എന്റെ ആദ്യ വിദേശയാത്രയെക്കുറിച്ച് തെളിയുന്ന ഓർമ്മകൾ ….

എന്റെ ആദ്യ വിദേശയാത്രയെക്കുറിച്ച് തെളിയുന്ന ഓർമ്മകൾ ….

ആദ്യകാലത്ത് വിദേശയാത്ര ചെയ്യണമെന്ന മോഹമൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ എനിക്കും ഭർത്താവിനും ജോലിയില്ലാത്ത അവസരത്തിൽ, എനിക്ക് പിരിഞ്ഞിരിക്കാൻ വിഷമമുണ്ടായിരുന്ന എന്റെ പ്രിയപ്പെട്ട മാതാപിതാക്കളുടെ വിയോഗത്തോടെ വല്ലാതെ വിഷമാവസ്ഥയിലായ അവസരത്തിൽ  എനിക്കും ഭർത്താവിനും ജോലി ലഭിക്കുമെങ്കിൽ  വിദേശത്തായാലും പോകുവാൻ  ഞാൻ തയ്യാറായിരുന്നു. പക്ഷെ എന്റെ ഭർത്താവിന് സ്വന്തം  ബിസിനസ്സ് ചെയ്യുന്നതിലായിരുന്നു താല്പര്യം വിദേശത്തായാലും നാട്ടിലായാലും ജോലിക്ക് പോവുന്നതിൽ തീരെ താല്പര്യവുമില്ലായിരുന്നു.

കൊറോണക്കാലമായതിനാൽ നാമെല്ലാം ഇന്ന് അക്ഷരാർഥത്തിൽ ജയിൽവാസത്തിലാണല്ലോ. വിരസതയകറ്റാൻ  ഞാൻ  പഴയ ആൽബത്തിലെ താളുകൾ  മറിച്ചപ്പോഴാണ് എന്റെ ആദ്യ വിദേശയാത്രയിൽ ചിലവഴിച്ച ദുബായ് അബുദാബിയിലെ ചില ഫോട്ടോകൾ  കണ്ടപ്പോഴാണ് ഈ ലേഖനം എഴുതുവാൻ പ്രേരിതമായത്.

ഒരിക്കൽ എന്റെ ജാതകം പരിശോധിച്ച  ജോത്സ്യൻ  ഞാൻ  ഏഴ് കടൽ കടക്കുമെന്ന് പറഞ്ഞപ്പോഴും ഉള്ളിൽ ചിരിയാണ് വന്നത്. വിദേശയാത്ര സ്വപ്നത്തിൽ പോലും കാണാനുള്ള ഭാഗ്യമില്ലാതിരുന്ന ഞാൻ  എങ്ങിനെയാണ് യാത്ര തുടങ്ങിയെന്ന് വിശദീകരിക്കാം. വർഷങ്ങളായി ദുബായിൽ ജോലി ചെയ്തിരുന്ന ഭർത്താവിന്റെ സഹോദരനായ (ലോഹി) ദുബായിലേക്ക് ക്ഷണിക്കുമ്പോഴൊക്കെ, എനിക്ക്  അവധി എടുക്കാൻ  ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ഭർത്താവ് ഒഴിവുകഴിവുകൾ പറഞ്ഞിരുന്നതൊന്നും എനിക്ക് അറിയില്ലായിരുന്നു.

2009 – ൽ ലോഹി ദുബായിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് വരികയാണ് ഇനി ഞങ്ങളെ ക്ഷണിക്കില്ലെന്ന് ലോഹിയങ്കിൾ  പരാതിപ്പെട്ടതായി മോൻ പറഞ്ഞു. ദുബായിൽ പോവുന്നതിന് മുൻപ്  ഗോവാ സന്ദർശനത്തിനിടെ ഒരിക്കൽ മാത്രമേ ഞാൻ  പ്ലെയിനിൽ യാത്ര ചെയ്തിട്ടുള്ളൂ. ഭർത്താവും മക്കളും ജോലി സംബന്ധമായി പ്ലെയിൻ യാത്ര ചെയ്തിട്ടുള്ളതിനാൽ അവർക്ക് വലിയ പുതുമയില്ലതാനും.

