ടാറ്റ നെക്‌സൊൺ ഇവി

ടാറ്റ നെക്‌സൊൺ ഇവി

 

ഇന്ത്യയിലെ ശരാശരി വരുമാനമുള്ളവർക്ക് വാങ്ങാൻ കഴിയുന്ന ആദ്യത്തെ ഇലക്ട്രിക് വെഹിക്കിൾ ആയിരിക്കും ടാറ്റ നെക്‌സൊൺ ഇവി. മഹീന്ദ്ര വാഹനങ്ങളും കുറെക്കൂടി വില കുറഞ്ഞ ടിയാഗോയും വിപണിയിൽ ലഭ്യമാണെങ്കിലും അവയുടെ ബാറ്ററിയുടെ ടെക്‌നോളജി വളരെ പഴയതാണ്. ടാറ്റയുടെ നെക്‌സൊൺ ഇവി പക്ഷെ എണ്ണം പറഞ്ഞ ഇവിയാണ്, കാരണം അതിൽ ഇന്നത്തെ വിപണിയിലെ നിലവാരമുള്ള ലിതിയം അയോൺ  ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഗുണനിലവാരമുള്ള ഇവി ഇന്ത്യക്കാർക്ക് നൽകാൻ ആദ്യം ശ്രമം നടത്തിയതിന് തെളിവാണ് ഹ്യൂണ്ടായ് കോന. പിന്നീട് നടന്ന  ശ്രമത്തിൽ ലഭിച്ചതാണ് എംജി ഇസെഡ്എസ്. ഇപ്പോൾ അതിനേക്കാൾ മികച്ചതും ശുഭപ്രതീക്ഷ നൽകുന്നതുമായ ഒന്നാണ് ടാറ്റയുടെ നെക്‌സൊൺ ഇവി.

 

ഒറ്റനോട്ടത്തിൽ നെക്‌സൊണിൽ അൽപം പരിഷ്‌കാരം നടത്തിയ വാഹനം എന്നേ തോന്നുള്ളൂ. സ്വതവേയുള്ള ഇൻ്റേണൽ കമ്പഷ്യൻ എഞ്ചിനോടുകൂടിയ നെക്‌സൊണിൽ നിന്നും വ്യത്യസ്തമായ ഒരു ഇവി വേണമെന്ന് ടാറ്റ കരുതിയിരിക്കണം. സ്‌റ്റൈലിൽ തന്നെയുണ്ട് ഈ മാറ്റങ്ങൾ. സാദാ നെക്‌സണിൽ എല്ലാം ഉരുണ്ട സ്വഭാവമുള്ള ഭാഗങ്ങളാണെങ്കിൽ ഇവിയിൽ എല്ലാം പരന്നതാണ്- പരന്ന ബോണറ്റ് ഇതിന് ഒരു  ഉദാഹരണം മാത്രം. 16 ഇഞ്ച് വീലും പുതിയതാണ്. ടാറ്റ പറയുന്നത് ഇവ സാധാരണയുള്ളതിനേക്കാൾ ഒരു കിലോഗ്രാം കുറവാണെന്ന്. പക്ഷെ ഇവിയിൽ എൽഇഡി ഹെഡ്‌ലാമ്പുകളോ ടെയിൽ ലാമ്പുകളോ ഇല്ലെന്നത് അതിശയമായി തോന്നുന്നു. ഹൈടെക് ആയ ആധുനിക ഇവിയിൽ പഴയ ഇൻകാൻഡസെൻ്റ് ബൾബുകൾ കാണുന്നത് ഒരു അപാകതയാണ്.

