തായ്‌വാൻ യാത്രയെക്കുറിച്ചുള്ള സുഖകരമായ ഓർമ്മകൾ

തായ്‌വാൻ   യാത്രയെക്കുറിച്ചുള്ള സുഖകരമായ ഓർമ്മകൾ

ഇന്ത്യയുമായി സൗഹൃദബന്ധം  ആഗ്രഹിക്കുന്ന രാജ്യമായ തായ്‌വാൻ  യാത്രയുടെ വിശേഷണങ്ങളാണ് ഈ ലക്കത്തിൽ  പങ്കുവയ്ക്കുന്നത്. ഭാരതസംസ്ക്കാരത്തെ ഉൾക്കൊള്ളുവാനാകുന്നതരത്തിൽ  സമാനചിന്താഗതിക്കാരാണ് തായ്‌വാൻ ജനത. രാജ്യത്തെ 95  ജനങ്ങളും ബുദ്ധമതക്കാരാണ്.  ബുദ്ധൻ  പിറന്ന നാട്ടിലെ ഇന്ത്യക്കാരോട് എന്തെന്നില്ലാത്ത സ്നേഹവും ആദരവുമാണ് തായ്‌വാൻ ജനതയ്ക്കുള്ളത്. എനിക്കത്  നേരിട്ട് അനുഭവിക്കാനുള്ള  ഭാഗ്യം സിദ്ധിച്ചതിനാലാണ് ഇത്രയും  ആധികാരികമായി എഴുതാൻ സാധിക്കുന്നത്.

മൂന്നോ നാലോ ദിവസങ്ങളേ  അവിടെ തങ്ങിയുള്ളൂവെങ്കിലും  എന്റെ മകൻ  എന്.റ്റി.യുവിൽ പഠിക്കുകയും ജോലി ചെയ്യുകയും ചെയ്തതിനാൽ കുറെയധികം തായ്‌വാൻകാരുമായി സൗഹൃദം സ്ഥാപിക്കാനും  അവരുടെയൊക്കെ ആതിഥേയത്വത്തിൽ തായ്‌വാൻ സന്ദർശനം  വിനോദപ്രദമാക്കാനും സാധിച്ചുവന്നതും ശ്രദ്ധേയമാണ്. 

 

ഈ ചെറു രാജ്യത്തിനെന്താണ് പ്രത്യേകത, അവിടെ  ആസ്വദിക്കാനാവുന്ന കാഴ്ചകളുണ്ടോ എന്നൊക്കെ വായനക്കാർ  ചിന്തിച്ചേക്കാം.

കാഴ്ചകൾ  വിശദീകരിക്കുന്നതിന് മുൻപ്  തായ്‌വാനേക്കുറിച്ച് ചെറിയൊരു വിവരണം തരാം. ചുരുക്കി പറഞ്ഞാൽ ഇതൊരു സ്ത്രീസൗഹൃദ സുരക്ഷിത രാജ്യമാണ്. സമാധാനപ്രിയർ വസിക്കുന്നൊരിടം.  ഭൂരിഭാഗവും ബുദ്ധമതവിശ്വാസികളാണ്. കൂടാതെ  താവോയിസത്തിൽ വിശ്വസിക്കുന്നവരും ഉണ്ട്.

തായ്‌വാനിൽ ധാരാളം ബുദ്ധക്ഷേത്രങ്ങൾ  കാണാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായിരുന്ന തായ്‌പ്പെ  101 അവർക്ക്  അവകാശപ്പെട്ടതാണ് പുരാഗമനചിന്താഗതിക്കാരണവിടെയുള്ളത്. അന്തർദ്ദേശീയതലത്തിൽ പ്രസിദ്ധിയാർജ്ജിച്ച എന്.റ്റി.യു എന്ന യൂണിവേഴ്സിറ്റി തായ്‌വാനിലാണ്. ലോകത്തിലെ തന്നെ പ്രശസ്തമായ മ്യൂസിയം സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്.

 തായ്‌വാൻ  വിനോദസഞ്ചാരത്തിന്  പറ്റിയ സ്ഥലമാണ്. മൂന്നാല് ദിവസങ്ങൾ  കൊണ്ട്  തായ്‌വാൻ മുഴുവൻ  സന്ദർശിക്കാൻ  അസാദ്ധ്യമാണ്. മകൻറെ   സുഹൃത്തുക്കൾ  ഞങ്ങളുടെ യാത്രാ പ്രോഗ്രാം മുൻകൂട്ടി  തയ്യാറാക്കിയിരുന്നതിനാൽ, സമയം പാഴാക്കാതെ കുറെ സ്ഥലങ്ങൾ  സന്ദർശിക്കാനായി.

