ആഭരണകലയിലെ തങ്കത്തിളക്കം

ആഭരണകലയിലെ തങ്കത്തിളക്കം

ഇടുക്കി ജില്ലയിലെ അടിമാലിയില്‍ സോമരാജൻ്റെയും ഗീത സോമരാജൻ്റെയും ഇളയമകള്‍. ബിസിനസ്സ്‌കാരനായ ഭര്‍ത്താവിനൊപ്പം നിന്ന് പറക്കാട്ട് ജ്വല്ലറി എന്ന സ്ഥാപനത്തെ ലോകോത്തരബ്രാന്‍ഡാക്കി മാറ്റുന്നതില്‍ വിജയം കൈവരിച്ച വനിത. പറക്കാട്ട് ഗ്രൂപ്പിൻ്റെ ചെയര്‍മാന്‍ ശ്രീ. പ്രകാശ് പറക്കാട്ടിൻ്റെ ഭാര്യ ശ്രീമതി. പ്രീതി പ്രകാശ് പറക്കാട്ടുമായി യൂണിക് ടൈംസ് സബ് എഡിറ്റര്‍ ഷീജ നായര്‍ നടത്തിയ അഭിമുഖം.

preethi prakash parakkat
ആരും ചിന്തിക്കാത്ത ഒരാശയത്തെ ലോകം അറിയപ്പെടുന്ന ഒരു ബ്രാന്‍ഡാക്കി മാറ്റിയതിനെക്കുറിച്ച് ?
പ്രകാശ്, കാലടിയിലും ശ്രീമൂലനഗരത്തിലും പറക്കാട്ട് എന്ന ജ്വല്ലറി നടത്തിവരുമ്പോഴാണ് ഞങ്ങളുടെ വിവാഹം. മക്കള്‍ രണ്ടുപേരും സ്‌കൂളില്‍ പോകാന്‍ തുടങ്ങിയപ്പോഴാണ് ഭര്‍ത്താവിൻ്റെ ബിസിനസ്സില്‍ സഹായകമാകുക എന്ന ചിന്ത മനസ്സിലുദിക്കുന്നത്. ഇത് അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ സന്തോഷത്തോടെ പൂര്‍ണ്ണസമ്മതം അറിയിച്ചു. ആയിടയ്ക്കാണ് സ്വര്‍ണ്ണലോകം എന്നൊരു പ്രദര്‍ശനം നടക്കുന്നത്. അത് കാണുവാനായി ഞങ്ങള്‍ പോയി. അന്നവിടെ എന്നെ ആകര്‍ഷിച്ചത് മനോഹരമായ ഒരു ഗണപതി വിഗ്രഹമായിരുന്നു. ഫൈബറില്‍ നിര്‍മ്മിച്ച് തങ്കം പൊതിഞ്ഞതായിരുന്നുവത്. കാഴ്ചയില്‍ അഞ്ച് പവനോളം തൂക്കം തോന്നിക്കുന്നതായിരുന്നു ആ വിഗ്രഹം. ഇതില്‍ നിന്നാണ് തങ്കത്തില്‍ പൊതിഞ്ഞ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ നിര്‍മ്മിച്ചാലോ എന്ന ആശയം ഞങ്ങളില്‍ ഉടലെടുക്കുന്നത്. സ്വര്‍ണ്ണം ഗ്രാമിന് 350 രൂപയായിരുന്നു അന്നത്തെ വില. അന്നത് സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. പിന്നീട് തങ്കത്തില്‍ പൊതിഞ്ഞ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ എന്നതിനെക്കുറിച്ചുള്ള പഠനങ്ങളിലായിരുന്നു ഞങ്ങള്‍. ഫൈബര്‍ മോള്‍ഡില്‍ തീര്‍ത്ത് തങ്കത്തില്‍ പൊതിഞ്ഞ ആഭരണങ്ങള്‍ നിര്‍മ്മിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉപയോഗിക്കാന്‍ കൊടുക്കുകയും, അവരോട് അഭിപ്രായമാരായുകയും ചെയ്തു. എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും നല്ല അഭിപ്രായം ലഭിക്കുകയും ചെയ്തു. സ്വര്‍ണ്ണാഭരണങ്ങളുടേതുപോലെ ഭംഗിയും മിതമായവിലയും സാധാരണക്കാര്‍ക്ക് സ്വീകാര്യമായതോടെ ഇത് ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. ഈ ആഭരണങ്ങള്‍ക്ക് ചില പോരായ്മകള്‍ ഉണ്ടായിരുന്നു. ചില ഡിസൈനുകള്‍ മാത്രമേ നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇത് മെച്ചപ്പെടുത്താനുള്ള പഠനങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്. അങ്ങനെയാണ് വെള്ളിയിലും ചെമ്പിലും ആഭരണങ്ങള്‍ പണിത് തങ്കത്തില്‍ പൊതിഞ്ഞെടുത്ത, സ്വര്‍ണ്ണാഭരണങ്ങളോട് കിടപിടിക്കുന്ന മനോഹരമായ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇവ പൊതുജനങ്ങളിലേക്കെത്തിക്കുവാനായി തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. പിന്നീട് എല്ലാ ജില്ലകളിലും പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും വിജയിച്ചയിടങ്ങളില്‍ ഒരു ഗ്രാം തങ്കാഭരണങ്ങളുടെ ജ്വല്ലറികള്‍ ആരംഭിക്കുകയുമുണ്ടായി.