ഏതായാലും പരാതി പരിഹരിക്കുവാൻ തീരുമാനിച്ചതിനാലാണ് ദുബായ് സന്ദർശനം യാഥാർത്ഥ്യമായത്. പക്ഷെ ലോഹി ഇന്നും അവിടെ ജോലിയിൽ തുടരുന്നുവെന്നതാണ് തമാശ.

അന്നത്തെ ദുബായ്, അബുദാബി സന്ദർശനം വലിയൊരു സംഭവം തന്നെയായിരുന്നു. ഞങ്ങൾ  പത്ത് ദിവസം അവിടെ ചിലവഴിച്ചു. ഞങ്ങൾ  അവിടെ എത്തുന്നതിന് മുൻപ്  തന്നെ ലോഹി പത്ത് ദിവസത്തിൽ രണ്ട് ദിവസം ഞങ്ങൾക്ക്  യാത്ര ചെയ്യാനുള്ളത് കഴിച്ച്, ബാക്കി എട്ട് ദിവസവും ഞങ്ങളെ ഏതെല്ലാം സ്ഥലങ്ങൾ  കാണിച്ചിരിക്കണമെന്ന പ്രോഗ്രാമും തയ്യാറാക്കിയിരുന്നു. ലോഹിയുടെ ഒരു കൂട്ടുകാരൻ നാട്ടിലേക്ക് പോയപ്പോൾ . അയാളുടെ വീട് ഞങ്ങൾക്ക്  താമസിക്കുവാൻ തല്ക്കാലത്തേക്ക് വാടകയ്ക്ക് എടുത്തു. നാട്ടിലേക്ക് പോകുന്നവർ അവർ താമസിക്കുന്ന ഫ്ലാറ്റ് വാടകയ്ക്ക് കൊടുക്കുന്ന പതിവുണ്ട്. ഞങ്ങൾക്ക്  ഒരാഴ്ചത്തേക്ക് വീട്ടിലേക്കാവശ്യമായ പലവ്യജ്ഞനസാധനങ്ങൾ  ലോഹി വാങ്ങി വെച്ചു.

വിദേശയാത്രയ്ക്ക് പോയിട്ട് പോലും സ്ത്രീയായ എനിക്ക് രാവിലെ മുതൽ ഉച്ചവരെ പിടിപ്പത് പണി തന്നെ, രാത്രി വൈകി കിടക്കുന്നതിനാൽ ക്ഷീണം തീർക്കാൻ പ്രഭാതഭക്ഷണം തയ്യാറാവുന്നത്  വരെയും ഉച്ചഭക്ഷണത്തിന് ശേഷം വീണ്ടും മൂന്ന് മണിക്ക് ചായ തയ്യാറാവുന്നത്  വരെ ഉറങ്ങുന്ന കുംഭകർണ്ണനാണ് എന്റെ ഭർത്താവ്.

ഞങ്ങൾ  മൂന്ന് മണിക്ക് യാത്ര തുടങ്ങിയാൽ രാത്രി ഒന്നോ രണ്ടോ മണി വരെ നീളുന്ന യാത്രകളായിരുന്നു ഞങ്ങളുടേത്. ലോഹിയുടെ കാറിലാണ് യാത്രകൾ  മുഴുവൻ  നടത്തിയിരുന്നത്.

ദുബായിലിറങ്ങിയപ്പോൾ  വൻ കോൺക്രീറ്റ് കെട്ടിടങ്ങൾ  നിറഞ്ഞ മരുഭൂമിയിലേക്കാണ് വിമാനം ഇറങ്ങുന്നത്. വളരെ കുറച്ച് സ്ഥലത്ത് മാത്രമേ പച്ചപ്പുള്ളൂ. ഇത് ഞാനെടുത്ത് പറയുന്നത് തിരിച്ചെത്തിയപ്പോൾ  ഞാനെൻറെ  നാടിന്റെ പുൽത്തകിടിയിൽ ഇറങ്ങിയ സന്തോഷം ഞാൻ അന്ന് പലരോടും പങ്ക് വെച്ചതാണ്.

