സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്നും ഭരണകൂടം നിശ്ചലമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യങ്ങള്‍ നിയമസബയില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്നും ഈ വെള്ളപൂശലിന് കൂട്ട് നില്‍ക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഷുഹൈബിന്റെ കൊലപാതകികകളെ രക്ഷിക്കാന്‍ ശ്രമിച്ചത് പോലീസാണെന്നും കൊല്ലപ്പെട്ട സഫീറിന്റെ കുടുംബത്തിനുനേരെ മൂന്ന് തവണ ആക്രമണമുണ്ടായിട്ടും പോലീസ് ഒരു പെറ്റിക്കേസ് പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കും പിന്നില്‍ പോലീസിന്റെ നിസംഗതയാണെന്നും മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.
Photo Courtesy : Google / Images may be subjected to copyright

