ലെക്‌സസ് എന്‍എക്‌സ് 300 എച്ച്

ലെക്‌സസ് എന്‍എക്‌സ് 300 എച്ച്

 

lexus-nx-300h_827x510_71509354667ഇടത്തരം ക്രോസോവര്‍ രംഗത്തെ മത്സരം കടുപ്പമാക്കിയ വാഹനങ്ങളാണ് പുതിയ വോള്‍വോ എക്‌സ് സി60, ഔഡി ക്യൂ5, മെഴ്‌സിഡിസ് ജിഎല്‍സി, ബിഎംഡബ്ല്യു എക്‌സ് 3. പക്ഷെ തികച്ചും വ്യത്യസ്തവും സമാനതകളില്ലാത്തതുമായ ഒരു വാഹനമാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ ലെക്‌സസ് എന്‍എക്‌സ് 300 എച്ച് തിരഞ്ഞെടുക്കാം. ലെക്‌സസ് ഇന്ത്യയില്‍ നല്‍കുന്ന നാലാമത്തെ വാഹനമാണിത്. ഇഎസ് 300 എച്ച്, ആര്‍എക്‌സ് 300എച്ച്, എല്‍എക്‌സ് 450ഡി എന്നിവ കഴിഞ്ഞ് എത്തുന്ന നാലാമന്‍. ടൊയോട്ടയുടെ റാവ് 4ല്‍ നിന്നാണ് ഈ വാഹനം കൂടുതല്‍ രൂപമാതൃക കടം കൊണ്ടിട്ടുള്ളത്. 2014ല്‍ ആഗോളതലത്തില്‍ ഇറങ്ങിയ ഈ വാഹനം യുഎസിലും യൂറോപ്യന്‍ വിപണികളിലും വിജയം നേടിയിരുന്നു. ഇന്ത്യയില്‍ ലെക്‌സസ് വാഹനങ്ങള്‍ കടന്നുവന്നിട്ട് അധികകാലം ആയിട്ടില്ല.

എസ്‌യുവി എന്ന നിലയ്ക്ക് ഇത് റാഡിക്കല്‍ ആണെന്ന് പറയാം. യൂറോപിലെ മറ്റ് മാതൃകകളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന വാഹനത്തിന്റെ ബോഡിയില്‍ ഉടനീളം കണിശമായ കട്ടുകളും മടക്കുകളും കാണാം. ബമ്പറിന് പരുക്കന്‍ മുഖമാണ്. മുന്നിലെ സ്പിന്‍ഡില്‍ ആകൃതിയിലുള്ള ഗ്രില്ലിന് ഇരുവശത്തും എല്‍ഇഡി ലാമ്പുകളും രണ്ട് സ്വതന്ത്രമായ ഡിആര്‍എല്ലുകളും കാണാം. അത് വാഹനത്തിന് ആധുനിക മുഖം നല്‍കുന്നു. ഞങ്ങള്‍ ടെസ്റ്റ് ചെയ്തത് ഏറ്റവും വില കൂടിയ മോഡലാണിത്. എഫ് സ്‌പോര്‍ട് മോഡലിനാകട്ടെ സ്‌പോര്‍ട്ടിയായ മെഷ് ഡിസൈനാണ്. മുന്നിലെ ബമ്പറും അലോയ് വീല്‍ ഡിസൈനും തികച്ചും വ്യത്യസ്തമാണ്. 18 ഇഞ്ച് വീലുകള്‍ ഒരു കാറിനെ സംബന്ധിച്ച് വളരെ വലുതായി തോന്നാം.