ലോഹി ഞങ്ങളെ കാത്ത് എയർപോർട്ടിൽ തന്നെ നില്പുണ്ടായിരുന്നു. കാർ പാർക്ക് ചെയ്ത് എടുക്കുവാൻ  ചെന്നപ്പോൾ  കാർ പാർക്കിംങ്ങ് ചെയ്തിരിക്കുന്ന സ്ഥലം മാറി പോയതിനാൽ ഫൈൻ അടിച്ചെന്ന് ലോഹി പറഞ്ഞു. ഇന്ത്യൻ (1500 രൂപ) പിഴയായി അകൗണ്ടിൽ  നിന്നെടുത്ത് കഴിഞ്ഞിരുന്നു. അന്ന് അത് കേട്ടപ്പോൾ അതിശയമായിരുന്നെങ്കിലും ഇപ്പോൾ  നമുക്കും തഥൈവയാണല്ലോ.

അവിടെ നിന്നും നേരെ ലോഹി താമസിക്കുന്ന സ്ഥലത്തേക്ക് പോയി. ലോഹിയുടെ ഭാര്യയുടെ ബന്ധുവീട്ടിലാണ് ലോഹി താമസിച്ചിരുന്നത്. അന്ന് ഞങ്ങൾക്ക്  വേണ്ട ഭക്ഷണം അവർ തയ്യാറാക്കിയിരുന്നു.

പിറ്റേ ദിവസം മുതൽ വൈകുന്നേരങ്ങളിൽ ഞങ്ങൾ  ഓരോരോ സ്ഥലങ്ങൾ  കാണുവാൻ  പോയി. എനിക്ക് ദുബായ് ഫെസ്റ്റ് കാണുവാനായത് ഇന്നും നല്ല ഓർമ്മയുണ്ട്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള സാധനങ്ങൾ  പ്രദർശിപ്പിച്ചിരുന്നതിനാൽ എനിക്ക് എന്ത് വാങ്ങണമെന്ന സംശയമായിരുന്നു.

ഞാൻ  കുറെ കരകൗശലവസ്തുക്കൾ  വാങ്ങി. അതൊരു ആഫ്രിക്കക്കാരന്റെതായിരുന്നു. നിറയെ മരത്തിൽ കൊത്തിയെടുത്ത് ആഫ്രിക്കൻ പാവകൾ  നിരത്തി വെച്ചിരിക്കുന്നത് കാണുവാൻ നല്ല ഭംഗിയുണ്ടായിരുന്നു. അതിന്റെ ഫോട്ടോ എടുക്കട്ടെയെന്ന് മോൻ  അയാളോട് ചോദിച്ചു. പാവം അയാള് ഓർത്തത് അയാളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കട്ടെ എന്നാണ് തെറ്റിദ്ധരിച്ച് ഓടി വന്ന് എന്നോട് ചേർന്ന് നിന്ന്   ഫോട്ടോ എടുത്തു. ഇന്നും ആ ഫോട്ടോ കാണുമ്പോൾ  ജാള്യതയോടെയുള്ള എന്റെ ചിരി നോക്കിയിരുന്നാൽ ആർക്കായാലും ചിരി വരും. ദുബായ് ഫെസ്റ്റെന്ന് പറഞ്ഞാൽ അത്തറിന്റെയും ഊദിന്റെയും വാസനകൾ  നിറഞ്ഞ ഹാളുകളും അന്തരീക്ഷവുമാണ് മനസ്സിൽ നിറഞ്ഞ് നില്ക്കുന്നത്. പിന്നെ ദീപാലങ്കാരവും പകിട്ടുള്ള പാട്ടുകളും ആൾത്തിരക്കും  മറ്റും.

