വന്യസൗന്ദര്യവുമായി അതിരപ്പിള്ളി

വന്യസൗന്ദര്യവുമായി അതിരപ്പിള്ളി

athirappillyയാത്രാ പ്രിയരെ എന്നും മോഹിപ്പിക്കുന്ന വന്യസൗന്ദര്യവുമായി നിലകൊള്ളുന്ന വിനോദസഞ്ചാര കേന്ദ്രമാണ് അതിരപ്പിള്ളി. രൗദ്രഭാവത്തില്‍ ആര്‍ത്തലച്ച് ഭൂമിയിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടവും തണുപ്പ് പുതഞ്ഞ വനമേഖലയുമെല്ലാം അതിരപ്പിള്ളിയെ കൂടുതല്‍ സുന്ദരിയാക്കുന്നു. അതുകൊണ്ടാവണം ബി.എം.ഡബ്ല്യു കാര്‍ ഡീലറായ പ്ലാറ്റിനോ ക്ലാസിക് ഒരു വൈല്‍ഡ് ട്രിപ്പിനെക്കുറിച്ച് പറഞ്ഞപ്പോള്‍ അതിരപ്പിള്ളി എന്ന ലക്ഷ്യസ്ഥാനം ഞാന്‍ നിര്‍ദേശിച്ചത്. ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അതിരപ്പിള്ളിയിലേക്ക് ഒരു യാത്ര.

ഞാനും ഫോട്ടോഗ്രാഫര്‍ മെല്‍ട്ടണ്‍ ആന്റണിയും രാവിലെ അഞ്ച് മണിക്ക് തന്നെ കൊച്ചിയുടെ നഗരത്തിരക്കില്‍ നിന്ന് അതിരപ്പിള്ളിയുടെ ശീതളിമയിലേക്ക് യാത്ര തിരിച്ചു. ഈ ദൂരം താണ്ടാന്‍ കൂട്ടിന് ബി.എം.ഡബ്ല്യു ഫൈവ് സീരീസ് 520 ഡി വൈറ്റ് കാറും ( ഏകദേശം 83 കിലോമീറ്റര്‍ ദൂരം). 188 ഹോഴ്‌സ് പവര്‍ ഉള്ള കാര്‍ റോഡിലൂടെ കുതിക്കുമ്പോള്‍ മനസ്സ് നിറയെ പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച അതിരപ്പിള്ളിയുടെ വശ്യസൗന്ദര്യവും ചൈതന്യവും മാത്രമായിരുന്നു. ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ നഗരത്തിന്റെ അടയാളങ്ങള്‍ മാഞ്ഞ് ഗ്രാമീണതയുടെ പച്ചപ്പ് എങ്ങും ദൃശ്യമായി തുടങ്ങി. കോടമഞ്ഞ് കനത്ത വഴികളിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. ഹെഡ്‌ലാംപിന്റെ പ്രകാശത്തില്‍ മഞ്ഞ് വഴിമാറിയപ്പോള്‍ വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ തോന്നിയില്ല. കൃത്യം ആറുമണിക്കുതന്നെ ഞങ്ങള്‍ അതിരപ്പിള്ളിയിലെത്തി. ഞായറാഴ്ചയായതിനാല്‍ അവധിദിനം ആസ്വദിക്കാനെത്തിയവരുടെ തിരക്കില്‍ നിന്നുതന്നെ അതിരപ്പിള്ളി യാത്രികര്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കുന്നു.
ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം അതിരപ്പിള്ളിയില്‍ എത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഞാന്‍. എങ്ങും മാറ്റങ്ങള്‍ പ്രകടമായിരുന്നു. റോഡുകള്‍ക്ക് വൃത്തിയും ഭംഗിയുമേറിയിരിക്കുന്നു. വാഴച്ചാല്‍ വെളളച്ചാട്ടം കാണാനായിരുന്നു ഞങ്ങളുടെ ആദ്യ തീരുമാനം. വഴിയില്‍ കണ്ട കൊച്ചുചായക്കടയില്‍ നിന്ന് ചൂടുചായ കുടിച്ച ശേഷം വാഴച്ചാലിലേക്ക്. ബി.എം.ഡബ്ല്യുവിന്റെ സ്മൂത്ത് ഡ്രൈവിംഗ് പെര്‍ഫോര്‍മന്‍സ് വളവുകള്‍ നിറഞ്ഞ വഴികളെ എളുപ്പത്തില്‍ മറികടക്കാന്‍ ഞങ്ങള്‍ക്ക് സഹായകമായി. ഡബിള്‍ ആം സസ്‌പെന്‍ഷന്‍ ശരിക്കും പ്രവര്‍ത്തിക്കുമ്പോളുള്ള ഗുണം എന്താണെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്.

