കിംങ്‌ഡം  ഓഫ് തായ്‌ലാൻഡ്‌

കിംങ്‌ഡം  ഓഫ് തായ്‌ലാൻഡ്‌

ഇന്ത്യയിൽ നിന്ന് വളരെയകലെയല്ലാത്ത രാജ്യം ഭാരതീയരായ നാം സന്ദർശിച്ചിരിക്കേണ്ടത് തന്നെയാണ്. വളരെ സൗമ്യതയുള്ള തായ് ജനതയെ ആർക്കും പെട്ടെന്ന് ഇഷ്ടമാവും. അവരുടെ പ്രധാനവരുമാനമാർഗ്ഗം ടൂറിസമായതിനാൽ വിരുന്നുകാരായെത്തുന്നവരെ കർഷിക്കുവാനായി  പല പദ്ധതികളും അവിടെ ആവിഷ്ക്കരിച്ചിട്ടുണ്ട്.

 

തായ്ലാൻഡിലെ പ്രധാന ആകർഷണം ബുദ്ധക്ഷേത്രങ്ങളാണ് അതുകൊണ്ടുതന്നെ അവിടെ ധാരാളം സ്വർണ്ണനിറമുള്ള സ്തൂപങ്ങളും, ക്ഷേത്രങ്ങളും വിഹാരങ്ങളും കാണാം. ക്ഷേത്രങ്ങൾ  നേരിൽ ദർശിച്ചാലേ ക്ഷേത്രനിർമ്മിതിയിലെ കല നമുക്ക് ആസ്വദിക്കാനാവൂ. നമ്മുടെ പ്രതീക്ഷകൾക്കുമപ്പുറമാണ് തായ്ലാൻഡുകാരുടെ കലാവൈഭവമെന്ന് പറയുന്നതാവും ശരി. ഓരോന്നും വിവരിക്കുവാൻ  സ്ഥലപരിമിതിയുള്ളതിനാൽ  അവിടത്തെ കാഴ്ചകളിൽ നിന്ന് ആകർഷകമായി തോന്നിയതിൽ ഒരെണ്ണം മാത്രം വായനക്കാർക്കായി ഞാനിവിടെ കുറിച്ചിടുകയാണ്.

 

ഞങ്ങൾ നാല്  ദിവസങ്ങളാണ് അവിടെ ചിലവഴിച്ചത്, അവിടെത്തിയപ്പോൾ മുതൽ മടങ്ങുന്നത് വരെ ക്ഷേത്രദർശനവും, കലാപരിപാടികളും, ഷോപ്പിംങ്ങും, സ്പാചെയ്യലും ഒക്കെയായി മൂന്നാലുദിവസങ്ങൾ  കടന്ന് പോയത് അറിഞ്ഞില്ല. കുറെ ദിവസം ചിലവഴിക്കുവാൻ  പ്ലാനിട്ട് പോയാലേ തായ്ലൻഡിലെ മുഴുവൻ കാഴ്ചകളും ആസ്വദിക്കാനാവൂ.

 

 ഷോപ്പിംങ്ങ് പ്രേമികൾക്ക് പറ്റിയൊരിടമാണ് തായ്ലാൻഡ് മാർക്കറ്റുകൾ. ചൈനയ്ക്ക് വിവിധരാജ്യങ്ങളിൽ അവരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുവാൻ വിപണിയുണ്ടെങ്കിലും ചൈനയുടെ ഏറ്റവും വലിയ മാർക്കറ്റാണ് തായ്ലൻഡിൽ ഉള്ളതെന്നാണ് പറയപ്പെടുന്നത്. അവിടെ ലഭിക്കാത്ത സാധനങ്ങൾ ഇല്ലെന്നത് പോകട്ടെ വിവിധ ബ്രാൻഡഡ് ഐറ്റംസ് സുലഭമാണിവിടെ. ധാരാളം കടകൾ ഉണ്ടെങ്കിലും ഞങ്ങൾ ഒരു കടയിൽ കയറിയപ്പോൾ തന്നെ ഞങ്ങൾക്ക് ഗിഫറ്റ് കൊടുക്കാനുള്ള ഭംഗിയേറിയ ബാഗുകളും റ്റീ ഷർട്ടും വാങ്ങുവാനായി. ഷോളുകൾ ആവശ്യത്തിൽ കൂടുതൽ ഉള്ളതിനാൽ ഇനി വാങ്ങുന്നില്ലെന്ന് പറഞ്ഞിരുന്ന ഞാൻ പോലും ഭംഗിയുള്ള ഷോളിന് തുശ്ചമായ വിലയെന്നറിഞ്ഞപ്പോൾ വാങ്ങിച്ചു പോയി.