preethi prakash

കണ്ണഞ്ചിപ്പിക്കുന്ന കളക്ഷനുകളും മനോഹരവും വ്യത്യസ്തവുമായ ഡിസൈനുകളും ഈ നേട്ടം സാധ്യമാക്കുന്നതെങ്ങനെയാണ് ?

പൊതുവെ സ്ത്രീകള്‍ക്ക് പ്രിയമേറിയ കാര്യമാണ് ആഭരണങ്ങള്‍. ഒരു ഗ്രാം തങ്കാഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പ്രകാശ് ഒരു പ്രൊഡക്ഷന്‍ യൂണിറ്റ് തുടങ്ങിയിട്ടുണ്ടായിരുന്നു. അവിടത്തെ ഡിസൈനുകള്‍ ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഡിസൈനിങ്ങില്‍ കുറച്ചുകാര്യങ്ങള്‍ പ്രകാശില്‍ നിന്നും സ്വായത്തമാക്കി. അങ്ങനെയാണ് പാരമ്പര്യ ശൈലി ഇഷ്ടപ്പെടുന്നവരെയും ന്യൂജെന്‍ ഡിസൈന്‍ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ വേണ്ട മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചത്. മികച്ച ക്വാളിറ്റിയിലുള്ള പുതിയ ഡിസൈനുകള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. പണം മുടക്കി ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പരിപൂര്‍ണ്ണ സംതൃപ്തി ലഭിക്കണം എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ശുദ്ധമായ വെള്ളിയിലോ ചെമ്പിലോ ആഭരണങ്ങള്‍ പണിതീര്‍ത്ത് ഇറ്റാലിയന്‍ ടെക്‌നോളജി ഗോള്‍ഡ് ഫോമിങ്ങിലൂടെ 24 കാരറ്റ് തനിത്തങ്കം പൂശിയാണ് ആഭരണങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ ഫാഷനുകള്‍ക്കും ട്രെന്‍ഡുകള്‍ക്കുമനുസരിച്ച് ഡിസൈനില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതും ഗുണനിലവാരത്തിലും വിശ്വസ്തതയിലും വിട്ടുവീഴ്ചയില്ലാത്തതുമാണ് പറക്കാട്ടിൻ്റെ നേട്ടം. പുതുതലമുറയ്ക്ക് ഇണങ്ങുംവിധം കോപ്പര്‍ ഫിനിഷ്, ആൻ്റിക് ഫിനിഷ്, ഗേരു കളക്ഷന്‍ എന്നിങ്ങനെയുള്ള ഡിസൈനുകള്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണ്. ഗുണമേന്മ, വില്പനാനന്തരസേവനം എന്നീ കാര്യങ്ങളില്‍ ഞങ്ങള്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. സാങ്കേതിക വിദ്യകള്‍ ജനകീയമായിരിക്കുന്ന കാലഘട്ടത്തില്‍ പുതിയ ഡിസൈനുകള്‍ അറിയുന്നതിനും അവയില്‍ മാറ്റങ്ങള്‍ വരുത്തി നൂതന ഡിസൈന്‍ ഉണ്ടാക്കിയെടുക്കുന്നതിനും ധാരാളം സാദ്ധ്യതകള്‍ ഉണ്ട്. അവ കണ്ടെത്തി പ്രാവര്‍ത്തികമാക്കുന്നതിലാണ് ഞങ്ങളുടെ വിജയം.

preethi prakash parakkat

ആഭരണനിര്‍മ്മാണ മേഖലയിലല്ലാതെ വേറെ ഏതൊക്കെ മേഖലയിലാണ് പറക്കാട്ട് അതിൻ്റെ പേര് പതിപ്പിച്ചിരിക്കുന്നത്?

