കവയിത്രി പദ്‌മശ്രീ സുഗതകുമാരി വിടവാങ്ങി

കവയിത്രി പദ്‌മശ്രീ സുഗതകുമാരി വിടവാങ്ങി

പ്രശസ്ത കവയിത്രിയും പത്മശ്രീ പുരസ്‌കാര ജേതാവും സാമൂഹിക, പരിസ്ഥിതി മേഖലകളിലെ ശ്രദ്ധേയ സാന്നിധ്യവും സംസ്ഥാന വനിതാ കമ്മിഷന്‍ മുന്‍ അധ്യക്ഷയുമായ സുഗതകുമാരി (87) അന്തരിച്ചു. കോവിഡ് ബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായ ബോധേശ്വരന്‍ എന്നറിയപ്പെടുന്ന കേശവ പിള്ളയുടെയും സംസ്‌കൃത പണ്ഡിതയും അധ്യാപികയുമായ വി.കെ. കാര്‍ത്യായനി അമ്മയുടെയും മകളായി 1934 ജനുവരി മൂന്നിനു പത്തനംതിട്ട ആറന്മുള വാഴുവേലില്‍ തറവാട്ടിലായിരുന്നു ജനനം. വിദ്യാഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ പരേതനായ ഡോ. കെ. വേലായുധന്‍ നായരാണ് ഭര്‍ത്താവ്. മകള്‍: ലക്ഷ്മി. എഴുത്തുകാരിയും അധ്യാപികയും വിദ്യാഭ്യാസവിചക്ഷണയുമായ ഹൃദയകുമാരി, കവയിത്രി സുജാത ദേവി എന്നിവര്‍ സഹോദരങ്ങളാണ്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി, എഴുത്തച്ഛന്‍, ഓടക്കുഴല്‍ പുരസ്‌കാരങ്ങള്‍ക്കും സരസ്വതി സമ്മാനും അര്‍ഹയായിട്ടുണ്ട്. 1957ലാണ് ആദ്യ കവിത പ്രസിദ്ധീകരിച്ചത്. രാത്രിമഴ, അമ്പലമണി, പാതിരാപ്പൂക്കള്‍, മണലെഴുത്ത് എന്നിവയാണു പ്രധാന കൃതികള്‍. പാതിരപ്പൂക്കളിന് 1968ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും രാത്രിമഴയ്ക്ക് 1978 കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും അമ്ബലമണിയ്ക്ക് 1982 ഓടക്കുഴല്‍ പുരസ്‌കാരവും 1984ല്‍ വയലാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മണലെഴുത്ത് 2012 ലെ സരസ്വതി സമ്മാനിന് അര്‍ഹമായി. 2009-ല്‍ സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്കു നല്‍കുന്ന എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹയായി. ആശാന്‍ പുരസ്‌കാരം, വള്ളത്തോള്‍ പുരസ്‌കാരം, പി കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം, ലളിതാംബിക അന്തര്‍ജനം പുരസ്‌കാരം, ബാലാമണിയമ്മ പുരസ്‌കാരം, ബഷീര്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ജന്മാഷ്ടമി പുരസ്‌കാരം എന്നിവയും സുഗതകുമാരിയെ തേടിയെത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കേരള യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1955 ല്‍ തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ സുഗതകുമാരി ഗവേഷണത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കിയില്ല.

പ്രമുഖ ഗാന്ധിയന്‍ ചിന്തകനായ പിതാവ് ബോധേശ്വരനില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടായിരുന്നു സുഗതകുമാരിയുടെ സാമൂഹികപ്രവര്‍ത്തന മേഖലയിലേക്കുള്ള കടന്നുവരവ്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച സേവ് സൈലന്റ് വാലി പ്രക്ഷോഭത്തില്‍ അവര്‍ സുപ്രധാന പങ്കുവഹിച്ചു. സുഗതകുമാരിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് വനം-പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി എഴുത്തുകാര്‍ ഒരുമിച്ച ആദ്യ കൂട്ടായ്മ കൂടിയായിരുന്നു ഇത്. തുടര്‍ന്ന് വനപര്‍വം എന്ന പേരില്‍ പ്രമുഖ എഴുത്തുകാരുടെ കൃതികള്‍ അടങ്ങിയ പുസ്‌കം പുറത്തിറക്കിയതും പുതിയൊരു കാല്‍വയ്പായി. സൈലന്റ് വാലി അഥവാ നിശബ്ദ വനം എന്ന കവിത സുഗതകുമാരിയുടെ പ്രകൃതിയോടുള്ള ആത്മബന്ധത്തിന്റെ അടയാളമായിട്ടാണു കണക്കാക്കപ്പെടുന്നത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.