 

തായ്ലൻഡ് യാത്രകളിൽ ഏറ്റവും കൂടുതൽ നമ്മേ ഹരം പിടിപ്പിക്കുന്നത് അവിടത്തെ ഫ്ലോട്ടിങ് മാർക്കറ്റാണ്. വീനസ് കനാലിൽ യാത്ര ചെയ്തപ്പോൾ കനാലിന് ചുറ്റിനുമുള്ള വീടുകൾ നമ്മെ അത്ഭുതപ്പെടുത്തും. അത് പോലെ തായ് തീരത്ത് കൂടെ പോയപ്പോൾ, ബോട്ടുകളിലെ വിൽപ്പനയാണ് അതിശയോക്തി പകർന്നത്. തായ് നദിയുടെ തീരത്തു കൂടെ ബോട്ടിൽ യാത്ര ചെയ്യുമ്പോൾ ബുദ്ധക്ഷേത്രങ്ങളുടെ സ്തൂപങ്ങൾ വെട്ടി തിളങ്ങുന്ന ദൂരകാഴ്ച്ച അതിമനോഹരമായിരുന്നു.

മിക്ക നദികളുടെയും തീരം മുഴുവൻ വലിയ വലിയ ഹോട്ടലുകൾ കീഴടക്കിയിരിക്കുകയാണെന്ന് തോന്നുന്നു. അത്കൊണ്ട് തന്നെ തീരങ്ങൾ മുഴുവൻ മനോഹരമായ പൂന്തോട്ടങ്ങളും അതിലൊക്കെ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നതും ആസ്വദിച്ച് നദിയിലൂടെ യാത്ര ചെയ്യാം. നദികളിലൂടെ ഓടികൊണ്ടിരിക്കുന്ന ബോട്ടുകളിലും പിന്നെ ജെട്ടികളിലെ നദീതീരത്തും ഭാഗികമായി നദിയുടെ മുകൾപ്പരപ്പിലും പ്രത്യേക മരതട്ടുകൾ പണിതിട്ട് അതിലാണ് ഫ്ലോട്ടിങ് മാർക്കറ്റ് ഉണ്ടാക്കിയിരിക്കുന്നത്. അതൊക്കെ സർക്കാർ സംവിധാനമായിരിക്കും.

 

ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന് മുന്നിൽ തന്നെ ബോട്ട് കയറുവാനുള്ള ജെട്ടിയുണ്ടായിരുന്നു. അതിൽ കയറി കുറച്ച് ദൂരം പോയപ്പോൾ തന്നെ കച്ചവടബോട്ടുകളും വഞ്ചികളും കണ്ട് തുടങ്ങി. ബോട്ടുകളൊക്കെ ഭംഗിയുള്ള ലൈറ്റുകളും തോരണങ്ങളും കൊണ്ട് മോടികൂട്ടിയിട്ടുണ്ട്. ഞങ്ങളുടെ യാത്ര രാവിലെ പത്ത് മണിയോടെയായതിനാൽ റംബൂട്ടാനും, പൈനാപ്പിൾ മുറിച്ച് കഷ്ണങ്ങളാക്കി കവറിൽ വില്ക്കുന്ന വഞ്ചികൾ കണ്ടു. റബൂട്ടാനും പൈനാപ്പിളും കുറച്ച് വാങ്ങി കഴിച്ചു. നല്ല മധുരവും രുചിയുമുള്ള പൈനാപ്പിൾ കഴിച്ച സന്തോഷത്തിലായിരുന്നു ഞങ്ങൾ. ഓരോ സമയങ്ങളിലും നമുക്ക് കഴിക്കാനുള്ള ഭക്ഷണം വഞ്ചികളിൽ വന്ന് കൊണ്ടിരിക്കും.