പറക്കാട്ട് ജ്വല്ലറി ഇന്ന് ലോകത്താകമാനം അറിയപ്പെടുന്ന ഒരു ബ്രാന്‍ഡാണ്. അതുപോലെ തന്നെ മൂന്നാറില്‍ പറക്കാട്ട് നേച്ചേര്‍സ് റിസോര്‍ട്ട് ഉണ്ട്. എൻ്റെ ജന്മദേശമായ അടിമാലിയില്‍ ഇരുപതേക്കറില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ഒരു ആയുര്‍വേദിക് റിസോര്‍ട്ടിൻ്റെ പണി പൂര്‍ത്തിയായിട്ടുണ്ട്. കോവിഡ് സാഹചര്യമായതിനാലാണ് അതിൻ്റെ പ്രവര്‍ത്തനം ആരംഭിക്കാത്തത്. ഇതൊരു ഹില്‍ ടോപ് പ്രൊജക്റ്റ് ആണ്. അതിനോടൊപ്പം തന്നെ ഞങ്ങളുടെ വീടിനോടനുബന്ധിച്ച് പുഴയോരത്ത് ഒരു ആയുര്‍വേദിക് റിസോര്‍ട്ട് പണിതീര്‍ന്നുകൊണ്ടിരിക്കുന്നു. കൂടാതെ ഇല്ലിത്തോട് ഒരു ജലാശയത്തിന് ചുറ്റും ബോട്ടിംഗ് സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി ഇരുപത്തിയഞ്ചോളം കോട്ടേജുകളുടെ മറ്റൊരു പ്രൊജക്റ്റ് കൂടി നിര്‍മ്മാണത്തിലുണ്ട്. നൂറേക്കറില്‍ പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് പ്രകൃതിഭംഗിക്ക് കോട്ടംതട്ടാതെ ആധുനീക സൗകര്യങ്ങളുള്ള അമ്യൂസ്‌മെന്റ് പാര്‍ക്ക്, കോട്ടേജുകള്‍, ഹട്ടുകള്‍, റോപ്പ് വേ എന്നിവയുള്‍പ്പെടുത്തി ഗംഭീരമായ ഒരു പ്രൊജക്റ്റാണത്. പറക്കാട്ട് അഗ്രോ ഫാം എന്നൊരു പ്രൊജക്റ്റും വരുന്നുണ്ട്. ഇതില്‍ അലങ്കാരച്ചെടികള്‍ മാത്രമല്ല ഔഷധ സസ്യങ്ങളും നൂറു ശതമാനം ഓര്‍ഗാനിക് ഭക്ഷ്യവസ്തുക്കള്‍, നാടന്‍ കോഴി, കാട, പശു, മീന്‍ തുടങ്ങി ആരോഗ്യ സംരക്ഷണത്തിനുള്ള വിഷരഹിത പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവയും ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. പറക്കാട്ട് വെഡിങ് കമ്പനി എന്നൊരു പ്രൊജക്റ്റും അവസാന പണികളിലാണ്. വെഡിങ് ഫോട്ടോഗ്രാഫിയാണ് പ്രധാന ഉദ്ദേശ്യം. കൂടാതെ ബ്രൈഡല്‍ എക്സ്‌ക്ലൂസീവ് ഷോറൂം, പ്രീ വെഡിങ് ആന്‍ഡ് പോസ്റ്റ് വെഡിങ് ഫോട്ടോ ഷൂട്ട് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ മോഡലിംഗ്, ഫോട്ടോ ഷൂട്ട്, മെയ്ക് ഓവര്‍ സ്റ്റുഡിയോ, കോസ്മെറ്റിക്‌സ് സെക്ഷന്‍ എന്നിവയുള്‍പ്പെടുത്തി എല്ലാ സൗകര്യങ്ങളോടും കൂടി എറണാകുളത്ത് വുഡ്‌ലാൻഡ് ജംഗ്ഷനില്‍ ഉടനെ തന്നെ പ്രവര്‍ത്തനമാരംഭിക്കും.

preethi prakash

ബിസിനസ്സും കുടുംബവും, എങ്ങനെയാണ് ഇവരണ്ടും ഒരുമിച്ച് കൊണ്ടുപോകുന്നത് ?

