എം.പി. വീരേന്ദ്രകുമാർ എം.പി.(84) അന്തരിച്ചു.

എം.പി. വീരേന്ദ്രകുമാർ എം.പി.(84) അന്തരിച്ചു.

എഴുത്തുകാരനും പ്രഭാഷകനും പാർലമെന്റേറിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ എം.പി. വീരേന്ദ്രകുമാർ എം.പി.(84) അന്തരിച്ചു. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ ഭൗതിക ശരീരം വയനാട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട്.

ദീർഘകാലം ജനതാദൾ സംസ്ഥാന പ്രസിഡന്റായിരുന്നു. രാജ്യസഭയിലും കോഴിക്കോട്ടുനിന്ന് ലോക്‌സഭയിലും അംഗമായിരുന്ന വീരേന്ദ്രകുമാർ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. പത്മപ്രഭാഗൗഡറുടെയും മരുദേവി അവ്വയുടെയും മകനായി 1936 ജൂലായ് 22ന് വയനാട്ടിലെ കൽപറ്റയിലാണ് ജനനം. ഭാര്യ: ഉഷ. മക്കൾ: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്കുമാർ.

വയനാട്ടിൽ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കോഴിക്കോട് സാമൂതിരി കോളേജിൽനിന്ന് ബിരുദവും മദിരാശി വിവേകാനന്ദ കോളേജിൽനിന്ന് ഫിലോസഫിയിൽ മാസ്റ്റർ ബിരുദവും അമേരിക്കയിലെ സിൻസിനാറ്റി സർവകലാശാലയിൽനിന്ന് എം.ബി.എ. ബിരുദവും നേടി. ജനതാദള്‍(എസ്), സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്), ജനതാദള്‍(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടി സ്ഥാപക നേതാവാണ്.

സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിനിടെയാണ് 1979 നവംബർ 11-ന് മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി നിയമിതനായത്. 1987 ല്‍ നിയമസഭാംഗവും വനം മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി.

ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്ബര്‍, പിടിഐ ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്ബര്‍, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്ബര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്ബര്‍, ജനതാദള്‍(യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 2004 ലും 1996 ലും കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ ലോക്‌സഭാംഗമായി. 2016 ലും 2018 ലും രാജ്യസഭാംഗമായി.

ഹൈമവതഭൂവില്‍,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോന്‍ സാഹിത്യപുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്കാരം, മൂര്‍ത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടി. പ്ലാച്ചിമട ഉൾപ്പെടെ ജലചൂഷണത്തിനെതിരേ അദ്ദേഹം നേതൃത്വം നൽകിയ പോരാട്ടത്തിനൊടുവിൽ കോളക്കമ്പനികൾക്ക് പ്ലാന്റുകൾ അടച്ചുപൂട്ടേണ്ടിവന്നു. ബഹുരാഷ്ട്രക്കുത്തകകൾക്കെതിരായ പോരാട്ടത്തിലൂടെയും വിട്ടുവീഴ്ചയില്ലാത്ത പരിസ്ഥിതി നിലപാടുകളിലൂടെയും ശ്രദ്ധേയനായ ജനകീയനേതാവാണ് വീരേന്ദ്രകുമാർ.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.