ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം സിയാൽ ഏറ്റുവാങ്ങി

ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരം സിയാൽ  ഏറ്റുവാങ്ങി

images

ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്‌ക്കാരമായ ” ചാമ്പ്യൻ ഓഫ് എർത്ത് ” സിയാലിന് സമ്മാനിച്ചു. ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയുടെ 73-ാം പൊതു സമ്മേളനത്തിന്റെ അനുബന്ധമായി നടന്ന ചടങ്ങിൽ യു.എൻ.ഇ.പി അസിസ്റ്റന്റ് സെക്രട്ടറി സത്യപാൽ ത്രിപാഠിയിൽ നിന്ന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ” ചാമ്പ്യൻ ഓഫ് എർത്ത്-2018 ‘ പുരസ്‌ക്കാരം ഏറ്റുവാങ്ങി.
അന്താരാഷ്ട്ര സൗരോർജ അലയൻസിന് നേതൃത്വം കൊടുക്കുന്നതിന് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഫിലിപ്പീൻസ് പരിസ്ഥിതി പ്രവർത്തക ജുവാൻ കാർലിങ് എന്നിവരും ഈ വർഷത്തെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരത്തിന് അർഹരായി. മികച്ച ‘സംരംഭക ആശയം ‘ എന്ന വിഭാഗത്തിലാണ് സിയാലിനെ ഐക്യരാഷ്ട്രസഭ അംഗീകരിച്ചത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ സൗരോർജ വിമാനത്താവളം എന്ന ആശയം വിജയകരമായി പ്രാവർത്തികമാക്കിയതാണ് സിയാലിനെ ഇത്തവണ പുരസ്‌ക്കാരത്തിന് അർഹമാക്കിയത്. ‘ പരിസ്ഥിതി സൗഹാർദ ഊർജ സ്രോതസ്സുകളെ ഉപയോഗിക്കുന്നതിൽ നേതൃത്വപരമായ പങ്കാണ് സിയാൽ വഹിക്കുന്നത്. പരിസ്ഥിതിയെ ബാധിക്കാതെ ആഗോള വികസന പ്രക്രിയ നിർവഹിക്കാമെന്ന് സിയാൽ തെളിയിച്ചു. ഹരിത ബിസിനസ് സംരംഭങ്ങൾ നന്നായി നിർവഹിക്കാമെന്ന് ലോകത്തെ കാണിച്ചുകൊടുക്കാനും സിയാലിന് കഴിഞ്ഞു ‘- പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള യു.എൻ.ഇ.പിയുടെ ഔദ്യോഗിക പത്രക്കുറിപ്പ് വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനത്തിന്റെ അനന്തര ഫലമായുണ്ടായ പ്രളയക്കെടുതിയെ അസാധാരണമാംവിധം നേരിട്ട കേരള ജനതയ്ക്കും പ്രതിസന്ധി ഘട്ടത്തിൽ മുന്നിൽ നിന്ന് നയിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഈ പുരസ്‌ക്കാരം സമർപ്പിക്കുന്നുവെന്ന് മറുപടി പ്രസംഗത്തിൽ വി.ജെ.കുര്യൻ പറഞ്ഞു. ‘ പരിസ്ഥിതി മലിനീകരണത്തിൽ വലിയ പങ്കുവഹിക്കുന്നുവെന്ന ദുഷ്‌പേര് വിമാനത്താവളങ്ങൾക്കുണ്ട്. ഈ പോരായ്മയ്ക്ക് നമ്മുടേതായ രീതിയിൽ നഷ്ടപരിഹാരം നൽകാൻ കഴിയണം. സൗജന്യമായി ലഭിക്കുന്ന സൂര്യപ്രകാശത്തിൽ നിന്ന് ഊർജമുണ്ടാക്കുന്ന പ്രക്രിയ മാലിന്യരഹിതവും പരിസ്ഥിതി സൗഹാർദവുമാണ്. വിമാനത്താവളം പോലെ വൻതോതിൽ ഊർജ ഉപഭോഗം നടക്കുന്ന സ്ഥാപനങ്ങളിലും ഇത്തരം ഹരിത സാങ്കേതിക വിദ്യ ഉപയോഗിക്കാമെന്ന ആശയമാണ് സിയാൽ മുന്നോട്ടുവച്ചത്. അതിന് ഐക്യരാഷ്ട്രസഭ നൽകിയ അംഗീകാരത്തിൽ ചാരിതാർത്ഥ്യമുണ്ട് ‘- കുര്യൻ പറഞ്ഞു. സിയാലിനെ പ്രതിനിധാനം ചെയ്ത് ജോസ് തോമസ്,സതീഷ് പൈ, പി.എസ്.ജയൻ, ജെറിൻ ജോൺ, സഫീർ മുഹമ്മദ് എന്നിവരും പുരസ്‌ക്കാരച്ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കുവേണ്ടി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് കേശവ് ഗോഖലെ ചാമ്പ്യൻ ഓഫ് എർത്ത് പുരസ്‌ക്കാരം ഏറ്റുവാങ്ങി.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.