ സിനിമാരംഗത്തും വിജയം നേടാന്‍ അദ്ദേഹത്തിന് സാധിച്ചു. അല്‍ഫോണ്‍സ് പുത്രന്‍ ആദ്യമായി സംവിധാനം ചെയ്ത നേരം എന്ന സിനിമ നിര്‍മ്മിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര മേഖലയിലേക്കുള്ള കാല്‍വെയ്പ്. തമിഴിലും മലയാളത്തിലും ചിത്രം വന്‍കളക്ഷന്‍ നേടിയിരുന്നു. നല്ല കഥയും സിനിമയോടുള്ള ആത്മാര്‍ത്ഥതയുമായി ആരെങ്കിലും വന്നാല്‍ വീണ്ടും നിര്‍മ്മാണ രംഗത്ത് സജീവമാകാനാണ് വിശ്വനാഥന്റെ തീരുമാനം.

തിരക്കുകള്‍ക്കിടയിലും സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ അദ്ദേഹം മറക്കാറില്ല. തിരുപ്പൂരിലെ കരുണ ഇല്ലം അനാഥാലയത്തിന് കെട്ടിടവും അന്തേവാസികള്‍ക്ക് സഹായങ്ങളും നല്‍കുന്ന വിശ്വനാഥന്‍ പഠനത്തില്‍ താല്പര്യമുള്ള നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്നു. തിരുപ്പൂര്‍ കേരളസമാജത്തിന്റെയും കൈരളി വിദ്യാലയത്തിന്റെയും പ്രസിഡന്റ് കൂടിയായ അദ്ദേഹം ബിസിനസ് പൂര്‍ണമായി മക്കളെ ഏല്‍പിച്ച് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. കോറല്‍ ഗ്രൂപ്പിന്റെ സി.ഇ.ഒ ആയി പ്രവര്‍ത്തിക്കുന്ന മകന്‍ അനൂപ് വിശ്വനാഥന്‍ ഇപ്പോള്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കംപ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ബിരുദവും മാര്‍ക്കറ്റിങ്ങില്‍ എം.ബി.എയും നേടിയ അദ്ദേഹം കോറല്‍ ബ്രാന്‍ഡിനെ ഫാഷന്‍ സങ്കല്പങ്ങളുടെ പുതിയ തലങ്ങളിലേക്ക് എത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. കൂടാതെ മകള്‍ അനിതയും മരുമകള്‍ അഞ്ജലി അനൂപും വിശ്വനാഥനും ഭാര്യക്കുമൊപ്പം കോറല്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളികളാണ്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.