 

ഒരു കാറിൻ്റെ ഉൾവശംപോലെത്തന്നെയാണ് നെക്‌സൊൺ ഇവിയുടെ അകവും. നല്ല സ്‌പേയ്‌സും ഗുണനിലവാരമുള്ള ക്യാബിനും സുഖകരമായ സീറ്റുകളും. ഗിയർ തെരഞ്ഞെടുക്കാൻ ലാൻ്റ്  റോവർ ശൈലിയിലുള്ള റോട്ടറി ഡയൽ ആണ്. ഡ്രൈവ് ചെയ്യുമ്പോഴും റിവേഴ്‌സ് എടുക്കുമ്പോഴും ഒരൽപം സാവധാനത്തിലാകുന്നുവെന്ന പോരായ്മ അനുഭവപ്പെടും. ഒരു ഇവി ആയതിനാൽ ഇത് അസ്വസ്ഥതയായി അനുഭവപ്പെടും. ഇൻസ്ട്രുമെൻ്റ് കൺസോളിൽ ഏഴ് ഇഞ്ച് ഡിസ്‌പ്ലേയാണ്. ഇവിക്ക് ചേർന്ന ഗ്രാഫിക്‌സുകളും ഉണ്ട്. സീറ്റുകൾ സുഖകരമാണ്, നല്ല സപോർട്ട് നൽകുന്നവയുമാണ്. ഡ്രൈവർക്ക് ചുറ്റുപാടും നല്ല കാഴ്ച ലഭിക്കുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ. ഇവിയ്ക്ക് ഒരു ലക്ഷ്വറി മോഡലുമുണ്ട്. ഫോക്‌സ് ലതർ ഉപയോഗിച്ചാണ് ഇതിൻ്റെ ഇൻ്റീരിയർ സജ്ജീകരിച്ചിരിക്കുന്നത്. സൺ റൂഫും, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പും വൈപ്പറും എല്ലാം ഉണ്ട്. മികച്ച കണക്ടിവിറ്റി ഫീച്ചറുകളും സെക്യൂരിറ്റിയും റിമോട്ട്  കമാൻ്റുകളും ഉണ്ട്.

 

ടി ആകൃതിയിലുള്ള ബാറ്ററി പാക്കിൽ 30.2 കിലോവാട്ട് പവർ ഉണ്ട്. ഇത് കാറിൻ്റെ നടുക്ക് പിൻസീറ്റിനടിയിലായാണ് ഘടിപ്പിച്ചിരിക്കുന്നത്. ഫ്യൂൽ ടാങ്കിൻ്റെ ഇടമാണ് എടുത്തിരിക്കുന്നത്. അതിൻ്റെ ഫലമായി ബൂട്ട് സ്‌പേസ് 350 ലിറ്റർ തന്നെ തികച്ചും ലഭിക്കും. ബാറ്ററി പാക് നെക്‌സൊണിൻ്റെ ഭാരം വർധിപ്പിക്കുന്നുണ്ട്. ഡീസൽ മോഡലിനേക്കാൾ 150 കിലോഗ്രാം കൂടുതലായിരിക്കും ഭാരം. ഐപി 67 റേറ്റിംഗാണ് ബാറ്ററി പാക്കിനുള്ളത്. വെള്ളത്തിന് ഒരു മീറ്റർ വരെ താഴെ അരമണിക്കൂർ നേരം കിടന്നാലും ബാറ്ററിക്ക് കേടുപാടുകളുണ്ടാകില്ല . കഠിനമായ ക്രഷിംഗ്, ഫയർ, നെയിൽ പെനിട്രേഷൻ തുടങ്ങിയ ടെസ്റ്റുകളും പാസായ ഈ ഇവിയ്ക്ക് എഐഎസ് 48 റേറ്റിംഗ് ഉണ്ട്. എട്ട്  വർഷം അഥവ 1,60,000 കിലോമീറ്റർ വാറൻ്റിയാണ് ടാറ്റ ബാറ്ററിയ്ക്കും എഞ്ചിനും നൽകുന്നത്. ബാറ്ററിയുടെ സവിശേഷ സ്ഥാനം മൂലം നെക്‌സൊൺ ഇവിയ്ക്ക് 50:50 എന്ന രീതിയാണ് ഭാരം മുന്നിലും പിന്നിലുമായി  വിഭജിച്ചിരിക്കുന്നത്. മറ്റുകാറുകളെ അപേക്ഷിച്ച് സെൻ്റർ ഓഫ് ഗ്രാവിറ്റി കുറവാണ്. ഗ്രൗണ്ട് ക്ലിയറൻസ് 4 എംഎം മാത്രമാണ്.