ഒരേ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് അതിൻ്റെ എല്ലാകാര്യങ്ങളും അറിയാവുന്നതിനാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാറില്ല. ഞങ്ങള്‍ രണ്ടുപേരും ബിസിനസ്സില്‍ ഉള്ളവരായതുകൊണ്ട് പരസ്പരം മനസ്സിലാക്കി അഡ്ജസ്റ്റ് ചെയ്തു പോകുന്നതിന് ബുദ്ധിമുട്ടില്ല. മക്കള്‍ രണ്ടുപേരും ചെറുപ്പം മുതലേ ഞങ്ങളുടെ തിരക്കുകള്‍ കണ്ട് വളര്‍ന്നുവന്നതിനാല്‍ അവരും ഞങ്ങളോട് യോജിച്ചുപോകുന്നുണ്ട്. കൂടാതെ ബന്ധുമിത്രാദികളുടെ സഹകരണം. ബിസിനസ്സ് സംബന്ധിച്ച് ദീര്‍ഘയാത്രകള്‍ ഉണ്ടാകാം, കുടുംബകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാം, ഇത്തരം അവസരങ്ങളില്‍ ബന്ധുക്കളുടെ സഹകരണം വലിയ ആശ്വാസമാണ്. ഒരു കുടുംബംപോലെ അവരെ കണക്കാക്കിയാല്‍ എന്തുകാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ സാധിക്കും. കൂടാതെ കുടുംബപരമായിട്ടാണ് നമ്മുടെ ബിസിനസ് മുന്നോട്ട് പോകുന്നത്. കുടുംബത്തിലുള്ള ഓരോരുത്തരും ചെറിയ ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. കുടുംബ ബന്ധങ്ങളുടെ കൂട്ടായ്മയുടെ ശക്തി നമ്മുടെ കൂടെ ഉള്ളിടത്തോളംകാലം ബിസിനസ്സും കുടുംബവും ഒരുമിച്ചുകൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ല. അതാണ് എൻ്റെ വിജയവും.

കുടുംബം

ഭര്‍ത്താവ് പ്രകാശ് പറക്കാട്ട്, പറക്കാട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാനാണ്. രണ്ട് ആണ്‍ മക്കള്‍, അഭിജിത്ത് പറക്കാട്ട്, അഭിഷേക് പറക്കാട്ട്. മൂത്ത മകന്‍ അഭിജിത്ത് പറക്കാട്ട് ലണ്ടനില്‍ നിന്നും ഇൻ്റര്‍നാഷണല്‍ എംബിഎ പൂര്‍ത്തിയാക്കി, ഇപ്പോള്‍ പറക്കാട്ട് നേച്ചര്‍ റിസോര്‍ട്ടിൻ്റെ സാരഥ്യം ഏറ്റെടുത്തു നടത്തുന്നു. രണ്ടാമത്തെ മകന്‍ അഭിഷേക് പറക്കാട്ടാണ്, പറക്കാട്ടിൻ്റെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്യുന്നത്. കൂടാതെ സ്വന്തം മകൻ്റെ സ്ഥാനത്ത് നിന്ന് ജ്വല്ലറിയുടെ പ്രൊഡക്ഷന്‍ സംബന്ധമായ കാര്യങ്ങളും വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളുടെയെല്ലാം മേല്‍നോട്ടവും വഹിച്ചുകൊണ്ട് എല്ലാത്തിനും വലംകൈയായിട്ട് പ്രകാശ് പറക്കാട്ടിൻ്റെ മരുമകന്‍ ബിനു പറക്കാട്ടും കൂടെയുണ്ട്. ഇതാണെൻ്റെ സന്തുഷ്ടകുടുംബം. ഞാന്‍ എൻ്റെ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് അടിമാലിയിലാണ്. സ്‌കൂള്‍ പഠനം കഴിഞ്ഞ് അങ്കമാലിയിലെ മോര്‍ണിങ് സ്റ്റാര്‍ കോളേജില്‍ പ്രീ ഡിഗ്രി പാസ്സായി. തുടര്‍ന്ന് കോട്ടയം ബി സി എം കോളേജില്‍ നിന്നും ഡിഗ്രി നേടി. തമിഴ്നാട്ടിലെ ഈറോഡില്‍ നിന്ന് എം ബി എ പാസ്സായിട്ടുണ്ട്.

മനസ്സില്‍ തങ്ങി നില്‍ക്കുന്ന അനുഭവങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിക്കാനായി നടന്‍ മോഹന്‍ലാലിന് വെങ്കലത്തില്‍ തീര്‍ത്ത് തങ്കം പൊതിഞ്ഞ ഗുരുവായൂര്‍ മരപ്രഭുവിൻ്റെ പ്രതിമ നിര്‍മ്മിച്ചുകൊടുത്തത് പറക്കാട്ട് ജ്വല്ലറി ആയിരുന്നു. മാര്‍ബിള്‍, വെങ്കലം, തടി എന്നിവയില്‍ തീര്‍ത്ത, തങ്കം പൊതിഞ്ഞ അതിമനോഹരമായ പ്രതിമകള്‍ പറക്കാട്ടിന്റെ പ്രത്യേകതയാണ്. അതുപോലെത്തന്നെ ശബരിമല മുന്‍ മേല്‍ശാന്തിയുടെ ആവശ്യപ്രകാരം, ലണ്ടനില്‍ നിര്‍മ്മിച്ച അയ്യപ്പ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ആഭരണപ്പെട്ടിയടക്കം നിര്‍മ്മിച്ചു നല്‍കിയതും മറക്കാനാകാത്ത അനുഭവമാണ്l

preethi prakash parakkat

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.