കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചു.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വിട്ടുകിട്ടേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി കസ്റ്റംസ് ഹൈക്കോടതിയെ സമീപിച്ചു. അർജുൻ ആയങ്കിയെ ഒരാഴ്ച കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന കസ്റ്റംസിന്റെ ആവശ്യം നേരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ആയങ്കിയുടേയും മുഹമ്മദ് ഷാഫിയുടേയും വീട്ടിൽ നടത്തിയ റെയ്ഡിൽ നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇരുവരേയും ഒപ്പമിരുത്തി ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് പറയുന്നു.
റെയ്ഡിൽ മുഹമ്മദ് ഷാഫിയുടെ ഒരു ഡയറിയും അർജുൻ ആയങ്കിയുടെ ഭാര്യ സൂക്ഷിച്ചിരുന്ന ഒരു ഡയറിയും കസ്റ്റംസിന് ലഭിച്ചിരുന്നു. ഇത് പരിശോധിച്ചതിൽ നിർണായകമായ വിവരങ്ങൾ ലഭിച്ചുവെന്നാണ് കസ്റ്റംസ് അവകാശപ്പെടുന്നത്. ചോദ്യം ചെയ്യുന്നതിനായി മുഹമ്മദ് ഷാഫിയേയും ഇന്ന് വിളിപ്പിച്ചിട്ടുണ്ട്. ഇതിനിടെ കരിപ്പൂർ സ്വർണക്കടത്ത് കേസിൽ രണ്ടു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. പാനൂർ സ്വദേശി അജ്മലും സുഹൃത്തുമാണ് ഇന്നലെ രാത്രി കസ്റ്റഡിയിലായത്.
Photo Courtesy : Google/ images are subject to copyright