 ഹുഡിന് കീഴിൽ, ഇലക്ട്രിക് മോട്ടോർ കാണാം. 129 ബിഎച്ച്പി പവറും 245 എൻഎം ടോർകും ഇതിനുണ്ട്. ത്രോട്ടിൽ അമർത്തിയാൽ നെക്‌സൊൺ നന്നായി പ്രതീകരിക്കും. പവർ ഡെലിവറി കുറെക്കൂടി ലീനയർ ആണ്. അധികം ത്രോട്ടിൽ നൽകാതെ ചുറ്റുപാടും ഓടിക്കാം. വളരെ സുഗമവും നിശ്ശബ്ദവും അനായാസവുമാണ് ഇവിയുടെ ഓട്ടം. തിരക്കുണ്ടെങ്കിൽ, ട്രാഫിക്കിലെ വിടവ് അതിവേഗം നികത്താൻ  സ്‌പോർട്ട്  എന്ന ഗിയറിലേക്ക് മാറിയാൽ മതി. സ്‌പോർട്ടിൽ ത്രോട്ടിൽ കുറെക്കൂടി ആവേശത്തോടെ പ്രവർത്തിക്കും. നല്ല പവറും കിട്ടും. മുഴുവൻ ടോർകും ഒറ്റയടിക്ക്  വീൽ സ്പിൻ ചെയ്യും. സാധാരണ പെട്രോൾ ഡീസൽ കാറുകളിൽ നിന്നും  വ്യത്യസ്തമാണ് ഇവി. കാരണം ഇലക്ട്രിക് മോട്ടോറിൻ്റെ പൊടുനെയുള്ള പവറും ത്രോട്ടിലും ഒരുമിച്ചെത്തുമ്പോൾ കാര്യങ്ങൾ സുഗമമായി പ്രവർത്തിപ്പിക്കാൻ അൽപം പരിചയപ്പെടുന്നത് നല്ലതാണ്. മികച്ച ആക്‌സിലറേഷൻ ആണ് വാഹനത്തിന്. പൂജ്യത്തിൽ നിന്നും നൂറിലേക്ക് കുതിക്കുന്നത് വെറും 9.6 സെക്കൻ്റിലാണ്. അധികം ഇവികളേക്കാൾ, കൂടുതൽ വേഗം നെക്‌സൊൺ ഇവിയ്ക്ക് അനുഭവപ്പെടും. 120 കിലോമീറ്ററാണ് ടോപ് സ്പീഡ്. ഇവിയുടെ അധിക ഭാരത്തിന് ചേരുന്ന  വിധമാണ് ഡാമ്പറുകളും കരുത്തുറ്റ സ്പ്രിംഗുകളോട് കൂടിയ സസ്‌പെൻഷനും ട്യൂൺ  ചെയ്തിരിക്കുന്നത്. തകർന്ന  റോഡുകളിൽ കൂടുതൽ പിടുത്തമുള്ളതായി തോന്നും. എന്തായാലും നെക്‌സോണിൽ നിന്നും പൊതുവേ അധികം വ്യത്യാസങ്ങളൊന്നും ഇക്കാര്യങ്ങളിൽ തോന്നില്ല. വളവുകൾ കുറച്ചുകൂടി അനായാസമായി  തിരിയും. താഴ്ന്ന സെൻ്റർ ഓഫ് ഗ്രാവിറ്റിയാണ് ഉള്ളത്. 50:50 എന്ന രീതിയിലുള്ള ഭാരത്തിൻ്റെ വിതരണം സഹായകരമാണ്. ബാറ്ററിയുടെ കേസിങ് ലോഡ് താങ്ങുന്നതിനാൽ അത് ഷാസിയെ കൂടുതൽ ബലമുള്ളതാക്കുന്നു. എസ് എന്ന മോഡിൽ ഡ്രൈവ് ചെയ്താൽ ഇവി നല്ല രസകരമായ അനുഭവമായി മാറും.

