അഭയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

അഭയ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

കോളിളക്കം സൃഷ്ടിച്ച അഭയ കൊലക്കേസില്‍ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ്. ഇതിനുപുറമേ അഞ്ചുലക്ഷം രൂപ പിഴയുമൊടുക്കണം. വധിക്കുക എന്ന ലക്ഷ്യത്തോടെ അതിക്രമിച്ചു കടന്നതിന് ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരിന് ഒരുലക്ഷം രൂപ അധിക പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. . ശിക്ഷ വിധിക്കുന്നത് കേള്‍ക്കാന്‍ പ്രതികളെ കോടതിയില്‍ എത്തിച്ചിരുന്നു. കണ്ണടച്ചുനിന്നാണ് സെഫി വാദങ്ങളും ശിക്ഷാവിധിയും കേട്ടത്.ഒരു ഭാവവ്യത്യാസവുമില്ലാതെ നിന്നാണ് ഫാ. തോമസ് കോട്ടൂര്‍ വിധി കേട്ടത്.

ഇരുപത്തിയെട്ടു വര്‍ഷം നീണ്ട അന്വേഷണ പരീക്ഷണങ്ങളും അട്ടിമറി നാടകങ്ങളും തരണം ചെയ്ത് ഇന്നലെയാണ് ഇരുവരെയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. അപൂവ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച്‌ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ഫാ. തോമസ് കോട്ടൂര്‍ അര്‍ബുദരോഗിയാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. പ്രായമായ മാതാപിതാക്കളുണ്ടെന്നും അവര്‍ക്ക് സംരക്ഷണം നല്‍കുന്നത് താനാണെന്നും അതിനാല്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്നുമായിരുന്നു സെഫി ആവശ്യപ്പെട്ടത്. തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതി ഫാ തോമസ് പൂതൃക്കയിലിനെ നേരത്തേ വിട്ടയച്ചിരുന്നു. ഇതിനെതിരെ സി ബി ഐ അപ്പീല്‍ നല്‍കും.
സി ബി ഐയാണ്, ലോക്കല്‍ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തളളിയ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത്.

കഴിഞ്ഞദിവസമാണ് അഭയ കൊലക്കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതി വിധിച്ചത്. രണ്ടു പ്രതികള്‍ക്കുമെതിരായ കൊലക്കുറ്റവും തെളിവ് നശിപ്പിക്കല്‍ കുറ്റവും കോടതി ശരിവെച്ചു. പ്രതികള്‍ തമ്മിലുള്ള ശാരീരികബന്ധം സിസ്റ്റര്‍ അഭയ നേരിട്ട് കണ്ടതിനെത്തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് അഭയയെ തലയ്ക്കടിച്ചു വീഴ്ത്തി കിണറ്റിലിട്ടുവെന്നാണ് സി.ബി.ഐ.യുടെ കണ്ടെത്തല്‍. കോണ്‍വെന്റില്‍ അതിക്രമിച്ചു കടന്നുവെന്ന കുറ്റംകൂടി കോട്ടൂരിനുണ്ട്. 28 വര്‍ഷം നീണ്ട നടപടികള്‍ക്കൊടുവിലാണ് പ്രതികള്‍ കുറ്റക്കാരെന്ന് പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി കെ. സനില്‍ കുമാര്‍ കണ്ടെത്തിയത്.

കോണ്‍വെന്റില്‍ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവിന്റെ മൊഴിയും കേസില്‍ തങ്ങള്‍ക്ക് അനുകൂലമായ പ്രചാരണംനടത്താന്‍ ഫാ. കോട്ടൂര്‍ സമീപിച്ച പൊതുപ്രവര്‍ത്തകനായ കളര്‍കോട് വേണുഗോപാലിന്റെ മൊഴിയുമാണ് കേസില്‍ നിര്‍ണായകമായത്. അഭയയുടെ മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളി അടക്കമുള്ള എട്ടു സാക്ഷികള്‍ വിചാരണയ്ക്കിടെ കൂറുമാറി. കോണ്‍വെന്റിന്റെ അയല്‍പക്കത്തുള്ള സഞ്ജു പി. മാത്യു മജിസ്ട്രേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴിപോലും തിരുത്തി. സഞ്ജുവിനെതിരായ കേസുമായി സി.ബി.ഐ. മുന്നോട്ടുപോകുകയാണ്.

അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ എസ് ഐ അഗസ്റ്റിനെയും നാലാം പ്രതിയാക്കി സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു. സി ബി ഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്നേ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്‌തിരുന്നു. തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡി വൈ എസ് പി സാമുവലിനേയും പ്രതിയാക്കി.

മുന്‍ ക്രൈം ബ്രാഞ്ച് എസ് പി കെ ടി മൈക്കിളിനെ സി ബി ഐ കോടതിയും പ്രതിചേര്‍ത്തു. സാമുവല്‍ മരിച്ചതിനാല്‍ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 26ന് ആരംഭിച്ച വിചാരണ പല പ്രാവശ്യം തടസപ്പെട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ വരെ സമീപിച്ചിരുന്നു. വിചാരണ തുടരാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരം സി ബി ഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.