മരംമുറി കേസിലെ പ്രതികൾക്കൊപ്പം മുഖ്യമന്ത്രി, ചിത്രം പുറത്തുവിട്ട് പി.ടി. തോമസ്
മുട്ടില്‍ മരംമുറി കേസ് പ്രതികളായ മാംഗോ ഫോണ്‍ ഉടമകളെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പി.ടി. തോമസ്. പ്രതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിട്ടുകൊണ്ടായിരുന്നു പി.ടി തോമസ് ആരോപണം ആവർത്തിച്ചത്.
കുറ്റവാളിയോടൊപ്പം മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് കൈ കൊടുത്തുനില്‍ക്കുന്ന ചിത്രം കണ്ടിട്ട്, താനാണോ മാപ്പ് പറയേണ്ടതെന്നും പി.ടി. തോമസ് ചോദിച്ചു. മരംകൊള്ളയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നും പി.ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുട്ടില്‍ മരംകൊള്ളയുമായി ബന്ധപ്പെട്ട പ്രതിയുടെ ഉടമസ്ഥതയിലുള്ള മാംഗോ മൊബൈല്‍ ഫോണിന്റെ ഉദ്ഘാടനം നിര്‍വഹിക്കാമെന്നു മുഖ്യമന്ത്രി സമ്മതിച്ചെന്നും എന്നാല്‍ അതിനു തൊട്ടുമുന്‍പ് മൊബൈല്‍ ഉടമ അറസ്റ്റിലായെന്നും പി.ടി. തോമസ് കഴിഞ്ഞ ദിവസം സഭയിൽ ആരോപിച്ചിരുന്നത്.
ഇതിനെതിരേ മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. ആരോപണം തന്റെമേല്‍ വന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കില്‍ കരുതിക്കോട്ടെ എന്നതാണ് ഈ ആരോപണമുന്നയിച്ചതിനു പിന്നിലെ ദുഷ്ടലാക്കെന്നു മുഖ്യമന്ത്രി പറഞ്ഞു.
Photo Courtesy : Google/ images are subject to copyright