കരിപ്പൂര്‍ വിമാനദുരന്തം: മരിച്ചവരുടെ എണ്ണം 19 ആയി.
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ പൈലറ്റുമാരും ഉള്‍പ്പെടും.
നാല്‍പ്പതുകാരിയായ സിനോബിയയുടെ മരണമാണ് ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ ആയിരുന്ന സിനോബിയ ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ മരിച്ചത് 13 പേരാണ്. മലപ്പുറത്തെ ആശുപത്രികളില്‍ 6 പേര് മരിച്ചു. നാല്പതോളം പേര്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര് വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മൊത്തം 191 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 185 യാത്രക്കാരില്‍ 11 പേര് കുട്ടികളാണ്. ഇതില്‍ കൂടുതലും അഞ്ച് വയസ്സിന് താഴെയാണ്. നാല് ക്യാബിന് ക്രൂ, രണ്ട് പൈലറ്റുമാര്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. അപകട കാരണം മോശം കാലാവസ്ഥയെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വന്ദേഭാരത് ദൗത്യത്തില്‍184 യാത്രക്കാരുമായി വന്ന ഐ.എക്സ് 1344 ാം വിമാനം വൈകിട്ട് 7.41 നാണ് കരിപ്പൂരില്‍ തകര്‍ന്നത്. കനത്തമഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനുളള ആദ്യവട്ട ശ്രമം പരാജയപ്പെട്ടു. പിന്നീട് വീണ്ടും ലാന്‍ഡിങ് നടത്തിയപ്പോഴാണ് അപകടം. ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളര്‍ന്നു. കോക്പിറ്റ് മുതല്‍ മുന്‍ വാതില്‍ വരെയുളള ഭാഗം പുറകുഭാഗവും പിളര്‍ന്നുമാറി.
വലിയ ശബ്ദത്തില്‍ വീണ വിമാനത്തിന്റെ ഒരുഭാഗം വിമാനത്താവളത്തിന്റെ മതില് തകര്‍ത്തു. നാട്ടുകാര്‍കൂടി സജീവമായി രംഗത്തെത്തിയതോടെ അതിവേഗം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായത്. എയര്‍പോര്‍ട്ട് ടാകസികള്‍ അടക്കം രക്ഷാദൗത്യത്തിനെത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്.
Photo Courtesy : Google/ images are subject to copyright