ആദ്യപരിപാടി മകൻ  പഠിക്കുന്ന എന്.റ്റി.യു എന്ന പ്രസിദ്ധമായ യുണിവേഴ്സിറ്റി സന്ദർശനമായിരുന്നു.  തായ്‌വാൻ ജപ്പാന്റെ അധീനതയിലായിരുന്ന കാലത്ത് ജപ്പാൻ  നിർമ്മിത കെട്ടിടങ്ങളിലാണ് യൂണിവേഴ്സിറ്റി പ്രവർത്തിക്കുന്നത്.  തായ്‌വാനിലെ വിസ്താരമുള്ള റോഡുകളും മറ്റും ജപ്പാൻ  നിർമ്മിച്ചതാണ്.

യൂണിവേഴ്സിറ്റിയുടെ മുന്നിൽ നില്ക്കുന്ന കാലപ്പഴക്കം ചെന്ന പനകളും കെട്ടിടത്തിന്റെ തൂണുകളും പ്രൌഢി വിളിച്ചോതുന്നു.  കെട്ടിടസമുച്ഛയത്തിനടിയിൽ ദീർഘവീക്ഷണത്തോടെ നിർമ്മിച്ച പാർക്കിങ് ഏരിയയും, യൂണിവേഴ്സിറ്റിക്ക് ചുറ്റിനുമുള്ള പൂന്തോട്ടവും മറ്റും ആരേയും ആകർഷിക്കുന്നതാണ്.വിദേശങ്ങളിൽ നിന്ന് പോലും ധാരാളം ചെടികൾ  ഇറക്കുമതി ചെയ്ത് നട്ട് വളർത്തിയിട്ടുണ്ടിവിടെ.

തായ്‌വാനിലെ വിശേഷപ്പെട്ട മറ്റൊരു ടൂറിസ്റ്റ് ആകർഷണകേന്ദ്രമാണ് യിലാൻ  സിറ്റിയിലെ താമരപൊയ്കകൾ. അതിലൊക്കെ വിവിധയിനത്തിലുമുള്ള താമരത്തണ്ടുകൾ  നട്ട് വളർത്തിയിരിക്കുന്നതിൽ നിറയെ നാനാവർണ്ണത്തിലെ താമരപൂക്കൾ  വിരിഞ്ഞ് നില്ക്കുന്നു. അവയ്ക്കിടയിലൂടെ  ടൈൽ പാകിയ പാതകളും, അവിടവിടെയുള്ള താമരപൊയ്കകൾ കൂട്ടി യോജിപ്പിക്കുന്നതിനായി  തോടുകളുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന പാലങ്ങളും, ആ തോടുകളിലൊക്കെ അരയന്നങ്ങൾ  നീന്തുന്നതും അതിമനോഹരമായ കാഴ്ചയാണ്.   മനസ്സിലെ ഭാവനകൾക്ക്  ചിറകുകൾ  കൊടുത്ത്, സ്വസ്ഥമായി ഇരുന്ന് ആലോചിച്ചാൽ നിശ്ചലമായ മനസ്സിൽ താമരദ്വീപിന്റെ ചിത്രം തെളിയുന്നത് നിങ്ങൾക്കും  ആസ്വദിക്കാനാവും.

മറ്റൊന്ന്  തായ്‌വാനിലെ വിശേഷപ്പെട്ട ലാങ്ങ് ഷാൻ  ക്ഷേത്രമാണ്. അവിടേയ്ക്ക് നയിക്കുന്ന  പുരാതനറോഡുകൾ  പൗരാണികത നഷ്ടപ്പെടുത്താതെ ഇന്നും നിലനിർത്തിയിരിക്കുന്നത് കൗതുകകാഴ്ചയാണ്. നിരനിരയായി കടകളും ആ കടകൾക്ക്  മുന്നിൽ പഴയരീതിയിലെ വരാന്തകളും അതിലൊക്കെയുള്ള ആർച്ച്  പോലുള്ള കവാടങ്ങളും , വരാന്തയിലൊക്കെയുള്ള  ചെടിച്ചട്ടികളിൽ ചെടികൾ  നട്ട് വളർത്തിയിരിക്കുന്നതും പുതുമയുള്ള കാഴ്ചയായിരുന്നു, ഈ കടകളെല്ലാം കൂട്ടിയോജിപ്പിക്കുന്ന വിധത്തിൽ നീണ്ട് കിടക്കുന്ന നീളൻ  വരാന്തയുടെ ചാരുത  ഒട്ടും ചോർന്നുപോവാതെ ഇന്നും നിലനിർത്തിയിരിക്കുന്നു.

