മനംമയക്കും ദുബായ് കാഴ്ചകളിലൂടെ…

മനംമയക്കും ദുബായ് കാഴ്ചകളിലൂടെ…

ദുബായിലൂടെ യാത്ര ചെയ്യുമ്പോൾ  അവിടത്തെ  മര്യാദ മാനിക്കേണ്ടതുണ്ട്. തദ്ദേശീയർക്ക്  പാശ്ചാത്യരീതിയിലെ വസ്ത്രധാരണരീതിയൊന്നും ഇഷ്ടമല്ല. ആളുകളുടെ ഫോട്ടോ എടുക്കണമെങ്കിൽ അവരുടെ അനുവാദത്തോടെ മാത്രമേ പാടുള്ളൂ എന്നാണ് അവിടത്തെ നിയമം.

ദുബായിലെ  വസ്ത്രധാരണരീതിയും വ്യത്യസ്തമാണ്. പുരുഷന്മാർ പരമ്പരാഗതമായ വസ്ത്രമായ ഡിഷ്ഡാഷ ഖണ്ടുറ എന്നറിയപ്പെടുന്ന  നീളമുള്ള വെളുത്ത ഷർട്ടും  ശീരോവസ്ത്രമായ ഖുത്രയും, അതിന് മീതെ ഘുത്ര എന്ന ചരടും  ഉപയോഗിക്കുന്നു. സ്ത്രീകൾ  യാഥാസ്ഥിതിക വസ്ത്രത്തിന് പുറമേ അഭയ എന്ന  ഒരു നീളമുള്ള കറുത്ത വസ്ത്രവും  മുഖവും തലയും മറയ്ക്കുന്ന ഹിജാബും ധരിക്കുന്നു.  സർക്കാർ കെട്ടിടങ്ങൾ, സൈനികത്താവളങ്ങൾ , തുറമുഖം, വിമാനത്താവളം എന്നിവയുടെ ഫോട്ടോകൾ  എടുക്കുന്നത്  അനുവദനീയമല്ല.. 