ഉച്ചസമയമാവുമ്പോൾ നൂഡിൽസ്, ഫ്രൈഡ് റൈസ്, മത്സ്യം, മാംസം, മുട്ട, വെജിറ്റേറിയൻ ഭക്ഷണം എന്നിവയും വഞ്ചികളിൽ തന്നെയുണ്ടാക്കി വിൽപന നടത്തും. വഞ്ചികളിലൊക്കെ സ്റ്റവ്, വെള്ളം, പാചകം ചെയ്യുവാനുള്ള വിഭവങ്ങൾ, പാത്രങ്ങൾ, കത്തി എന്നിവയൊക്കെയുണ്ട്. അതൊരു സ്ഥിരം വരുമാനമുള്ള ജോലിയാക്കിയവർ അവിടെ ധാരാളമുണ്ട്. ഭക്ഷണം ഉണ്ടാക്കുകമാത്രമല്ല, അവ നല്ല രീതിയിൽ അലങ്കരിച്ച് നല്ല സ്റ്റാർ ഹോട്ടലിൽ വില്ക്കുന്ന പോലെയാക്കുവാൻ അവർക്ക് അപാര കഴിവാണ്. പൂക്കളും ഇലകളും മറ്റും വെച്ച് നന്നായി കലാബോധത്തോടെ ഒരുക്കുന്ന ഭക്ഷണം കാണുമ്പോൾ വല്ലാത്തൊരു ആകർഷണം തോന്നുമെന്ന് തീർച്ച. അത്പോലെ തീരത്തുള്ള കടകളിലും മറ്റും വിവിധതരത്തിലെ ശിൽപങ്ങളൊക്കെ വെച്ച് പരമാവധി മോടി കൂട്ടുവാൻ ശ്രമിച്ചിട്ടുണ്ട്. ജെട്ടിയടുക്കാറായപ്പോൾ സുരക്ഷിതത്വത്തിനായി പണിതിരിക്കുന്ന മരത്തിൻ്റെ വേലി നിറയെ പ്രാവുകൾ നമ്മേ സ്വാഗതം ചെയ്യുവാനെന്ന വണ്ണം കൂട്ടം കൂടിയിരിക്കുന്ന കാഴ്ച ബഹുരസമായിരുന്നു. ഞങ്ങളുടെ ബോട്ട് നദിയിലൂടെ കടന്ന് പോയശേഷം ഫ്ലോട്ടിങ് മാർക്കറ്റിൽ എത്തി. അതിലൂടെ കടന്ന് ചെന്നപ്പോൾ സംഗീതവും വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള മീട്ടലും മറ്റും ഒരു ഭാഗത്ത് തകൃതിയായി നടക്കുന്നുണ്ട്. അവിടവിടെയായി ചെറിയ ചെറിയ ഹോട്ടലുകൾ അതിനിടയ്ക്കൊക്കെ കൊച്ചു കൊച്ചു കടകൾ. അതിൽ മുത്തുമാലകൾ, കീ ചെയിൻ, പാവകൾ, കളിപ്പാട്ടങ്ങൾ, കൗതുകവസ്തുക്കൾ, ചിരട്ടയിൽ തീർത്ത കരകൗശലവസ്തുക്കൾ, എണ്ണിയാലൊതുങ്ങാത്തത്രയും സാധനങ്ങൾ വിറ്റഴിക്കുവാൻ വെച്ചിട്ടുണ്ട്.