 

നെക്‌സൊൺ ഇവിയിൽ നമ്മൾ ഇഷ്ടപ്പെടാത്തത് എന്താണ്? എസ് മോഡിൽ ധാരാളം ഊർജ്ജം ചെലവാകും. 312 കിലോമീറ്റർ എന്ന് സർട്ടിഫൈ ചെയ്ത റേഞ്ചൊന്നും അപ്പോൾ കിട്ടില്ല. ചാർജ് 25 ശതമാനത്തിൽ കുറഞ്ഞാൽ സ്‌പോർട് എന്ന എസ് മോഡിൽ ഓടിക്കാൻ കഴിയില്ല. ഒരു എമർജൻസിയിൽ ഇവി ചിലപ്പോൾ തലവേദനയാകുമെന്ന ബുദ്ധിമുട്ടുണ്ട്. റീചാർജ് ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ചാർജിംഗ് സ്‌റ്റേഷൻ രണ്ട് കിലോമീറ്ററിന് അപ്പുറമാണെങ്കിൽപോലും അതീവ മന്ദഗതിയിൽ വേണം ഡ്രൈവ് ചെയ്ത് അവിടെ എത്തണമെന്ന പോരായ്മയുണ്ട്. മറ്റൊരു പോരായ്മ ഹിൽ സ്റ്റാർട്ട്  അസിസ്റ്റ് എന്ന മോഡ് പ്രവർത്തിച്ചുതുടങ്ങാൻ എടുക്കുന്ന കാലതാമസാണ്. അത്തരം സന്ദർഭങ്ങളിൽ ആക്ടിവേറ്റ് ചെയ്ത് കഴിഞ്ഞാൽ ഇവി അൽപം പിറകിലോട്ട് നിരങ്ങിനിങ്ങിയതിന് ശേഷമേ മുന്നിലോട്ട് വരൂ എന്ന കുറവുണ്ട്. അത്തരം സന്ദർഭത്തിൽ വണ്ടി കൂടുതൽ പിറകോട്ട്  വരാതിരിക്കാൻ ബ്രേക്ക് പിടിച്ചുപോയാൽ കാര്യങ്ങൾ കൂടുതൽ അവതാളത്തിലാകും. അത് വലിയ ആശയക്കുഴപ്പവും ഉണ്ടാക്കും. ഡ്രൈവറുടെ താൽപര്യങ്ങൾക്കനുസരിച്ച് റീജെനറേഷന്റെ തോത് മാറ്റാൻ കഴിയുമെങ്കിലെന്നും  നിങ്ങൾ ആശിച്ചുപോകും.

 

ഇതെല്ലാം മാറ്റിനിർത്തിയാൽ, നെക്‌സൊൺ ഇവി ഈ വിലയ്ക്ക് നല്ലൊരു എസ് യുവി ആയിരിക്കും. ടാറ്റയുടെ നിർമ്മിതിയിലെ സമീപനം വളരെ ലളിതവും ഫലപ്രദവുമായിരിക്കുന്നു. ഒരു കാർനിർമ്മാതാവിൻ്റെ വീക്ഷണകോണിൽ, നിലവിലുള്ള കാർ നിർമ്മാണ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് അതിൽ ഇലക്ട്രിക് മോട്ടോറും ഹുഡിനടിയിൽ കൺട്രോളറുകളും ഉപയോഗിച്ചാണ് ടാറ്റ ഈ ഇവി വികസിപ്പിച്ചെടുത്തിരിക്കുന്നത്. നെക്‌സോണിനെ ഒരു സ്വീകാര്യമായ കോംപാക്ട് എസ് യുവി ആയി മാറ്റിയെടുത്തതിൽ ടാറ്റയുടെ ബുദ്ധിയെ നമിക്കണം. 14 ലക്ഷത്തിൽ നിന്നാണ് വില ആരംഭിക്കുന്നത്. ഇവിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ഇത് പരീക്ഷിക്കാം.

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.