പരന്നുകിടക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലൂടെ താഴേക്ക് പതിക്കുന്ന സ്ഫടികജലത്തിന്റെ മാന്ത്രിക സൗന്ദര്യവുമായി വാഴച്ചാല്‍ വെള്ളച്ചാട്ടം സഞ്ചാരികളെ കാത്തിരിക്കുന്നു. പതഞ്ഞൊഴുകുന്ന വെള്ളത്തിന്റെ താളവും പാറക്കെട്ടുകളുടെ നിഗൂഢതയും കാടിന്റെ നിശ്ശബ്ദ സൗന്ദര്യവുമെല്ലാം ആരിലും സാഹിത്യം ഉണര്‍ത്തുമെന്നതില്‍ സംശയമില്ല. അതിരപ്പിള്ളിയും ചാലക്കുടിയും കടന്നു പൊള്ളാച്ചിക്കു പോകുന്ന മനോഹരമായ പാതയിലൂടെയായിരുന്നു അടുത്ത യാത്ര. ചാലക്കുടിയില്‍ നിന്ന് ഏകദേശം 88 കിലോമീറ്റര്‍ നീളമുള്ള ഈ പാതയില്‍ കാറിന്റെ വിന്‍ഡോ പൂര്‍ണമായും തുറന്നിട്ടായിരുന്നു യാത്ര ചെയ്തത്.

വിവിധയിനം പക്ഷികളുടെയും വന്യമൃഗങ്ങളുടെയും ആവാസകേന്ദ്രമായ വനപ്രദേശങ്ങള്‍ അതിരിട്ട റോഡിലൂടെയുള്ള യാത്ര തികച്ചും ആസ്വാദ്യകരമായിരുന്നു. മണ്‍സൂണ്‍ കാടുകളില്‍ കണ്ടുവരുന്ന കൂറ്റന്‍ മരങ്ങളുടെ ചില്ലകള്‍ മേലാപ്പിട്ട വഴികളുടെ കുളിര്‍മ്മയിലൂടെ വെളുത്ത സുന്ദരന്‍ ബി.എം.ഡബ്ല്യൂ അനായാസം ഒഴുകിനീങ്ങിക്കൊണ്ടിരുന്നു. ചിരപരിചിതമല്ലാത്ത പല ജീവികളുടെയും ശബ്ദശകലങ്ങള്‍ ഇത് അവരുടെ ഇടമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു. മറ്റുള്ള വാഹനങ്ങളെ അപേക്ഷിച്ച് ബി.എം.ഡബ്ല്യുവിന്റെ വാഹനങ്ങള്‍ക്ക് ശബ്ദം കുറവായതിനാല്‍ മൃഗങ്ങളെ ഭയപ്പെടുത്താതെയാണ് ഞങ്ങള്‍ നീങ്ങിയത്. പാകതള്‍ക്കിരുവശവും കൂട്ടം കൂട്ടമായിരിക്കുന്ന വാനരപ്പടകളെ നോക്കി യാത്ര തുടരുന്നതിനിടയിലാണ് രണ്ട് സിംഹവാലന്‍ കുരങ്ങുകളെ കാണാന്‍ സാധിച്ചത്. കാട്ടാനക്കൂട്ടമിറങ്ങിയ വഴിയിലൂടെയായിരുന്നു പിന്നീടുള്ള യാത്ര. വനപാലകരുടെ സംഘം നല്‍കിയ നിര്‍ദ്ദേശമനുസരിച്ച് ചങ്കിടിപ്പോടെ ഞങ്ങള്‍ കാര്‍ മുന്നോട്ടെടുത്തു.

അതിരപ്പിള്ളിയുടെ സൗന്ദര്യം അതേപടി പകര്‍ത്തിയ ചലച്ചിത്രങ്ങളെക്കുറിച്ചായിരുന്നു അപ്പോള്‍ എന്റെ ചിന്ത. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട കമലഹാസന്റെ പുന്നകൈ മന്നന്‍ സിനിമയില്‍ അതിരപ്പിള്ളിയുടെ സൗന്ദര്യം അതേപടി പകര്‍ത്താന്‍ സംവിധായകന്‍ കെ.ബാലചന്ദ്രന്‍ കാണിച്ച മിടുക്ക് പ്രശംസനീയമാണ്. രാവണ്‍, ദില്‍സേ, ഗുരു, ബാഹുബലി.. അങ്ങനെ ഓരോ സിനിമയില്‍ കാണുമ്പോഴും അതിരപ്പിള്ളിക്ക് ചാരുതയേറിയതായി തോന്നും. പ്രശസ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ ഇഷ്ട ലൊക്കേഷന്‍ കൂടിയാണ് ഈ ഇന്ത്യന്‍ നയാഗ്ര.