 ടൂറിസം പ്രധാന വരുമാനമാർഗ്ഗമായതിനാൽ ദിവസം തോറും പരിഷ്ക്കാരങ്ങൾ  വരുത്തുന്നതിനും രാജ്യത്തെ മുൻ  നിരയിലെത്തിക്കുന്നതിനും ഭരണാധികാരികൾ  വളരെ പരിശ്രമിക്കുന്നതിൻറെ തെളിവാണ് , ലോകത്തിലെ ഏറ്റവും വലിയതും വൈവിദ്ധ്യമാർന്നതുമായ പൂച്ചെടികൾ  ശേഖരിച്ച് കൊണ്ട് മരുഭൂമിയിൽ  “മിറാക്കിൾ  ഗാർഡൻ”  നിർമ്മിച്ചതിനുള്ള  ബഹുമതിയും ദുബായ് കരസ്ഥമാക്കിയത്. വീതിയേറിയതും  വൃത്തിയുമുള്ള റോഡുകളും പിന്നെ കർശനമായ ട്രാഫിക്ക് നിയമങ്ങളും ഉള്ളതിനാൽ യാത്ര സുഖകരമായിരുന്നു. റോഡ് ക്രോസ് ചെയ്യുന്നതിന് ആവശ്യക്കാർ എത്തുന്നതനുസരിച്ച് റോഡിലെ തൂണിൽ പ്രത്യേകബട്ടൺ  സ്ഥാപിച്ചതിൽ അമർത്തുന്നതും നിശ്ചിതഎണ്ണമനുസരിച്ച് ആളുകൾ  എത്തിയാൽ, ഓട്ടോമാറ്റിക്ക് സംവിധാനം ഉപയോഗിച്ച് വണ്ടികൾ  നിർത്തുവാൻ  സിഗ്നൽ കൊടുക്കുന്ന സാങ്കേതികവിദ്യയും എനിക്കിഷ്ടമായി.എന്നാൽ  കേരളത്തിൽ  ഇപ്പോൾ  ചില തിരക്കുള്ളയിടങ്ങളിൽ  ഈ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെന്നും  വഴിയാത്രക്കാർ അതുപയോഗിച്ച് തുടങ്ങിയിട്ടില്ലെന്നും പത്രവാർത്തകളിൽ നിന്നും അറിയാൻ സാധിച്ചു. വർഷങ്ങൾക്ക് മുൻപ് എനിക്ക്  അത്ഭുതമായി തോന്നിയവ ഇന്ന് കേരളത്തിലും പ്രാവർത്തികമാക്കി വരുന്നുണ്ട്. യാത്രക്കാരുടെ സമയം നഷ്ടം പരിഹരിക്കാനാവുന്ന സംവിധാനം ഇവിടെയും ഇപ്പോലെങ്കിലും  നടപ്പാക്കിയതിൽ  സന്തോഷിക്കുന്നു.  ജീവൻ  പണയം വെച്ച്  റോഡ് ക്രോസ് ചെയ്യുന്നതും, വണ്ടി ഓടിക്കുന്നവർക്ക് വഴിയാത്രക്കാരും വഴിയാത്രക്കാർക്ക്  വാഹനങ്ങളും  ശല്യമാവുന്നതും, ഒഴിവാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ദുബായിലെ ഭൂരിഭാഗം റോഡുകളും ടൈൽ പാകിയിരിക്കുന്നത് എന്തിനാണെന്ന്  ചോദിച്ചതിന് ,  അവിടെ മണൽക്കാറ്റ് ഉണ്ടാവാറുണ്ടെന്നും അപ്പോൾ  പൊടിപടലങ്ങൾ  കൊണ്ട് ഭീതിജനകമായ അന്തരീക്ഷമായിരിക്കുമെന്നും ഈ പ്രശ്നത്തിന്  കുറച്ചെങ്കിലും ശമനം കിട്ടുവാനാണ് ടൈലുകൾ  പതിക്കുന്നതെന്നും ലോഹി പറഞ്ഞുതന്നു. കുറെയധികം പ്രശ്നങ്ങൾ  തരണം ചെയ്താണ് ദുബായ് മുന്നോട്ട് കുതിക്കുന്നത്. നമുക്ക് സംതുലിതമായ  നല്കിയ കാലാവസ്ഥ, ശാന്തമായ ഭൂപ്രകൃതി, പ്രകൃതി സൗന്ദര്യം ഇതൊക്കെ ഉണ്ടായിട്ടും നമുക്കത് മനസ്സിലാവുന്നില്ല. റോഡുകളിൽ ഈന്തപ്പനകൾ  നട്ട് വളർത്തിയും  ഫ്ളവർ ബഡ് നിർമ്മിച്ചും സംരക്ഷിച്ചിരിക്കുന്നത്  എന്നെ  വല്ലാതെ ആകർഷിച്ചു.  ഫ്ളവർ ബഡ് നിറയെ പൂക്കൾ  വിടർന്നുനിൽക്കുന്ന കാഴ്ച്ച അതിമനോഹരമാണ്. വണ്ടി പാർക്ക് ചെയ്യുന്നതിന് പ്രത്യേകം പാർക്കിംങ്ങ് ഏരിയയുണ്ട്. വണ്ടി പാർക്ക് ചെയ്യുവാൻ  പോയപ്പോൾ റോഡിലെ മതിലിൽ ഇംഗ്ലീഷിൽ “നോ ബാർക്കിംങ്ങ്” എന്നെഴുതി വെച്ചിരിക്കുന്നത് ഞങ്ങൾക്ക്  ചിരിക്കാനുള്ള വക നല്കി.എഴുതിയആൾക്ക് തെറ്റുപറ്റിയതാവാനേ തരമുള്ളു .  ‘പി’ ക്ക് പകരം  ‘ബി’ എന്നെഴുതിയിട്ടുണ്ടാകും. ദുബായ്  പകലിൽ കാണുന്നതിനേക്കാൾ സുന്ദരമാണ് രാത്രിയിൽ. പകൽ ചുടധികമാതിനാൽ രാത്രിയിലാണ് യാത്ര ചെയ്യുവാൻ സൗകര്യം . രാത്രിയിൽ ദുബായ് നഗരത്തെ  വിവിധനിറങ്ങളിൽ  പ്രകാശമുള്ള ലൈറ്റുകളാൽ   സുന്ദരിയാക്കി അണിയിച്ചൊരുക്കി നിർത്തിയിരിക്കും. രാത്രിയിൽ വൈദ്യുതദീപാലങ്കാരത്താൽ ദുബായ് മുഴുവൻ  വർണ്ണപ്രപഞ്ചം സൃഷ്ടിക്കുന്നു. ആഢംബരകാഴ്ചകളിലൂടെ സന്ദർശകരെ മയക്കി കളയുന്ന അന്തരീക്ഷമാണവിടെന്നു  തോന്നി. രാത്രിയാവുന്നതോടെ ദുബായിലെ ഈ കാഴ്ച്ച ആസ്വദിക്കാനെത്തുന്ന സന്ദർകരുടെ തിരക്കും വർദ്ധിക്കും.