കടകളിലേക്ക് പോവുന്ന വഴികൾ വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. പഴവർഗ്ഗങ്ങൾ തന്നെ പലതരം ചക്ക, മാമ്പഴം, പഴങ്ങൾ, പൈനാപ്പിൾ, തണ്ണിമത്തൻ, റംബൂട്ടാൻ, പപ്പായ അങ്ങനെ പലതും. ഫ്രൂട്ട്സിൻ്റെ കടകൾ പിന്നിട്ടപ്പോൾ മത്സ്യവും മാംസവും വിൽക്കുന്ന കടകളുടെ നിരയായി, എന്നാൽ അതിൻ്റെതായ ദുർഗന്ധമൊട്ടില്ലതാനും. എന്നെ ഏറെ അതിശയിപ്പിച്ചത് ഒരു പാത്രം നിറയെ വെള്ളത്തിൽ നീന്തി കൊണ്ടിരിക്കുന്ന പാമ്പിൻ കുഞ്ഞുങ്ങളെ വിൽക്കുവാനായി വെച്ചിരിക്കുന്നതാണ്. അവിടത്തെ ആളുകൾ പാമ്പിനെ കഴിക്കുമെന്ന് പറഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാനായില്ലെങ്കിലും ഇത്രയും പാമ്പുകളെ വില്ക്കുവാൻ വെച്ചിരിക്കുന്നത്, അത് കഴിക്കുവാൻ  ആളുകൾ  ഉണ്ടായിട്ടാണല്ലോ.

 

നദിയുടെ തീരവും ഭാഗികമായി നദിയും ഉൾപ്പെടുന്ന സ്ഥലത്താണല്ലോ മാർക്കറ്റ്. ബോട്ട് പാർക്ക് ചെയ്ത ജട്ടിയിലെ മരത്തട്ട് കൊണ്ടുണ്ടാക്കിയ മാർക്കറ്റിൻ്റെ കുറച്ച് ഭാഗം ചതുരാകൃതിയിൽ ഒഴിച്ചിട്ടിട്ട് ഒരു കുളം പോലെയുണ്ടാക്കിയിരിക്കുന്നു. അതിനകത്ത് നിറയെ മത്സ്യങ്ങൾ. അത് കാണുവാൻ വിനോദസഞ്ചാരികൾ ആകർഷകരായി അതിന് ചുറ്റിനും കൂടിയിട്ടുണ്ട്. അതിന് വേണ്ട ഭക്ഷണം തൊട്ടടുത്ത് കടയിൽ വില്ക്കുവാൻ വെച്ചിട്ടുണ്ട്. അവിടെയെത്തുന്നവരൊക്കെ ഫിഷ് ഫുഡ് വാങ്ങി മത്സ്യത്തിനിട്ട് കൊടുക്കും. ഭക്ഷണമിട്ടാൽ മത്സ്യങ്ങൾ കൂട്ടത്തോടെ അത് കഴിക്കുവാനായി വരുന്ന കാഴ്ച എത്ര സമയം കണ്ടാലും മതി വരില്ല. ഇതിനകത്തേക്ക് ഇറങ്ങുവാൻ പടവുകൾ കൊടുത്തിട്ടുണ്ട്. മത്സ്യത്തിന് ഫിഷ് ഫുഡ് നല്കുന്നവർ പടവുകളിൽ ഇറങ്ങി നിന്ന് ആസ്വദിക്കുകയാണ്. മത്സ്യം കഴിക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ അതിൽ നിന്ന് പിടിക്കുന്ന മത്സ്യത്തെ പാചകം ചെയ്ത് കൊടുക്കുകയും ചെയ്യും. ഇനി മാംസവിഭവങ്ങൾ കഴിക്കുവാനാഗ്രഹിക്കുന്നവർക്ക് ചിക്കൻ, പോർക്ക്, താറാവ്, മുതല, കൊഞ്ച്, പാമ്പ് എന്നിവ തായ് മസാല പുരട്ടി സ്റ്റിക്കിൽ കോർത്തെടുത്ത് ഗ്രില്ല് ചെയ്തു കൊടുക്കും. എല്ലാ വിഭവങ്ങളും അവിടെ സുലഭമാണെന്ന് സാരം.