ചെറിയ തണുപ്പില്‍ ബി.എം.ഡബ്ല്യുവിന്റെ ഉള്ളിലിരുന്നുള്ള യാത്ര ഒരു ഓഫീസ് ചെയറിലിരുന്ന് പോകുന്നതുപോലെ സുഗമമായിരുന്നു. ജനവാസത്തിന്റെ യാതൊരു ലക്ഷണവുമില്ലാത്ത ഈ പ്രദേശം ഞങ്ങള്‍ക്കായി കാത്തുവെച്ചത് കൗതുകമേറിയ ഒട്ടേറെ കാഴ്ചകളായിരുന്നു. കാട്ടുപോത്ത്, മലയണ്ണാന്‍, അപൂര്‍വ്വയിനം പക്ഷികള്‍, വ്യത്യസ്ത നിറത്തിലും ആകൃതിയിലുമുള്ള ചിത്രശലഭങ്ങള്‍, ചെറുതും വലുതുമായ വൃക്ഷങ്ങള്‍… പ്രകൃതി സ്വയം വരച്ച ചിത്രങ്ങള്‍ പോലെ ആകര്‍ഷകമായ ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുക്കുന്നതിന്റെ തിരക്കിലായിരുന്നു മെല്‍ട്ടണ്‍.

അതിനിടയില്‍ ഒരു ഗ്രാമീണനെ കണ്ടപ്പോള്‍ വണ്ടി നിര്‍ത്താതിരിക്കാന്‍ തോന്നിയില്ല. കാടിനെക്കുറിച്ച് വാതോരാതെ സംസാരിച്ച അയാളുടെ വാക്കുകളില്‍ ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ നിഴലിക്കുന്നുണ്ടായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍ മരങ്ങള്‍ നിറഞ്ഞ അതിരപ്പിള്ളിക്കാടിന്റെ മനോഹാരിത പുതിയ അണക്കെട്ട് വന്നാല്‍ നശിച്ചുപോകുമെന്ന് അയാള്‍ ആശങ്കപ്പെട്ടുകൊണ്ടേയിരുന്നു. നിറഞ്ഞ ചിരിയോടെ ഞങ്ങളെ കൈവീശി യാത്രയാക്കി അയാള്‍ ദൂരേക്ക് പോകുന്നത് കാറിന്റെ ഓട്ടോമാറ്റിക് മിററിലൂടെ എനിക്ക് കാണാമായിരുന്നു.

അവിടെ നിന്ന് ജനവാസകേന്ദ്രമായ പുലിയപ്പാറയിലേക്കെത്താന്‍ പത്ത് മിനിറ്റ് ദൂരം മാത്രമാണുണ്ടായത്. ചെറിയ ചായക്കടകളും വനവിഭവങ്ങള്‍ വില്‍ക്കുന്ന സ്റ്റാളുകളും ഒഴിച്ചാല്‍ വലിയ വികാസങ്ങള്‍ സംഭവിക്കാത്ത തനി നാട്ടിമ്പുറമാണിത്. പ്രായമേറിയ ഒരു സ്ത്രീ നടത്തുന്ന ചായക്കടയില്‍ കയറി നല്ലൊരു പൊടിച്ചായക്ക് ഓര്‍ഡര്‍ നല്‍കി ഞങ്ങള്‍ കാത്തിരുന്നു. കടയിലെ ചില്ലുകൂട്ടിലിരുന്ന മൊരിഞ്ഞ പരിപ്പുവടയുമായി കടയുടെ കോണിലെ പഴകിയ ബഞ്ചിലിരുന്ന് ഞാന്‍ കട നടത്തുന്ന സ്ത്രീയോട് സംസാരിച്ചു തുടങ്ങി. ഭര്‍ത്താവ് മരിച്ച ശേഷം ജീവിതമാര്‍ഗ്ഗത്തിനായി ഒറ്റയ്ക്ക് കട നടത്തുന്ന അവര്‍ പങ്കുവെച്ചതേറെയും ഭീതിദമായ കഥകളായിരുന്നു. ആനകള്‍ കൂട്ടത്തോടെയിറങ്ങി കൃഷി നശിപ്പിക്കുന്ന കഥകള്‍, കഴിഞ്ഞ ദിവസങ്ങളിലെപ്പോഴോ പുലിയിറങ്ങി തന്റെ വീട്ടിലെ നായ്ക്കുട്ടിയെ കൊന്നുകളഞ്ഞ കഥ… മറ്റെങ്ങും പോകാന്‍ ഇടമില്ലാത്തതുകൊണ്ടും കാടിനെ അത്രമേല്‍ ഇഷ്ടപ്പെടുന്നതും കൊണ്ടാണ് ഇവിടെയിങ്ങനെ ജീവിക്കുന്നതെന്നും പറയുന്നു അവര്‍.