 ക്രീക്കിനടുത്തുള്ള പഴയ മാർക്കറ്റ്  “ഓള്ഡ് സൂക്ക്” എപ്പോഴും അതേപടി നിലനിർത്തിയിരിക്കുന്നു. സുഗന്ധദ്രവ്യങ്ങളും പലവ്യജ്ഞനങ്ങളും സുലഭമായതിനാൽ എല്ലാവർക്കും ഈ സ്ഥലവും ഇഷ്ടയിടമാണ്.

ദൂബായ് ക്രീക്കിനടുത്താണ് നഗരത്തിലെ പ്രധാനപ്പെട്ട ബാങ്കുകൾ , ചേംബർ ഓഫ് കോമേഴ്സ് കോംപ്ലക്സ്, ധാരാളം ഹോട്ടലുകൾ , ഹെരിറ്റേജ് വില്ലേജ്, ഗോള്ഫ് ക്ലബ്ബ്, പാർക്ക് തുടങ്ങിയവ ക്രീക്കിന്റെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു.

ദുബായ് നഗരത്തിന്റെ വാണിജ്യവ്യവസായ വളർച്ചയ്ക്ക് ക്രീക്ക് നദീതീരവും അതിനോട് ചേർന്ന ജലപാതയും  വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഈ നദീതീരം 14 കിലോമീറ്റർ കരയിലേക്ക് തള്ളി നില്ക്കുന്നു. ക്രീക്ക് എന്നാൽ ചെറിയ ജലപാത എന്നാണ് അർത്ഥം. ക്രീക്കിന്റെ രണ്ടറ്റത്തുമുള്ള ദേര, ബുർദുബൈ എന്ന നഗരഭാഗങ്ങളെ രണ്ട് സഹോദരന്മാരായിട്ടാണ് കരുതുന്നത്. അതിനാൽ “ദോഭായ്” എന്ന് പറഞ്ഞത് ലോപിച്ച് ദുബായ് ആയതെന്നാണ് പറയപ്പെന്നത്. ക്രീക്കിനടിയിൽ  റോഡുകളുണ്ട്. ഷിൻഡഗാ  തുരങ്കത്തിനെ എൻജിനീയറിങ്  മാർവൽ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത് കൂടാതെ 2007 ൽ ബിസിനസ്ബേ പാലം, മക്തൂം പാലം, ഫ്ലോട്ടിംങ്ങ് ബ്രിഡ്ജ് എന്ന പാലങ്ങളും നിർമ്മിച്ചു. നിർമ്മാണപ്രവർത്തനങ്ങൾ  പലതും നടക്കുന്നത് കൊണ്ട് തൊഴിൽ സാദ്ധ്യത വളരെയേറെയാണ്.  ജോലിക്കായി ശ്രമിക്കുന്നവർ കഠിനദ്ധ്വാനശീലരാണെങ്കിൽ ജോലി ചെയ്യുവാൻ  പറ്റിയൊരിടമാണ് ദുബായ് എന്ന് പറയപ്പെടുന്നു. വിശ്വസ്തരായവരെ അവർ പറഞ്ഞ് വിടില്ല എത്രകാലമായാലും അവിടെ ജോലി ചെയ്യുവാനാകും. എന്റെ ഭർത്താവിന്റെ സഹോദരൻ  ദുബായിൽ നിന്നും 2009 ൽ ജോലി രാജിയിൽ നിന്ന് വിരമിക്കുമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം ഇന്നും ദുബായിൽ ജോലിയിൽ തുടരുന്നു. അന്നത്തെ യാത്ര ശുഭാരംഭത്തിലായിരുന്നിരിക്കാം അതിന് ശേഷം വിദേശയാത്രകൾ  തുടർച്ചയായി നടത്തുവാൻ  ജഗദീശ്വരന്റെ അനുഗ്രഹം ലഭിച്ചതെന്ന് ഓർക്കുകയാണ്..

