മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സിയാൽ ജീവനക്കാരുടെ 2.9 കോടി രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്  സിയാൽ ജീവനക്കാരുടെ 2.9 കോടി രൂപ

WhatsApp Image 2018-09-29 at 6.56.18 PM

സിയാൽ നിക്ഷേപകർക്ക് 25 % ലാഭവിഹിതം

ദുരിതാശ്വാസനിധിയിലേയ്ക്ക് ലാഭവിഹിതത്തിൽനിന്ന് സംഭാവന നൽകാൻ മുഖ്യമന്ത്രിയുടെ അഭ്യർത്ഥന

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഓഹരിയുടമകൾക്ക് 2017-18 സാമ്പത്തികവർഷം 25% ലാഭവിഹിതം നൽകാനുള്ള ഡയറക്ടർബോർഡിന്റെ ശുപാർശ വാർഷിക പൊതുയോഗം അംഗീകരിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ലാഭവിഹിതത്തിന്റെ ഒരുഭാഗം ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നൽകാൻ സിയാലിന്റെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സിയാൽ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളമായ 2.9 കോടി രൂപ വാർഷിക പൊതുയോഗത്തിൽ സിയാൽ സ്റ്റാഫ്, ഓഫീസേഴ്‌സ് സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയ്ക്ക് കൈമാറി. ഐക്യരാഷ്ട്രസഭയുടെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാര ട്രോഫി യോഗത്തിൽ വച്ച് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം 553.42 കോടിരൂപയുടെ മൊത്തവരുമാനമാണ് സിയാൽ നേടിയത്. മുൻസാമ്പത്തിക വർഷത്തെക്കാൾ 13.57 % ആണ് മൊത്തവരുമാനത്തിലുണ്ടായ വളർച്ച. 387.93 കോടി രൂപയാണ് കമ്പനിയുടെ പ്രവർത്തനലാഭം. നികുതി, പുതിയ അന്താരഷ്ട്ര ടെർമിനലിന്റെ പ്രവർത്തനാരംഭം മൂലമുണ്ടായ തേയ്മാനച്ചെലവ് എന്നിവ കൂടി കണക്കിലെടുത്താൽ 158.42 കോടി രൂപയുടെ ലാഭം 2017-18 സാമ്പത്തികവർഷം കമ്പനി രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർബോർഡ് യോഗം ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശയാണ് ശനിയാഴ്ച നടന്ന പൊതുയോഗം അംഗീകരിച്ചത്. ഇതോടെ 2003-04 സാമ്പത്തിക വർഷം മുതൽ ഇതുവരെ 228% ലാഭവിഹിതം ഓഹരിയുടമകൾക്ക് ലഭിക്കും. മൊത്തം 19,000-ഓളം ഓഹരിയുടമകളാണ് സിയാലിനുള്ളത്.
കനത്തമഴയെത്തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകിയതോടെ ഓഗസ്റ്റിൽ 15 ദിവസം വിമാനത്താവളം അടച്ചിടേണ്ടിവന്നു. ഒമ്പതുദിവസം കൊണ്ട് പുന:രുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി വിമാനത്താവളം തുറക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിൽ വെള്ളപ്പൊക്കത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സമഗ്രമായ മാസ്റ്റർ പ്ലാൻ സിയാൽ നടപ്പിലാക്കും. കിറ്റ്‌കോ, ജലസേചന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുക. വെള്ളപ്പൊക്ക നിവാരണത്തിൽ ആഗോള പരിചയസമ്പത്തുള്ള ഡച്ച് എൻജിനീയർമാരുടെ സേവനവും സിയാൽ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന് വേണ്ടി സൗജന്യമായി കൺസൾട്ടൻസി നൽകുന്ന കെ.പി.എം.ജിയുടെ സേവനവും സിയാലിന് ലഭ്യമാക്കും-മുഖ്യന്ത്രി പറഞ്ഞു.
നവീകരിക്കുന്ന ഒന്നാം ടെർമിനലിൽ ഡിസംബർ ആദ്യവാരത്തോടെ ആഭ്യന്തര സർവീസ് പ്രവർത്തനം തുടങ്ങാനാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വെള്ളപ്പൊക്കത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചുവെങ്കിലും സൗരോർജ വൈദ്യേുതോൽപ്പാദനം ഏറെക്കുറെ പുന:സ്ഥാപിച്ചുകഴിഞ്ഞു. നിലവിൽ 29.1 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പ്ലാന്റുകൾ പൂർണനിലയിൽ പ്രവർത്തിക്കുന്നു. ഡിസംബറോടെ ഇത് 40 മെഗാവാട്ടായി ഉയർത്താനുള്ള പദ്ധതി നടന്നുവരുന്നു. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന വിമാനത്താവളം എന്ന ആശയം നടപ്പിലാക്കിയതിന് ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ‘ചാമ്പ്യൻ ഓഫ് എർത്ത് ‘ നേടാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാർഷിക പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി.തോമസ്, വി.എസ്.സുനിൽകുമാർ, സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ, ഡയറക്ടർമാരായ കെ.റോയ് പോൾ, എ.കെ.രമണി, എം.എ.യൂസഫ് അലി, സി.വി.ജേക്കബ്, എൻ.വി.ജോർജ്, ഇ.എം.ബാബു,കമ്പനി സെക്രട്ടറി സജി കെ.ജോർജ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ സുനിൽ ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

ചിത്രവിവരണം

കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി വാർഷിക പൊതുയോഗത്തിൽ, ഐക്യരാഷ്ട്രസഭയിൽ നിന്ന് സിയാൽ നേടിയ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാര ട്രോഫി മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുന്നു.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.