ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്
ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും ഇന്ന് നടക്കും. രാവിലെ 11നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പും ഉച്ചയ്ക്കു രണ്ടിന് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നടക്കും. ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളുകളിലാണ് ചടങ്ങ് നടക്കുക. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍മാരാണ് നേതൃത്വം നല്‍കുക. 7 ജില്ലാ പഞ്ചായത്തുകളുടെ പ്രസിഡന്റ് സ്ഥാനം വനിതാസംവരണമാണ്.
ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും അതാത് വരണാധികളുടെ നേതൃത്വത്തില്‍ നടക്കും. സംസ്ഥാനത്ത് 941 പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ല പഞ്ചായത്തുകളുമാണുള്ളത്. കോര്‍പറേഷനുകളിലെയും നഗരസഭകളിലെയും മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടന്നിരുന്നു.
വൈസ് പ്രസിഡന്റുമാര്‍ക്ക് പ്രസിഡന്റുമാരാണ് സത്യവാചകം ചൊല്ലിക്കൊടുക്കുക. കക്ഷിനില തുല്യമായ പഞ്ചായത്തുകളില്‍ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്. അതേസമയം ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി സിപിഎം സിപിഐ തര്‍ക്കം നിലനില്‍ക്കുകയാണ്.
Photo Courtesy : Google/ images are subject to copyright