ഒരു ദിവസം ഞങ്ങൾ  മരുഭൂമി കാണുവാനായി  പോയി. വളരെ സാഹസിക യാത്രയായിരുന്നു. ഇരുട്ടായിരുന്നെങ്കിലും വിജനമായ സ്ഥലത്ത് കൂടെ കുറെ പോയപ്പോൾ  ഒട്ടകങ്ങൾ  നിരനിരയായി പോവുന്നത് കണ്ടിരിക്കുവാൻ  ബഹു രസമായിരുന്നു. കുടവയറും വെച്ച് തല പൊക്കി പിടിച്ച് കൂനി കൂനിയുള്ള നടത്തം. ഒട്ടകങ്ങളുടെ  നിര  കുട്ടിക്കാലത്ത് അസംബ്ലിയിലെ ഡ്രില്ലും മാർച്ച് പാസ്റ്റും വെയിലിൽ  നിന്ന് ചെയ്ത് ക്ഷീണിച്ച് നിരനിരയായി ഞങ്ങളുടെ ക്ലാസുകളിലേക്ക് പോയതാണ് ഓർമ്മ വന്നത്.

 പിറ്റെ ദിവസം  ഞങ്ങൾ അവിടെയുള്ള സ്റ്റോൺ  ക്രഷിംങ്ങ് പ്ലാന്റ് കാണുവാൻ തീരുമാനിച്ചു. പകുതി ദൂരെ മുന്നോട്ട് പോയപ്പോൾ  ഒരു ഹോട്ടൽ കണ്ടു. ഓല കൊണ്ടുള്ള ഷെഡ്ഡ് പോലുണ്ട്. പക്ഷെ അതൊരു മലയാളി മരുഭൂമിയിൽ നടത്തുന്ന ഹോട്ടലാണ്. മലയാളികൾ ഇല്ലാത്ത ഒരു സ്ഥലം പോലും കാണില്ലെന്നത് അതിശയമാണ്. ഞങ്ങളുടെ വിദേശയാത്രകളിൽ മിക്ക സ്ഥലത്ത് വെച്ചും മലയാളികളെ പരിചയപ്പെടുവാൻ  അവസരം ലഭിച്ചിട്ടുണ്ട്. ദുബായിൽ ഇറങ്ങിയപ്പോൾ  തന്നെ മകൻറെ  കൂട്ടുകാരെ കണ്ടിരുന്നു. പിന്നെ ഭർത്താവിന്റെ സ്വന്തക്കാരും നാട്ടുകാരും അവിടെ ധാരാളം ഉണ്ടായിരുന്നു. എല്ലാവരും ഞങ്ങളെ വന്ന് കണ്ട് സ്നേഹം പങ്കിട്ടു.

സന്ദർശിക്കേണ്ട ഇടങ്ങളുടെ  ലിസ്റ്റിൽ ക്രഷിംങ്ങ് യൂണിറ്റ് സന്ദർശനവും  ഉൾപ്പെടുത്തിയിരുന്നു. എന്റെ ഭർത്താവിന് മെക്കാനിക്കൽ എഞ്ചിനീയർ ആയതിനാലും ഓട്ടോമാറ്റിക്ക് ക്രഷിംങ്ങ് യൂണിറ്റ് നിർമ്മാണം നടത്തികൊണ്ടിരുന്ന ആളായതിനാലും അവിടത്തെ യൂണിറ്റിന്റെ പ്രവർത്തനത്തെക്കുറിച്ച് അറിയാൻ താല്പര്യമുണ്ടായിരുന്നു. ഒരു ദിവസം അവരോട് അനുവാദം വാങ്ങി അവിടത്തെ പണികൾ  കാണായി  പോയി. നമ്മുടെ നാട്ടിലെ പോലെ അത്രയ്ക്ക് പ്രാധാന്യം കൊടുക്കാതെ,  ഒരു തട്ടികൂട്ട് പരിപാടിയായിട്ടാണ് യൂണിറ്റ് കണ്ടപ്പോൾ  തോന്നിയത്. ചെറിയമോൻ  അതിന്റെ ഫോട്ടോകൾ  എടുക്കുന്ന തിരക്കിൽ അവിടെ കൂട്ടിയിട്ടിരുന്ന ചെളിയിൽ വീണു. ദുബായിലെ  മോളുകൾ  സന്ദർശിച്ചപ്പോൾ  പുത്തനായി വാങ്ങിയ വീഢിയോ മണ്ണിൽ പുതഞ്ഞ് പോയി. അതിൽ ചളി കയറി. ഭാഗ്യത്തിന് മോന് ഒന്നും സംഭവിച്ചില്ലെന്നത് ആശ്വാസമായി.