ഇന്റീരിയറുകള്‍ നന്നായി ഒരുക്കിയിരിക്കുന്നു. ഗുണനിലവാരവും മികച്ചതാണ്. സ്പിന്‍ഡില്‍ തീം സെന്റര്‍ കണ്‍സോളിലും കൊണ്ടുവന്നിട്ടുണ്ട്. ഡാഷ് ബോര്‍ഡും ഡോര്‍ പാഡ് ട്രിമും സിന്തറ്റിക് ലെതര്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നത് ലക്ഷ്വറി ലുക്ക് പ്രദാനം ചെയ്യുന്നു. സ്വിച്ചുകളും നോബുകളും കരുത്തുള്ളതായി തോന്നിക്കും. ട്രിമ്മുകള്‍ക്ക് ബ്രഷ്ഡ് അലൂമിനിയവും കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗുമാണ് ഉപയോഗിച്ചിരിക്കുന്നത്. സ്വിച്ച് ഗിയറുകള്‍ പ്ലാസ്റ്റിക് ക്വാളിറ്റിയാണ്. അത് സാധാരണ ലെക്‌സസ് നിലവാരമില്ലാത്തതാണെന്ന് തോന്നിക്കും. കീ ഫോബും ഏതോ കഴിഞ്ഞ കാല ടൊയോട്ടയുടേതാണെന്ന് തോന്നും.

മുന്‍സീറ്റുകള്‍ സുഖകരമാണ്. സീറ്റുകളിലെ കുഷ്യനിങ്ങും മികച്ചുനില്‍ക്കുന്നു. വെന്റിലേറ്റഡ് സീറ്റുകളും പിന്‍സീറ്റുകള്‍ക്ക് ഇലക്ട്രിക് റിക്ലൈനുമാണ് ലക്ഷ്വറി മോഡലിന്റെ സവിശേഷത. കാലുകള്‍ നീട്ടിവെക്കാനും സൗകര്യമുണ്ടെങ്കിലും ഹെഡ് റൂമിന് പോരായ്മ തോന്നാന്‍ സാധ്യത ഏറെയാണ്. ശരാശരി പൊക്കമുള്ളവര്‍ക്ക് കൂടി അത് അസഹനീയമായി തോന്നും. ഉയര്‍ന്ന തറയും ഒരു സ്‌പെയര്‍ വീലും ഉള്ളതിനാല്‍ ബൂട്ട് സ്‌പേസും ഞെരുങ്ങിയതായി തോന്നും.

ഫീച്ചറുകളുടെ കാര്യത്തില്‍ ലെക്‌സസ് എന്‍എക്‌സ് 300 എച്ച് ഒരുപടി മുന്നിലാണ്. മുന്‍സീറ്റുകള്‍ എട്ട് ആംഗിളുകളില്‍ അഡ്ജസ്റ്റ് ചെയ്യാം. വിശാലക്കാഴ്ച സമ്മാനിക്കുന്ന റൂഫും 360 ഡിഗ്രി ക്യാമറയും വയര്‍ലെസായി മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവുമെല്ലാം വാഹനത്തിന്റെ സവിശേഷതയാണ്. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, വൈപ്പറുകള്‍, ഇലക്ട്രിക് ടെയില്‍ ലൈറ്റ്, സ്റ്റിയറിംഗ് മൗണ്ടഡ് പാഡില്‍ ഷിഫ്റ്ററുകള്‍ എന്നിവയും എട്ട് എയര്‍ ബാഗുകളും സംരക്ഷണത്തിനായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും ലെക്‌സസില്‍ ഒരുക്കിയിരിക്കുന്നു. 10.3 ഇഞ്ച് ഇന്‍ഫൊടെയിന്‍മെന്റ് നിയന്ത്രിക്കുന്നതിന് ടച്ച്പാഡും 14 സ്പീക്കറുകളോട് കൂടിയ മാര്‍ക് ലെവിന്‍സണ്‍ ഓഡിയോ സംവിധാനവും വാഹനത്തിലുണ്ട്.