ലാങ്ങ്ഷാങ്ങ് ക്ഷേത്രവും ക്ഷേത്രത്തിന് മുന്നിലെ കവാടവും ഏറെ സവിശേഷത കലർന്നതാണ്. ക്ഷേത്രത്തിന്റെ ഭിത്തികൾ  മുഴുവൻ  ചുവന്ന ചായങ്ങൾ  പൂശി  നിറയെ  ചുവന്ന കുട്ടകൾ  പോലുള്ള വൈദ്യുതവിളക്കുകളിട്ട് മോടി കൂട്ടിയിരിക്കുന്നു. ക്ഷേത്രത്തിനകത്ത് ബുദ്ധന്റെയും ഗുരുക്കന്മാരുടെയും പ്രതിമകൾ  സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് പ്രത്യേക വസ്ത്രധാരണരീതിയൊന്നും നിഷ്ക്കർഷിക്കുന്നില്ല.  ക്ഷേത്രത്തിനകത്ത് സന്ദർശകരുടെ  വലിയ തിരക്കാണ്.

 

 ക്ഷേത്രത്തിനകത്ത് ചന്ദനത്തിരി കത്തിച്ച് പിടിച്ച് മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്നതിനായി പ്രത്യേക പീഠങ്ങൾ  ഒരുക്കിയിട്ടുണ്ട്. ക്ഷേത്രദർശനത്തിനെത്തുന്നവർ തിരക്കുള്ള സ്ഥലത്ത് നിരനിരയായി നില്ക്കുകയും അവരുടെ ഊഴത്തിനായി  ക്ഷമയോടെ കാത്തിരിക്കുന്നതും കാണാമായിരുന്നു. ക്ഷേത്രത്തിനകത്തെ ചുവരുകളിൽ നിറയെ ചുവന്ന ബൾബുകൾ  സ്ഥാപിച്ചിട്ടുള്ളതിൽ പലരും അവരുടെ പ്രാർത്ഥനയുടെ ഫലസിദ്ധി ലഭിക്കുമ്പോൾ  താൻ  പ്രാർത്ഥിച്ച ഗുരുവിന്റെ ചിത്രം കുഞ്ഞ് കുഞ്ഞ് ബൾബുകൾ  പോലുള്ള ഫ്രെയിമിലാക്കിയശേഷം വലിയ കരിങ്കൽ തൂണുകളിൽ സ്ഥാപിച്ചിരിക്കുന്നത്അ തി മനോഹര കാഴ്ചയാണ്. വിദൂരക്കാഴ്ചയിൽ ചെറിയ ചുവന്ന ബൾബുകൾ ആണെന്നേ തോന്നൂകയുള്ളു. പിന്നീട് ഞങ്ങൾ  പോയത് ക്രാഫറ്റ് വില്ലേജിലേക്കാണ്. ക്രാഫ്റ്റ് വില്ലേജിൽ ലോകത്തെ പല രാജ്യങ്ങളിലേയും കരകൗശലവസ്തുക്കൾ  സൂക്ഷിച്ച് വെച്ചിട്ടുണ്ട്. മനോഹരമായ ചെറുതും വലുതുമായ ശില്പങ്ങൾ  പിച്ചള, ഓട്, വെള്ളി, കളിമണ്ണ്, പോർസലീൻ  എന്നിവയിൽ തീർത്തതും,  ചിത്രങ്ങളും, കളിപ്പാട്ടങ്ങളും ബാഗുകളും. മരഉരുപ്പിടികളും  പ്രദർശിപ്പിച്ചിട്ടുണ്ട്. ബുദ്ധന്റെ പ്രതിമ പല വലിപ്പത്തിലുള്ളവയുണ്ട്. ഇതൊക്കെ ഒരു ദിവസം മുഴുവനും  നടന്ന് കാണാനുവാനുള്ള കാഴ്ചകളുണ്ട്. ക്രാഫ്റ്റ് വില്ലേജിൽ എനിക്ക് ഏറെ സന്തോഷം പകർന്ന ഒന്നാണ്. കളിമണ്ണ്  കൊണ്ട് പാത്രങ്ങൾ  നിർമ്മിക്കുന്ന പരിശീലനക്ലാസ്. എനിക്കും അതിൽ പങ്കെടുക്കാനും ഒരു പാത്രം സ്വയം  നിർമ്മിച്ച  സന്തോഷത്തോടെ മടങ്ങാനും സാധിച്ചു.  പരിശീലകൻ  ഏതാണ്ട് പത്ത് പതിനഞ്ച്  വയസ്സ്മാത്രം പ്രായമുള്ള കുട്ടിയായിരുന്നെങ്കിലും ആ കൊച്ചുമിടുക്കൻ  എന്നേ നന്നായി പ്രോത്സാഹിപ്പിച്ചു .ഇനിയും അവസരങ്ങൾ  പാഴാക്കാതെ പഠിക്കണമെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു. തായ്‌വാനിൽ കണ്ട കാഴ്ചകൾ  തീരുന്നില്ല. അടുത്തലക്കത്തിൽ കൂടുതൽ വിശേഷങ്ങളുമായി വീണ്ടും കാണാം.

                       

Photo Courtesy : Google/ images are subject to copyright        

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.