ദുരിതക്കടലിൽ ചെല്ലാനം…

ദുരിതക്കടലിൽ ചെല്ലാനം…

കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികളുടെ പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മാറിമാറി വരുന്ന സർക്കാരുകൾ നൽകുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നില്ല. വാഗ്ദാനങ്ങളല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്നതാണ് ചെല്ലനം നിവാസികൾ ആവശ്യപ്പെടുന്നത്. ചെല്ലാനത്തെ പൊതുപ്രവർത്തകയും ചെല്ലാനം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറുമായ ശ്രീ. ആൻസി ട്രീസ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെഴുതിയ തുറന്നകത്ത് ചെല്ലാനം നിവാസികളുടെ ദുരിതത്തിന്റെ നേർകാഴ്ചയാണ്.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്……

ചെല്ലാനം പഞ്ചായത്തിൽ ചെറിയകടവ്പ്രദേശത്തെ ഒരു പൊതുപ്രവർത്തകനാണ് ഞാൻ. കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായിരുന്ന അതിശക്തമായ കടൽക്ഷോഭത്തിൽ ഈ പ്രദേശവാസികൾ കടുത്ത സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടും നേരിടുകയാണ്. കടൽ തിരകൾ ശക്തമായി അടിച്ചു കയറിയത് മൂലം നിരവധി വീടുകൾ തകർന്നു വീഴുകയും പലരുടെ വീടുകൾ തകർച്ചയുടെ വക്കിലുമാണ്.

വെള്ളം കയറി മിക്കവാറും വീടുകൾ ചെളിയും മാലിന്യവും നിറഞ്ഞിരിക്കുകയാണ്.

പൊതു വഴിയും മുറ്റവും ചെളി കയറിയിരിക്കുകയാണ്. വീടുകളിലെ ചെളി കോരി മാറ്റുവാൻ സ്ഥലമില്ലാതെ പല കുടുംബങ്ങളും പകച്ചുനിൽക്കുകയാണ്. കോവിഡ് എന്ന മഹാമാരിക്ക്പുറമേ പകർച്ചവ്യാധികൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ അഞ്ചു കൊല്ലത്തോളമായി കടൽ ഭിത്തിയുടെ ഒരു മെയിൻറനൻസ് ഇവിടെ നടന്നിട്ടില്ല എന്ന കാര്യം ഓർമിപ്പിക്കുന്നു. ഓരോ വർഷവും കടൽക്ഷോഭത്തിൽ നാശനഷ്ടങ്ങൾ കൂടിവരികയാണ് അങ്ങയുടെ രണ്ടാം മന്ത്രിസഭ ഇരുപതാം തീയതി അധികാരം ഏറ്റെടുക്കുമ്പോൾ ചെല്ലാനത്തെ ജനങ്ങൾ ഇവിടെ പുലിമുട്ടും കടൽഭിത്തിയും നിർമ്മിക്കുന്നതിനുള്ള പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുന്നു. ദയവായി ഇനിയും ചെല്ലാനത്തുകാരുടെ ക്ഷമയെ പരീക്ഷിക്കരുത്!!! ശക്തമായ കടൽക്ഷോഭത്താൽ ഈ പ്രദേശങ്ങളിലെ മാവ്, പ്ലാവ്, പേര ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും വീട്ടുമുറ്റത്ത് കൃഷി ചെയ്ത പച്ചക്കറികൾ ഉൾപ്പെടെ ഉപ്പുവെള്ളം കയറിയതുമൂലം നഷ്ടപ്പെട്ടിരിക്കുകയാണ്. നിരവധി വീടുകളും വീട്ടുപകരണങ്ങളും ഫർണിച്ചർ, കിടക്ക, പായ, വസ്ത്രങ്ങൾ,ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങൾ എല്ലാം തന്നെ നഷ്ടപ്പെടുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികൾ സ്ഥലം സന്ദർശിക്കാനോ നഷ്ടങ്ങളുടെ കണക്കെടുകുവനോ തയ്യാറായിട്ടില്ല എന്നുള്ളത് പ്രതിഷേധാർഹമാണ്. ഈ മേഖലയിൽ താമസിക്കുന്നവരിൽ ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികളും നിർമ്മാണമേഖലയിൽ പണിയെടുക്കുന്നവരും പട്ടണത്തിൽ തുണിക്കടകളിലും ഫ്ലാറ്റുകളിലും മറ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് പോകുന്ന സ്ത്രീകൾ അടക്കമുള്ളവരാണ്. അവരുടെ വരുമാനമാർഗം ഇല്ലാതായിട്ട് ആഴ്ചകൾ കഴിഞ്ഞു. വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടാണ് പലരും നേരിടുന്നത്. കേരളതിൻ്റെ സൈന്യം എന്ന് വിളിക്കുന്ന ഞങ്ങളുടെ വേദന കാണുവാൻ ഇന്ന് കേരളത്തിൽ ആരുമില്ലാത്ത അവസ്ഥയാണ്. കടൽക്ഷോഭത്തിൽ നിരവധി വീടുകളാണ് തകർന്നത്. പല വീടുകളും തകർച്ചയുടെ വക്കിലാണ്. മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ച കേരളത്തിലെ തീരപ്രദേശം പ്രത്യേകിച്ച് ചെല്ലാനം പഞ്ചായത്ത് തീരം സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ പഞ്ചായത്ത് പൂർണ്ണമായും കടൽ കൊണ്ടുപോകുന്ന സ്ഥിതിവന്നു ചേരും എന്ന് ബന്ധപ്പെട്ട അധികാരിവർഗ്ഗം ഓർക്കുന്നത് നല്ലതായിരിക്കും… തീരപ്രദേശത്തുള്ളവരെ 10 ലക്ഷം രൂപ നൽകി ഒഴിപ്പിക്കാമെന്ന് ഭരണവർഗം കരുതേണ്ട. ഞങ്ങൾ കടലിൻറെ മക്കളാണ് തീരപ്രദേശത്ത് തന്നെ ഞങ്ങൾ താമസിക്കും. മരണത്തിലൂടെ അല്ലാതെ ഞങ്ങൾ ഈ മണ്ണ് വിട്ട് പോവുകയില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അങ്ങ് ഞങ്ങളെ മരണത്തിനായി വിട്ടുനൽകരുത്. തീരപ്രദേശം സംരക്ഷിക്കുക, ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക. പുലിമുട്ടുകൾ നിർമിച്ച് ഈ പ്രദേശം സംരക്ഷിക്കുക.

                  എന്ന്,

ആദരവോടെ,

ആൻസി ട്രീസ

വാർഡ് 4 മെമ്പർ

ചെല്ലാനം ഗ്രാമപഞ്ചായത്ത്

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.