ഹുഡിനടിയില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന 2.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കാറിന് കരുത്ത് പകരുന്നത്. അറ്റ്കിന്‍സന്‍ സൈക്കിള്‍ ആണ് കൂടുതല്‍ കാര്യക്ഷമത പകരാന്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 197 ബിഎച്ച്പി കരുത്തും 210 എന്‍എം ടോര്‍കും ഉള്ള എഞ്ചിന്‍, ഫോര്‍വീല്‍ ഡ്രൈവിനായുള്ള പ്രത്യേക ഇന്‍ഗ്രേറ്റഡ് ഇലക്ട്രിക് മോട്ടോര്‍ എന്നിവയുളള വാഹനത്തില്‍ നിക്കല്‍ എംഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. സാധാരണ ഹൈബ്രിഡ് ഇലക്ട്രിക് കാറുകളില്‍ കാണുന്ന ലിഥിയം ബാറ്ററി അല്ല. എഞ്ചിന്‍ സിവിടിയുമായി സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ റിലാക്‌സ് ചെയ്ത് ഡ്രൈവ് ചെയ്യാന്‍ സഹായിക്കും. അതിനാല്‍ നഗരങ്ങളിലെ തിരക്കിലും ബമ്പര്‍ ടു ബമ്പര്‍ ട്രാഫിക്കിലും സുഗമമായി ഡ്രൈവ് ചെയ്യാം. ഹൈവേകളില്‍ നല്ല സ്പീഡും ആസ്വദിക്കാം. അമിത വേഗം ആര്‍ജ്ജിക്കുമ്പോള്‍ സിവിടി ഗിയര്‍ ബോക്‌സ് എഞ്ചിനുകളില്‍ അസ്വസ്ഥമായ ശബ്ദം ഉണ്ടാക്കിയേക്കാം. അധികവും റിലാക്‌സ് ചെയ്തുള്ള ഡ്രൈവിങ്ങായിരിക്കും ഉത്തമം.

ചെറിയ എന്‍എക്‌സ് മോഡലിന്റെ ഭാരം 1.9 ടണ്ണാണ്. ബാറ്ററി പാക്കും അധികമായുള്ള ഇലക്ട്രിക് മോട്ടോറുകളും ഹൈബ്രിഡ് ടെക്‌നോളജിയും ഉള്‍പ്പെടെയാണ് ഈ ഭാരം. വിവിധ റോഡ് കണ്ടീഷനുകളില്‍ ഡാമ്പറുകള്‍ അതിനൊത്തവിധം പ്രവര്‍ത്തിക്കും. ഏത് വിധ റോഡ് പ്രതലങ്ങളിലും വാഹനം സുഗമമായി ഓടും. സ്റ്റിയറിംഗ് ലൈറ്റാണ്. റീജെനറേറ്റീവ് ബ്രേക്കായതിനാല്‍ ബ്രേക്കുകള്‍ കരുത്തുള്ളതാണ്. ആകെക്കൂടി സുഗമമായ യാത്രയാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. കുണ്ടുകളും കുഴികളും അനായാസം താണ്ടുന്ന വണ്ടിക്ക് മോശമായ റോഡുകള്‍ നന്നായി കൈകാര്യം ചെയ്യാന്‍ സാധിക്കും.

ഔഡി ക്യൂ5, ബിഎംഡബ്ല്യു എക്‌സ് 3, മെഴ്‌സിഡിസ് ജിഎല്‍സി, വോള്‍വോ എക്‌സ് സി 60 എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍എക്‌സ് 300 എച്ച് അല്‍പം വിലകൂടിയ വാഹനമാണ്. പിന്നിലെ ഞെരുങ്ങിയ സീറ്റ്, ചെറിയ ബൂട്ട്, ബഹളമുണ്ടാക്കുന്ന സിവിടി എന്നീ പോരായ്മകള്‍ സമ്മതിക്കുന്നു. എങ്കിലും എന്‍എക്‌സ് 300 എച്ചിന് ഡിമാന്റ് ഉണ്ടാവുക തന്നെ ചെയ്യും. മേല്‍പ്പറഞ്ഞ കൂട്ടത്തില്‍ ഒരേയൊരു ഹൈബ്രിഡ് കാര്‍ ആണിത്. സ്‌പോര്‍ട്ടി ലുക്ക് കൂടിയാകുമ്പോള്‍ എന്‍എക്‌സ് 300എച്ചിന്റെ ആകര്‍ഷകത്വം കൂടുന്നു. നഗരത്തിലെ ട്രാഫിക് ജാമിനും ഏത് തരം റോഡ് പ്രതലത്തിനും പറ്റിയ വാഹനമാണിത്. മെയിന്റനന്‍സിന്റെ കാര്യത്തില്‍ ചെലവ് തുച്ഛമായിരിക്കും. ഹൈബ്രിഡ് കാറുകളുടെ ശുഭഭാവി ആലോചിച്ചാല്‍ തീര്‍ച്ചയായും എന്‍എക്‌സ് 300 എച്ച് തിളങ്ങുക തന്നെ ചെയ്യും.

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.