പിന്നെ ഏറ്റവും ഉയരമുള്ള കെട്ടിടമായ 160 നിലകളുള്ള ബുർജ് ഖലിഫ് അംബരചുംബിയായി  തലയുയർത്തി നില്ക്കുന്നതിന്റെ  സൗന്ദര്യം അന്ന് ഞങ്ങൾക്ക്  പുറമേ നിന്ന് കാണുവാനായെങ്കിലും ഔദ്യോഗികമായി അത് ഉത്ഘാടനം നടത്തിയത് 2010 ലാണ്. അതിന് മുന്നിൽ നിന്ന് ധാരാളം ഫോട്ടോകൾ  എടുത്തിട്ടുണ്ട്. നന്നേ ഉയരത്തിൽ പോയിട്ട് ഒരു ഭാഗം മാത്രം ചന്ദ്രക്കലയുടെ ഒരരിക് വെട്ടി പിടിപ്പിച്ചത് പോലുള്ള ആകൃതി. ഇന്നും അതിനൊരു പുതുമയുണ്ട്. നിർമ്മാണത്തിന് കുറെയധികം രൂപ അവർ ചിലവാക്കാറുണ്ട്. വിനോദസഞ്ചാരികളുടെ ആകർഷണകേന്ദ്രമാവുന്നതിന് മുഖ്യകാരണവും അത് തന്നെയാണല്ലോ. നിരവധി പേർക്ക് തൊഴിൽ നല്കുന്നതിനും സാധിക്കുന്നു. മറ്റൊന്ന് പാം ദ്വീപിന്റെ സൗന്ദര്യമാണ്. ദുബായ് എന്ന എമിറേറ്റ്സിനെ മോടി കൂട്ടുവാന് ഭരണാധികാരികൾ   വളരെ ശ്രദ്ധാലുക്കളാണ്. കടൽ നികത്തിയെടുത്താണ് ഈ പാം പാർക്കുകൾ  നിർമ്മിച്ചിരിക്കുന്നത്.

ഷോപ്പിംങ്ങ് മോളുകൾ  ഒരുക്കി സഞ്ചാരികളെ കാത്തിരിക്കുന്ന സ്പനഭൂമിയായിട്ടാണ് എനിക്ക് ആദ്യമായി ദുബായ് സന്ദർശിച്ചപ്പോഴാണ്  തോന്നിയത്. അന്ന് കേരളത്തിൽ മോളുകൾ  അധികം ഉണ്ടായിരുന്നില്ലല്ലോ. ബാഗ്ലൂരിൽ മോളുകൾ  കണ്ടിട്ടുണ്ടെങ്കിലും ദൂബായിൽ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ  ലഭിക്കുമെന്നത് അന്ന് എന്നേ വല്ലാതെ ആശ്ചര്യപ്പെടുത്തി. മോളിലെ ഒരു ഭിത്തിയുടെ അത്രയ്ക്ക് വലിപ്പമുള്ള അക്വേറിയത്തിന് മുന്നിൽ കൗതുകത്തോടെ നോക്കി നിന്നതും ഷോവിൻഡോയുടെ മുന്നിൽ ലോകസുന്ദരിമാരായ ലെബനൻ സ്ത്രീകളെ കണ്ടതും ഇപ്പോഴും ഞാനോർക്കാറുണ്ട്.

ഞങ്ങളുടെ യാത്ര എല്ലാ ദിവസവും രാത്രിയായതിനാൽ മിനുസമുള്ള മാർബിൾ  ടൈലുകളിട്ട തറകളിൽ മോളുകളിലെ ലൈറ്റുകളുടെ പ്രകാശം  പ്രതിഫലിക്കുമ്പോൾ   ഉണ്ടാവുന്ന മായാപ്രപഞ്ചവും അന്ന് വലിയ തോതിൽ ആകർഷിച്ചതാണ്.  കൂടാതെ കെട്ടിടത്തിനകത്തെ എസ്ക്കലേറ്ററുകൾ  അന്ന് ആശ്ചര്യപ്പെടുത്തുന്നവയായിരുന്നു. സ്ത്രീകൾക്ക്  അവിടെ ആരേയും പേടിക്കാതെ ധൈര്യമായി നടക്കാം. സ്ത്രീകളെ ഉപദ്രവിച്ചാൽ കടുത്ത ശിക്ഷ നല്കുമെന്നത് സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പാക്കുവാൻ  അത്യന്താപേക്ഷിതമാണ്.