 

 കുറച്ച്കൂടി മുന്നോട്ട് പോയപ്പോൾ ഷോളുകളും ലുങ്കിയും മണമുള്ള സോപ്പുകളും മറ്റും വിൽക്കുന്ന കടകൾ, പിന്നെ റ്റീഷർട്ട് പല വലിപ്പത്തിലുള്ളവ. തായ്ലാൻഡായത്കൊണ്ട് ആനകളുടെ ചിത്രങ്ങൾ ഉള്ള കുറെ ടോപ്പുകൾ കണ്ടു. എൻ്റെ കുട്ടികൾക്ക് അത് നന്നായി ഇഷ്ടപ്പെട്ടത് കൊണ്ട് അവർ വാങ്ങിച്ചു. ഫ്ലോട്ടിങ് മാർക്കറ്റിന് ഉണർവ്വ് ലഭിക്കുന്നത് രാത്രിയിലാണ്. എന്തെന്നാൽ രാത്രിയാവുമ്പോൾ വൈദ്യുതിദീപങ്ങളുടെ ഭംഗി ഒരു പ്രത്യേക ആകർഷണമാണല്ലോ. രാത്രിയിൽ വൈദ്യുതിദീപങ്ങളുടെ പ്രകാശം വെള്ളത്തിൽ പ്രതിബിംബിക്കുന്നതോടൊപ്പം പാട്ടും മേളവുമൊക്കെകൂടെ ഒരുത്സവ പ്രതീതി ജനിപ്പിക്കുമെന്ന് തീർച്ച. കച്ചവടക്കാരായെത്തുന്ന ശാന്തസ്വഭാവമുള്ള തായ് ജനതയുടെ സ്നേഹപൂർണ്ണമായ പെരുമാറ്റം ആരേയും ആകർഷിക്കുന്നതാണ്. നല്ല ഭംഗിയായ വസ്ത്രധാരണം ചെയ്തെത്തുന്ന ഇവർ വളരെ മര്യാദയോടെയാണ് വിദേശീയരോട് പെരുമാറുന്നത്. ഇന്ത്യക്കാരെ അവർക്ക് വലിയ ഇഷ്ടമാണെന്ന് സന്ദർഭവശാൽ അവർ ഞങ്ങളോട് പറയുകയും ചെയ്തു.

 

ഇതിനേക്കാൾ വിശേഷമാണ് അവിടത്തെ റെയിൽ മാർക്കറ്റ്. പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എന്തെന്നാൽ ട്രയിൻ മാർക്കറ്റിനകത്ത് കൂടെ കടന്ന് പോവുന്നു. വെറുതെ കടന്ന് പോവുകയല്ല. മാർക്കറ്റിലെ കടകളുടെ മേൽകൂര ട്രയിൻ കടന്ന് പോവുമ്പോൾ കുട മടക്കും പോലെ മടക്കി അകത്തേക്ക് വെക്കും. വിൽപ്പനക്കാരുടെ ചരക്കുകൾ ട്രയിനിൻ്റെ വീൽ കടന്ന് പോകുവാൻ പാകത്തിന് മാത്രം ഒഴിച്ചിടുന്നു. അത്രത്തോളം പാളത്തിൽ മുട്ടുന്നത് പോലെയാണ് സാധനങ്ങൾ നിരത്തി വെച്ചിരിക്കുന്നത്. അവിടെയും ലഭിക്കാത്ത സാധനങ്ങൾ ഒന്നും ഇല്ലെന്ന് പറയപ്പെടുന്നു. പ്രത്യേകിച്ച് വിവിധയിനം പഴങ്ങൾ, വിവിധയിനം ഉണക്കമത്സ്യങ്ങൾ എന്നിവ അവിടെ സുലഭമാണ്.

 

നമ്മുടെ കേരളത്തിൽ  ബോൾഗാട്ടി, കടമക്കുടി പോലുള്ള സ്ഥലങ്ങളിൽ നമുക്കും ഇതൊക്കെ പരീക്ഷിക്കാവുന്നതാണ്. തടിപ്പലകകളിൽ കൂടെ നടന്ന് കാഴ്ചകൾ കാണുവാനും, ആവശ്യാനുസരണം ഭക്ഷണം കഴിക്കുവാനുമുള്ള സൗകര്യമുണ്ടെങ്കിൽ തന്നെ ഒരു വിധം സഞ്ചാരികൾക്ക് ദൈവത്തിൻ്റെ നാട് വീണ്ടും സന്ദർശിക്കാനുള്ള ആവേശം പകരാനും, നമുക്ക് വരുമാനവും ആവുമായിരുന്നു.

 

റിട്ട.പ്രൊഫ.ഡോ.പി.കെ.ജയകുമാരി

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

 

 

 

 

 

 

                                                       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.