എന്റെ ഭർത്താവ് നടത്തിയിരുന്ന കമ്പനിയിൽ  ജോലി ചെയ്തിരുന്ന ഒരാൾ  ദുബായിൽ ജോലി ചെയ്യുന്നുണ്ട്. അയാളെ ഫോൺ  ചെയ്തപ്പോൾ അയാൾക്ക് ഞങ്ങളെ  കാണണമെന്ന് അതിയായ മോഹം. നല്ല സ്നേഹമുള്ളയാളാണ്. അവരുടെ കമ്പനിയിൽ ചെന്നപ്പോഴാണ് ജോലി വലിയ ബുദ്ധിമുട്ടാണ് ഉടനെ നാട്ടിലേക്ക് മടങ്ങുവാൻ  തയ്യാറെടുക്കുകയാണെന്ന് പറഞ്ഞു. നമ്മുടെ പോലെ ജോലിയ്ക്ക് നിശ്ചിതസമയം എന്നൊന്നുമില്ല. പണി തുടങ്ങിയാൽ യാതൊരു വിശ്രമവുമില്ലാത്ത പണിയാണ്. രാവിലെ  ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ  നിർമ്മാണജോലിക്കാർ പണികൾ  ആരംഭിച്ചിരിക്കും. വിദേശത്ത് ജോലിനോക്കുന്നവർ പണം കായ്ക്കുന്ന മരമുള്ള നാട്ടിൽ നിന്നെത്തുന്നവർ എന്ന ധാരണയാണ് പലർക്കും .  അവരുടെ അദ്ധ്വാനത്തിന്റെയും വിയർപ്പിന്റെയും വില അറിയാതെ അത് ചിലവഴിക്കാനും ധൂർത്തടിക്കാനും നാട്ടിൽ കുറെയാളുകളും. ഇതൊന്നും മനസ്സിലാക്കാതെ പ്രവാസികൾ  അവരുടെ സമ്പാദ്യം  മുഴുവൻ  ചിലവഴിച്ച്  ആളുകളെ കാണിക്കാനായി ബഹുനില മന്ദിരങ്ങൾ പണിയും . എത്ര  വിദ്യാഭ്യാസം നേടിയാലും , ഏറ്റവും ആവശ്യം പഠിക്കേണ്ടത്  ജീവിക്കാനാണ്.  അദ്ധ്വാനിച്ച് പണിയെടുത്ത് ജീവിക്കുന്നവർ, അവരുടെ ബുദ്ധിമുട്ടുകൾ ഭാര്യയ്ക്കും മക്കൾക്കും  മനസ്സിലാക്കി കൊടുക്കണം.

രാജ്യത്തിന്റെ പുരോഗതിയിൽ പ്രവാസികൾ  മുഖ്യപങ്ക് വഹിക്കുന്നുണ്ട്. അവരുടെ പണം നമ്മുടെ നാട്ടിലേക്ക് ഒഴുക്കുന്നത് രാജ്യത്തിന് സാമ്പത്തിക പുരോഗതി ഉണ്ടാക്കുവാൻ സഹായിക്കുന്നുണ്ടെന്ന് പറയുന്നു.

ഞങ്ങളുടെ പ്രോഗ്രാമിൽ ഒരു ദിവസം അബുദാബി യാത്രയും ഉൾപ്പെടുത്തിയിരുന്നു. ആ വിശേഷങ്ങളാണ് ഇനി . 7 എമിറേറ്റ്സുകൾ  ഉള്ളതിൽ ദൂബായ് ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തും വിസ്തീർണ്ണത്തിൽ രണ്ടാം സ്ഥാനത്തുമാണ്. ദുബായ്ക്കും അബുദാബിക്കും രാജ്യത്തിന്റെ പരമപ്രധാനമായ കാര്യങ്ങളിൽ വീറ്റോ അധികാരമുണ്ട്.  ഐക്യഅറബ് എമിറേറ്റുകളുടെ തലസ്ഥാനമാണ് അബുദാബി. ജനസംഖ്യ ഏറ്റവും കൂടുതലുള്ള സ്ഥലം. ഇവിടത്തെ രാഷ്ട്രഭാഷ അറബിയാണ്. അവിടെ ധാരാളം പ്രവാസികൾ  ഉള്ളതിനാൽ ഇംഗ്ലീഷും, ഹിന്ദി, ഉറുദു, മലയാളം. തമിഴ് എന്നീ ഭാഷകൾ  സംസാരിക്കുന്നവരും ധാരാളമുണ്ട്. അതൊരു തുറമുഖനഗരമാണ്. പെട്രോളിയം കൂടുതൽ ഉല്പാദിപ്പിക്കുന്നത് ഇവിടെയാണ്. എണ്ണപ്പാടങ്ങൾ  കണ്ടെത്തിയതോടെയാണ്, അബുദാബിയെ ഇന്നത്തെ സാമ്പത്തികപുരോഗതിയിലേക്ക് നയിച്ചത്.