കാടിന്റെ വന്യതയെ ഇരട്ടിച്ച് ആകാശത്തില്‍ കാര്‍മേഘം മൂടിക്കൊണ്ടിരുന്നു. വീണ്ടും മുകളിലേക്ക് പോകുന്തോറും ഞങ്ങള്‍ക്ക് ഇടതുവശത്തായി ഷോളയാര്‍ റിസര്‍വോയര്‍ തടാകത്തിന്റെ മനോഹരദൃശ്യം പ്രത്യക്ഷമായി. ഹൃദയത്തിലേക്കും ക്യാമറയിലേക്കും ചിത്രങ്ങള്‍ പകര്‍ത്തിക്കൊണ്ടിരിക്കവെയാണ് വനംവകുപ്പിന്റെ ബോര്‍ഡ് ശ്രദ്ധയില്‍ പെട്ടത്.

പ്രകൃതിയുടെ ആകര്‍ഷണീയ സൗന്ദര്യത്തില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ ഞങ്ങള്‍ മടക്കയാത്രക്ക് തയ്യാറായി. പരമ്പരാഗത രീതിയില്‍ പണികഴിപ്പിച്ച വീടുകളും സര്‍ക്കാര്‍ പണിതുയര്‍ത്തിയ കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ഇടകലര്‍ന്ന ആദിവാസിക്കോളനികളും കാടുകളിലുടനീളം കാണാന്‍ സാധിച്ചു. ഓരോ കോളനിയോടും അനുബന്ധിച്ച് അങ്കണവാടികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. ഇടയ്ക്ക് യാത്രയെ തടസ്സപ്പെടുത്തി മഴ കനത്തു പെയ്തുകൊണ്ടിരുന്നു. ഇരുണ്ട വനങ്ങളില്‍ പെയ്തിറങ്ങിയ മഴ മണ്ണും മനസ്സും നിറച്ചു കടന്നുപോയപ്പോള്‍ ചോര കുടിയന്‍ അട്ടകള്‍ വീര്യത്തോടെ തലയുയര്‍ത്തി നിന്നു. കാറില്‍ നിന്നിറങ്ങി സാഹസികമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മെല്‍ട്ടനാണ് അവരുടെ ആക്രമണത്തിന് ഇരയായത്.

തേനും കാട്ടുനെല്ലിക്കയും കാട്ടേലവും വില്‍ക്കുന്ന ആദിവാസികളുടെ പക്കല്‍ നിന്ന് വനവിഭവങ്ങള്‍ വാങ്ങാന്‍ ഞങ്ങള്‍ മറന്നില്ല.ഇല്ലിക്കാടുകളും വാഴച്ചാലും കടന്ന് ഇരുണ്ട പ്രകൃതിയിലൂടെ അതിരപ്പിള്ളിയിലേക്ക്.. വിട പറയാന്‍ പറ്റാത്തത്രയും സൗന്ദര്യം നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ മാസ്മരികതയിലേക്ക്…പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടം സന്ദര്‍ശിക്കുമ്പോള്‍ കണ്ടിരുന്ന അപകട മരണങ്ങളുടെ സൂചനാ ബോര്‍ഡ് ഇന്നിവിടെയില്ല. അതോ ഞാന്‍ കാണാതെ പോയതോ? പ്രകൃതിയുടെ മടിത്തട്ടില്‍ നിന്ന് മടങ്ങിപ്പോവാന്‍ പലപ്പോഴും മനസ്സ് മടിക്കുന്നതുപോലെ തോന്നി. സഞ്ചാരികളുടെ ആധിക്യം ഇവിടെയും ഗതാഗതക്കുരുക്ക് രൂപപ്പെടുത്തിയിരിക്കുന്നു. കൊച്ചിയുടെ തിരക്കിലേക്കുള്ള യാത്രയാണിനി. ഓരോ വരവിലും യൗവ്വനം കാത്തുസൂക്ഷിച്ച് കൂടുതല്‍ മനോഹരിയായി മാറുന്ന അതിരപ്പിള്ളിയിലേക്ക് ഇനി വീണ്ടും മടങ്ങിവരുമെന്ന പ്രതീക്ഷയോടെ മടക്കയാത്ര.

 

വിനീത് നായര്‍

 

 Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.