ഇതൊന്നും കൂടാതെ ലോഹിയുടെ ചേട്ടനേയും കുടുംബത്തേയും സ്വീകരിക്കുവാൻ, ലോഹിയുടെ വർഷങ്ങൾ  അടുപ്പമുള്ള സുഹൃത്ത് ഞങ്ങൾക്ക്  ഒരു ദിവസം മോളിലെ ഹോട്ടലിൽ ഡിന്നർ ഒരുക്കിയിരുന്നു. അദ്ദേഹം ആ ഹോട്ടലിന്റെ ഉടമയാണ് പോലും. ഹോട്ടലിലെ മേശ നിറയെ ഭക്ഷണസാധനങ്ങൾ  നിരത്തി വെച്ചിരിക്കുന്നത് കാണുവാൻ  നല്ല ഭംഗിയുണ്ടായിരുന്നു. പൊതുവേ ഭക്ഷണപ്രിയയല്ലാത്ത എനിക്ക് അത് ഒരുക്കി വെച്ചിരിക്കുന്നതിലെ കലയാണ് ആസ്വദിക്കാനായത്. മാളുകൾ  സന്ദർശിച്ച കൂട്ടത്തിൽ ഒരിക്കൽ ജ്വല്ലറി ഷോപ്പിൽ പോയി. എനിക്ക് രണ്ട് ആൺകുട്ടികളാണുള്ളത്. സ്വർണ്ണത്തിനോട് എനിക്ക് പൊതുവേ വലിയ താല്പര്യവുമില്ല. ആവശ്യത്തിനുള്ള സ്വർണ്ണം മാതാപിതാക്കൾ  ഞങ്ങൾക്ക്  തന്നിട്ടുമുണ്ട്. സ്വർണ്ണത്തിനോട് വലിയ ആഗ്രഹം കാണിക്കാതെ കണ്ടപ്പോൾ  ലോഹിക്ക് അതിശയമായി. ദുബായിൽ വരുന്നവരൊക്കെ സ്വർണ്ണം വാങ്ങിയേ പോകാറുള്ളൂവെന്ന് ലോഹി പറഞ്ഞു.

 എറണാകുളത്ത് ലഭിക്കാത്ത സ്വർണ്ണാഭരണങ്ങൾ  ഉണ്ടോ എന്നെനിക്ക് സംശയം. ഭർത്താവിന്റെ സഹോദരിയുടെ കുടുംബം, ഞങ്ങളെ സന്ദർശിച്ചപ്പോൾ  എനിക്ക് തോടപോലുള്ള കമ്മലും കമ്മൽ  ( എന്നേക്കാൾ  വലുത്), ഭർത്താവിന് വാച്ചും സമ്മാനമായി തന്നു. ഭർത്താവിന്റെ സഹോദരി കാഴ്ചയ്ക്ക് നല്ല വലിപ്പവും ഭംഗിയുമുള്ളതിനാൽ അവർക്കത് നന്നായി ഇണങ്ങുമെന്നും എന്നാൽ എനിക്ക് അത് ചേരില്ലെന്നും ബോധ്യമുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ  ഞാനവർക്ക് തന്നെ തിരിച്ച് നല്കി.

ഞങ്ങൾ  മോളുകളിലൂടെ പോയപ്പോൾ  കടകളുടെയൊക്കെ ഫോട്ടോ എടുക്കുകയായിരുന്നു. പെട്ടെന്ന് ഒരു അറബിയും അയാളുടെ കൂടെ പർദ്ദയിട്ട ഭാര്യയുമായി കടന്ന് പോയി. ഇതിനിടയിൽ മോനോട് അയാൾ  ദേഷ്യപ്പെട്ടു.. ഞങ്ങള്ക്ക് ഒന്നും മനസ്സിലായില്ല. ഫോട്ടോ എടുത്തത് അയാൾക്ക്  ഇഷ്ടമായില്ല. അതിനാൽ അയാൾ  അതൃപ്തി രേഖപ്പെടുത്തിയതാണ്.

Photo Courtesy : Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.