 

മരുഭൂമിയാണധികവും, ശക്തിയായ മണൽക്കാറ്റുകൾ  ഇടയ്ക്ക് ഉണ്ടാവാറുണ്ട്. അവിടത്തെ മാമ്പഴം വിശേഷമാണ്. ആട്. ഒട്ടകം, കന്നുകാലികൾ  എന്നിവയെ ധാരാളമാളുകൾ  വീട്ട് മൃഗങ്ങളായി വളർത്താറുണ്ട്. ലോകപ്രസിദ്ധിയാർജ്ജിച്ച നിർമ്മാണപ്രവർത്തനങ്ങൾ , വികസനപദ്ധതികൾ  കായികവിനോദങ്ങൾ  എന്നിവ കൊണ്ട് ലോകപ്രശസ്തിയാർജ്ജിച്ചതാണ്. മേൽപ്പറഞ്ഞവയൊക്കെ ജോലിസാദ്ധ്യതയ്ക്ക് വഴി തെളിച്ചു. അങ്ങിനെ വിദേശികൾ  ജോലി തേടി എത്തുന്ന സ്ഥലമായിത്തീർന്നു അബുദാബി. പിന്നീട് വാണിജ്യകേന്ദ്രമായി, ലോകത്തിലെ വൻ നഗരവുമായിത്തീർന്നു അബുദാബി. ഇന്നിപ്പോൾ  അബുദാബിയും ഞാൻ സന്ദർശിച്ചപ്പോൾ  കണ്ടതിനേക്കാൾ  സുന്ദരമായിരിക്കും. പിന്നീടുള്ള ഞങ്ങളുടെ വിദേശയാത്രകളിൽ ദുബായ് എയർപോർട്ടിൽ ലാന്റ് ചെയ്തിട്ടുണ്ടെങ്കിലും ദുബായിലിറങ്ങി സ്ഥലങ്ങൾ  സന്ദർശിക്കാൻ  സാധിച്ചിട്ടില്ല. നമ്മേ പോലെ തന്നെ 1950 വരെ ബ്രിട്ടീഷ് അധീനതയിലായിരുന്ന രാജ്യം പിന്നീട് സ്വാതന്ത്രസംസ്ഥാനങ്ങളെല്ലാം കൂട്ടായി ചേർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് എമിറേറ്റ്സ് എന്ന പേരിൽ രൂപപ്പെട്ടു. അതിൽ ഏറ്റവും സാമ്പത്തിശക്തിയുള്ള രാജ്യമായി വികസിച്ചത് അബുദാബിയാണ്. എണ്ണക്കബനികളാണ് മുഖ്യകാരണം. അബുദാബി അങ്ങിനെ  വാണിജ്യകേന്ദ്രമായി വികസിച്ച് കൊണ്ടിരിക്കയാണ്.അവിടെ ഇപ്പോൾ  ക്രിസ്ത്യൻ  പള്ളികളും ധാരാളം ഹിന്ദു ക്ഷേത്രങ്ങളും ഉണ്ട്. ഇന്നിപ്പോൾ  ഈ രാജ്യം ഏറ്റവും വലിയ സാന്വത്തികശക്തിയായി വളർന്നിരിക്കുന്നു. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പുരോഗതിക്ക്  തടസ്സങ്ങൾ  സൃഷ്ടിച്ച് രാജ്യത്തേ നാശത്തിലേക്ക് നയിക്കുന്നവർ അയൽരാജ്യങ്ങളെ മാതൃകയാക്കിയിരുന്നെങ്കിൽ എന്നാശിക്കുകയാണ്.

പ്രൊഫ .ജയകുമാരി .പി.കെ 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.